ലോകകപ്പിൽ 5 സെഞ്ച്വറി നേടിയ രോഹിത്തിനെ എന്തിന് മാറ്റി നിർത്തി? വെങ്സർക്കർ
ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ ഒരു ബാറ്റ്സ്മാനെ നിങ്ങൾ എന്ത് കൊണ്ടാണ് പുറത്തിരുത്തിയത്?" വെങ്സർക്കാർ സെലക്ടർമാരോട് ചോദിക്കുന്നു.
അവഗണിക്കപ്പെട്ടവന്റെ പ്രതികാരമായിരുന്നു സൗത്താഫ്രിക്കയ്ക്കെതിരെയുള്ള രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറികൾ. ഏകദിനത്തിൽ സ്ഥിരമായി മികവ് കാണിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ കാര്യമായി പലപ്പോഴും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. മധ്യനിരയിൽ ഒന്നോ രണ്ടോ കളികൾ കളിപ്പിച്ച് പരാജയപ്പെടുമ്പോഴേക്കും ടീമിൽ നിന്ന് മാറ്റിനിർത്തും. പോരാത്തതിന് മധ്യനിരയാണെങ്കിൽ ഏറെ ശക്തമാണ് താനും.
എന്നാൽ സൗത്താഫ്രിക്കക്ക് എതിരെ ടെസ്റ്റിൽ ഓപ്പണറായി അവസരം നൽകിയപ്പോൾ രോഹിത് ശരിക്കും വിശ്വരൂപം കാട്ടി. ഇത് വരെയും പ്ലേയിങ് ഇലവനിൽ സ്ഥാനം നൽകാതിരുന്ന ടീം അധികൃതർക്കുള്ള മറുപടി കൂടിയായിരുന്നു രോഹിത്തിന്റെ മാസ്മരിക ഇന്നിങ്സ്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് എതിരെ ഒന്നാം ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസുമാണ് രോഹിത് നേടിയത്.
ഇതോടെ മുൻ കളിക്കാരടക്കം വലിയൊരു വിഭാഗം തന്നെ ഇതുവരെയും രോഹിത്തിനെ ടീമിലുൾപ്പെടുത്താത്ത സെലക്ടർമാർക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സെലക്ടർമാരെ വിമർശിച്ചെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ കളിക്കാരനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്സർക്കറാണ്.
രോഹിതിനെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ തന്നെ ഓപ്പണറാക്കണമായിരുന്നു എന്നാണ് വെങ്സർക്കറുടെ അഭിപ്രായം. അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. ഒരു ടെസ്റ്റിൽ രണ്ട് സെഞ്ച്വറി നേടി അദ്ദേഹം ഒരിക്കൽ കൂടി പ്രതിഭ തെളിയിച്ചിരിക്കുന്നു. ലോകകപ്പിലെ ഗംഭീര പ്രകടനം കഴിഞ്ഞ് തിരിച്ചെത്തിയ രോഹിതിനെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിപ്പിക്കാതിരുന്നതിന് ഒരു ന്യായീകരണവുമില്ല. ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ ഒരു ബാറ്റ്സ്മാനെ നിങ്ങൾ എന്ത് കൊണ്ടാണ് പുറത്തിരുത്തിയത്?" വെങ്സർക്കാർ സെലക്ടർമാരോട് ചോദിക്കുന്നു.
ഇതേ സമയം, തന്റെ ടെസ്റ്റ് റാങ്കിങ്ങും ഈ ഇരട്ട സെഞ്ച്വറികളോടെ രോഹിത് ഏറെ മെച്ചപ്പെടുത്തി. ഓപ്പണറായി അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ രോഹിത് 36 സ്ഥാനങ്ങളാണ് മുന്നോട്ട് കയറിയത്. ഇപ്പോൾ രോഹിത് ശർമ 17ാം റാങ്കിലാണ്. 28 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അഞ്ച് സെഞ്ച്വറികൾ ഇത് വരെ രോഹിത് നേടിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!