കൊച്ചിയിലെ കുടിവെള്ള പൈപ്പുകളിൽ ക്രൂഡ് ഓയിൽ ഒഴുകിയത് ഒരു മാസത്തോളം
ബിപിസിഎല്ലും കൊച്ചി കോർപറേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലീക് കണ്ടെത്തിയത്. ജല അതോറിറ്റി പൈപ്പിനോട് ചേർന്ന പൈപ്പ് പൊട്ടുകയും കറുത്ത നിറത്തിലുള്ള ക്രൂഡ് ഓയിൽ മണ്ണിൽ കലരുകയും ചെയ്തിരുന്നു.
കൊച്ചി കോർപറേഷൻ പരിധിയിലെ വലിയൊരു വിഭാഗം ജനങ്ങൾ കഴിഞ്ഞ ശനിയാഴ്ച എഴുന്നേറ്റത് പരിഭ്രാന്തരായാണ്. വൈറ്റില, പൊന്നുരുന്നി, തൈക്കൂടം, ചമ്പക്കര, പെട്ട, കച്ചപ്പിള്ളി റോഡ്, അമ്പേലിപ്പാടം റോഡ്, ടോക് എച്ച് റോഡ്, ജനതാ റോഡ്, ചിലവന്നൂർ റോഡ്, കടവന്ത്ര എന്നീ പ്രദേശങ്ങളിലെ കുടിവെള്ള പൈപ്പുകൾ തുറന്നപ്പോൾ ഒഴുകിയത് ഡീസൽ കലർന്ന വെള്ളമായിരുന്നു. പൊന്നുരുന്നി ഭാഗത്തെ പെട്രോളിയം പൈപ്പ് പൊട്ടി ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പിലേക്ക് ഒഴുകുകയും ജനങ്ങൾ പാചകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം മലിനപ്പെടുത്തുകയുമായിരുന്നു. അമ്പലമുഗളിലുള്ള റിഫൈനറിയുമായി ബന്ധിപ്പിക്കുന്നതാണ് പൈപ്പ്.
"ശനിയാഴ്ച്ച രാവിലെ ചായ തിളപ്പിക്കാൻ വെള്ളമെടുത്തപ്പോഴാണ് അതിന് മുകളിൽ ഒരു പാടപോലെന്തോ ശ്രദ്ധയിൽപ്പെട്ടത്. മണത്തപ്പോൾ ഡീസൽ പോലെയൊക്കെ തോന്നി. അടുത്ത വീട്ടിൽ വിളിച്ച് നോക്കിയപ്പോൾ അവർക്കും ഇതേ പ്രശ്നമുണ്ടായിരുന്നു,” ജനതാ റോഡിലെ താമസക്കാരിയായ ഗീത ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഇതേ പരാതിയുമായി ഒട്ടനവധിപ്പേർ സമീപിച്ചിരുന്നുതായി കേരള ജല അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും പറഞ്ഞു. ഇതിന് പിന്നാലെ തന്നെ വെള്ളം പരിശോധിക്കുകയും ഡീസൽ കലർന്നതായി തിരിച്ചറിയുകയും ചെയ്തിരുന്നു. ശനിയാഴ്ച്ചയോടെ ഇത് പരിശോധിച്ച ബിപിസിഎല്ലും ജല മലിനീകരണം നടന്നതായി സ്ഥിരീകരിച്ചു.
ഇതിനെ തുടർന്ന് ബിപിസിഎല്ലും കൊച്ചി കോർപറേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലീക് കണ്ടെത്തിയത്. ജല അതോറിറ്റി പൈപ്പിനോട് ചേർന്ന പൈപ്പ് പൊട്ടുകയും കറുത്ത നിറത്തിലുള്ള ക്രൂഡ് ഓയിൽ മണ്ണിൽ കലരുകയും ചെയ്തിരുന്നു. ജല അതോറിറ്റിയുടെ വാൽവുകൾ ഉള്ള പ്രദേശമാണ് ഇത്. ഈ വാൽവുകളിലൂടെ ഒലിച്ചിറങ്ങിയ ക്രൂഡ് ഓയിൽ കുടിവെള്ളം മലിനീകരിക്കുകയായിരുന്നു എന്ന് വാട്ടർ അതോറിറ്റിയുടെ വൈറ്റില ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമോ?
ഒന്നോ രണ്ടോ ദിവസത്തിൽ ഉണ്ടായ മലിനീകരണമാണ് കൊച്ചിയിൽ നടന്നതെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന തരത്തിലുള്ള ഔദ്യോഗിക വിശദീകരണങ്ങൾ വരുമ്പോൾ ജനങ്ങൾ എല്ലാവരും തൃപ്തരല്ല. വെള്ളിയാഴ്ച്ചയാണ് കൂടുതൽപ്പേർ പരാതിയുമായി വന്നതെങ്കിലും ഒരു മാസത്തോളമായി കുടിവെള്ളം മലിനപ്പെടുന്നതായി പരാതിപ്പെടുന്ന ആളുകളുണ്ട്.
മറ്റു ബദൽ സംവിധാനങ്ങളില്ലാത്ത ജനങ്ങൾ അപ്പോഴും ഇതേ വെള്ളം ഉപയോഗിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച ജല അതോറിറ്റി യാതൊരു മാലിന്യ പ്രശ്നവുമില്ല എന്നാണ് അറിയിച്ചത്. ഡീസൽ മണക്കുന്നു എന്ന് പരാതിപ്പെട്ടപ്പോൾ അത് ക്ലോറിൻ ആയിരിക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പ്രതികരിച്ചതെന്നും നാട്ടുകാർ പറയുന്നു.
ജല അതോറിറ്റി ഈ പ്രശ്നങ്ങൾ സ്ഥിരീകരിക്കുന്നതിന് ആഴ്ചകൾ മുൻപ് തന്നെ തങ്ങളുടെ അപ്പാർട്മെന്റിൽ വെള്ളം മലിനപ്പെട്ടതായി പാരാതി ഉയർന്നതായി പ്രദേശത്തെ ഒരു ഫ്ലാറ്റിലെ കെയർ ടേക്കർ പറഞ്ഞു.
ഇതിനെ തുടർന്ന് ഒരാഴ്ചയിലേറെ ടാങ്കർ വെള്ളം വാങ്ങിയാണ് ഫ്ലാറ്റിലെ ടാങ്ക് നിറച്ചത്. ഒരു ടാങ്കറിന് 1300 രൂപയോളം വരും. എല്ലാ മാസവും പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വരാറുണ്ട്. ശരാശരി മുപ്പതിനായിരം രൂപയൊക്കെ ഈ വകുപ്പിൽ മാറ്റിവയ്ക്കുന്നതാണ്. ഈ മാസം അത് മൂന്നിരട്ടിയായി. താമസക്കാരിൽ നിന്ന് ഈടാക്കുന്ന മെയ്ന്റെനൻസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തവണ ഇത്രയും വെള്ളം വാങ്ങേണ്ടി വന്നതോടെ അതെ തുകയിൽ നിന്ന് കൊടുക്കുന്ന സ്റ്റാഫിന്റെ ശമ്പളം എങ്ങനെ കൊടുക്കുമെന്ന് അറിയാത്ത പ്രതിസന്ധിയിലാണ്,” കെയർടേക്കർ പറഞ്ഞു.
‘ബിബിസിഎല്ലും മറുപടി പറയേണ്ടതുണ്ട്’
പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍ പ്രകാരം രാജ്യത്തെ ഏറ്റവും ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ബിപിസിഎൽ നിൽക്കുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തും പരിസരവും. ഇതിനും മുൻപും മലിനീകരണത്തെ കുറിച്ചു പല പരാതികൾ ഉയർന്നെങ്കിലും പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം പ്രൈവറ്റ് ലിമിറ്റഡിനെ അത് ഒട്ടും ബാധിച്ചില്ല.
തങ്ങൾക്ക് എന്തും ചെയ്യാമെന്ന മനസ്ഥിതിയാണ് ബിപിസിഎല്ലിന് ഉള്ളതെന്നും ഇതുവരെ നടപടികൾക്കൊന്നും വിധേയമാകാത്ത കമ്പനി ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്നത് ഇത് ആദ്യമായല്ല. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ വീഴ്ചയ്ക്ക് ബിപിസിഎല്ലും മറുപടി പറയേണ്ടതുണ്ടെന്ന് പ്ലാന്റിനെതിരെ സമരം നയിക്കുന്ന പ്രദേശവാസിയായ പ്രമോദ് ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
ഇത്രയും അപകടകരമായ പ്ലാന്റിന് ചുറ്റും നിയമപ്രകാരം ബഫര്‍ സോണും ഗ്രീന്‍ ബെല്‍റ്റും സ്ഥാപിക്കണം. എല്‍പിജി ബോട്ടിലിങ് പ്ലാന്റിൽ നിന്നുള്ള ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി കൂടുതല്‍ അടച്ചുമൂടിയ സംവിധാനം ഉറപ്പുവരുത്തുക, പ്രോപിലീന്‍ പ്ലാന്റിന്റെ തീക്കുഴല്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ പല ആവശ്യങ്ങളുമായി പ്രദേശ വാസികൾ നിരന്തരം ആവശ്യപ്പെടുന്നതാണ്.
നിരവധി തവണയാണ് ഇവിടത്തെ പഞ്ചായത്ത് കമ്പനിക്കെതിരെ ഐക്യകണ്ഡേന പ്രമേയം പാസാക്കിയതും സമരത്തിന് ഇറങ്ങിയതും. എന്നാൽ ഒരുതവണ പോലും കമ്പനി പ്രതിരോധത്തിലായിട്ടില്ല. എറണാകുളത്തെ ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയതിനെ തുടർന്നും കമ്പനി പുലർത്തുന്നത് ധിക്കാരപരമായ സമീപനമാണ്. ഇതിലും വലിയ ദുരന്തത്തിലൂടെയാണ് അമ്പലമുഗൾ പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി കടന്നുപോകുന്നതെന്ന് സമരസമിതി നേതാവ് ആരോപിച്ചു.
ഇത് സംബന്ധിച്ച വിശദീകരണം തേടാൻ ബിപിസിഎല്ലിനെ ബന്ധപ്പെട്ട ഏഷ്യാവില്ലിന് പ്രതികരണം ലഭിച്ചില്ല. അതേസമയം പൊന്നുരുന്നിയിലെ ബിപിസിഎൽ പൈപ്പിന് ലീക് ഉണ്ടായതായി ബിപിസിഎൽ ദ് ഹിന്ദുവിനോട് സ്ഥിരീകരിച്ചു. പൈപ്പലൈനിലെ തകരാറ് പരിഹരിച്ചതായും ബിപിസിഎൽ അറിയിച്ചതായി ദ് ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!