ആ ഷോട്ടുകളിലുള്ളത് ഒറിജിനൽ സിംഹം; അന്ന് ഇന്ദുചൂഡൻ എന്ന പ്രസ്ഥാനത്തെ കാണാൻ വന്നവരിൽ 80 ശതമാനവും ലാലേട്ടനെ കാണാൻ വന്നവരായിരുന്നു
അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ ഇറങ്ങുമ്പോൾ ഞാൻ എം ജി കോളേജിൽ പഠിക്കുകയായിരുന്നു. അന്ന് സാഗർ ഏലിയാസ് ജാക്കിയുടെ കാർ വരുന്നത് കാണിക്കുമ്പോൾ തന്നെ തീയേറ്ററിലെ ആരവവും കൈയ്യടിയും എനിക്ക് ഇപ്പോഴും കൃത്യമായി ഓർമയിലുണ്ട്.
21 വർഷമായി നരസിംഹം ഇറങ്ങിയിട്ട്. 2000 ജനുവരി 26 നായിരുന്നു രഞ്ജിത് എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ഇറങ്ങിയത്. മോഹൻലാൽ പൂവള്ളി ഇന്ദുചൂഢനായി തിമിർത്താടിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്.
മലയാള സിനിമയിലെ നായകനു നൽകാവുന്ന ഏറ്റവും വലിയ ഇൻട്രോകളിൽ പത്തെണ്ണം എടുക്കുകയാണെങ്കിൽ ഒന്ന് തീർച്ചയായും നരസിംഹത്തിലേതായിരിക്കും. മോഹൻ ലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡന് ഇതിലും വലിയ മാസ് ഇൻട്രോഡക്ഷൻ വേറെയുണ്ടാവില്ല എന്ന് തന്നെ പറയാം. ഭാരതപ്പുഴയിലേക്ക് വിരൽ ചൂണ്ടി വിജയകുമാർ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രം അവതാരപ്പിറവികളുടെ മുഴുവൻ രൗദ്ര ഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോ പേര് നരസിംഹമെന്നാ. ദാ കാണ്.. എന്ന് ആവേശപൂർവം പറയുമ്പോൾ മുങ്ങി നിവർന്ന് മണപ്പള്ളി പവിത്രനു നേരെ നടന്നു പൂവള്ളി ഇന്ദുചൂഡൻ. ഒപ്പം ഇന്റർ കട്ട് ചെയ്ത് വരുന്ന മണൽപ്പുറത്തൂകൂടെ ഓടിയടുക്കുന്ന സിംഹത്തിന്റെ ഷോട്ടുകളും. തീയേറ്റർ പൂരപ്പറമ്പായി മാറാൻ ഇതിൽ കൂടുതലെന്തു വേണം?
ആറ് വർഷത്തെ ഉടവേളയ്ക്കു ശേഷമുള്ള ഇന്ദുചൂഡന്റെ ആ വരവും ഓളവുമൊക്കെ ഇന്ന് 21 വർഷത്തിനു ശേഷവും മലയാളിയുടെ മനസിലുണ്ട്. നരസിംഹം സിനിമയിലെ ഏറെ പ്രശസ്തമായ ഇൻട്രോ ഡയലോഗിനു പിന്നിലെ കഥകളെക്കുറിച്ച്, ആ ഡയലോഗ് ആ സിനിമയിൽ ആവേശത്തോടെ അവതരിപ്പിച്ച നടൻ വിജയകുമാറിന് എന്താണ് പറയാനുള്ളതെന്തെന്ന് കേൾക്കാം.
വിജയകുമാർ അഭിമുഖം:
നരസിംഹത്തിലെ ആ ഇൻട്രോഡക്ഷൻ സീൻ
എന്നെ സംബന്ധിച്ചിടത്തോളമാണെങ്കിൽ ഇങ്ങനെയൊരു ഡയലോഗിനു ശേഷം വരുന്ന ആൾ എന്റെ ഫേവറിറ്റ് ആക്ടറാണ്. അദ്ദേഹത്തിന്റെ ഡൈഹാർഡ് ഫാനാണ് ഞാൻ. 1992 ലാണ് ഞാൻ തലസ്ഥാനം എന്ന സിനിമയിലൂടെ സിനിമയിലെത്തുന്നതെങ്കിലും അന്ന് ഞാൻ ആദ്യമായിട്ടായിരുന്നു ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. അത് കൊണ്ട് തന്നെ നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടന്റെ ഇൻട്രോഡക്ഷൻ ഡയലോഗ് പറയുക, അത് വലിയൊരു ഹിറ്റാവുക എന്നൊക്കെ ഉണ്ടാവുമ്പോൾ വലിയ സന്തോഷം തോന്നുമല്ലോ. മറ്റാർക്ക് വേണ്ടി പറയുമ്പോഴും തോന്നാത്ത ഒരു ഇഷ്ടം ലാലേട്ടനു വേണ്ടി, അദ്ദേഹത്തിന്റെ എൻട്രിയ്ക്കു വേണ്ടി പറയുമ്പോൾ ഉണ്ടായിരുന്നു.
നരസിംഹം ഇറങ്ങി 21 വർഷമായി
അതെ. 21 വർഷം കഴിഞ്ഞിട്ടും അതിനെക്കുറിച്ചൊക്കെ ഫേസ്ബുക്കിലും മറ്റുമൊക്കെയുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണല്ലോ. സത്യം പറഞ്ഞാൽ ഇതിന്റെ ക്രെഡിറ്റ് മുഴുവൻ സംവിധായൻ ഷാജി കൈലാസ് സാറിനും തിരക്കഥാകൃത്ത് രഞ്ജിത് സാറിനും അവകാശപ്പെട്ടതാണ്. അന്ന് ഇതിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഇത് ഇത്രയും വലിയ ഹിറ്റ് സിനിമയാവുമെന്നോ ഈ ഡയലോഗുകൾ ഇത്രയും ചർച്ച ചെയ്യപ്പെടുമെന്നോ ഒന്നും കരുതിയിരുന്നില്ല. നമ്മള് മുൻവിധികളില്ലാതെയാണല്ലോ സിനിമകളിൽ അഭിനയിക്കുന്നത്. അന്ന് ലാലേട്ടനൊപ്പമുള്ള ആ ഗ്രൂപ്പിനെ കണ്ടാലറിയാം, കലാഭവൻ മണിയുണ്ടായിരുന്നു, മറ്റുള്ളവരുമൊക്കെ ഉണ്ടായിരുന്നു. അതിൽ നിന്ന് ആ ഇൻട്രോ ഡയലോഗ് പറയാൻ അവസരം കിട്ടിയത് വലിയൊരു ഭാഗ്യമാണ്.
ഓടിവരുന്ന ജനക്കൂട്ടം
ആ സീനിന്റെ അവസാനം ഇന്ദുചൂഡൻ ഒരു പ്രസ്ഥാനമാണ് എന്ന ഡയലോഗ് പറയുമ്പോൾ ഓടിവന്ന ജനക്കൂട്ടം അന്ന് ഷൂട്ട് കാണാൻ വന്നവരായിരുന്നു അത്. സാധാരണ ജൂനിയർ ആർടിസ്റ്റുകളെ നിരത്തുകയാണല്ലോ ചെയ്യാറ്. എന്നാൽ അന്ന് ഷൊർണൂര് ഭാരതപ്പുഴയുടെ തീരത്ത് ദാ കാണ് എന്ന് മോഹൻ ലാൽ പറയുമ്പോൾ ഓടിയടുത്തവരിൽ 80 ശതമാനം പേരും ലാലേട്ടനെ കാണാൻ വന്നവരായിരുന്നു. ലാലേട്ടൻ വരുന്നു എന്നറിയുമ്പോൾ തന്നെ ഒരു ക്രൗഡ് എന്തായാലുമുണ്ടാവുമല്ലോ.
മണൽപ്പുറത്ത് നടന്നടുക്കുന്ന സിംഹം
ആ സിംഹത്തിന്റെ ഷോട്ടുകളും അന്നെടുത്തതായിരുന്നു. രണ്ട് മൂന്ന് ദിവസം സിംഹവും അവിടെയുണ്ടായിരുന്നു. ഏതാണ്ട് ദിവസം അവിടെ തമ്പടിച്ചിരുന്നു. സിംഹത്തിന്റെ ഷോട്ടുകൾ നമ്മൾ പ്രതീക്ഷിച്ചത് പോലെ കിട്ടില്ലല്ലോ.
നരസിംഹം തീയേറ്റർ എക്സ്പീരിയൻസ്
ഞാൻ പറഞ്ഞല്ലോ നേരത്തെ ലാലേട്ടന്റെ 80 കൾ തൊട്ടുള്ള എല്ലാ സിനിമകളും തീയേറ്റർ റിയാക്ഷൻ നേരിട്ട് അനുഭവിച്ചതാണ് ഞാൻ. ഞാനിപ്പോഴും ഓർക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ ഇറങ്ങുമ്പോൾ ഞാൻ എം ജി കോളേജിൽ പഠിക്കുകയായിരുന്നു. അന്ന് സാഗർ ഏലിയാസ് ജാക്കിയുടെ കാർ വരുന്നത് കാണിക്കുമ്പോൾ തന്നെ തീയേറ്ററിലെ ആരവവും കൈയ്യടിയും എനിക്ക് ഇപ്പോഴും കൃത്യമായി ഓർമയിലുണ്ട്. അതുകൊണ്ട് തന്നെ നരസിംഹത്തിന്റെ തീയേറ്റർ അനുഭവവും ആരരവും മറ്റുമൊക്കെ എനിക്കൊരു പുതുമയേ ആയിരുന്നില്ല. കാരണം ഇതൊക്കെ ഞാൻ നേരത്തെയും അനുഭവിച്ചതു തന്നെയാണല്ലോ. പിന്നെ ഞാനാണ് ആ ഇൻട്രോ ഡയലോഗ് പറഞ്ഞത് എന്നോർത്ത് ഒരു കുളിർമ തോന്നി.
നരസിംഹം ട്രോളുകൾ
ട്രോളുകളിൽ ലാലേട്ടൻ വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്ന ട്രോളുകൾ ധാരാളം കണ്ടിട്ടുണ്ട്. മുമ്പ് നരേന്ദ്ര മോഡി സത്യപ്രതിഞ്ജ ചെയ്യാൻ വന്നപ്പോൾ ഇതിന്റെ ട്രോളുകൾ കണ്ടിരുന്നു. കുറേ കാറുകളുടെ അകമ്പടിയിൽ വരുന്ന നരേന്ദ്ര മോഡി. ഇതിനൊപ്പം ബാക്ഗ്രൗണ്ടിൽ അവതാരപ്പിറവി എന്ന തുടങ്ങുന്ന എന്റെ നരസിംഹത്തിലെ ഇൻട്രോ ഡയലോഗും. ഇതേ പോലെ പിണറായി വിജയൻ അധികാരമേൽക്കുന്ന സമയത്തും ഇതേ പോലെ ട്രോളുകൾ ഉണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോൾ, ആ ബാക് ഗ്രൗണ്ട് വോയ്സ് എന്റെയാണെന്ന് അറിയുമ്പോൾ ആരാണ് സന്തോഷിക്കാതിരിക്കുക?
Auto Play Audio
Are you Sure you want to play all the Selected Audio ?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അച്ഛന്റെ ഇന്ത്യൻ റുപ്പിയും സ്ഫടികവും നടക്കാനുള്ള കാരണം ഞാനാണ്; ഷമ്മി തിലകൻ അഭിമുഖം
ആ ആഗ്രഹവും സാധിച്ചു, 13 വർഷത്തെ ഇടവേളയ്ക്കു ശേഷം 'പച്ചപ്പുൽച്ചാടി' മോഹൻ ലാലിനെ കണ്ടുമുട്ടി
'ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പ തന്നെ വെട്ടിയിടുന്നവരാണ് ആണുങ്ങൾ'; മരക്കാർ ടീസർ
ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ!; മരക്കാറിലും ചന്ദ്രോത്ത് പണിക്കർ, ഇത്തവണ സുനിൽ ഷെട്ടി!