സിക്ക: കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക്, പേടിക്കേണ്ടത് പകൽ കടിക്കുന്ന കൊതുകുകളെ
ആദ്യം കുരങ്ങുകളിൽ മാത്രം കണ്ടിരുന്ന സിക്ക വൈറസ് ബാധ മനുഷ്യരിലും കണ്ടെത്തിയത് 1952ലാണ്. പിന്നീട് 71 രാജ്യങ്ങളിൽ സിക്ക വൈറസ് കണ്ടെത്തി.
സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ 15 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. പൂനെ വൈറോളജി ഇൻസിസ്റ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ച 19 സാംപിളുകളിൽ 15 എണ്ണത്തിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 14 പേരും ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവർ ജോലി സ്ഥലത്തേക്ക് എത്തുന്നത്. കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തിയതോടെ ജാഗ്രതാ നിർദേശവും കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കാനുളള പ്രവർത്തനങ്ങളും എല്ലാവരും തുടങ്ങണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാനമായും കൊതുകുകളിൽ നിന്നും രോഹവാഹകരായ കുരങ്ങുകളിൽ നിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്കുമാണ് സിക്ക വൈറസ് പടരുന്നത്.
ആദ്യം കുരങ്ങുകളിൽ മാത്രം കണ്ടിരുന്ന സിക്ക വൈറസ് ബാധ മനുഷ്യരിലും കണ്ടെത്തിയത് 1952ലാണ്. പിന്നീട് 71 രാജ്യങ്ങളിൽ സിക്ക വൈറസ് കണ്ടെത്തി. ബ്രസീലിൽ സിക്ക വൈറസ് രോഗവ്യാപനം ഉണ്ടായ 2015ൽ മാത്രമാണ് ഗർഭിണികളിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്കും ഈ രോഗം പടരുമെന്ന് കണ്ടെത്തിയത്. ഗർഭിണികളിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ അസുഖം ബാധിക്കാമെന്നതിനാൽ ഇനി മുതൽ ലക്ഷണങ്ങളുമായി എത്തുന്ന ഗർഭിണികൾക്ക് സിക്ക വൈറസ് ബാധ കണ്ടെത്താനുളള ആർടിപിസിആർ പരിശോധന കേരളത്തിൽ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വൈറസ് ബാധ ആക്ടീവായ സ്ഥലങ്ങളിലേക്ക് ഗർഭിണികൾ യാത്ര ചെയ്യാതിരിക്കുക എന്നതാണ് മുൻകരുതൽ.

സിക്ക എന്ന പേര്
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഒരു വനപ്രദേശത്തിന്റെ പേരാണ് സിക്ക. ഈ വനമേഖലയിൽ നിന്നുളള കുരങ്ങുകളിലാണ് 1947ൽ സിക്ക വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. പിന്നീട് 1948ൽ ഈ കാടിന്റെ പേര് വൈറസിന് ഇടുകയും ചെയ്തു.
രോഗലക്ഷണവും രോഗകാരണവും
ഡെങ്കിപ്പനി, മഞ്ഞപ്പനി, ഹെപ്പറ്റൈറ്റിസ് സി എന്നിങ്ങനെയുളള രോഗങ്ങളുടെ ലക്ഷണങ്ങളാണ് സിക്ക ബാധിച്ച രോഗികളിലും ഉണ്ടാകുക.തിരുവനന്തപുരത്ത് രോഗം നിര്ണയിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിരവധി ആളുകളില് സിക്കരോഗ ലക്ഷണളായ ചെങ്കണ്ണ്, പനി, ത്വക്കുകളില് ചുവന്ന പാട് എന്നീ ലക്ഷണങ്ങള് കണ്ടിരുന്നു. ഇത് ഡെങ്കിയാണെന്ന സംശയത്തിലാണ് ആദ്യം ചികിത്സ തുടങ്ങിയതും. രണ്ടുദിവസം മുതൽ ഏഴുദിവസം വരെ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും.
മൂന്ന് ദിവസം മുതൽ 14 ദിവസം വരെ മാത്രമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽ ബോപിക്റ്റസ് എന്നി കൊതുകുകളാണ് പ്രധാനമായും സിക്ക പരത്തുന്നത്. സാധാരണയായി പകലാണ് ഇത്തരം കൊതുകുകൾ കടിക്കുക. കൂടാതെ രോഗവാഹകരായേക്കാവുന്ന കുരങ്ങ് അടക്കുമുളള മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാം. രോഗം ബാധിച്ചവർ നൽകുന്ന രക്തത്തിൽ നിന്നോ, രോഗമുളളവരുമായുളള ലൈംഗിക ബന്ധത്തിലൂടെയോ സിക്ക പിടിപെടാം. പ്രത്യേകിച്ച് ചികിത്സയും വാക്സിനുമൊന്നും കണ്ട് പിടിക്കാത്തതിനാൽ കൊതുക് കടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് പ്രതിരോധ മാർഗം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!