ഒരു അതിരപ്പിള്ളി യാത്ര
എന്റെ പേര് അസ്ന. തൃശ്ശൂർ ജില്ലയിലെ മാളയിലാണ് എന്റെ വീട്. ഞാൻ ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത്. എനിക്ക് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗാവസ്ഥയാണ്. നിങ്ങൾ വായിക്കാൻ പോകുന്നത് ഞാൻ അതിരപ്പിള്ളിയിലേക്ക് നടത്തിയ ഒരു യാത്രയുടെ അനുഭവങ്ങളാണ്.
നെഗറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങളിലൂടെയാണ് അതിരപ്പിള്ളി എന്നെ വരവേറ്റത്. എൻട്രൻസിന് മുന്നിൽ വച്ച വലിയ കോണി, റാമ്പ് എന്നിവയൊന്നും മനസ്സിൽ നിന്നും മായുന്നതേയില്ല.

അതിരപ്പിള്ളിയിൽ ഞാൻ എത്തിയ സമയത്ത് എന്തോ ഒരു വർക്ക് നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് റാമ്പിന് മുകളിൽ, വീൽചെയറിന് പോകാൻ തടസ്സം എന്ന രീതിയിൽ വലിയൊരു കോണി ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ അവിടുത്തെ ജോലിക്കാർ പറഞ്ഞു റാമ്പിലൂടെ വീൽചെയർ കൊണ്ടുപോകാൻ പറ്റില്ലെന്ന്. വലിയ ഇറക്കമാണെന്നും ബ്രെയ്ക്ക് ഉള്ള വീൽചെയർ തന്നെ വേണമെന്നും അവർ തീർത്തു പറഞ്ഞു. എന്നാൽ എന്റെ കൂടെയുള്ളവർ പറഞ്ഞു ഇതുപോലെ ഒരു റാമ്പ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് വീൽചെയർ ഇറങ്ങാൻ വേണ്ടി തന്നെയാണെന്ന്. അവർ എന്നെ റാമ്പിലൂടെ പതിയെ കൊണ്ടുപോയി. റാമ്പിന് മുകളിലുണ്ടായിരുന്ന ആ വലിയ കോണി പോലും മാറ്റാൻ ആ ജോലിക്കാർ തയ്യാറായില്ല. അതുകൊണ്ട് തന്നെ വീൽചെയർ കഷ്ട്ടപ്പെട്ടു പൊക്കേണ്ടിവന്നു.

അങ്ങനെ എല്ലാവരുടെയും സഹായത്താൽ ഞാൻ വീൽചെയറിൽ ഇരുന്ന് അതിരപ്പിള്ളി കണ്ടു. ഇനി റാമ്പിനെക്കുറിച്ച് പറയട്ടെ. റെയിൽ പോലെയുള്ളതും വീതി കുറഞ്ഞതുമായ റാമ്പായിരുന്നു അത്. വഴിയുടെ നടുവിലായാണ് റാമ്പ് നിർമിച്ചിരിക്കുന്നത്. റാമ്പിന് അപ്പുറത്തും ഇപ്പുറത്തുമായി ആളുകൾ നടന്നുപോകും. വീതി കുറഞ്ഞതുകൊണ്ടും ഇറക്കംകൊണ്ടും വളരെ ശ്രദ്ധയോടെ വേണം വീൽചെയർ നീക്കാൻ. എനിക്ക് പേടിയുണ്ടായിരുന്നെങ്കിലും അവിടെ എത്തണം എന്ന വാശിക്കൊണ്ട് ഞാൻ അതെല്ലാം മറന്നു. നെഗറ്റീവ് ആയിട്ടുള്ള അഭിപ്രായത്തിൽ നിന്നും കിട്ടിയ ഊർജം കൊണ്ടാണോ എന്ന് അറിയില്ല, റാമ്പിന് അത്ര ഇറക്കമുള്ളതായി എനിക്ക് തോന്നിയില്ല. എന്നിരുന്നാലും റാമ്പിന് കുറച്ചുകൂടി വീതിയുണ്ടായിരുന്നെങ്കിൽ നന്നായേനെ.

അങ്ങനെ ഞാൻ അതിരപ്പിള്ളി കണ്ടു. വെള്ളം കണ്ടത് ദൂരെനിന്നാണെങ്കിലും ഞാൻ അത് ആസ്വദിച്ചു. കുരങ്ങൻമാരുടെ കുസൃതികളും അവിടുത്തെ കാഴ്ചകളും അതിരപ്പിള്ളി യാത്ര മനോഹരമാക്കി. ലോകം കീഴടക്കിയ കോവിഡ് 19 കാരണം ഒരുപാട് നാളുകളായി ഞാൻ പുറംലോകം കണ്ടിട്ട്. അതുകൊണ്ടുതന്നെ യാത്രയിലെ എന്തും എന്നെ സന്തോഷിപ്പിച്ചു. കാഴ്ചയുടെ സൗന്ദര്യത്തേക്കാളേറെ യാത്ര ഹൃദ്യവും വിസ്മയകരവും ആക്കിയത് എന്റെ അനുഭവങ്ങൾ തന്നെയായിരുന്നു. വീൽചെയറിൽ ഇരുന്നു തന്നെ അതിരപ്പിള്ളി കാണാൻ സാധിച്ചു എന്നതിൽ ഞാൻ ഏറെ ആഹ്ലാദിച്ചു. ഒരുപക്ഷേ ഞാൻ നടന്നാണ് കണ്ടിരുന്നതെങ്കിൽ ഇത്രയധികം സന്തോഷിക്കില്ലായിരുന്നു. വാസ്തവത്തിൽ ഇതിനെല്ലാ ഉള്ള ഊർജം കിട്ടിയത് ആ നെഗറ്റീവ് അഭിപ്രായത്തിൽ നിന്നായിരുന്നു. അങ്ങനെ അതിരപ്പിള്ളി യാത്ര ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രയായി മാറി. യാത്ര കഴിഞ്ഞു വന്നപ്പോൾ എനിക്ക് എന്തിനാണെന്നറിയില്ല, വല്ലാത്തൊരു അഭിമാനവും സംതൃപ്തിയും തോന്നി.
Comments