രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവുമധികം രോഗികള്‍ കേരളത്തിലാണ്. മൊത്തം രോഗികളുടെ 32 ശതമാനം. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 21 ശതമാനം. ടിപിആര്‍ ഇപ്പോഴും പത്ത് ശതമാനത്തില്‍ കുറയ്ക്കാനും നമുക്കായിട്ടില്ല.
കോവിഡ് പ്രതിരോധത്തിലെ കേരള മാതൃക ലോകശ്രദ്ധ നേടിയതാണ്. എന്നാല്‍ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പാളിയോ, എന്താണ് കണക്കുകള്‍ പറയുന്നത്.
രാജ്യത്ത് ആദ്യമായി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. 2020 ജനുവരി മുപ്പതിന് തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യ രോഗബാധ. പിന്നീട് ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ കൂടി രോഗം കണ്ടെത്തി. ആ ഘട്ടത്തില്‍ പ്രതിരോധത്തിന്റെ മികച്ച മാതൃക ലോകത്തിന് മുന്നില്‍ കാഴ്ചവെക്കാന്‍ കേരളത്തിന് കഴിഞ്ഞു. ആദ്യ കേസ് സ്ഥിരീകരിക്കപ്പെട്ടുളള ആറു മാസം രോഗ പ്രതിരോധത്തില്‍ കേരളം മികച്ച മാതൃക കാട്ടി.
വുഹാനില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ഇതിന് പകര്‍ച്ചാശേഷി കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വരുകയും ചെയ്ത സാഹചര്യത്തില്‍ തന്നെ കേരളം മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സാമൂഹ്യ അകലവും ക്വാറന്റീന് നടപടികളും ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിനും ആരോഗ്യവകുപ്പിന്റെ നിതാന്ത ജാഗ്രതയും ആദ്യതരംഗത്തെ പിടിച്ചു കെട്ടാന്‍ നമ്മളെ സഹായിച്ചു.
എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവുമധികം രോഗികള്‍ കേരളത്തിലാണ്. മൊത്തം രോഗികളുടെ 32 ശതമാനം. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 21 ശതമാനം. ടിപിആര്‍ ഇപ്പോഴും പത്ത് ശതമാനത്തില്‍ കുറയ്ക്കാനും നമുക്കായിട്ടില്ല. ആദ്യ തരംഗവും രണ്ടാം തരംഗവും ഏറ്റവുമധികം ബാധിച്ച ഡല്‍ഹിയില്‍ പോലും ടിപിആര്‍ ഒരു ശതമാനത്തില്‍ എത്തിയിട്ടും നമുക്ക് അതിനായിട്ടില്ല.

കോവിഡ് രോഗപ്രതിരോധത്തില്‍ കേരളത്തിന് പിഴച്ചതാണോ കാരണം?
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ കേരളം നേരിടുന്ന വെല്ലുവിളിയില്‍ ഏറ്റവും പ്രധാനം ജനസാന്ദ്രതയാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 ആണ് കേരളത്തിലെ ജനസാന്ദ്രത, ഇന്ത്യയിലേത് 430ഉം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടുന്നതില്‍ കേരളത്തിന് പ്രതികൂലമാകുന്നതും ഈ ഉയര്‍ന്ന ജനസാന്ദ്രത തന്നെ. ആദ്യ തരംഗത്തിന് ശേഷം ലോക്ഡൗണ്‍ എടുത്ത് കളഞ്ഞതോടെ ആളുകളുടെ കൂട്ടം കൂടലും സമ്പര്‍ക്കവും സഞ്ചാരവും വര്‍ധിച്ചു. അതോടെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു. അപ്പോഴും കേരളത്തില്‍ പോസിറ്റീവ് കേസുകള്‍ കുറവായിരുന്നു. ജൂണ്‍ ആദ്യ ആഴ്ച വരെ കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 100 നുളളില്‍ തുടര്‍ന്നു.
എന്നാല്‍ അതിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളവും പ്രതിസന്ധിയിലാകാന്‍ തുടങ്ങി, കൊറോണ കേസുകള്‍ ഒരു ലക്ഷം കടന്ന പതിമൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി. പിന്നീടങ്ങോട്ട് കേരളത്തിന്റെ കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ നിന്നു.

എന്താണ് കേരളത്തിന് സംഭവിച്ചത്?
കേരളത്തില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമായി കൃത്യമായ ഒരുത്തരം നമുക്ക് പറയാന്‍ സാധിക്കില്ല. ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം വലിയ തോതില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ആയപ്പോള്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുളള വലിയൊരു വിഭാഗത്തെ കോവിഡില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സംസ്ഥാനത്തിനായി. രണ്ടാം ഘട്ടത്തില്‍ ഇക്കാര്യത്തില്‍ കേരളം പുറകോട്ട് പോയി. മറ്റൊന്ന് കേരളത്തില്‍ നഗര ഗ്രാമ വ്യത്യാസം വളരെ കുറവാണ് ഏതാണ്ട് എല്ലായിടവും കേരളത്തില്‍ നഗരവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തില്‍ എല്ലാ കോണുകളില്‍ നിന്നും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ടെസ്റ്റുകള്‍ എല്ലായിടത്തും നടക്കുകയും ചെയ്യുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഗ്രാമീണമേഖലകളില്‍ നിന്നുളള കോവിഡ് റിപ്പോര്‍ട്ടിങ് ശക്തമല്ല. ടെസ്റ്റുകളുടെ എണ്ണത്തിലും ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്
ഐസിഎംആര്‍ ഡിസംബര്‍ 2020ല്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വ്വേ പ്രകാരം രാജ്യമൊട്ടാകെ ആയിരത്തില്‍ 220 പേര്‍ക്ക് രോഗം വന്നു പോയപ്പോള്‍ കേരളത്തില്‍ കേവലം 116 പേര്‍ക്ക് മാത്രമാണ് രോഗം വന്നു പോയിട്ടുളളത്. ഇതിനു മുന്‍പ് നടത്തിയ സര്‍വ്വേകളിലും കേരളത്തിലെ രോഗവ്യാപന നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയിട്ടുളളത്. രോഗവ്യാപനം കുറവുളള സ്ഥലത്ത് നിന്നും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് മെച്ചപ്പെട്ട സംവിധാനമുളളത് കൊണ്ടാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നതും ഈ സര്‍വ്വേ ഫലം നിരത്തിയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഒടുവില്‍ ആശ്വാസം; പത്തനംതിട്ടയിലെ ഇറ്റലി കുടുംബത്തിന്റെ ഫലങ്ങള്‍ നെഗറ്റീവ്, ഡിസ്ചാര്‍ജ് വൈകാതെ
ലോക്ക് ഡൗണിനെ നേരിടാൻ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുമായി സർക്കാർ
നീല, വെളള കാർഡ് അടക്കം എല്ലാവർക്കും സൗജന്യ റേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യധാന്യ കിറ്റ്; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ
ആലപ്പുഴ, പത്തനംതിട്ട അടക്കം ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ; കടകള്‍ തുറക്കുന്നത് ഏഴ് മുതല്‍ അഞ്ച് മണി വരെ