സ്നേഹം കൊണ്ടൊരു രഹസ്യക്കൂട്ട്
ഒരുപാട് നാളത്തെ ഇടവേളക്കുശേഷം യാത്രയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയത്ത് എവിടേക്കാണ് പോകേണ്ടത് എന്ന് ആലോചിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് കോഴിക്കോടാണ്. എനിക്ക് അവിടെ ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട് , അവരിൽ നിന്നൊക്കെ ആ നാടിന്റെ കൊതിപ്പിക്കുന്ന ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. പിന്നെ വായിച്ചറിഞ്ഞ കോഴിക്കോടിന്റെ ചരിത്രവും.
കേരളത്തിലെ പഴക്കം ചെന്ന പട്ടണങ്ങളിലൊന്നാണ് കോഴിക്കോട് ആണ്. പാട്ടിന്റെ നാട്, വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെയും നാട്, അങ്ങനെ അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള സ്ഥലം.

യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ കോഴിക്കോടുള്ള സുഹൃത്തുക്കളോട് ചോദിച്ചും വായിച്ചുമൊക്കെ കാണേണ്ട കാഴ്ചകളെ കുറിച്ച് വ്യക്തമായ ഒരു രൂപം തയ്യാറാക്കി. 2018 ഒക്ടോബർ 18 ന് കൊല്ലത്ത് എന്റെ വീട്ടിൽ നിന്നും ഞാനും അമ്മയും ഉൾപ്പെടെ ഞങ്ങൾ അഞ്ച് പേർ യാത്ര പുറപ്പെട്ടു. പോകുന്ന വഴിക്ക് കാണാൻ ആഗ്രഹിച്ച ചിലരെയൊക്കെ കണ്ടും,സംസാരിച്ചും 19-ാം തിയതി വൈകിട്ട് നാല് മണിയോട് കൂടിയാണ് കാപ്പാട് ബീച്ചിൽ എത്തിയത്.
ഈ യാത്ര ആസൂത്രണം ചെയ്ത നിമിഷം തന്നെ ആദ്യം പോകേണ്ടത് കാപ്പാട് തന്നെ ആകണം എന്ന് ഉറപ്പിച്ചിരുന്നു. കാരണം അത്രയും ചരിത്രമുണ്ട് ആ സ്ഥലത്തിന്. സാഹസികൻമാരായ എത്രയോ പേരുടെ പരാജയപ്പെട്ട പരിശ്രമത്തിന്റെ അവസാനമായിരുന്നു കാപ്പാട്. 1497 ൽ അറ്റ്ലാന്റിക്സിനെ ചുറ്റി Sao Gabriel കപ്പലിൽ വാസ്കോഡഗാമ കാപ്പാട് കാലുകുത്തിയപ്പോൾ മാറിയത് യൂറോപ്പിന്റെയും ഭാരതത്തിന്റെയും ചരിത്രമാണ്.

ഇന്ത്യ എന്ന സങ്കൽപ്പം തന്നെ ഉണ്ടാകാൻ കാരണമായ ഒരു സ്ഥലത്താണ് നിൽക്കുന്നത് എന്ന ചിന്ത പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ഉണർത്തിയത്. പക്ഷേ അവിടെ വരുന്ന എത്രപേർ ഇതിനെക്കുറിച്ച് ഓർക്കുന്നുണ്ട് എന്ന ഒരു വലിയ ചോദ്യം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.
ഞാൻ ഇതൊക്കെ ചിന്തിക്കുന്ന സമയത്ത് എന്റെ കൂടെയുള്ള മറ്റു നാല് പേരും കോഴിക്കോടൻ സ്പെഷ്യലായ ഐസ് ഒരതിയും മറ്റും കഴിക്കുന്ന തിരക്കിലായിരുന്നു.
വളരെ വൃത്തിയോടും ഭംഗിയോടും തന്നെയാണ് ബീച്ചും പരിസരവും സൂക്ഷിക്കുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ കാപ്പാട് ബീച്ച് നിരാശപ്പെടുത്തില്ല. പക്ഷേ ഇത്രയും ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന്റെ പ്രാധാന്യമർഹിക്കുന്ന ഒന്നും തന്നെ ഇവിടെ ഇല്ല എന്നുള്ളത് കുറച്ച് സങ്കടം ഉണ്ടാക്കുന്ന ഒന്നാണ്.

കാപ്പാട് ബീച്ചിനോടും, ഗാമയോടും ഒക്കെ യാത്ര പറഞ്ഞ ശേഷം കൊയിലാണ്ടിയിലുള്ള പ്രജിത്തേട്ടന്റെ വീട്ടിലേക്ക് പോയത്. പോകുംവഴി പ്രസിദ്ധമായ പിഷാരിക്കാവ് ക്ഷേത്രത്തിലും കയറി.
രാത്രിയിൽ ജിത്തേട്ടന്റെ അമ്മ ഉണ്ടാക്കി തന്ന രുചികരമായ ആഹാരം കഴിച്ചു കൊണ്ടിരിക്കെ ഞാൻ ചോദിച്ചു
"അമ്മേ നിങ്ങൾ കോഴിക്കോട്ടുകാർ ഉണ്ടാക്കുന്ന ഭക്ഷണത്തിനൊക്കെ എങ്ങനെയാണ് ഇത്ര രുചി ഉണ്ടാകുന്നത്, അതിന്റെ രഹസ്യം ഒന്ന് പറയാമോ"
ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു "ഞങ്ങൾ മലബാറുകാർക്ക് ഒരു രഹസ്യ കൂട്ടുണ്ട്.."
ഞാൻ ആകാംക്ഷയോടെ ചോദിച്ചു "എന്താണത്?"
"സ്നേഹം..! ഞങ്ങൾ എന്ത് ഉണ്ടാക്കിയാലും കുറച്ച് സ്നേഹം കൂടി ചേർത്താണ് പാചകം ചെയ്യുന്നത്."
യാത്രയുടെ ക്ഷീണം കാരണം കട്ടിലിൽ കിടന്നത് മാത്രമേ ഓർമയുള്ളൂ പെട്ടെന്നു തന്നെ ഉറങ്ങിപോയി. അടുത്ത ദിവസം രാവിലെ 9.30യോടു കൂടി ഇരിങ്ങലിലുള്ള സർഗാലയിൽ എത്തി.

കൊയിലാണ്ടിയിൽ നിന്ന് 40 മിനിറ്റ് യാത്രയുണ്ട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലേക്ക് ഈ സ്ഥലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ആസ്ഥാനം കൂടിയായിരുന്നു ഇവിടം. ഇപ്പോളും അവിടെ അദ്ദേഹം സമുദ്ര നിരീക്ഷണം നടത്തിയിരുന്ന പാറയുടെ അവശേഷിപ്പുകൾ കാണാം.
പല കരകൗശല കേന്ദ്രങ്ങളിലും പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് അവ ഓരോന്നിന്റെയും നിർമ്മാണം നേരിട്ട് കാണാൻ കഴിഞ്ഞത്. ഒരു ദിവസം മുഴുവൻ ചിലവഴിക്കാനുണ്ട് ഇവിടെ . മികവുറ്റ കലാകാരന്മാരുടെ അത്ഭുത സൃഷ്ടികൾ സമ്മേളിക്കുന്ന പാരമ്പര്യ കരകൗശല നിർമ്മാണ സ്ഥലമാണ് സർഗാലയ ക്രാഫ്റ്റ് വില്ലേജ്. കേരള ടൂറിസം ഡിപ്പാർട്ട്മെൻറിന്റെ കീഴിലായി പ്രവർത്തിക്കുന്ന ക്രാഫ്റ്റ് വില്ലേജ് 2011-ലാണ് തുടക്കം കുറിച്ചത്. കേരളത്തിലെ ആദ്യത്തെ ക്രാഫ്റ്റ് വില്ലേജ് കൂടിയാണ് സർഗാലയ.
ഒരു കുറവ് മാത്രമേ എനിക്ക് അവിടെകാണാൻ കഴിഞ്ഞുള്ളൂ. പല സ്ഥലങ്ങളും വീൽചെയർ ആക്സസ്ബിൾ ആയിരുന്നില്ല. ഇത് കൃത്യമായി അവിടത്തെ അധികൃതരെ അറിയിക്കുകയും ഒരുവർഷം കഴിയുന്നതിനു മുൻപ് തന്നെ ക്രാഫ്റ്റ് വില്ലേജ് ഭൂരിഭാഗവും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഇടപെടാൻ സാധിക്കുകയും ചെയ്തു എന്നത് സന്തോഷം നൽകിയ ഒന്നാണ്.
ക്രാഫ്റ്റ് വില്ലേജിൽ നിന്ന് ഇറങ്ങുമ്പോൾ സമയം 1.30കഴിഞ്ഞിരുന്നു. വയറിലെ വിശപ്പിനെ ഇത്രയും സ്നേഹിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല. കാരണം എത്ര വിശക്കുന്നോ അത്രയും കോഴിക്കോടൻ ഭക്ഷണം കഴിക്കാമല്ലോ എന്ന ചിന്തയായിരുന്നു മനസ് നിറയെ.
കോഴിക്കോട് വന്നാൽ ഭക്ഷണം പാരഗണിൽ നിന്നോ റഹ്മത്തിൽ നിന്നോ ആകണം എന്നാണ് പറയാറ് പക്ഷേ ഈ രണ്ട് സ്ഥലത്തെയും തിരക്കുമൂലം വണ്ടി പാർക്ക് ചെയ്യാനോ വീൽചെയർ കയറ്റാനോ കഴിയാത്തതുകൊണ്ട് രാത്രിയിലേക്കുള്ള ആഹാരം ഇവിടെ നിന്നും പാഴ്സൽ വാങ്ങാമെന്ന് സ്വയം ആശ്വസിച്ച് ഹോട്ടൽ മെയ് ഫ്ലവറിലേക്ക് പോയി. അവിടെ പേര് അറിയാത്തതും അറിയുന്നതും ആയ കുറെ ആഹാരസാധനങ്ങൾ കഴിച്ച് ഹോട്ടലിൽ നിന്ന് പോരുമ്പോൾ സമയം മൂന്നു കഴിഞ്ഞിരുന്നു.

പിന്നീട് ഞങ്ങൾ പോയത് ചരിത്രപ്രസിദ്ധമായ മിശ്കാൽ മസ്ജിദ് കാണാൻ വേണ്ടിയാണ്. കോഴിക്കോട്കാർ ഈ പള്ളിയെ വിളിക്കുന്നത് കുറ്റിച്ചിറ പള്ളി എന്ന പേരിലാണ്. മിശ്കാൽ മസ്ജിദ് എന്ന പേര് പുതുതലമുറയിൽപ്പെട്ട പലർക്കും അപരിചിതമാണ്. അവരെ സംബന്ധിച്ചിടത്തോളം നിത്യവും പ്രാർത്ഥിക്കാൻ പോകുന്ന വിശുദ്ധമായ ഒരു സ്ഥലം അതിനപ്പുറമൊന്നും അവർ ചിന്തിക്കാറില്ല. പക്ഷേ അവിടെ ഉണ്ടായിരുന്ന ഒരു അല്പം മുതിർന്ന ഒരാൾ ഈ സ്ഥലത്തിൻറെ ചരിത്രവും പ്രത്യേകതകളും വിശദമായി തന്നെ പറഞ്ഞു തന്നു.
പതിനാലാം നൂറ്റാണ്ടിലാണ് മിശ്കാൽ മസ്ജിദ് പണികഴിപ്പിച്ചത്. 1510 ൽ നടന്ന പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ ഭാഗികമായി കത്തിപോവുകയും പിന്നീട് 1578ലോ 79 ലോ ആണ് സാമൂതിരിയുടെ നേതൃത്വത്തിൽ ഈ സ്ഥലം പുതുക്കി പണിയുകയും ചെയ്തത്. അതിന്റെ അടയാളങ്ങൾ ഇപ്പോഴും ഇവിടെ കാണാം.എന്ന് അദ്ദേഹം പറഞ്ഞു തന്നു .

മസ്ജിദിനെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് പോയതെങ്കിലു ഒരു പഴമക്കാരന്റെ വായിൽ നിന്ന് ഇവിടുത്തെ ചരിത്രം കേൾക്കുമ്പോൾ ഉണ്ടായ സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു. പള്ളിക്ക് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല എന്ന ചെറിയ സങ്കടം മസ്ജിദിന്റെ എതിർവശത്തുള്ള കുളത്തിൽ നിന്നും വരുന്ന തണുത്ത കാറ്റും, പുറം കാഴ്ചകൾ കണ്ടും മാറ്റി. കൂടെ വന്ന ഒരു സുഹൃത്താണ് ഓർമ്മിപ്പിച്ചത് നമുക്ക് വേഗം കോഴിക്കോട് ബീച്ചിലേക്ക് പോകാം ഇല്ലെങ്കിൽ സൂര്യാസ്തമയം കാണാൻ സാധിക്കില്ല. അപ്പോഴേക്കും സമയം 5മണിയോടടുത്തിരുന്നു.
അന്ന് ഒരു അവധി ദിവസം ആയിരുന്നതുകൊണ്ട് നല്ല തിരക്കായിരുന്നു. അവസാനം എവിടെയോ ഒരല്പം സ്ഥലം കിട്ടിയപ്പോൾ കാർ പാർക്ക് ചെയ്തു ഞങ്ങൾ വേഗം ഇറങ്ങി.
ഈ നാട്ടിലെ ജനതയുടെ വൈവിധ്യം നേരിട്ട് അറിയണമെങ്കിൽ കോഴിക്കോട് ബീച്ചിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി. അത്രയും മനുഷ്യന്മാർ തിങ്ങി നിറയുന്ന ഒരു ഇടമാണിത്. കുറെ ഫോട്ടോസ് എടുത്ത ശേഷം അവിടെ നിന്നും കടുക്കയും ഉപ്പിലിട്ടതും ഒക്കെ കഴിച്ചു രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷം മനസ്സില്ലാമനസ്സോടെ അവിടെനിന്നും മിഠായിത്തെരുവിലേക്ക് പോയി.

മിഠായിത്തെരുവ് നമ്മളെ സ്വീകരിക്കാനായി എസ് കെ പൊറ്റക്കാടിന്റെ ഒരു അർദ്ധകായ പ്രതിമയുണ്ട്. ഓരോ മലയാളിയുടെയും സഞ്ചാര ഗുരുവിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ ലണ്ടൻ ബ്രിഡ്ജും, കാപ്പിരികളുടെ നാടും ഒക്കെ വായിച്ചതാണ് ഓർമ വന്നത്. യാത്ര സാഹസികമായിരുന്ന ഒരു കാലഘട്ടത്തിൽ സഞ്ചാരങ്ങൾക്കായി ഇറങ്ങിയ സഞ്ചാരങ്ങളുടെ കാമുകനെക്കുറിച്ച് മനസ്സിൽ വിചാരിച്ചു കൊണ്ടാണ് മധുരത്തിന്റെ തെരുവിലേക്ക് എന്റെ വീൽചെയർ പ്രവേശിച്ചത്.

ഏറ്റവും ഭംഗിയോടു കൂടിയാണ് ഈ നാട്ടുകാർ ഇവിടം പരിപാലിച്ചു പോരുന്നത്. കോഴിക്കോടൻ ഹൽവയുടെ കേന്ദ്രം കൂടിയാണ് ഇവിടെ. അതുകൊണ്ടാണ് മധുരത്തിന്റെ തെരുവ് എന്ന പേര് വീണത്. ഹുസൂർ റോഡ് എന്നറിയപ്പെട്ടിരുന്ന തെരുവിനെ ഹൽവക്കടകൾ കൊണ്ട് നിറഞ്ഞപ്പോൾ യൂറോപ്യൻസ് ആണ് 'സ്വീറ്റ് മീറ്റ് സ്ട്രീറ്റ്' അഥവാ S. M സ്ട്രീറ്റ് എന്ന് വിളിച്ചത്.
2007 മുതൽ 2017 വരെ നടന്ന ഏഴോളം തീപിടുത്തത്തിൽ 9 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം 2017ൽ ആണ് മിഠായിത്തെരുവ് ഇന്നത്തെ രീതിയിലേക്ക് പുനർനിർമ്മിച്ചത്. അന്നത്തെ ആ ദുരന്തങ്ങളുടെ കഥകൾ ഇവിടുത്തെ ഓരോ കച്ചവടക്കാരനും പറയാനുണ്ട് ഇപ്പോഴും.
കോഴിക്കോട്ടുകാരുടെ അഭിമാനമായ ഒരു കാഴ്ചയും കൂടി കണ്ടിട്ട് ജിത്തേട്ടന്റെ വീട്ടിലേക്കു മടങ്ങുമ്പോൾ അന്ന് ഉച്ചയ്ക്ക് നഗരത്തിൽ കണ്ട ഒരു ബോർഡിലെ കുറിപ്പാണ് ഓർമ വന്നത്. "കോഴിക്കോടേക്ക് സ്വാഗതം വയർ നിറയെ ഭക്ഷണവും മനസ്സു നിറയെ സ്നേഹവും അനുഭവിക്കാം" സത്യമാണ് ഈ നഗരവും ഇവിടത്തെ നാട്ടുകാരും വേറിട്ട ഒരു അനുഭവം ആണ് നമുക്ക് നൽകുന്നത് .
Comments