'ആ കുട്ടിക്ക് എന്നെ വിളിച്ചൂടായിരുന്നോ, അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ ഞാന്‍'; സുരേഷ് ഗോപി
സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല? നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ.
കൊല്ലത്ത് സ്ത്രീധന-ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ തന്നെയൊന്ന് നേരത്തെ വിളിച്ചിരുന്നെങ്കിൽ, ഭർത്താവ് കിരണിന്റെ വീട്ടിൽ പോയി താൻ രണ്ട് പൊട്ടിച്ചേനെ എന്ന് നടനും എംപിയുമായ സുരേഷ് ഗോപി. മനോരമ ന്യൂസിന്റെ ചർച്ചയിലാണ് സുരേഷ് ഗോപിയുടെ വൈകാരിക പ്രതികരണം. സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നു. സ്ത്രീധന പീഢനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ
ഞാന്‍ വിസ്മയയുടെ സഹോദരന് വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയുടെ പോസ്റ്റ്മോർട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചൂടായിരുന്നോ, എന്ന് ചോദിച്ച് പോയി. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍... കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.
സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല? നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നിയമം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം. പെൺകുട്ടിയുടെ വശത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നും സുരേഷ് ഗോപി ചോദിച്ചു.
2021 ജൂൺ 21തിങ്കളാഴ്ച പുലർച്ചെയാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിൽ ആത്മഹത്യയുടെ ലക്ഷണങ്ങൾ ഇല്ലെന്നും തന്റെ കുട്ടിയെ കൊന്നതാണെന്നുമാണ് വിസ്മയയുടെ പിതാവ് പറയുന്നത്. 2019 മെയ് 31നാണ് കൊല്ലം നിലമേൽ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ ശൂരനാട് ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങൾ വിസ്മയ്ക്ക് ഏൽക്കേണ്ടതായി വന്നുവെന്നാണ് ബന്ധുക്കൾ മെസേജുകൾ അടക്കം നിരത്തി വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് കിരൺ അറസ്റ്റിലായിരുന്നു. സർവീസിൽ നിന്നും ആറ് മാസത്തേക്ക് കിരണിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!