ട്വന്റി-20 പോലെ വലിയ താരങ്ങളെല്ലാം ഒന്നിക്കുന്ന ക്രൈം ത്രില്ലർ വരുന്നു, പ്രേക്ഷകർക്ക് പേരിടാം
ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ടി.കെ രാജീവ് കുമാറിന്റേതാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക. ആശീർവാദ് ആണ് സിനിമയുടെ നിർമ്മാണം.
മോഹൻലാലും മമ്മൂട്ടിയും അടക്കം മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന ട്വന്റി 20 പോലൊരു പുതിയ സിനിമ വീണ്ടും വരുന്നു. മലയാളത്തിലെ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഈ സിനിമയെക്കുറിച്ച് ഔദ്യോഗികമായി നടൻ മോഹൻലാൽ സ്ഥിരീകരിച്ചത്. സിനിമയുടെ കാര്യങ്ങളെല്ലാം സസ്പെൻസായി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പോസ്റ്ററും മമ്മൂട്ടിയും മോഹൻലാലും കൂടിയാണ് റിലീസ് ചെയ്തത്. സിനിമയ്ക്ക് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. പ്രേക്ഷകർക്ക് ഇതിന്റെ പേര് നിർദേശിക്കുന്നതിനായി ഒരു മത്സരവും അമ്മ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാം.
എന്തുകൊണ്ട് വീണ്ടുമൊരു ട്വന്റി-20 മോഡൽ ചിത്രം?
കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതെന്നാണ് മോഹൻലാൽ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. ഏകദേശം 135ഓളം പ്രവര്‍ത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ടി.കെ രാജീവ് കുമാറിന്റേതാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക. ആശീർവാദ് ആണ് സിനിമയുടെ നിർമ്മാണം.

മലയാള സിനിമാ താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 ബോക്സോഫീസില്‍ വലിയ കളക്ഷൻ നേടിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരെല്ലാം പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം ദിലീപാണ് നിർമ്മിച്ചത്. സംവിധായകൻ ജോഷി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ഉദയകൃഷ്ണ-സിബി കെ തോമസിന്റേതായിരുന്നു.
2020ൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി അമ്മയുടെ നേതൃത്വത്തിൽ സ്റ്റേജ് ഷോ ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയും ട്വന്റി 20 പോലൊരു സിനിമയിലേക്ക് എത്തുകയുമായിരുന്നു. മുന്‍പ് താരങ്ങളുടെ ക്ഷേമത്തിന് പണം കണ്ടെത്തുന്നതിനായി മഴവില്‍ അഴകില്‍ അമ്മ എന്ന പേരിലായിരുന്നു താരസംഘടന സ്റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്ന ഈ ഷോയ്ക്ക് പ്രേക്ഷകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!