ഉത്ര കേസ് വിധിയും പൊതുബോധവും: നിയമജ്ഞരുടെ നിലപാടുകള്‍ ഇങ്ങനെ
മാധ്യമങ്ങള്‍ ഉത്ര കൊലക്കേസിന് നല്കിയ കവറേജ് വൈകാരികമായൊരു പ്രതികരണ മനസ് പൊതുസമൂഹത്തിനുള്ളില്‍ രൂപപ്പെടുത്തിയിരുന്നു.
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് 17 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ നല്കിയ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരേ വിഭിന്ന അഭിപ്രായങ്ങളാണ് പൊതുസമൂഹത്തില്‍ നിന്നുയരുന്നത്. ഉത്രയുടെ അമ്മ മണിമേഖല ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിരാശ പ്രതിക്ക് വധശിക്ഷ നല്‍കാത്തതിലാണ്. 17 വര്‍ഷത്തെ കഠിന തടവും അതിനുശേഷം വരുന്ന ഇരട്ട ജീവപര്യന്തവും പ്രതിയെ ആജീവനാന്തകാലം ജയിലിലാക്കും എന്നതും വധശിക്ഷ പ്രാകൃത ജനസമൂഹത്തിന്റെ താത്പര്യത്തിനു ചേര്ന്നതല്ലെന്നതുമുള്ള വാദമാണ് മറുഭാഗത്തിനുള്ളത്.
വിഷ പാമ്പിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകം എന്ന നിലയില്‍, കേരളത്തിലെ കൊലപാതക കേസുകളുടെ ചരിത്രത്തില്‍ തന്നെ പ്രത്യേക സ്ഥാനം നേടിയ ഒന്നാണ് ഉത്ര കൊലക്കേസ്. അണലിയെ ഉപയോഗിച്ച് ആദ്യത്തെ കൊലപാതക ശ്രമം, അതില്‍ നിന്നും രക്ഷപ്പെട്ട ഉത്രയെ വീണ്ടും കരിമൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവ് സൂരജ്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍, സാഹചര്യ തെളിവുകളും അന്വേഷണ സംഘത്തിന് എതിരായിരുന്നു. എന്നിരിക്കിലും ശാസ്ത്രീയ തെളിവുകള്‍ പരാമവധി ശേഖരിച്ച് കോടതിക്കു മുന്നില്കേസ് കൊണ്ടു വന്ന് പരമാവധി ശിക്ഷ പ്രതിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത് കേരള പൊലീസിന് അഭിമാന നേട്ടമായി മാറുമ്പോള്‍ തന്നെയാണ് ശിക്ഷയുടെ കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നത്. വിരമിച്ച ജഡ്ജിമാര്‍,ഐ പി എസ് ഉദ്യോഗസ്ഥര്‍, നിയമവിദഗ്ദര്‍ എന്നിവരടക്കം ശിക്ഷ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വരുന്നുണ്ട്.
വലിയ മാധ്യമശ്രദ്ധ നേടിയ സംഭവമെന്ന നിലയില്‍ ഉത്ര വധക്കേസ് പൊതുസമൂഹം വളരെ അടുത്ത് നിരീക്ഷിച്ച ഒന്നാണ്. മാധ്യമങ്ങള്‍ ഉത്ര കൊലക്കേസിന് നല്കിയ കവറേജ് വൈകാരികമായൊരു പ്രതികരണ മനസ് പൊതുസമൂഹത്തിനുള്ളില്‍ രൂപപ്പെടുത്തിയിരുന്നു. പരമാവധി ശിക്ഷ എന്നതു തന്നെയായിരുന്നു കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങുന്നതിനു മുന്നേ തന്നെ സാമാന്യജനം തീരുമാനിച്ചുറപ്പിച്ചിരുന്നത്. അതില്‍ മാറ്റം വന്നതോടെയാണ് സൂരജിന് നല്കിയ ശിക്ഷ കുറഞ്ഞുപോയെന്ന വിമര്‍ശനം ശക്തമായത്. എന്നാല്‍ പൊതുജനാഭിപ്രായമോ, വൈകാരിക പ്രതികരണങ്ങളോ ഒരു കോടതി വിധിയെയും സ്വാധീനിക്കില്ലെന്നാണ് നിയമവിദ്ധഗര് ചൂണ്ടിക്കാണിക്കുന്നത്. ജനം എന്തു പറയുന്നുവെന്ന് ശ്രദ്ധിച്ചിട്ടോ, ജനം എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരു വിധിയും ഒരു ജഡ്ജിയും എഴുതാറില്ലെന്നാണ് മുന്‍ ന്യായാധിപനായ കെമാല്‍ പാഷ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ പൊതുവികാരം കോടതിവിധിയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം തന്നെ, ഉത്ര കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നായി കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കില്‍ പ്രതിക്ക് വധ ശിക്ഷ തന്നെ വിധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം തന്റെ അഭിപ്രായമായി പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നായി ഉത്ര വധക്കേസിനെ കോടതി കണ്ടിട്ടില്ലെങ്കില്‍, പിന്നെ ഏത് കേസിനെയാണ് അങ്ങനെ കാണാനാകുന്നതെന്ന വിമര്‍ശനവും അദ്ദേഹത്തിനുണ്ട്.

സൂരജ് ചെയ്തിരിക്കുന്നത് അതിക്രൂരമായ കൊലപാതകമാണെന്നതാണ് പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കണമെന്ന വാദത്തിന് മുന്‍ ന്യായാധിപന് കൂടിയായ കെമാല്‍ പാഷ പറയുന്നത്. ഉത്രയെ ഇല്ലാതാക്കണമെന്നത് സൂരജ് ഉറപ്പിച്ചെടുത്ത തീരുമാനമായിരുന്നു, അതിനുവേണ്ടി ഒരു പുതിയ രീതി തന്നെ അയാള്‍ കണ്ടെത്തുകയും ചെയ്തു. കിടപ്പു മുറിയില്‍ വിഷ പാമ്പിനെ കൊണ്ടിടുന്നത് കൊല്ലാനല്ലെങ്കില്‍ പിന്നെന്തിനാണ്? പ്രതി നേരിട്ട് കൊലപാതകം ചെയ്തിട്ടില്ലെന്നൊക്കെയുള്ള വാദം ബാലിശമാണ്. ഇത്തരം ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഒരാളെ ജയിലില്‍ അയച്ച് മാനസിക പരിവര്‍ത്തനം നടത്തി നല്ലവനാക്കി മാറ്റാമെന്നൊക്കെയുള്ള വാദം തമാശയാണെന്നും കെമാല്‍ പാഷ പറയുന്നു. സംസ്ഥാനത്തെ ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാണെന്നും ജീവപര്യന്തം തടവാണെങ്കിലും ക്രൂരന്മാരായ കൊലയാളികള്‍ക്ക് പോലും ജയില്‍ ജീവിതം അസ്വാദ്യകരമായ അനുഭവമായിരിക്കുമെന്ന സോഷ്യല്‍ മീഡിയ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുമുണ്ട് ഈ മുന്‍ ന്യായാധിപന്.
എന്നാല്‍ ഇത്തരം അഭിപ്രായങ്ങളില്‍ പൂര്‍ണമായ കഴമ്പില്ലെന്നാണ് മുന്‍ ജയില്‍ ഡിജിപി കൂടിയായ ഡോ. അലക്സണ്ടാര്‍ ജേക്കബ് ചൂണ്ടിക്കാണിക്കുന്നത്. ജയിലുകളില്‍ ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ചൊരു ഉദ്യോഗസ്ഥന് കൂടിയാണ് ഡോ. അലക്സാണ്ടര്‍ ജേക്കബ്. ജയിലുകളില്‍ സൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിപ്പോള്‍ ഉയരുന്ന പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും ശരിവയ്ക്കുന്ന തരത്തിലല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഡോ. അലക്സാണ്ടര്‍ ജേക്കബ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു സംഗതിയാണ്. ജയിലുകള്‍ എന്നാല്‍ ശിക്ഷ കേന്ദ്രങ്ങളല്ല, കറക്ഷണല്‍ ഇന്സ്റ്റിറ്റിയൂഷന് എന്നാണ് ജയിലുകളുടെ ഇപ്പോഴത്തെ നിര്‍വചനം. കറക്ഷണല്‍ സര്‍വീസ് ആണ് അവിടെ നടക്കുന്നത്, നടക്കേണ്ടത്. കുറ്റം ചെയ്തവരെ റിഫോര്മേഷന് വിധേയരാക്കി, അവരെ സമൂഹത്തിലേക്ക് തിരികെ വിടാനും നല്ലൊരു ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ഈ കറക്ഷണല്‍ സര്‍വീസുകൊണ്ട് ലക്ഷ്യമിടുന്നത്. നല്ല ഭക്ഷണം ലഭ്യമാകുന്നതില്‍ നിന്നോ മാനസികോല്ലാസത്തിനുള്ള വഴികള്‍ തേടുന്നതില്‍ നിന്നോ തടവുകാരനെ തടയാന്‍ കഴിയില്ല. സഞ്ചാര സ്വാതന്ത്ര്യം തടയുക, ഒരു പ്രൊഫഷണല്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നു തടയുക എന്നിവയാണ് ജയില്‍ ശിക്ഷ എന്നതുകൊണ്ട് സുപ്രിം കോടതി നിരീക്ഷിച്ചിരിക്കുന്നതെന്നും മുന്‍ ഡിജിപി ചൂണ്ടിക്കാണിക്കുന്നു.
ഈ ശിക്ഷ വിധിയുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റൊരു ചോദ്യം സൂരജ് ഇനിയുള്ള കാലം ജയിലില്‍ തന്നെ കഴിയേണ്ടി വരുമോ എന്നതാണ്. ഇരട്ട ജീവപര്യന്തവും അതിനു മുമ്പുള്ള 17 വര്‍ഷത്തെ തടവും എല്ലാം കൂടി ചേര്‍ന്ന് സൂരജ് ചുരുങ്ങിയത് 30 വര്‍ഷത്തോളം ജയില്‍ കഴിയേണ്ടി വരുമെന്നു വാദിക്കുന്നവരും ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ തടവില്‍ കഴിയുക എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സൂരജിന്റെ ശിഷ്ടജീവിതം ജയിലില്‍ തന്നെയായിരിക്കും എന്നു വാദിക്കുന്നവരുമുണ്ട്. 308, 201 വകുപ്പുകള്‍ പ്രകാരം സൂരജ് 17 വര്‍ഷം കഠിന തടവ് പൂര്‍ത്തിയാക്കിയ ശേഷം ജീവപര്യന്തം തടവും അനുഭവിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നതെന്നാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ജി മോഹന്‍ രാജ് മാധ്യമങ്ങളോട് പ്രതകരിച്ചപ്പോള് പറഞ്ഞത്. സര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിക്കാത്ത പക്ഷം ജീവപര്യന്തത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ സൂരജ് ബാക്കിയുള്ള ജീവിതം തടവറയില്‍ തീര്‍ക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന് പറയുന്നത്.
എന്നാല്‍ വിധിയില്‍ മരണം വരെ പ്രതിയെ ജയിലിനു പുറത്തിറക്കരുതെന്ന് കോടതി പ്രത്യേകം പരാമര്‍ശിക്കാത്ത പക്ഷം പരമാവധി പതിനാല് വര്‍ഷം ജീവപര്യന്തം തടവ് പൂര്‍ത്തിയാക്കിയാല്‍ ജയില്‍ മോചനത്തിനുള്ള വഴികള്‍ സൂരജിന് മുന്നില്‍ തെളിയുമെന്ന് ചൂണ്ടിക്കാണിക്കുന്ന നിയമവിദഗ്ധരുമുണ്ട്. അപൂര്‍വം ചില പ്രതികളൊഴിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ജയില്‍ മോണിറ്ററിംഗ് കമ്മിറ്റി നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടോ, പതിനാലോ വര്‍ഷത്തിനുശേഷം മോചിതരാകാറുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സൂരജിന് വധഷശിക്ഷ വിധിക്കാതെ പോയത് തെറ്റായി പോയെന്നു വാദിക്കുന്നവരും ഇതേ കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിയുടെ പ്രായം ( 28 വയസ്) കൂടി കണക്കിലെടുത്താണ് കോടതി വധശിക്ഷ ഒഴിവാക്കിയതും. കുറ്റവാളി പശ്ചാത്തലം ഇല്ലാത്തതും സൂരജിന് അനുകൂലമായിട്ടുണ്ട്.
സെഷന്‍സ് കോടതി വിധിയ്ക്കെതിരേ പ്രതിഭാഗം അപ്പീല്‍ പോകുമെന്നുള്ളതും ശിക്ഷയില്‍ മാറ്റത്തിനുള്ള സാധ്യത കാണിക്കുന്നുണ്ട്. ഐ പി സി 302(കൊലപാതകം) പ്രതിക്കെതിരേ ചുമത്തിയതിനെതിരെയായിരിക്കും മേല്‍ക്കോടതികളില്‍ പ്രതിഭാഗം ചോദ്യം ചെയ്യുക. സൂരജ് ഡയറക്ട് ആക്ഷനിലൂടെ കൊലപാതകം നടത്തിയിട്ടില്ലെന്ന വാദം പ്രതിഭാഗം ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 302 സൂരജിനെതിരേ ചുമത്തിയിട്ടുണ്ട്. ഇതിനാണ് ജീവപര്യന്തം ശിക്ഷയും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇതിനു പുറമെ വധശ്രമത്തിന് 307 ഉം ചുമത്തിയിട്ടുണ്ട്. ഇതിനുള്ള ശിക്ഷയും ജീവപര്യന്തമാണ്. ഇരട്ട ജീവപര്യന്തം വന്നതിങ്ങനെയാണ്. അതേസമയം ജീവപര്യന്തം രണ്ടും ഒരേസമയം അനുഭവിച്ചാല്‍ മതിയാകും. നേരിട്ട് കൊലപാതകം നടത്തിയെന്ന കുറ്റത്തില്‍ നിന്നും രക്ഷപ്പെടുകയായിരിക്കും സൂരജിന്റെ ഇനിയുള്ള ശ്രമം.
എന്നാല്‍ കേരള ഹൈക്കോടതിയില്‍ കേസ് വന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്നതില്‍ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കേസിനുണ്ടായിട്ടുള്ള പബ്ലിസിറ്റി അതിനൊരു കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. അവിടെ പ്രതിഭാഗത്തിന് ചെയ്യാന്‍ പറ്റുന്നൊരു കാര്യം ഈ കേസ് ചര്‍ച്ചാവിഷയമായി ബാധിക്കാത്തൊരു കോടതിയിലേക്ക് പോവുകയെന്നതാണ്. രാജന് ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരായ ജയറാം പടിക്കലും മധുസൂദനനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി തങ്ങള്‍ക്കെതിരേയുള്ള കേസ് മധുരയിലേക്ക് മാറ്റിയതും ജയില്‍ മോചിതരാവുകയും സര്‍വീസില്‍ തിരികെ കയറിയതുമൊക്കെ മുന്‍ ഉദ്ദാഹരണങ്ങളാണ്. എന്നിരിക്കിലും ഉത്ര കേസില്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രവും ശേഖരിച്ചിരിക്കുന്ന ശാസ്ത്രീയ തെളിവുകളും മേല്‍ ഉദാഹരണങ്ങള്‍ക്ക് ഒരു തുടര്‍ച്ചയായി ഈ കേസിനെ മാറ്റുമെന്നതില്‍ സംശയമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഒരുപോലെ പറയുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!