എട്ടുവർഷം, ധോണിക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടം നേടാനാകാതെ കോഹ്ലിയുടെ ഇന്ത്യ
ധോണിക്ക് ശേഷം കോഹ്ലിയുടെ നേതൃത്വത്തിൽ നാല് ഐസിസി ടൂർണമെന്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇതിൽ ഒന്നിൽ പോലും കിരീടം നേടാൻ കഴിയാത്തതിനെ തുടർന്ന് സോഷ്യൽമീഡിയയിൽ കോഹ്ലിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ പരാജയപ്പെട്ടതോടെ ധോണിക്ക് ശേഷം ഒരു ഐസിസി കിരീടം ഉയർത്താനാകാതെ ഇന്ത്യ. ഏകദിന, ടെസ്റ്റ്, ട്വന്റി മത്സരങ്ങളിൽ കോഹ്ലിയുടെ ടീം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും എം.എസ് ധോണി ക്യാപ്റ്റൻസിയിൽ നിന്ന് മാറിയ ശേഷം ഇന്ത്യക്ക് ഇതുവരെ ഐസിസി ടൂർണമെന്റുകളിൽ കപ്പ് നേടാൻ സാധിച്ചിട്ടില്ല. 2013ലെ ചാംപ്യൻസ് ട്രോഫി കപ്പ് നേടിയ ശേഷം ടെസ്റ്റ് ഫൈനൽ അടക്കം ആറ് ഐസിസി ടൂർണമെന്റുകളും എട്ടുവർഷവും ഇതുവരെ പിന്നിട്ടെങ്കിലും ഇന്ത്യ ഒരു കപ്പ് പോലും നേടിയില്ല. മൂന്ന് തവണ സെമിയിലും മൂന്ന് തവണ ഫൈനലിലും ഇന്ത്യ തോൽക്കുകയായിരുന്നു. കോഹ്ലി നായകനായ ശേഷം 2016ലെ ട്വന്റി 20 ലോകകപ്പ്, 2017ലെ ചാംപ്യന്‍സ് ട്രോഫി, 2019ലെ ഏകദിന ലോകപ്പ് എന്നിങ്ങനെ ഐസിസി ടൂര്‍ണമെന്റുകളിലാണ് ഇതിന് മുന്‍പ് ഇന്ത്യ തോറ്റത്. ഇനി വരുന്നതാകട്ടെ ട്വന്റി 20 ലോകകപ്പാണ്.

2019ലെ ലോകകപ്പ് സെമിയിലെ തോൽവിക്ക് ന്യൂസിലൻഡിനോട് പകരം വീട്ടാനുളള അവസരം കൂടിയായിരുന്നു ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ. എന്നാൽ രണ്ട് ദിവസം മഴ പൂർണമായും പിന്നീട് ഭാഗികമായും തടസപ്പെടുത്തിയ മത്സരത്തിൽ ന്യൂസിലൻഡ് പേസർമാർക്ക് മുന്നിൽ കോഹ്ലിയടക്കമുളള വൻ ബാറ്റിങ് നിര തകർന്ന് അടിയുകയും ചെയ്തു. രണ്ട് ഇന്നിങ്സുകളിലും ഇന്ത്യൻ ടീമിൽ നിന്ന് ഒരാൾക്ക് പോലും അർദ്ധ സെഞ്ചുറി നേടാൻ കഴിഞ്ഞില്ല എന്നതിലുണ്ട് തകർച്ചയുടെ ആഴം. കൂടാതെ വാലറ്റവും അമ്പേ പരാജയപ്പെടുകയും ചെയ്തു. ഓസീസ് പര്യടനത്തിൽ അജിങ്ക്യെ രഹാനെയുടെ കീഴിൽ കളിച്ച് പരമ്പര നേടിയ ടീമിന്റെ മിന്നലാട്ടം പോലും ഫൈനൽ പോരാട്ടത്തിൽ ഉണ്ടായതുമില്ല.

ഇന്ത്യ അവസാനമായൊരു ഐസിസി കീരിടം ഉയർത്തിയത് എംഎസ് ധോണിയുടെ നേതൃത്വത്തില്‍ 2013 ജൂൺ 23ന് ആയിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂൺ 23ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കോഹ്ലിയും സംഘവും കിരീടം ഉയർത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾ കൂടിയാണ് ന്യൂസിലൻഡിന്റെ മനോഹരമായ ജയത്തിൽ കൊഴിഞ്ഞത്. 2013 ജൂണ്‍ 23ന് ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ആതിഥേയ ടീമിനെ കീഴടക്കിയാണ് ധോണി നയിച്ച ഇന്ത്യ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തോടെ വലിയൊരു ചരിത്രവുമായിരുന്നു ധോണി കുറിച്ചത്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യൻസ് ട്രോഫി എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങളും നേടിയ ആദ്യ ക്യാപ്റ്റനായി ധോണി മാറിയിരുന്നു. ഈ റെക്കോഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. ധോണിക്ക് ശേഷം കോഹ്ലിയുടെ നേതൃത്വത്തിൽ നാല് ഐസിസി ടൂർണമെന്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇതിൽ ഒന്നിൽ പോലും കിരീടം നേടാൻ കഴിയാത്തതിനെ തുടർന്ന് സോഷ്യൽമീഡിയയിൽ കോഹ്ലിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

2014ലെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയോടായിരുന്നു ഇന്ത്യ തോറ്റത്. 2015ലെ ഏകദിന ലോകകപ്പിൽ ആതിഥേയരായ ഓസ്ട്രേലിയയോടും ഫൈനലിൽ ഇന്ത്യ തോറ്റു. 2016 ട്വന്റി 20 ലോകകപ്പിൽ സെമിയിൽ വിൻഡീസിനോടായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിൽ കടന്ന വിൻഡീസ് ഇംഗ്ലണ്ടിനെ തകർത്ത് കിരീടവും നേടി. 2017 ചാമ്പ്യന്‍സ് ട്രോഫിയിൽ കോഹ്ലിയുടെ നേതൃത്വത്തിൽ മികച്ച കളി കാഴ്ചവെച്ച് ഫൈനലിൽ കടന്ന ഇന്ത്യ പാകിസ്ഥാന് മുന്നിൽ തകർന്നടിഞ്ഞു. പാക് ടീം ഉയർത്തിയ 338 റൺസിന് മറുപടിയായി 158 റൺസ് എടുക്കാനെ ഇന്ത്യയ്ക്ക് സാധിച്ചുളളൂ.
ഏറ്റവുമൊടുവിൽ 2019ലെ ഏകദിന ലോകകപ്പ്. ടൂർണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനോടാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 239 റൺസ് മാത്രമാണ് എടുത്തത്. മഴ മൂലം കളി രണ്ടാം ദിവസത്തേക്കും നീണ്ടു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ തകർന്നടിഞ്ഞു. 31 ഓവറിൽ 92 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അവസാന നിമിഷം ധോണി-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് കരയ്ക്ക് എത്തിക്കാൻ നോക്കിയെങ്കിലും തോൽവിയായിരുന്നു ഫലം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എട്ട് വർഷം, അഞ്ച് ഐസിസി ടൂർണമെന്റുകൾ; ഇത്തവണ എങ്കിലും കോഹ്ലിക്ക് ഐസിസി കിരീടം ഉയർത്താനാകുമോ ?
ടെസ്റ്റ് ഫൈനലിൽ ന്യൂസിലൻഡിനാണ് മുൻതൂക്കം, എന്തുകൊണ്ടെന്ന് സച്ചിൻ പറയുന്നു
ഇന്ത്യയോ, ന്യൂസിലൻഡോ? ആരാകും ടെസ്റ്റിലെ ലോകചാംപ്യൻ, ഓസീസ് ക്യാപ്റ്റനും വാർണറും പറയുന്നു
ന്യൂസിലൻഡ് ഇന്ത്യയെ പിന്നിലാക്കിയേക്കാം, കാരണങ്ങൾ നിരത്തി കെവിൻ പീറ്റേഴ്സൺ