വാട്സാപ്പിലെ റെഡ് ടിക്കും സർക്കാർ നിരീക്ഷണവും ? വസ്തുത എന്ത്
രണ്ട് ടിക്കുകൾ നമ്മൾ സന്ദേശം അയച്ചയാളുടെ ഫോണിൽ അത് എത്തിയെന്നാണ്. രണ്ട് ടിക്കുകളും നീലയായി കാണുന്നുണ്ടെങ്കിൽ മെസേജ് ലഭിച്ചയാൾ അത് വായിച്ചെന്നാണ് വ്യക്തമാക്കുന്നത്.
പുതിയ സ്വകാര്യതാ നയത്തെ തുടർന്ന് ഉപഭോക്താക്കളുടെ കൊഴിച്ചിൽ വാട്സാപ്പിന് ഉണ്ടാക്കുന്നത് ചില്ലറ തലവേദനയൊന്നുമല്ല. ഇതിന് പുറമെയാണ് ഇപ്പോൾ വാട്സാപ്പിലെ വിവരങ്ങൾ സർക്കാർ നിരീക്ഷിക്കുന്നതായും കോളുകൾ റെക്കോഡ് ചെയ്യുന്നതായുമുളള വ്യാപക പ്രചാരണം സോഷ്യൽമീഡിയകളിൽ നിറഞ്ഞത്. നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിലാണ് ഈ സന്ദേശം പ്രചരിച്ചത്. ഇതിന്റെ വസ്തുത എന്താണ് ?
ഇത് വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്ട് ചെക്കും കേരള പൊലീസും വ്യക്തമാക്കുന്നത്. നേരത്തെ 2015ലും 2018ലുമൊക്കെ സമാന മെസേജുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലും ഇതെ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രചരിച്ച വ്യാജ സന്ദേശം ഇങ്ങനെ
നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുകയാണ്. മെസേജുകള്‍ ഗവണ്മെന്റ് നിരീക്ഷിക്കുകയും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. മൂന്ന് ബ്ലു ടിക്കുകൾ മെസേജിന് കീഴെ വന്നാൽ നിങ്ങളുടെ മെസേജ് ഗവൺമെന്റ് കണ്ടു, രണ്ട് ബ്ലു ടിക്കും ഒരു റെഡ് ടിക്കുമാണേൽ നിങ്ങളുടെ മെസേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം. ഒരു ബ്ലു ടിക്കും രണ്ട് റെഡ് ടിക്കുമാണേൽ നിങ്ങളുടെ ഇൻഫർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു, മൂന്നും റെഡ് ടിക്ക് ആണേൽ നിങ്ങൾക്ക് എതിരെയുളള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു, ഉടൻ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് എത്തും. വാട്സാപ്പ് മാത്രമല്ല, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും അടക്കം നിരീക്ഷണത്തിലാണ്.

വസ്തുത
മെസേജുകള്‍ അയക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വരകളില്‍ ചുവപ്പ് ടിക് ഉള്ളതായി വാട്സാപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ രണ്ട് നീല ടിക്കുകളെക്കുറിച്ച് മാത്രമേ വാട്സാപ്പ് അവരുടെ വെബ്സൈറ്റിലെ ഫീച്ചറുകളിൽ വിശദീകരിക്കുന്നുളളൂ. വാട്സാപ്പിലെ ഒരു ടിക് മാർക്ക് സൂചിപ്പിക്കുന്നത് മെസേജ് അയക്കപ്പെട്ടു എന്നാണ്. രണ്ട് ടിക്കുകൾ നമ്മൾ സന്ദേശം അയച്ചയാളുടെ ഫോണിൽ അത് എത്തിയെന്നാണ്. രണ്ട് ടിക്കുകളും നീലയായി കാണുന്നുണ്ടെങ്കിൽ മെസേജ് ലഭിച്ചയാൾ അത് വായിച്ചെന്നാണ് വ്യക്തമാക്കുന്നത്. വാട്സാപ്പ് വഴി തന്നെ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സംശയവുമായി നിരവധിപേർ രംഗത്ത് എത്തിയിരുന്നു. തങ്ങൾക്കും ധാരാളം സന്ദേശങ്ങൾ ഇതിനെക്കുറിച്ച് ലഭിച്ചെന്നും അതിനാലാണ് വസ്തുത അറിയിക്കുന്നതെന്നും കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!