മഹാതിറിന്റെ മലയാളി ടച്ച്; ഹോങ്കോങില്നിന്ന് ടിജെഎസ് പകര്‍ത്തിയ ഏഷ്യ| Media Roots 18
സിംഗപ്പൂര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഒരുഘട്ടത്തില്‍ ടിജെഎസ് ജോര്‍ജ് മാറി. നിരന്തര ഭീഷണികളുടെയും സമ്മര്‍ദ്ദങ്ങളുടേയും നടുവിലായി ജീവിതം. ലീ ക്വാന്‍ യൂവിന്റെ കിങ്കരന്മാര് ജോര്‍ജിനെ വേട്ടയാടാന്‍ തുടങ്ങി. ടിജെഎസിന്റെ ജീവിതത്തിലെ സാഹസികവും ഉദ്വേഗജനകവുമായ മറ്റൊരു സന്ദര്‍ഭം വരച്ചിടുന്നു ഇത്തവണ മീഡിയാ റൂട്ടില്‍ ജോഷി ജോര്‍ജ്
1946ല്‍ വിയന്നയില്‍ നിന്നുള്ള ജൂത കുടിയേറ്റക്കരനായ എറിക് ഹാല്വെര്ണനാണ് പ്രസിദ്ധമായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്ന ബിസിനസ്സ് വാരിക തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും മികച്ച വാരികയായി ഇത് അറിയപ്പെട്ടിരുന്നു. അതിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായിട്ടാണ് ടി.ജെ.എസ് ജോര്‍ജ് ഹോങ്കോംഗില്‍ എത്തിയത്. മനസ്സുകൊണ്ട് ജോര്‍ജ് ഏറെ സന്തോഷിച്ച നാളുകളായിരുന്നു അത്.
Also Read: ടിജെഎസ് ജോര്‍ജ്: ഫ്രീ പ്രസ്സിന്റെ പടി ചവിട്ടി ഒരു ഭാരതപര്യടനം| Media Roots 14

ഏഷ്യയിലെ ഏറ്റവും വലിയ പത്രപ്രവര്‍ത്തന കേന്ദ്രം അന്ന് ഹോംങ്കോങ് ആയിരുന്നു. ഏറെയൊന്നും ജനസംഖ്യയില്ലാത്ത, സ്വതന്ത്രരാജ്യം പോലുമല്ലാത്ത ഹോംങ്കോംഗില് ലോകത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം പ്രതിനിധികളുണ്ടായിരുന്നു. അവിടെ ചൈനാ വാച്ചിംഗ് ആയിരുന്നു പ്രധാന ആകര്‍ഷണം. എന്നിരുന്നാലും പൊതുവെ ഒരു ഏഷ്യവാച്ചിങ് കേന്ദ്രമെന്ന നിലയിലും ഹോംങ്കേംഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ അയക്കാനുള്ള വഴികളൊന്നും അക്കാലത്ത് കാര്യമായുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വക ചട്ടങ്ങളും നിയമങ്ങളും അതിനു പുറമെ. എന്നാല്‍ ഹോംങ്കേംഗില് ചട്ടങ്ങളള് നാമമാത്രമായേ ഉണ്ടായിരുന്നുള്ളു. സ്വാന്ത്ര്യത്തോടെ അവിടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് ചുരുക്കം. അതുകൊണ്ട്, ഫിലിപ്പീന്‍സ് , ഇന്ത്യാനേഷ്യ, മലേഷ്യ, സിംഗപ്പുര്‍, തായ്ലന്റ് മുതലായ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ ചേക്കേറിയിരുന്നത് ഹോംങ്കേംഗിലായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് ഹോംങ്കേംഗ് ആയിരുന്ന റിപ്പോര്‍ട്ടര്‍മാരുടേയും ഫോട്ടോഗ്രാഫര്‍മാരുടേയും സിരാകേന്ദ്രം.
അവിടെ അന്നുണ്ടായിരുന്ന ദിനപത്രങ്ങള്‍ ഹോംങ്കേംഗിനെ ലക്ഷ്യം വച്ചാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും ആനുകാലികങ്ങളുടെ ലക്ഷ്യം തെക്കുകിഴക്കന്‍ രാജ്യങ്ങളെ ആകമാനം കവര്‍ ചെയ്യുന്ന രീതിയിലായിരുന്നു. അതില്‍ ഏറ്റവും മുന്നില്‍നിന്നിരുന്നത് ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്ന ബിസിനസ്സ് വാരിക തന്നെ..!

ഇവരുടെതന്നെ മറ്റൊരു പ്രസിദ്ധീകരണം കൂടി ഉണ്ടായിരുന്നു- ഏഷ്യാ മാഗസിന്. ഇത് തികച്ചും വേറിട്ടൊരു പ്രസിദ്ധീകരമമായിരുന്നുവെന്ന പാറയാതിരിക്കാന് കഴിയില്ല. ഇവയ്ക്ക് പുറമേ, ഫാര്‍ ഈസ്റ്റ് ട്രേഡ് പ്രസ്സ് വക പ്രസിദ്ധീകരണങ്ങളും ഈ കുട്ടത്തില്‍ പെട്ടവയായിരുന്നു. ഏഷ്യമാഗസിന് എന്ന ആശയം ഏഡ്രിയന് സെക്ക എന്ന പ്രതിഭാശാലിയുടേതായിരുന്നു.
ഹോംങ്കോംഗ്, ഫിലിപ്പീന്‍സ്, ഇന്ത്യോനേഷ്യ, മലേഷ്യ, സിംഗപ്പുര്‍, തായ്ലന്റ് മുതലായ രാജ്യങ്ങളിലെ പ്രമുഖ ദിനപത്രങ്ങളുടെ ഭാഗമായിവാരാന്ത്യത്തില് ഇറങ്ങിയിരുന്ന ഞായറാഴ്ചപ്പതിപ്പ് വായനക്കാര്‍ക്ക് മികച്ചൊരു വായനാനുഭവമായിരുന്നു. അതിന് ബദലായി ആഴ്ചയില്‍ അഞ്ച് ഞായറാഴ്ച്ചപ്പതിപ്പുകളിലായി വന്നിരുന്നതെല്ലാം ഒറ്റ പ്രസിദ്ധീകരണത്തില്‍ കൊണ്ടുവരിക. അതിനു പുറമെ മറ്റ് രസകരമായ വിശേഷങ്ങളും കോര്‍ത്തിണക്കിയ ഏഷ്യാമാഗസിന് വായനക്കാര്‍ക്ക് പുതിയൊരുവായനാനുഭവമായി. അതിനുപിന്നില്‍ സെക്കയെക്കൂടാതെ പന്ത്രേേണ്ടാളം മികച്ച പത്രപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്ന് രൂപകല്പന ചെയ്യുന്ന വാരിക മോശമാകുകയില്ലല്ലോ..!
ജോര്‍ജ് 1950 കളുടെ അവസാനമാണ് ആര്. വി പണ്ഡിറ്റ് സെക്കയെ കണ്ടുമുട്ടുന്നത്. പ്രസിദ്ധീകരണരംഗത്ത് അന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന പ്രഗത്ഭനായ വ്യക്തിയായിരുന്നു സെക്ക. ഇദ്ദേഹത്തിന്റെ പിതവ് പാര്‍ക്കര്‍ പെന്‍ കമ്പനിയുടെ ഏഷ്യയിലെ വിതരണക്കാരനായിരുന്നു. മകനെ വിദ്യാഭ്യാസത്തിനായി അമേരിക്കയിക്കയിലേക്കാണ് അയച്ചത്. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ സെക്ക ടൈം വാരികയില്‍ ജേണലിസ്റ്റായി ചേര്‍ന്നു. എന്നാല്‍ കച്ചവടത്തിലായിരുന്നുസൈക്കയ്ക്ക് താല്പര്യം. അതിനാല്‍ മാനേജുമെന്റിനെ സ്വാധീനിച്ച് സൈക്ക ടൈം-ലൈഫ് പുസ്തകങ്ങളുടെ ബിസിനസ്സ് റെപ്പായി ഇന്ത്യയിലെത്തി. സെക്കയുടെ ഒരു അധ്യാപകനുമായി ജോര്‍ജിന് നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹമാണ് സെക്കയെ പരിചയപ്പെടുത്തിയതും ഹോംങ്കോഗിലേക്ക് ക്ഷണിച്ചതും ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂവില്‍ ജോലികൊടുത്തതും.
എന്നാല്‍ ഏഷ്യാമാഗസിന് ആയുസ്സ് വളരെകുറവായിരുന്നു. 13 വ്യത്യസ്തരാജ്യങ്ങളിലെ വ്യത്യസ്ത സെന്‍സര്‍ഷിപ്പ് നയങ്ങള്‍ അവയൊക്കെ പാലിക്കുക എന്നത് ഏറെ പ്രയസകരമായിരുന്നു. ഒരു രാജ്യത്ത് അച്ചടിച്ച് മറ്റുരാജ്യങ്ങളില്‍ കൃത്യസമയത്ത് മാഗസിന് എത്തിക്കുക എന്നത് ബാലികേറാമലയായി മാറി. ഏഷ്യമാഗസിന് ഉപേക്ഷിച്ച സെക്ക ദി ഏഷ്യന്‍ എന്നൊരു സണ്‍ഡേ ന്യൂസ് പേപ്പറും നടത്തിനോക്കി. അതും വിജയിച്ചില്ല. പിന്നെ റിയല്‍ എസ്റ്റേറ്റിലേക്ക് തിരിയുകയായിരുന്നു.

ഈ സമയത്ത് ജോര്‍ജ് ഫാര്‍ ഈസ്റ്റ് ട്രേഡ് പ്രസിന്റെ മാസികകളില്‍ ഒന്നായിരുന്ന 'ഏഷ്യന്‍ ഇന്‍ഡസ്ട്രി ' യ്ക്കുവേണ്ടി ആസ്ട്രേലിയായിലെ ഇരുമ്പു ഖനികളെക്കുറിച്ചും ജപ്പാനിലെ ട്രാന്സിസ്റ്ററിനെക്കുറിച്ചും സിംഗപ്പൂരിലെ തുറമുഖ കണക്കുകളെക്കുറിച്ചുമൊക്കെയുള്ള തകര്‍പ്പന്‍ വാര്‍ത്തകള്‍ ശേഖരിച്ചും മുന്നേറുകയായിരുന്നു. പിന്നെ ഫാര്‍ ഈസ്റ്റേണ്‍ റിവ്യൂവില്‍ രാഷ്ട്രീയ ലേഖകനായി. അഭിരുചിക്കിണങ്ങിയ ജോലി ലഭിച്ചതില്‍ ഏറെ സന്തുഷ്ടനായിരുന്നു ജോര്‍ജ്.
ഈ കാലയളവിലാണ് ഫിലിപ്പൈന്‍സിലെ ഫെര്‍ഡിനന്റ് മാര്‍ക്കോസ്, ഇല്‍മേഡ മാര്‍ക്കോസ്, കോറിസോണ് അക്വനോ, മലേഷ്യയിലെ ഡോ. മഹാതതിര് മുഹമ്മദ്, ഇന്ത്യോനേഷ്യയിലെ സുഹാര്‍തോ, തുടങ്ങിയ ഭരണാധികാരികളേയും നേതാക്കളേയും അടുത്തറിയാനും ബന്ധം പുലര്‍ത്താനും ജോര്‍ജിന് കഴിഞ്ഞത്.
ഇക്കൂട്ടത്തില്‍ മഹാതിര്‍ മുഹമ്മദുമായി ഏറെ അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. അതിനൊരു കാരണം മഹാതിറിന്റെ മുത്തശ്ശന് ഒരു മലയാളി ആയിരുന്നു എന്നതാണ്. ബ്രിട്ടീഷ് മലബാറിലെ, അതായത് ഇന്നത്തെ മലപ്പുറത്ത് ജനിച്ചുവളര്‍ന്ന ഇസ്ക്കന്ദര്‍ കുട്ടി ഉപജീവനം തേടി മലയായിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ ഒരു മലയാക്കാരിയെ വിവാഹം ചെയ്തു. അതിലുണ്ടായ കുഞ്ഞ് മഹാതിര്‍ മുഹമ്മദിന്റെ പിതാവായിരുന്നു.

മഹാതിര്‍ മുഹമ്മദിന്റെ കുട്ടിക്കാലം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. സ്ക്കുളില് പഠിക്കുന്നകാലത്ത് അവധി ദിവസങ്ങളില്‍ ഏത്തക്കായ വറത്തുവിറ്റ് പോക്കറ്റ് മണിയുണ്ടാക്കി. നിയമം പഠിക്കുന്നതിനായി ഇംഗ്ലണ്ടില്‍ പോകണമെന്നാശിച്ചു. സാധിച്ചില്ല. സിംഗപ്പൂരിലെ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. രാജ്യത്തെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളായി. ഇങ്ങനെ നീളുന്നു മഹാതിറിന്റെ ജീവിതത്തിലെ ആദ്യ അധ്യായങ്ങള്‍.

ആതുരസേവകനെന്ന നിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങളാണ് മഹാതീറിനെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് നയിച്ചതെന്ന് ജോര്‍ജ് കരുതുന്നു. അതെന്തുതന്നെ ആയാലും മലയാജനതയുടെ ശക്തനായ നേതാവായിതീര്ന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ 2018ല്‍ തൊണ്ണൂറ്റി രണ്ടു വയസുള്ള മഹാതീര്‍ മുഹമ്മദിനെ മലേഷ്യന്‍ ജനത വീണ്ടും പ്രധാനമന്ത്രിയാക്കിയത്...!
മലയാളി വേരുകള്‍ ഉയര്‍ത്തിക്കാട്ടി ഡോ. മഹാതിര്‍ മുഹമ്മദിന്റെ മലേഷ്യന്‍ സ്വത്വത്തെ ചോദ്യം ചെയ്തു എതിരാളികള്‍ എന്നത് വേറേകാര്യം.
മലേഷ്യന്‍ ദേശീയത ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് അതിനെ ഡോ.മഹാതിര്‍ മുഹമ്മദ് നേരിട്ടത്. ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെയും ഇല്മെഡ മാര്‍ക്കോസിന്റെയും മുഖ്യ ശത്രുവായ കോറിസോണ് അക്വിനോയുമായും ജോര്‍ജിന് ഉറ്റ ബന്ധമാണുണ്ടായിരുന്നത്. അക്വിനോയുമായി ജോര്‍ജിനുള്ള അടുപ്പം അന്ന് പലതരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ സിംഗപ്പൂരിലിലെ ലി ക്വാന്‍ യുവിന്റെ കടുത്ത ശത്രവായിരുന്നു ജോര്‍ജ്. ലിയുടെ സ്വേച്ഛാപ്രമത്തതയെയും അഴിമതിയേയും കുറിച്ച് ജോര്‍ജ് എഴുതാവുന്നിടത്തെല്ലാം ശക്തമായ ഭാഷയില്‍ എഴുതിയിരുന്നു. 'ലി ക്വാന്‍ യുവിന്റെ സിംഗപ്പൂര്‍' എന്ന പേരില്‍ ഒരു വിവാദ പുസ്തകം തന്നെ രചിച്ചു.
ഇരുപത്തിമൂന്ന് വര്‍ഷമായി സിംഗപ്പൂരിലെ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാന്‍ യൂ അതിനെ സമൃദ്ധിയിലേക്ക് നയിച്ചു എന്നത് ശരിയാണ്. എന്നാല്‍ അതിന് ഒരു മറുവശം കൂടിയുണ്ടെന്നാണ് ടി. ജെ. എസ്. ജോര്‍ജ് പറയുന്നു. ലീയെപ്പോലുള്ള നേതാക്കള്‍ മൂന്നാം ലോകത്ത് അപൂര്‍വ്വമായെ ഉണ്ടായിരുന്നുള്ളൂവെന്ന് പാശ്ചാത്യര്‍ പറയുന്നുവെന്നതും ശരിതന്നെ. എന്നാലവരുടെ പ്രതികരണം പലപ്പോഴും വസ്തുതകള്‍ പഠിക്കമമെന്ന ആഗ്രഹം ടി. ജെ. എസ്. ജോര്‍ജില്‍ ഉടലെടുത്തു.

ലീ ക്വാന്‍ യൂവിനെയും അദ്ദേഹത്തിന്റെ മനോഹര രാജ്യത്തെയും ഏഷ്യന്‍ കാഴ്ചപ്പാടില്‍ നിന്ന് പരിശോധിക്കുകയാണ് ജോര്‍ജ് ചെയ്തത്. ലിയുടെ നേട്ടങ്ങള്‍ അംഗീകരിക്കുമ്പോള്‍തന്നെ, സ്വേച്ഛാധിപത്യത്തിന്റെ പോരായ്മകള്‍ക്കെതിരെ വെളിച്ചം വീശുകയാണ് പുസ്തകത്തിലൂടെ എഴുത്തുകാരന്. ഭയാനകമായ പലതും അവിടെ നടന്നിരുന്നു. പ്രധാനമന്ത്രിയുടെ ഉയര്‍ച്ചയെയും ഭരണത്തെയും അദ്ദേഹം വളരെ വിശദമായി വിവരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം, അഭിലാഷങ്ങള്‍, രീതികള്‍ എന്നിവ വിശകലനം ചെയ്യുന്നു, വാചാടോപങ്ങളില്ലാതെ, വസ്തുതകളില്‍ നിന്ന് വാദിക്കുന്നു. അവസരവാദ മുതലാളിത്തത്തെ അനുകൂലിക്കുന്നതിനുപകരം ലീയുടെ രാഷ്ട്രീയ തത്ത്വചിന്ത ഇടതുപക്ഷമായിരുന്നുവെങ്കില്‍, പടിഞ്ഞാറ് അഭിവാദ്യം ചെയ്യുമായിരുന്നുവെന്നാണ് ജോര്‍ജ് കരുതുന്നത്. അതെന്തായാലും ലീയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആദ്യത്തെ പൂര്‍ണ്ണമായ പഠനമാണ് ജോര്‍ജിന്റെ പസ്തകത്തിന്റെ ഉള്ളടക്കം.

പുസ്തകം പുറത്തുവന്നതോടെ ജോര്‍ജ് സിംഗപ്പൂര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി. നിരന്തരമായ ഭീഷണികളുടേയും സമ്മര്‍ദ്ദങ്ങളുടേയും നടുവിലായി അദ്ദേഹത്തിന്റെ ജീവിതം. ലീ ക്വാന്‍ യൂവിന്റെ കിങ്കരന്മാര് ജോര്‍ജിനെ വേട്ടയാടാന്‍ തുടങ്ങി. സിംഗപ്പൂര്‍ വഴിയുള്ള ജോര്‍ജിന്റെ യാത്ര ജോര്‍ജിന്റെ സുരക്ഷിതത്വത്തിനൊരു കനത്ത വെല്ലവിളിയായി മാറി.
തുടര്‍ന്നദ്ദേഹം ഫിലിപ്പൈന്‍ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തിട്ടുള്ള ഇസ്ലാമിക മുന്നേറ്റത്തെക്കുറിച്ച് ആധികാരികമായൊരു പുസ്തകം രചിച്ചു. ദക്ഷിണ ഫിലിപ്പൈന്‍സിലെ 'മിന്‍ഡാനാവോ' എന്ന സ്ഥലത്ത് വിമോചന സമരത്തിലേര്‍പ്പെട്ടിട്ടുള്ള മുസ്ലിം സംഘടനയായ മോറോ നാഷ്നല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ചലനങ്ങളെ രാഷ്ട്രീയമായി അപഗ്രഥിച്ചെഴുതിയ 'revolt in mindanao' എന്ന പുസ്തകം ഫിലിപ്പൈന്‍സിന്റെ അതിരുകള്‍ കടന്ന് അമേരിക്കയില്‍ വൈറ്റ് ഹൗസിന്റെ ചുമരുകള്ക്കകത്തുപോലും അക്കാലത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഓക്സ്ഫേര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആണ് ആ പ്രാമാണിക ഗ്രന്ഥത്തിന്റെ പ്രസാധകര്.

വിയറ്റ്നാം, ലാവോസ്, കമ്പോഡിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന അന്നത്തെ ഇന്ത്യോ-ചൈനയില്‍ അമേരിക്ക നരമേധം നടത്തിയ നാളുകള്‍. യുദ്ധത്തിന്റെ ഭീകര മുഖം ജോര്‍ജിന് നേരിട്ട് കാണാന്‍ കഴിഞ്ഞു.
ബോംബുകളും ഷെല്ലുകളും മൈനുകളും പൊട്ടിത്തെറിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമേറെയായവരുമൊക്കെ മരിച്ചുവീണുകൊണ്ടിരിക്കുന്ന കരളലിയിക്കുന്ന കാഴ്ചകള്‍. അമേരിക്കന്‍ സാമ്രാജ്യത്വം നിരപരാധികളായ മനുഷ്യര്‍ക്കുനേരെ അഴിച്ചുവിട്ട കുരുതിക്കാറ്റിന്റെ ചിത്രങ്ങള്‍ ജോര്‍ജിന്റ തൂലികയില്‍ ചോരത്തുള്ളികളുടെ മണം പരത്തി. രണമുഖത്തുനിന്നുള്ള ഗാന്ധാരി വിലാപങ്ങളുടെ മുഴക്കം ഹോങ്കോഹിലെ വായനക്കാര്‍ ഈറനണിഞ്ഞ കണ്ണുകളോടെയാണ് വായിച്ചുതീര്‍ത്തത്.
വംശീയ മേധാവിത്വത്തിന്റെ തേര്‍വാഴ്ച ഇറാഖിലും നാം കണ്ടു. സെര്‍ബിയന്‍ സേനകളുടെ തീയുണ്ടകളേറ്റ് പിടഞ്ഞുവീണ ബോസ്നിയന്‍ മുസ്ലീങ്ങളുടെ കൂട്ടമരണങ്ങള്ക്കുപിന്നിലും വര്‍ണ്ണമേധാവിത്വം തന്നെ... ഇതൊക്കെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ ജോര്‍ജ് എഴുതുകയുണ്ടായി.
ഇതിന് പുറമെ ലോകത്തിന്റെ സംസ്കൃതി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള കറുത്ത മനുഷ്യരുടേയും തവിട്ടു മനുഷ്യരുടേയും അമൂല്യ സംഭാവനകളെ ചരിത്രത്തിൽ നിന്നു നിശേഷം ഇല്ലാതാക്കാൻ യൂറോപ്പിലെ വെള്ളക്കാരായ പണ്ഡിതന്മാർ വളരെ ആസൂത്രിതമായി ചരിത്രംതിരുത്തിയെഴുതിയെന്ന് orientalism, black Athena എന്നീ പുസ്തകങ്ങളിലൂടെ നമുക്കു തെളിവുത്ണ്ടെന്നും ജോർജ് പറയുന്നു.

ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിചയപ്പെട്ട ന്യൂസിലാന്റിലെ പ്രമുഖ പത്രപ്രവര്ത്തകന് മൈക്കിള്‍ ഓ നീലുമായി സഹകരിച്ച് ജോര്‍ജ് ഹോങ്കോംഗില്‍ നിന്ന് സ്വന്തമായൊരു വാരിക പുറത്തിറക്കി. അതാണ് അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഏഷ്യാവീക്ക്.

(മീഡിയാ റൂട്ട്സ് മുന്‍ ലക്കങ്ങള്‍ ഇവിടെ വായിക്കാം)
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!