FAQ: വാട്സ്ആപ്പ് സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടോ? | 10 ഉത്തരങ്ങള്‍
ഈ ചര്‍ച്ചകള്‍ക്കിടയിലും നമുക്കുണ്ടാവുന്ന ചില സംശയങ്ങളുണ്ട് - വാട്സാപ്പ് നമ്മുടെ പ്രൈവസിയിലേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടോ? - പുതിയ പ്രൈവസി പോളിസി ഇത്ര പരിഭ്രാന്തി സൃഷ്ട്ടിച്ചതെന്തിന്? സിഗ്നല്‍ ആപ്പ് സുരക്ഷിതമാണോ?
2018 മാര്‍ക്ക് സക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധിസഭാ സമിതിയില്‍ സെനറ്റര്‍ ഡിക് ഡര്‍ബിന്റെ ചോദ്യത്തിന് ഒരു മറുപടി കൊടുത്തു. പ്രൈവസിയുടെ പ്രധാന്യത്തെ കുറിച്ച് അത്രയേറെ ലളിതമായിരുന്നു ആ വിവരണം. 2021ല്‍ വാട്സാപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വരുന്നുണ്ടെന്ന് കമ്പനി തന്നെ അറിയിച്ചു. ഒരുപാട് പേര് സിഗനല്‍ മെസേജിങ് ആപ്പിലേക്ക് മാറുന്നു. മറ്റു ചിലര്‍ തങ്ങള്‍ക്ക് മൂടിവെക്കാന്‍ മാത്രം രഹസ്യങ്ങളില്ല വാട്സാപ്പ് അത് എടുക്കട്ടെ എന്നും പറയുന്നു. ഓര്‍ക്കുട്ട്, ഗൂഗിള്‍ പ്ലസ് പോലെ വാട്സാപ്പിന്റെയും കാലം കഴിയുകയാണെന്ന് മറ്റ് ചിലര്‍ക്കുണ്ട് ചിന്ത.
ഈ ചര്‍ച്ചകള്‍ക്കിടയിലും നമുക്കുണ്ടാവുന്ന ചില സംശയങ്ങളുണ്ട് - വാട്സാപ്പ് നമ്മുടെ പ്രൈവസിയിലേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടോ? - പുതിയ പ്രൈവസി പോളിസി ഇത്ര പരിഭ്രാന്തി സൃഷ്ട്ടിച്ചതെന്തിന്? സിഗ്നല്‍ ആപ്പ് സുരക്ഷിതമാണോ?
Q1.എന്തുകൊണ്ടാണ് ഇത്രയധികം പരിഭ്രാന്തി?
ഫോണില്‍ ഏറ്റവും കൂടുതല്‍ നിങ്ങള്‍ ചിലവഴിക്കുന്ന, അല്ലെങ്കില്‍ ഡാറ്റയുടെ തൊണ്ണൂറുശതമാനം നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പ് ഏതാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലല്ലേ? ഇല്ലെങ്കില്‍ ഇനിയെങ്കിലും അതൊന്നു നോക്കൂ. തീര്‍ച്ചയായും അത് വാട്സാപ്പ് ആയിരിക്കും. ഏകദേശം 2000 മില്ല്യണ്‍ ഉപഭോക്താക്കളാണ് 2020ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാസ്ടാപ്പില്‍ ആക്ടീവായി ഉപഭോഗം നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളതോ, ഇന്ത്യയിലും. ഏകദേശം 340 മില്ല്യണ്‍ ആളുകളാണ് ഇവിടെ വാട്സാപ്പ് ഒന്നല്ലെങ്കില്‍ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം, വാട്സാപ്പ് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി എന്നുതന്നെയാണ്. ഇതുകൊണ്ടുതന്നെയാണ് വാട്സാപ്പിന്റെ പ്രൈവസിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് പറയുമ്പോള്‍ പരിഭ്രാന്തിയുണ്ടാകുന്നത്.
Q2. യൂസേഴ്സ് പരിഭ്രാന്തരാകണോ? ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടോ?
യൂസേഴ്സ് ഈ മാറ്റത്തില്‍ പരിഭാന്തരാണോ എന്ന് ചോദിച്ചാല്‍, ഒരുപരിധി വരെ ഇല്ലെന്നുതന്നെ പറയാം. കാരണം ഇതിനുമുന്‍പും പലതരം പോളിസി ചെയ്ഞ്ചുകള്‍ ഫേസ്ബുക്ക് പോലെയുള്ള പല പ്ലാറ്റ്ഫോമുകളിലും വന്നിട്ടുണ്ട്. എന്നിട്ടും ആളുകള്‍ ഇപ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം എന്നത്, നമ്മളുടെ ദൈനംദിന ജീവിതത്തില്‍ ഇത്തരം പ്ലാറ്റ്ഫോമുകള് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഉദാഹരണമായി നിങ്ങള്‍ ഒരു പബ്ലിഷര്‍ പ്ലാറ്റ്ഫോമിലാണ് ജോലി ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ദൈനംദിന ജോലികള്‍ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവ ഇല്ലാതെ കഴിയില്ല. ഇനി നിങ്ങള്‍ ഒരു സാധാരണ ഉപഭോക്താവാണെന്ന് തന്നെ വെക്കുക. സുഹൃത്തുക്കളുമായോ മറ്റുള്ളവരുമായോ സംവദിക്കണമെങ്കില്‍, അല്ലെങ്കില്‍ ഒരു ഇമേജ് ഫയല്‍, ഓഡിയോ ഫയല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അയക്കണമെങ്കില്‍ മറ്റ് പ്ലാറ്റ്ഫോമുകള് ( മെയില്‍, കാള്‍, അല്ലെങ്കില്‍ ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോം ) ഒരിക്കലും ഉപയോഗിക്കില്ല. പകരം വളരെ എളുപ്പത്തില്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്ന വാട്സാപ്പ് തന്നെയേ ഉപയോഗിക്കൂ. ഇതാണ് ഈ മാറ്റങ്ങള്‍ ഒരു പരിധിവരെ ആളുകളില്‍ ഒരു രീതിയിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തത്. മറ്റൊരുതരത്തില്‍ അവര്‍ ഇത് ഒരു വലിയ പ്രശ്നമായി കണക്കാക്കുന്നില്ല എന്നുതന്നെ പറയാം.
ഇത്തരം സ്വകാര്യതകളില്‍ അല്ലെങ്കില്‍ പോളിസി മാറ്റങ്ങളില്‍ സാധാരണ ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാരല്ല, അല്ലെങ്കില്‍ കാര്യമായി എടുക്കുന്നില്ല എന്നതിന് മറ്റൊരു ഉദാഹരം കൂടി പറയാം. അധാര് ഡാറ്റകള്‍, അതായത് നമ്മുടെ ഫിംഗര്‍ പ്രിന്റ്, റെറ്റിന പ്രിന്റ്, സ്വകാര്യ വിവരങ്ങള്‍ എന്നിവ പല ആളുകള്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയുകയും അത് വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും നമ്മുടെ ആളുകളെ ഒട്ടും ബാധിച്ചിരുന്നില്ല എന്നതാണ് സത്യം. അതുപോലെതന്നെ നമ്മള് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പല ആപ്പുകളും നിങ്ങളുടെ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളില്‍ കൈവെക്കാന്‍ അടക്കമുള്ള പെര്മിഷന് നമ്മള് അനുവദിക്കുകയും പല ആപ്പുകളും ഇവ പല രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മള് ഇതൊന്നും കാര്യമായി എടുക്കുക പോലും ചെയ്യുന്നില്ല. എന്നാല്‍ അതിനു പകരം ഇവയൊന്നും നമ്മള് കാര്യമായി എടുക്കാതെ നമ്മുടെ ഫോണ്‍ ഫേസ് ലോക്ക്, പാറ്റെണ്ലോക്ക്, ഫിംഗര്‍ പ്രിന്റ് ലോക്ക് എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്ത് ഫോണ്‍ സുരക്ഷിതമാക്കുന്നു. എന്തൊരു വിരോധാഭാസമാണിത്. തക്കാളിപ്പെട്ടിക്ക് ഗോദറേജിന്റെ പൂട്ട് വെക്കുന്നപോലെ!. നമുക്ക് ഇതിനുമാത്രം രഹസ്യമില്ലെന്നാണ് ഒരു ഭൂരിഭാഗത്തിന്റെ അവകാശവാദം. അത് ശരിയല്ല.
Q.3.സിഗ്നല്‍ പോലെയുള്ള ആപ്പുകള്‍ ഇപ്പോള്‍ വളരെയധികം പ്രചാരം നേടുന്നുണ്ടല്ലോ. ഇത് വാട്സാപ്പിന് പകരമാവാന്‍ സാധ്യതയുണ്ടോ ?
സിഗ്നല്‍ പോലെയുള്ള ഒരു മെസേജിംഗ് ആപ്പ്, വാട്സാപ്പ് പോളിസി മാറ്റങ്ങള്‍ അറിയിച്ച ശേഷം ഇത്തരത്തില്‍ വ്യാപക പ്രസിദ്ധി നേടാന്‍ കാരണം ലോകത്തിലെ ശതകോടീശ്വരന്മാരുടെ ട്വിറ്ററില്‍ വാട്സാപ്പ് ഒഴിവാക്കി സിന്ഗ്നലിലെക്ക് മാറാന്‍ ജനങ്ങളോട് നടത്തിയ ആഹ്വാനമായിരുന്നു. ഇലോണ്‍ മസ്ക് ആയിരുന്നു ഇവരില്‍ പ്രമുഖന്. (തുര്‍ക്കിയിലെ ഔദ്യോഗിക വാട്സാപ്പ് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതും ഈ സംഭവതിന്റെ ഗൗരവം ലോക ശ്രദ്ധയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായി). ആളുകള്‍ക്ക് ഈ പ്രൈവസി പോളിസി മാറ്റങ്ങള്‍ തെറ്റിദ്ധാരണകള്‍ ഒരുപാട് സമ്മാനിച്ചു. യഥാര്‍ത്ഥ വാര്‍ത്തകള്‍ക്ക് പകരം ആളുകള്‍ കൂടുതല്‍ വായിച്ചതും മനസിലാക്കിയതും വാട്സാപ്പ് ഫോര്വേഡ്കളില് ലഭിക്കുന്ന ഫേക്ക് വാര്‍ത്തകള്‍ ആയിരുന്നു. ഇത് ആളുകളെ മറ്റൊരു പ്ലാറ്റ്ഫാം പരീക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇതിലെ മറ്റൊരു പ്രശ്നം, വാട്സാപ്പ് ഉപയോഗിക്കുന്ന എല്ലാ ആളുകളും സിഗ്നല്‍ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ്. ഇന്ത്യയിലെ വാട്സാപ്പ് ഉപഭോക്താക്കളുടെ കണക്ക് അറിയാമല്ലോ. ഏകദേശം 500 ബില്ല്യന്‍ പ്ലസ് ഡൗണ്‍ലോഡ് ആണ് ഇപ്പോള്‍ വാട്സാപ്പിനല്ലത്. എന്നാല്‍ സിഗ്നലിന് ഇപ്പോള്‍ ഉള്ളത് 10 മില്ല്യന്‍ പ്ലസ് ഡൌണ്‍ലോഡ് മാത്രമാണ്.
വാട്സാപ്പില്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പ്രൈവസി മാറ്റങ്ങള്‍ എന്തോക്കെയാണ് എന്ന് പറയുന്നതിന് പകരം, ഇപ്പോള്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ സത്യമാണോ എന്ന് നമുക്ക് നോക്കാം. കാരണം നമ്മള് ഈ പ്രൈവസി പോളിസി വായിച്ചുനോക്കുമ്പോള്‍ വാസ്ടാപ്പ് നമ്മളില്‍ നിന്നും ഒരു വിവരങ്ങളും ശേഖരിക്കുന്നില്ല എന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ അങ്ങിനെയല്ല. കാര്യമായ മാറ്റങ്ങള്‍ അവര്‍ ഇത്തവണ പോളിസികളില്‍ കൊണ്ടുവരുന്നുണ്ട്.
Q.4. വാസ്ടാപ്പ് നമ്മുടെ മെസേജുകളോ അതിലെ കണ്ടന്റോ ഫേസ്ബുക്കുമായി പങ്കുവേക്കുന്നുണ്ടോ?
ഇല്ല. പോളിസി മാറ്റങ്ങള്‍ വരുന്നതിന് മുന്‍പും വാസ്ടാപ്പ് നമ്മുടെ മെസേജോ അതിലടിങ്ങിയിരിക്കുന്ന കണ്ടന്റോ ഫേസ്ബുക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്ലാട്ഫോമിലോ പങ്കു വെക്കപ്പെടുന്നില്ല.
Q.5. ഈ മാറ്റങ്ങള്‍ വന്നതിനുശേഷം വാട്സാപ്പ് നമ്മുടെ ലൊക്കേഷന്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യുമോ?
ചില സമയങ്ങളിലൊക്കെ നിങ്ങളുടെ ലൊക്കേഷന്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മള് മറ്റൊരാള്‍ക്ക് അയക്കുന്ന ലൈവ് ലൊക്കേഷനോ അല്ലെങ്കില്‍ മാപ്പ് ലൊക്കേഷനോ വാട്സാപ്പ് ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യുന്നില്ല.
Q.6. വാട്സാപ്പ് വഴി ഷെയര്‍ ചെയ്യുന്ന മീഡിയ ഫയലുകള്‍ ( ഓഡിയോ, വീഡിയോ, പിക്ചേഴ്സ് , മറ്റുവിവരങ്ങള്‍ എന്നിവ വാട്സാപ്പില്‍ ശേഖരിക്കപ്പെടുകയോ, അവരുടെ സെര്‍വറില്‍ സൂക്ഷിക്കുകയോ, അവര്‍ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടോ?
ഇല്ല. നിങ്ങള്‍ അയക്കുന്ന ഒരു ഫയലുകളും വാട്സാപ്പ് സ്ഥിരമായി അവരുടെ സെര്‍വറില്‍ സൂക്ഷിക്കുന്നില്ല. നിങ്ങള്‍ അയക്കുന്ന ചാറ്റുകള്‍ അയക്കുന്ന ആളുകളില്‍ നിന്നും സ്വീകരിക്കുന്ന ആളുകളിലേക്ക് എന്‍ഡ്് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയാണ് അയക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നത്.
നിങ്ങള്‍ ഒരു മെസേജോ ഫയലോ അയക്കുമ്പോള്‍ അയക്കുന്ന സ്ഥലത്ത് നിന്നും സ്വീകര്‍ത്താവിന്റെ അടുത്ത് എത്തുന്നതുവരെയുള്ള സമയം വാട്സാപ്പിന്റെ താല്കാലിക സെര്‍വറില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഒരിക്കല്‍ സ്വീകര്‍ത്താവ് ഇത് അവരുടെ ഫോണില്‍ റിസീവ് ചെയ്താല്‍ വാട്സാപ്പ് ഈ ഫയല്‍ സെര്‍വറില്‍ നിന്നും നീക്കംചെയ്യുന്നു. പിന്നീട് ഈ ഫയല്‍ അല്ലെങ്കില്‍ , മെസേജ് അയക്കുന്ന ആളിന്റെ കയ്യിലും സ്വീകര്‍ത്താവിന്റെ കയ്യിലും മാത്രമേ കാണൂ.
Q7. പ്രൈവസി പോളിസി മാറ്റങ്ങള്‍ക്ക് ശേഷം വാട്സാപ്പില്‍ പരസ്യങ്ങള്‍ കാണിക്കുമോ?
ഇതുവരെയില്ല. വാട്സാപ്പ് ഇതുവരെ പരസ്യങ്ങള്‍ പ്ലാറ്റ്ഫോമില്‍ കാണിക്കുന്നില്ല. എന്നാല്‍ ഇനി വരുന്ന കാലങ്ങളില്‍ പരസ്യം കൊണ്ടുവരാന്‍ സാധ്യതയുണ്ടോ എന്ന് പറയാന്‍ കഴിയില്ല. ഇതുവരെയുള്ള ഒരു അനൗണ്സ്മെന്ുകളില് ഒന്നില്‍പോലും ഇതിനെക്കുറിച്ച് വാട്സാപ്പ് പറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നമുക്ക് ഇതില്‍ ഒരു തീരുമാനം പറയാന്‍ കഴിയില്ല.
Q 8. ഓഡിയോ വീഡിയോ കോളുകള്‍ വാട്സാപ്പ് ട്രാക്ക് ചെയ്യുന്നുണ്ടോ?
ഇല്ല. വാട്സാപ്പ് നമ്മുടെ വീഡിയോ കോളുകള്‍ അല്ലെങ്കില്‍ ഓഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ വാട്സാപ്പ് ഈ വോയ്സ് അല്ലെങ്കില്‍ വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നില്ല എന്നുതന്നെ ഉറപ്പിച്ച് പറയാം.
Q9. നമ്മുടെ മെസേജുകള്‍ വാട്സാപ്പ് സൂക്ഷിച്ച് വെക്കുന്നുണ്ടോ?
ഇല്ല, വാട്സാപ്പ് നിങ്ങളുടെ മെസേജുകളോ അവയുടെ ബാക്കപ്പ്, ലോഗ് ഫയലുകളുടെ അവരുടെ സംവിധാനങ്ങളിലോ സെര്‍വറിലോ സൂക്ഷിച്ച് വെക്കുന്നില്ല. പകരം നേരത്തെ പറഞ്ഞതുപോലെ ഇവ അയക്കുന്ന സമയങ്ങളില്‍ ( അതായത് ട്രാന്സ്മിഷന് ) മാത്രം വാട്സാപ്പിന്റെ സെര്‍വറില്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്നു.
Q.10. ഇനിയും വാട്സാപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
ഈ മുകളില്‍ നമ്മള് പറഞ്ഞ കാര്യങ്ങള്‍ നമ്മള് മനസിലാക്കുമ്പോള്‍ അല്ലെങ്കില്‍ പുതിയ പ്രൈവസി പോളിസിയില്‍ പേര്‍സണല്‍ ഡാറ്റ സംബന്ധിച്ചുള്ള മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ വാട്സാപ്പ് പേഴ്സണല്‍ വിവരങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ അധികമായി ശേഖരിക്കുകയും അവ അവരുടെ തന്നെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കുകയും ചെയ്യുന്നു എന്ന് മനസിലാക്കാം. ഒരു സാധാരണക്കാരന് ഇത് ഒരു വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും, പ്രൈവസി വിവരങ്ങളില്‍ വരുടെ കടന്നുകയറ്റം കൂടുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതിലൊന്നും കാര്യമില്ല എന്നാണ് സമീപനമെങ്കില്‍ നമുക്ക് ഇതൊരു പ്രശ്നമേ അല്ലെന്ന് വിചാരിച്ച് സമാധാനിക്കാം.
ഇനി വാട്സാപ്പ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് രണ്ടു ഓപ്ഷന് ആണുള്ളത്. ഒന്ന് യൂറോപ്യന്‍ യൂണിയനില്‍ വാട്സാപ്പ് സ്വീകരിച്ചിട്ടുള്ള പ്രൈവസി പോളിസി ഇവിടെയും സ്വീകരിക്കും എന്ന് വിശ്വസിക്കുക. അതായത് നിങ്ങളുടെ പെര്മിഷന് ഇല്ലാതെ ഒരു കാരണവശാലും വിവരങ്ങള്‍ മറ്റൊരു പ്ലാട്ഫോമിന് കൈമാറില്ല എന്ന ഉറപ്പ് വാട്സാപ്പ് തരണം. അല്ലെങ്കില്‍ രണ്ടാമത്തെ വഴിയായ വാട്സാപ്പ് അല്ലാതെയുള്ള മറ്റൊരു മെസേജിംഗ് പ്ലാട്ഫോം കണ്ടെത്തുക. ഈ രണ്ടുവഴികള്‍ മാത്രമേ നമുക്ക് മുമ്പിലുള്ളൂ. എന്തായാലും ഡാറ്റ ചോര്‍ച്ചയില്ലാത്ത ഒരു കിനാശ്ശേരി നമുക്കും സ്വപ്നം കണ്ടിരിക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!