യാഥാര്‍ത്ഥ്യം മറന്ന വയനാട് പാക്കേജ്, പദ്ധതി നിര്‍ദ്ദേശങ്ങള്‍ അശാസ്ത്രീയം, മാറ്റണമെന്ന് വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും
വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം വലിയ തോതില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് 20 തിലേറെ വര്‍ഷമായി.
സമീപകാലത്ത് വന്‍ പരിസ്ഥിതി വെല്ലുവിളികള്‍ നേരിട്ട വയനാട് ജില്ലയുടെ അതിജീവനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ സംശയങ്ങള്‍ ഉന്നയിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രകാരന്മാരും. ഇപ്പോള്‍ പ്രഖ്യാപിച്ച വയനാട് പാക്കേജ്, ജില്ല നേരിടുന്ന വിവിധങ്ങളായ പരിസ്ഥിതി, കാലാവസ്ഥ, കാര്‍ഷിക ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് മാത്രമല്ല കൂടുതല്‍ ദോഷം ചെയ്യുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അതിനിടെ വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്ന് പദ്ധതിയില്‍ ചെറിയ ചില മാറ്റങ്ങളെങ്കിലും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന 6700 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചത്. 2021--26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിലുള്ളത്. കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുവെന്നായിരുന്നു പ്രഖ്യാപനം.
അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ സംരംഭങ്ങളുമെല്ലാം പാക്കേജില്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍, വരള്‍ച്ച കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് പാക്കേജ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മാസങ്ങളിലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും പാക്കേജിന്റെ വിശദാംശങ്ങളും അത് നടപ്പിലാക്കുന്നതിനുള്ള നടപടികളും കഴിഞ്ഞ ദിവസങ്ങളിലാണ് ആരംഭിച്ചത്.
പാക്കേജില്‍ കിഫ്ബി പ്രോജകറ്റുകളായി വിഭാവനം ചെയ്തിട്ടുള്ളത് 2000 കോടി രൂപയാണ്. കിഫ്ബിയുടെ മെഗാ ഫുഡ് പാര്ക്കിന് 150 കോടി രൂപയും ഹില്‍ ഹൈവേയ്ക്ക് 114 കോടി രൂപയും വിവാദമായ വയനാട് ടണലിന് 1000 കോടി രൂപയുമാണ് പ്രഖ്യപിച്ചത്. ഇതിന് പുറമെ കാടിനോട് ചേര്‍ന്ന കിടക്കുന്ന പ്രദേശങ്ങളില്‍ വൈദ്യുത വേലി കെട്ടുന്നതിനും മറ്റുമായി 100 കോടി രൂപയും കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളില്‍ പെടും. വയനാട്ടിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളെജായി പരിവര്‍ത്തിപ്പിക്കുന്നതിന് 600 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നീക്കി വെച്ചത് 750 കോടി രൂപയാണ്. സാമുഹ്യ മേഖലയ്ക്ക് 150 കോടിയും വകയിരിത്തിയിട്ടുണ്ട്. ഇങ്ങനെ ആകെ 6700 കോടി രൂപയാണ് അഞ്ച് വര്‍ഷത്തേക്ക് വയനാട്ടില്‍ നടപ്പിലാക്കുക.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുളളത്. ഈ ഘട്ടത്തിലാണ് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാക്കേജ് വയനാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് എത്രത്തോളം പരിഹാരം ആകുമെന്ന സംശയങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്. വയനാട് കഴിഞ്ഞ കുറെവര്‍ഷങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാര ശ്രമമോ, വികസന സമീപനങ്ങളോ അല്ല ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളിലുള്ളതെന്നാണ് ഇവരുടെ ആക്ഷേപം. ഒരു പാക്കേജ് എന്ന നിലയില്‍ അവതരിപ്പിക്കുമ്പോള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നത് മുതല്‍ പാക്കേജ് എന്ന പേരില്‍ ചില പദ്ധതികളുടെ മുന്‍ഗണന ക്രമങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നതെന്നുമാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം.
കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട ജില്ലകളിലൊന്നാണ് വയനാട്. കാര്‍ഷിക മേഖലയില്‍ കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുളള കാര്യങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ വയനാട്ടിന്റെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയതിന് ശേഷമാണ് വലിയ പ്രളയങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് വയനാട്ടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഒരു തരത്തിലും ചര്‍ച്ചയും നടക്കാതെയാണ് പാക്കേജ് പ്രഖ്യാപനം നടത്തിയതെന്ന് പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷനായ എന്‍ ബാദുഷ പറഞ്ഞു. 2018 , 2019 പ്രളയങ്ങള്‍ വന്‍ തോതില്‍ ബാധിച്ച ജില്ലയാണ് വയനാട്. 3000 ത്തോളം ആളുകള്‍ സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇത്തരം പ്രശ്നങ്ങള്‍ തീര്‍ത്തും അവഗണിച്ചാണ് പാക്കേജ് തയ്യാറാക്കിയത്. വയനാട്ടിന്റെ വിവിധങ്ങളായ പ്രശ്നങ്ങള്‍, കാര്‍ഷിക പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ പൂര്‍ണമായി ഒഴിവാക്കികൊണ്ടാണ് ചില വര്‍ക്കിങ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത്. അവര്‍ വയനാട്ടിന്റെ പ്രത്യേകതകളും ആവശ്യങ്ങളും പരിഗണിക്കാതെ ചില പദ്ധതി നിര്‍ദ്ദേശങ്ങള്‍ മാത്രം മുന്നോട്ടുവെയ്ക്കുകയാിരുന്നു' ബാദുഷ കൂട്ടിചേര്‍ക്കുന്നു

ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആക്ഷേപങ്ങള്‍ പല മേഖലകളുയുമായി ബന്ധപ്പെട്ടാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങളില്‍ പെട്ട 3000 കുടുംബങ്ങള്‍ ഇപ്പോഴും ഭൂരഹിതരും ഭവനരഹിതരുമാണെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാരിന് തിരിച്ചുപിടിക്കാവുന്ന രണ്ടു ലക്ഷത്തിലധികം ഏക്കര്‍ ഭൂമി വയനാട്ടിലുണ്ടെങ്കിലും പാക്കേജില്‍ ഭവന-ഭൂരഹിതരെക്കുറിച്ച് യാതൊരു പരാമര്ശവുമില്ലെന്നതാണ് പരിസ്ഥിതി സമിതിയുടെ ആക്ഷേപം. ആടിനെയും കോഴിയേയും നല്കിയതുകൊണ്ട് ആദിവാസി ക്ഷേമം ഉറപ്പാക്കാന്‍ കഴിയില്ലെന്നും കോടി കണക്കിന് രൂപ ആദിവാസി ക്ഷേമത്തിന്റെ പേരില്‍ ചിലവഴിക്കുമ്പോഴും ഇതൊക്കെ അഴിമതി മൂലവും ആസുത്രണമില്ലായ്മ മൂലവും ലക്ഷ്യം കാണാതെ പോകുകയാണ്. അങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങളില്ലാതെയാണ് പാക്കേജ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. അതുപോലെ വയനാടിനെ ഒരു മ്യൂസിയം പീസാക്കി നിലനിര്‍ത്തുന്ന അശാസ്ത്രീയമായ ടൂറിസം പരിപാടികള്‍ക്കാണ് ഇപ്പോഴും ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആരോപിക്കുന്നു. അനിയന്ത്രിതമായ ടൂറിസം ജില്ലയ്ക്ക് താങ്ങാന്‍ കഴിയില്ലെന്നും സംഘടന ആരോപിക്കുന്നു
വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം വലിയ തോതില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് 20 തിലേറെ വര്‍ഷമായി. അതിന്റെ ഭാഗമായുണ്ടായ കര്‍ഷിക തകര്‍ച്ചയും പിന്നീടുണ്ടായ മണ്ണിടിച്ചലും പ്രളയവുമെല്ലാം ഇതിന്റെ ഭാഗമായാണ് വിദ്ഗധര്‍ കാണുന്നത്. വയനാട്ടിന്റെതായ സവിശേഷതകളുളള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതും ഇതിന്റെ ഭാഗമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് തരത്തിലാണ് വയനാട്ടിന്റെ പ്രതിസന്ധിയെ ഇവര്‍ വിലയിരുത്തുന്നത്. ഒന്ന് കാലവസ്ഥയിലുണ്ടായ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാാകുന്ന പ്രശ്നങ്ങള്‍. അതുപോലെ തന്നെ പ്രധാനമാണ് കാര്‍ഷിക സമ്പ്രദായത്തിലെ രീതിയിലെ മാറ്റമുണ്ടാക്കിയ പ്രതിസന്ധി. ഏക വിള സമ്പ്രദായവും രാസ വളങ്ങളുടെ അമിത ഉപയോഗവും ആണ് പ്രതിസന്ധി തുടങ്ങിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ' 2012 ലെ ക്ലൈമറ്റ് ആക്ഷന്‍ പ്ലാനില്‍ വയനാട്ടും, പാലക്കാടും ആലപ്പുഴയും വള്‍നറബിള്‍ ജില്ലകളാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവമായി ചര്‍ച്ച ചെയ്തതെങ്കിലും വയനാട്ടില്‍ ഈ പ്രശ്നങ്ങള്‍ നേരത്തെ തന്നെയുണ്ടായിരുന്നു' സാമൂഹ്യ ശാസ്ത്രകാരിയും ഗവേഷകയുമായ ഡോ. ടി ആര് സുമ പറയുന്നു. ഇതാണ് വയനാട്ടിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഉയരുന്നത്.
ഒരു പാക്കേജിന് വേണ്ട സമഗ്ര കാഴ്ചപാട് തന്നെ പാക്കേജിന് ഇല്ലെന്ന് സുമ വിമര്‍ശിച്ചു. ഒരോ വകുപ്പും പരസ്പരം ബന്ധമില്ലാത്ത പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും ജില്ലയും നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മതലത്തിലെ ആലോചനകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ട പദ്ധതികളാണ് ഇപ്പോള്‍ കാണുന്ന വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സുമ പറഞ്ഞു. ഒരു പക്രിയയിലൂടെ വര്‍ക്കിംങ് ഗ്രൂപ്പും അപ്രോച്ച് പേപ്പറും തയ്യാറാക്കി ചര്‍ച്ച നടത്തി പദ്ധതികള്‍ ആസുത്രണം ചെയ്തിരുന്നുവെങ്കില്‍ ഗുണം ഉണ്ടാകുമായിരുന്നുവെന്നും എന്നാല്‍ അതൊന്നും ഉണ്ടായില്ലെന്നും സുമ വിമര്‍ശിക്കുന്നു. ഉദ്യോഗസ്ഥര്‍ പദ്ധതിയുണ്ടാക്കുന്ന രീതിയില്‍ പാക്കേജ് ഉണ്ടാക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. തുരങ്ക പാതയുള്‍പ്പെടെ ഉള്ള പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
ടൂറിസത്തിന് എത്ര മേഖലകള്‍ വികസിപ്പിക്കാമെന്നാണ് പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഒരു നിര്‍ദ്ദേശം. ഫാം ടൂറിസം, അതുപോലെ ഉത്തരവാദിത്തപ്പെട്ട ടൂറിസം എന്നൊക്കെ പറയു്മ്പോഴും അതിന് വേണ്ട സാമുഹ്യസംവിധാനം ഉണ്ടാക്കിയില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കി സ്വകാര്യ ലാഭത്തിനുതകുന്ന രീതിയിലുള്ള ടൂറിസം പദ്ധതികളാണ് ആസുത്രണം ചെയ്യപ്പെടുന്നതെന്ന വിമര്‍ശകര്‍ കാര്യമായി ഉന്നയിക്കുന്നത്. ട്രൈബല്‍ ടൂറിസത്തെകുറിച്ച് പറയുമ്പോഴും ഒരു ആദിവാസി കുടംബത്തെയും സംരക്ഷിക്കാന്‍ ഇതുമൂലം ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരം പദ്ധതികളാണ് വീണ്ടും പറയുന്നതെന്ന് ടി ആര് സുമ പറയുന്നു. വൈത്തിരി മലയിലാണ് ടൂറിസം പദ്ധതി പ്രധാനമായി ഊന്നുന്നത്. അവിടെയാണ് ഏറ്റവും ഭൂമിയിടിച്ചല് നടന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കാപ്പിയും നെല്ലുമാണ് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ക്ഷമതയുള്ള വിളകളായി പ്രളയത്തിന് ശേഷമുളള പഠനങ്ങളില്‍ പറയുന്നത്. എന്നാല്‍ ഏതൊക്കെ പച്ചക്കറി വിളകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പുതിയ പഠനത്തിന്റെ ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രധാന പഠനങ്ങള്‍ നടത്താതെയാണ് പദ്ധതികള്‍ തീരുമാനിക്കുന്നത്. കര്‍ഷകരുടെ അനുഭവങ്ങള്‍ പരിഗണിക്കാതെയാണ് പാക്കേജ് നടപ്പിലാക്കാന്‍ തയ്യാറെടുക്കു്ന്നതെന്നും അവര്‍ പറയുന്നു. നേരത്തെ തന്നെ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്ലാന്‍ പോലും പരിഗണിച്ചില്ലെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. ജില്ലയുടെ വികസന ഗ്യാപ് എന്താണെന്ന് പരിശോധിക്കാന്‍ തയ്യറായില്ലെന്നും ഇവര്‍പറയുന്നു.
വയനാടിന്റെ പാക്കേജുമായി ബന്ധപ്പെട്ട പദ്ധതികളില്‍ വിവാദമായ തുരങ്കല് പാതയും ഉണ്ട്. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കല് പാത സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കല് പാതയായാണ് വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍ പാരിസ്ഥിതകമായും സാമ്പത്തികമായും വയനാടിന് താങ്ങാന്‍ കഴിയുന്ന പദ്ധതിയല്ല ഇതെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കി കൂടുതല്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും എന്‍ ബാദുഷ പറഞ്ഞു. കേരളത്തില്‍ ആദിവാസി ഭൂമി പ്രശ്നം ഏറ്റവും കൂടുതല്‍ നിലവിലുളള ജില്ലയായിട്ട് പോലും ആ പ്രശ്ന പരിഹാരത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നും പാക്കേജിന്റെ ഭാഗമായിട്ടില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
എന്നാല്‍ പാക്കേജ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ഉണ്ടായ കടുത്ത വിമര്‍ശനങ്ങള്‍, ചില പുനഃപരിശോധനകളിലേക്ക് നയിക്കുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ സമഗ്രമായ ഒരു പൊളിച്ചെഴുത്ത് നടത്തി, വ്യക്തമായ കാഴ്ചപാടാടോയുള്ള വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നടത്തിയ പല പദ്ധതികളെയും പോലെ ആകും ഇതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും ആശങ്കപ്പെടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!