'ഞങ്ങളെ തീരത്തുനിന്ന് മാറ്റുന്നവര്‍ വിമാനത്താവളവും കമ്പനിയും തീരദേശത്തുനിന്ന് മാറ്റുമോ?'
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുനര്‍ഗേഹം പരിപാടിയെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു
കേരളത്തിലെ തീരപ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്നതാണ് സര്‍ക്കാര്‍ പറയുന്നത്. നിരന്തരം ഉണ്ടാകുന്ന കടല്‍ ക്ഷോഭങ്ങളും ജീവനും വസ്തുവകകളും നശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്്. കടലിനെ ആശ്രയിച്ച് കഴിയുന്ന തീരദേശ വാസികളുടെ തൊഴിലിനെ ബാധിക്കാത്ത രീതിയില്‍ തീരപ്രദേശത്തുനിന്ന് കുടിയൊഴിഞ്ഞ് മാറി താമാസിപ്പിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പുനര്‍ഗേഹം എന്ന പേരിലുള്ള പദ്ധതി ഇതിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് കേരളത്തിലെ തീരദേശ മേഖലയില്‍ ജീവിക്കുന്നവരുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യധാരയ്ക്ക് മുന്നില്‍ കാര്യമായി അവതരിപ്പിക്കപ്പെടുന്നത്. തീരദേശത്ത് നിന്ന് മാറുകയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, തങ്ങളുടെ ആവാസ വ്യവസ്ഥയില്‍നിന്ന് മാറ്റി പാര്‍പ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ മറ്റ് താല്പര്യങ്ങളുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ പറയുന്നു. പുനര്‍ഗേഹം പരിപാടി തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് വ്യക്തമാക്കി കൊണ്ട് കുടിയൊഴിയാന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് തീരദേശ ജനത.

കേരളത്തിന്റെ ഒമ്പത് ജില്ലകളിലായി 590 കിലോമീറ്റര്‍ നീളത്തിലാണ് തീരദേശം. 590 മീറ്റര്‍ തീരഭൂമിയില്‍ 350 കിലോമീറ്ററിലധികം അതിരൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നതാണെന്ന്് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസിന്റെ പഠനം പറയുന്നു.
സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും തീരദേശ മേഖലയില്‍ ജീവിക്കുന്നു. കേരളത്തിലെ ജനസാന്ദ്രതയേക്കാള്‍ കൂടുതലാണ് തീരദേശ മേഖലയിലെത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികളുടെ എണ്‍പത് ശതമാനത്തോളം പേര് കടലുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. ഇതില്‍ ബഹുഭൂരിപക്ഷവും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളാണ്. ഇവരാണ് ആവര്‍ത്തിച്ചു ഉണ്ടാകുന്ന കടല്‍ക്ഷോഭം കാരണം അപകടത്തില്‍പ്പെടുന്നത്. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ മാറി താമസിക്കാനുള്ള പുനര്‍ഗേഹം പദ്ധതി വിഭാവനം ചെയ്യുന്നത്.
ഈയടുത്ത കാലത്തായി നിരവധി ചുഴലിക്കാറ്റുകളാണ് കേരള തീരത്തും ആഞ്ഞിടിച്ചത്. ടൗട്ടെ, യാസ് തുടങ്ങിയ ചുഴലിക്കാറ്റുകള്‍ വിതച്ച നാശം ചെറുതല്ല. അതിന്റെ ഫലമായി 3000 ത്തോളം ആളുകള്‍ ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുകയാണെന്നാണ് തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ കടല്‍ ക്ഷോഭം ഉണ്ടാകുമ്പോള്‍ അവിടെനിന്ന് മാറി താമസിക്കേണ്ടി വരികയും പിന്നീട് തിരികെയെത്തുകയും ചെയ്യുന്നവരാണ് വലിയൊരു വിഭാഗം. ഈ അവസ്ഥയ്ക്ക് കൂടി പരിഹാരമാണ് കേരളത്തില്‍ നടപ്പിലാക്കുന്ന പുനര്‍ഗേഹം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കടല്‍ വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ പദ്ധതി. ഇതിന് 2450 കോടി രൂപ വേണ്ടിവരുമെന്നും കണക്കാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍നിന്നുള്ള പണവും ബജറ്റ് വിഹിതവും ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. കടല്‍തീരത്തുനിന്ന് മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ ധന സഹായം സര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി. ഭൂമി വാങ്ങാന്‍ ആറ് ലക്ഷവും, വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷവുമായാണ് ഈ തുക നല്‍കുക. ഇങ്ങനെ മാറിയാലും തീരപ്രദേശത്തുളള ഭൂമിയുടെ അവകാശം നിലനിര്‍ത്താന്‍ കഴിയുമെന്ന തരത്തിലേക്ക് വ്യവസ്ഥകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റം വരുത്തുകയും ചെയ്തു. അതേസമയം അവിടെ വേറെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് കഴിയില്ല. പുനര്‍ഗേഹം പദ്ധതി പ്രകാരം വാങ്ങുന്ന വീട് 12 വര്‍ഷത്തിനിപ്പുറം കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
സംസ്ഥാനത്തെ തീരത്തുനിന്ന് 18,685 കുടുംബങ്ങളെ മാറ്റിപാര്പ്പിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 8,847 പേര് മാറി താമസിക്കാന്‍ തയ്യാറാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മാറി താമസിക്കാന്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്താന്‍ കഴിയാത്തവരെ ഭൂമി കണ്ടെത്തി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് മാറ്റി താമസിപ്പിക്കുകയും ചെയ്യും. കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കായുളള രണ്ടാമത്തെ ഭവന സമുച്ചയം ഫിഷറീസ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
'അടിസ്ഥാനപരമായി പുനര്‍ഗേഹം എന്ന പേരില്‍ നടപ്പിലാക്കുന്നത് ലൈഫ് മിഷന് പദ്ധതിയുടെ മറ്റൊരു പതിപ്പാണ്' തീര ഭൂ സംരക്ഷണ വേദി ചെയര്‍പേഴ്സണ്‍ മാഗ്ലിന്‍ ഫിലോമിന പറയുന്നു. 'നാലും അഞ്ചും സെന്റ് ഭൂമിയില്‍ പണിത വീടു പോലും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. അവര്‍ക്ക് എങ്ങനെയാണ് 10 ലക്ഷം രൂപ കൊടുത്താല്‍ ശരിയാവുക. പിന്നെ ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം പോലും ഇല്ല. ക്രയ വിക്രിയം പോലും പറ്റില്ലെന്ന് പറയുമ്പോള്‍ ജീവിതത്തെ കൂടുതല്‍ പ്രശ്ന ഭരിതമാക്കും. കുട്ടികളെ പഠിപ്പിക്കാന്‍ വായ്പ എടുക്കാന്‍ പോലും പറ്റില്ല. ഫ്ലാറ്റ് ആണ് കൊടുക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചു കൈമാറിയ ഫ്ളാറ്റുകള്‍ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കണം. ഇത് ഫലത്തില്‍ മറ്റൊരു തരത്തില്‍ ചേരി നിര്‍മാണം ആണ് നടത്തുന്നത്' മാഗ്ലീന്‍ പുനര്ഗേഹത്തോടുളള തന്റെ നിലപാട് ഇങ്ങനെ വിശദീകരിക്കുന്നു
പുനര്‍ഗേഹം പരിപാടിയെ എതിര്‍ക്കുന്നവര്‍ അതിനെ മല്‍സ്യത്തൊഴിലാളികളെ അവരുടെ ഭൂമിയില്‍നിന്ന് ബോധപൂര്‍വം കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയായും കാണുന്നു. കടല്‍ക്ഷോഭം മൂലം മാറി പോകണമെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയുന്നവര്‍ തീരത്തുതന്നെ ഉള്ള തിരുവനന്തപുരം വിമാനത്താവളം, ടൈറ്റാനിയം കമ്പനി എന്നിവ അവിടെനിന്ന് മാറ്റുമോ എന്നും ചോദിക്കുന്നു. അതുകൊണ്ട് തന്നെ 2450 കോടി രൂപ ചിലവിട്ട് നടപ്പിലാക്കുന്നതിന് പകരം തീര പോഷണത്തിന് ഉതകുന്ന നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. സി പ്ലെയിന്‍ പോലുള്ള പദ്ധതികളും തീരദേശം കേന്ദ്രീകരിച്ച് ടൂറിസം വികസന പരിപാടികള്‍ക്കും വേണ്ടിയാണ് ഈ കുടിയൊഴിപ്പിക്കല്‍ എന്നാണ് മല്‍സ്യത്തൊഴിലാളികളുടെയും തീരദേശത്ത് താമസിക്കുന്നവരുടെയും ആരോപണം. തീരം കേന്ദ്രീകരിച്ചു നടക്കുന്ന വിനോദ സഞ്ചാര പരിപാടികള്‍ ഇതിന്റെ ഉദാഹരണമായി ഇവര്‍ വിലയിരുത്തുന്നു.

ഇപ്പോള്‍ പുനര്‍ഗേഹം പരിപാടിയില്‍ വരുത്തിയ മാറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ അടിസ്ഥാന പരമായ പ്രശ്നങ്ങളെ പരിഗണിക്കുന്നില്ലെന്ന് തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന എ ജെ വിജയന് പറയുന്നു. തീരം തന്നെ ഇല്ലാതാകുമ്പോള്‍ തീരത്തെ ഭൂമിയില്‍ അധികാരം എന്നത് തന്നെ പ്രശ്നമാണെന്ന് അദ്ദേഹം പറയുന്നു. തീര മേഖലയെ എങ്ങനെ കടലെടുക്കുന്നു, കടലുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നതെങ്ങനെ എന്ന് കാര്യത്തില്‍ ശാസ്ത്രീയമായ നിലപാട് സ്വീകരിക്കുകയാണ് പ്രശ്ന പരിഹാരത്തിന് ആദ്യം വേണ്ടതെന്നും അദ്ദേഹം പറയുന്നു. ആവശ്യത്തിനും അനാവിശ്യത്തിനും ഫിഷിംങ് ഹാര്‍ബറുകള്‍ ഉണ്ടാക്കുന്നതും, മണല്‍ അശാസ്ത്രീയമായി നീക്കുന്നതും നിക്ഷേപിക്കുന്നതും പ്രശ്നമാണ്. ചില സ്ഥലങ്ങളില്‍ ഇതിന്റെ പ്രയോജനം റിസോര്ട്ടുകള്ക്കാണെന്നും അദ്ദേഹം പറയുന്നു. പരിസ്ഥിതിയെ സംരക്ഷിച്ചാല്‍ ഇത്രയും പണം ചിലവഴിക്കേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദാനിയുടെ വിഴിഞ്ഞം പദ്ധതിയാണ് ശംഖുമുഖം തീരം ഇല്ലാതാക്കിയതെന്ന കാര്യം ഇപ്പോഴും സര്‍ക്കാര്‍ അംഗീകരിക്കാനും തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമീപകാലത്ത് വിഴിഞ്ഞത്തും അതുപോലെ അഞ്ചുതെങ്ങിലുമൊക്കെ മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിനും കാരണം അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് ഇവര്‍ പറയുന്നു. വിഴിഞ്ഞത്ത് കരയ്ക്ക്ടത്തിട്ടും മല്‍സ്യത്തൊഴിലാളികള്‍ക്ക് നീന്തി കയറി വരാന്‍ പറ്റാത്തതും അവര്‍ തലയിടിച്ച് മരിക്കാന്‍ കാരണവും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്ന് മാഗ്ലീന്‍ ഫിലോമിന പറഞ്ഞു. പഴയ ഹാര്‍ബറില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനുമുള്ള കവാടം ചുരുങ്ങിയതാണ് അപകടത്തിന് കാരണമെന്നും ഇവര്‍ പറയുന്നു. അഞ്ചു തെങ്ങിലുണ്ടാകുന്ന അപകടത്തിനും കാരണം ഇ്ത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു

കേരളം കാര്യമായി ചര്‍ച്ച ചെയ്യാതെ പോയ ഒരു വിഷയമാണ് തീരദേശത്ത് ജീവിക്കുന്നവരുടെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള വിഷയം. ദളിത് ആദിവാസികള്‍ സമരങ്ങളിലൂടെ നേടിയെടുത്ത വനാവകാശ നിയമം പോലെ, തീരദേശത്ത് ജീവിക്കുന്നവര്‍ക്കും കടലവാവകാശം ഉണ്ടാകണമെന്ന് മാഗ്ലീന്‍ ഫിലോമിന പറയുന്നു. തീര ശോഷണവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഭൂമി പ്രശ്നം ഇപ്പോഴാണ് സജീവമായി ഉയരുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും തീരദേശത്ത് ജീവിക്കുന്നവരെ സംഘടിപ്പിച്ചുകൊണ്ട് ഭൂ പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ ഉന്നയിക്കുകയാണ് തീര ഭൂ സംരക്ഷണ വേദി. മന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ഇവര്‍ തങ്ങളുടെ ആശങ്ക അറിയിച്ചു. ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നെവരുടെ പ്രശ്നങ്ങള്‍ മുതല്‍ പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മന്ത്രി സജി ചെറിയാനുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് വേദിയുടെ ജനറല്‍ കണ്‍വീനര്‍ എസ് സിന്ദൂര പറഞ്ഞു. തിരപ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്എയെമാരെയും തങ്ങളുടെ പ്രശ്നങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. കടല്‍ ആര്‍ക്കൊ വേണ്ടി തീറെഴുതി കൊടുത്തിരിക്കുന്ന അവസ്ഥയാണ് ഉളളതെന്ന് സിന്ദൂര പറഞ്ഞു. തീരഭൂമി നഷ്ടപ്പെടുമ്പോഴും അതില്‍ താമസിച്ചവരുടെ ഭൂമി നഷ്ടപ്പെട്ടുവെന്ന രീതിയില്‍ പൊതുസമൂഹവും ഭരണകൂടവും കണക്കാക്കുന്നില്ലെന്ന് സിന്ദൂര വ്യക്തമാക്കി. 'ഞങ്ങളുടെ ഭൂമി നഷ്ടമായി എന്ന്് പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് തീരദേശത്തുള്ളവരുടെത്. ഞങ്ങള്‍ കിടന്നുറങ്ങിയ സ്ഥലമാണ് നഷ്ടമാകുന്നത്. എന്നാല്‍ വാസ ഇടങ്ങളെന്ന നിലയില്‍ അതിനെ പരിഗണിക്കുന്നില്ല. അതുകൊണ്ടാണ് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ മറ്റിടങ്ങളില്‍ താമസിപ്പിക്കാനുളള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. വിശാലമായ ഇടങ്ങളില്‍ താമസിച്ചവരെ ഫ്്ളാറ്റിലേക്ക് അവരുടെതല്ലാത്ത കാരണങ്ങളാല്‍ മാറ്റുന്നത്' തീരത്ത് തന്നെ വീടുകള്‍ പണിതു തരുകയും അത് സുരക്ഷിതമാക്കാന്‍ അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ വലിയ തോതില്‍ തീരം ഇല്ലാതായതിന്റെ കാരണങ്ങള്‍ അശാസ്ത്രീയമായ വികസന പരിപാടികള്‍ തന്നെയാണെന്ന് ഇവര്‍ പറയുന്നു. തിരുവനന്തപുരത്ത് അദാനിയുടെ തുറമുഖവും ആലപ്പാട്ട് തോട്ടപ്പള്ളി തുടങ്ങിയ കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശത്ത്് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനം, ചെല്ലാനത്തെ പ്രശ്നങ്ങള്‍ തുടങ്ങിയ ഇവര്‍ ചൂണ്ടികാണിക്കുന്നു. ഹാര്‍ബറുകളില്‍നിന്ന് നീക്കം ചെയ്യുന്ന മണല്‍ തീരത്ത് നിക്ഷേപിച്ചും തീരം കുറഞ്ഞ ജനവാസകേന്ദ്രങ്ങളില്‍ കടലില്‍നിന്ന് മണലെടുത്ത് തീരത്ത് നിക്ഷേപിച്ചും ശാസ്ത്രീയമായി തീരപരിപോഷണ പരിപാടികള്‍ നടത്തിയുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകേണ്ടതെന്നാണ് മല്‍സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്്ത്തിക്കുന്നവര് പറയുന്നത്. തീരം ഉണ്ടാവില്ലെന്ന് പറയുമ്പോള്‍ തന്നെയാണ് ഈ മേഖലയില്‍ വ്യാപകമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു
എന്നാല്‍ വര്‍ധിച്ചുവരുന്ന കടല്‍ക്ഷോഭങ്ങള്‍ക്ക് കാരണം കാലവസ്ഥ വ്യതിയാനമാണെന്ന് നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വികസന സമീപനങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. കടല്‍ തീരം വാസയോഗ്യമല്ലെന്ന സര്‍ക്കാര്‍ നിലപാട് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ തള്ളികളയുകയും ചെയ്യുന്നതോടെ. തീരദേശത്തെ ഭൂമി എന്ന വിഷയം കേരളത്തില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
തീരദേശം കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍?
പുനർഗേഹം: കടലോളം ഉയരുന്ന ആശങ്കകളും വിമർശനങ്ങളും
പുനർഗേഹം: കടലോളം ഉയരുന്ന ആശങ്കകളും വിമർശനങ്ങളും