ടി.ജെ.എസ് ജോര്‍ജിന്റെ ജയില്‍വാസം; കെബി സഹായിയെ വിറപ്പിച്ച ചരിത്രം!| Media Roots 17
ചീഫ് എഡിറ്റര്‍മാരും റിപ്പോര്‍ട്ടേഴ്സും മുഖ്യമന്ത്രിയെ കണ്ട് തൊഴുത് അനുഗ്രഹം വാങ്ങണമെന്നുള്ള ബിഹാലെ വൃത്തികെട്ട പാരമ്പര്യത്തെ വെല്ലുവിളിച്ച് ടിജെഎസ് ജോര്‍ജ് സൃഷ്ടിച്ച പാത ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ അസാധാരണ ഏടാണ്. ഇത്തവണ അതേക്കുറിച്ച് ജോഷി ജോര്‍ജ് മീഡിയാ റൂട്ടില്‍ എഴുതുന്നു.
ടി.ജെ.എസ് ജോര്‍ജ് ഫ്രീ പ്രസ്സില്‍, ഉടമ സദാനന്ദിന് പ്രിയപ്പെട്ടവനായി കഴിയുകയാണ്. എം.വി കമ്മത്താണ് അവിടെ മറ്റൊരു പ്രധാനി. റിപ്പോര്‍ട്ടിങ്ങിലാണ് കമ്മത്ത് അസാധാരണമായ വൈഭവം പ്രകടിപ്പിച്ചത്.
Also Read: ടി.ജെ.എസ് ജോര്‍ജ് കണ്ടെടുത്ത പോത്തന് ജോസഫിന്റെ ഇന്ത്യ| Media Roots 16

ബോംബെയിലെ കെംപ്സ് കോര്‍ണറിലുള്ള മെഡിക്കല്‍ ഷോപ്പില്‍ കെമിസ്റ്റായിരുന്ന ഉടുപ്പിക്കാരന്‍ കമ്മത്ത് ക്വറ്റ് ഇന്ത്യാ സമരത്തില്‍ രഹസ്യമായി ഏര്‍പ്പെട്ടിരുന്നു. ആ സമരവീര്യത്തിനിടക്കാണ് ഫ്രീ പ്രസ്സ് ജേണലുമായി അടുത്തത്. ആകര്‍ഷകമായി എഴുതാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ട് സമരത്തിന്റെ ആവശ്യകതയെക്കുറിച്ചൊരു ലേഖനമെഴുതിയുണ്ടാക്കി സദാനന്ദന് കൊടുത്തു. അത് അച്ചടിക്കുകമാത്രമല്ല, ഏഴരരൂപ പ്രതിഫലമായി കമ്മത്തിന് കൊടുക്കുകയും ചെയ്തു. തീര്‍ന്നില്ല, അസാധാരണ വൈഭവവും ന്യൂസ് സെന്‍സുമുള്ള കമ്മത്തിനെ താമസിയാതെ ഫ്രീ പ്രസ്സിന്റെ റിപ്പോര്‍ട്ടറാക്കി. താമസിയാതെ പത്രത്തിന്റെ പ്രത്യേക ലേഖകനായി ഡല്‍ഹിയില്‍ നിയമിച്ചു. മഹാത്മജിയുടെ ഘാതകനായ ഗോഡ്സേയുടെ വിചാരണ കക്ഷി അതിമനോഹരമയി റിപ്പോര്‍ട്ടുചെയ്തു.
അതില്‍ സന്തുഷ്ടനായ സദാനന്ദ്, കമ്മത്തിനെ ഫ്രീ പ്രസ്സ് ബുള്ളറ്റിന് എന്ന സായഹ്ന പത്രത്തിന്റെ പത്രാധിപരായി നിയമിച്ചു. ജോര്‍ജിനും കിട്ടി സ്ഥാനക്കയറ്റം. ബുള്ളറ്റിന്റെ ന്യൂസ് ഡെസ്ക്കിന്റെ ചുതല ഏല്‍പ്പിച്ചുകൊടുത്തു. ഏറെ കഴിയുംമുമ്പ് ബുള്ളറ്റിന്റെ പൂര്‍ണ്ണ ചുമതല ജോര്‍ജിനായി.
സദാനന്ദിന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് ഫ്രീ പ്രസ്സിന്റെ പത്രാധിപരാകാന്‍ ഏറ്റവും യോഗ്യനായ ആള് കമ്മത്തായിരുന്നു. എന്നാല്‍ സ്ഥാപനത്തിനകത്ത് നടന്ന ചില തിരിമറികള്‍ മൂലം അതുണ്ടായില്ല. ഏറെതാമസിയാതെ കമ്മത്ത് ഫ്രീ പ്രസ്സിന്റെ പടിയിറങ്ങി.

ഫ്രീ പ്രസ്സ് പത്രക്കടലാസ് വാങ്ങിയിരുന്നത് എ. ബി നായരുടെ കമ്പനിയില്‍ നിന്നായിരുന്നു. പലപ്പോഴും അതിന്റെ പണം കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ സദാനന്ദ് പത്രത്തിന്റെ ഷെയര്‍ എ. ബി നായര്‍ക്ക് കൊടുത്തിരുന്നു. അതിന്റെ ബലത്തില്‍ അദ്ദേഹം ഫ്രീ പ്രസ്സിന്റെ ഡയറക്ടര്‍-ഇന്‍ -ചാര്‍ജായി. ഇതിനിടെ ടി.ജെ.എസ് ജോര്‍ജ് വിവാഹിതനായി. ഭാര്യ അമ്മു.
1959ല്‍ ഫ്രീ പ്രസ്സ് ജേണല്‍ വായനക്കാരെ അമ്പരപ്പിച്ചുകൊണ്ട് വലിയ തലക്കേട്ടോടെ പുറത്തിറങ്ങി. 'അത്ഭുതകരമായ സോപ്പുപൊടി നഗരത്തില്‍ വന്നിരിക്കുന്നു'. സര്‍ഫ് എന്ന സോപ്പുപൊടിയുടെ അരങ്ങേറ്റമാണ് പത്രം പൊലിപ്പിച്ചെടുത്തത്. ഫ്രീ പ്രസ്സിന്റെ ആദ്യപേജ് പരസ്യത്തിനായി വിട്ടുകൊടുത്തത് എഡിറ്റോറിയല്‍ വിഭാഗത്തിലുള്ള ആരും അറിഞ്ഞിരുന്നില്ല. അതില്‍ പ്രതിഷേധിച്ച് ഏഴുപേര്‍ രാജിവച്ചു. തുടര്‍ന്നവര്‍ സ്യൂസ് ഡേ എന്നൊരു പത്രം തുടങ്ങുകയും ചെയ്തു.
ടി.ജെ. എസ് ജോര്‍ജിനെ ഏറെ സ്വാധീനിച്ച രാഷ്ടീയ നേതാവ് വി.കെ കൃഷ്ണമേനോനായിരുന്നു. കൃഷ്ണമേനോന്റെ ബലദൗര്ബല്യങ്ങളെക്കുറിച്ച് ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ജോര്‍ജ് അദ്ദേഹത്തെക്കുറിച്ച് 1964ല്‍ മനോഹരമായൊരു പുസ്തകം രചിച്ചു. 272 പേജുള്ള 'വി.കെ കൃഷ്ണമേനോന്' എന്ന ഇംഗ്ളീഷ് പുസ്തകം ഇന്ത്യന്‍ സ്വാതന്ത്രസമരചരിത്രത്തിന്റെ സജീവമായ ഒരു പരിച്ഛേദമാണ്.
ആനി ബസന്റിന്റെ പ്രേരണയോടെ ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലേക്ക് എടുത്തുചാടുകയായിരുന്നു കൃഷ്ണമേനോന്. 1924ല്‍ അദ്ദേഹം ലണ്ടനിലെത്തി. ഏതാണ്ട് മൂന്ന് ദശകക്കാലം ലണ്ടനില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥിയായും ഇന്ത്യാലീഗിന്റെ സെക്രട്ടറിയായും ലേബര്‍ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായും പെലിക്കണ്‍ ബുക്സ് എഡിറ്ററായും ഒടുവില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായുമൊക്കെയുള്ള കര്‍മ്മനിരതമായ പ്രവാസജീവിതം.
പ്രഭാഷണവേദികളിലെ പ്രചണ്ഡവാതം
ആസൂത്രിതമായൊരു രാഷ്ട്രീയ അട്ടിമറിയിലൂടെ 1962 നവംബറില്‍ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്നതുവരെയുള്ള വി.കെ കൃഷ്ണമേനോന്റെ ഇതിഹാസതുല്യമായ ജീവിതവും അസ്വസ്ഥപൂര്‍ണ്ണമായ പില്ക്കാല ചരിത്രവുമൊക്കെ ടി.ജെ.എസ് ജോര്‍ജ് ഈ പുസ്തകത്തിലൂടെ വസ്തുനിഷ്ഠമായും സുന്ദരമായും വരച്ചുകാട്ടിയിരിക്കുന്നു.
1950 കളില്‍ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം ഡല്‍ഹിയായിരുന്നില്ല, ബോംബെ ആയിരുന്നു. പ്രധാനികളെല്ലാംതന്നെ അവിടെ താമസിച്ചു. സ്വാധീനമുള്ള എല്ലാ പത്രങ്ങളും അവിടെ പ്രസിദ്ധീകരിച്ചു. എല്ലാ പ്രത്യയശാസ്ത്ര പോരാട്ടങ്ങളും അവിടെ നടന്നു. ഈ യുദ്ധവേദിയിലേക്കാണ് വി കെ കൃഷ്ണ മേനോന് വന്നുകയറിയത്.

കൃഷ്ണ മേനോന് ഒരു കോണ്‍ഗ്രസുകാരനും ജവഹര്‍ലാല്‍ നെഹ്റുവിന്റെ സുഹൃത്തും ആയിരുന്നു. എന്നാല്‍ ബോംബെയിലെ കോണ്‍ഗ്രസ് മേധാവികള്‍ അദ്ദേഹത്തെ എന്തുകൊണ്ടോ, ഒരു വഞ്ചകനായി കണ്ടു. ഒരു മനുഷ്യന് അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും മോശമായ കാര്യം - കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തുന്നതാണ്. അതോടെ ഒട്ടുമിക്കവര്‍ക്കും അദ്ദേഹം തൊട്ടുകൂടാത്തവനായി. എന്നിട്ടും 1957-ല്‍ കൃഷ്ണമേനോന് നോര്‍ത്ത് ബോംബെയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം, ആ വിജയം വികാരാധീനമായ രീതിയില്‍ ആവര്‍ത്തിച്ചു. ബോംബെയില്‍ പ്രാധാന്യമുള്ള എല്ലാവരുടെയും പിന്തുണയുള്ള ആചാര്യ കൃപലാനിയെയാണ് പരാജയപ്പെടുത്തിയത്.
ഒരു വലിയ ശതമാനം ആളുകള്‍ക്ക് വെറുക്കപ്പെട്ടവനായിരിക്കെതന്നെ മറുവിഭാഗത്തിന് പ്രിയങ്കരനായ നേതാവായി അദ്ദേഹം മാറിയതെങ്ങനെയെന്ന് അരനൂറ്റാണ്ടിലേറെ മുമ്പ് ടി. ജെ. എസ് ജോര്‍ജ് എഴുതിയ ജീവചരിത്രം വിവരിക്കുന്നു. ഒരുപക്ഷേ, ഇതായിരിക്കണം കൃഷ്ണ മേനോനെക്കുറിച്ചെഴുതിയ ആദ്യ ജീവചരിത്രഗ്രന്ഥവും.
അതിനുശേഷം ബോംബെയിലെ സുദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതം അവസാനിപ്പിച്ച് ജോര്‍ജ് പറ്റ്നയിലേക്ക് കടന്നു. ഫ്രീ പ്രസ്സ് ജേണല്‍ ഗ്രൂപ്പ് പത്രങ്ങളുടെ എഡിറ്റര്‍ സ്ഥാനം വിട്ടൊഴിയാന്‍ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായില്ല. സ്വതന്ത്രമായൊരു നിലപാട്. അതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെ നിലപാട്.

പറ്റ്നായില് പക്ഷേ, സാഹചര്യങ്ങള്‍ നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തിനും സ്വതന്ത്രമായ ധൈഷണീകജീവിതത്തിനും തികച്ചും പ്രതികൂലമായിരുന്നു. ബിഹാറിന് ആത്മാവിന് കൂച്ചുവിലങ്ങിട്ട രാഷ്ട്രീയ നേതാക്കള്‍. പാവങ്ങളെ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന മുട്ടാളാരായ പട്ടാളവും പോലീസും. നിയമവും നീതിയും ന്യായവും ശീതീകരണിയില്‍. കൃഷ്ണകുമാര്‍ ബിര്‍ള എന്ന കെ. കെ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള 'സേര്‍ച്ച് ലൈറ്റ്' പത്രം (പില്ക്കാലത്ത് ഹിന്ദുസ്ഥാന്‍ ടൈംസ്) അല്പമെങ്കിലും സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചിരുന്നു.
ജോര്‍ജ് അങ്ങനെ 'സേര്‍ച്ച് ലൈറ്റി'ല്‍ ചേര്‍ന്നു. വ്യവസായിയായ പത്രമുടമ, ലേഖകന്മാര്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നത് ജോര്‍ജ് പൂര്ണണമായും ഉപയോഗപ്പെടുത്തി.

1965-66ല്‍ ബിഹാറിനെ പിടിച്ചുകകലുക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം. സ്വേച്ഛാപ്രമത്തനായ കെ. ബി സഹായി മുഖ്യമന്ത്രി. പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ചെന്ന നേതാക്കളെ കാണാന്‍പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ ആജ്ഞ അനുസരിച്ച് കുട്ടികളെ സെക്രട്ടറിയേറ്റിന് മുന്നിലിട്ട് പോലീസ് നിഷ്കരുണം തല്ലിച്ചതച്ചു. ഇളകിമറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് വെടിവെച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയ ജോര്‍ജ് ഈ സംഭവം പിറ്റേ ദിവസത്തെ സേര്ച്ച്ലൈറ്റില് ഫോട്ടോയോടുകൂടി ഒന്നാം പേജില്‍ വലിയതലക്കെട്ടോടെ അച്ചടിച്ചു. 'Bloody scenes in Bihar' ഇതായിരുന്നു പിറ്റേന്നിറങ്ങിയ പത്രത്തില്‍ ജോര്‍ജ് ബാനര്‍ ഹെഡിംഗായി കൊടുത്തത്.

ചിഫ് എഡിറ്റര്‍മാരും റിപ്പോര്‍ട്ടേഴ്സും മുഖ്യമന്ത്രിയെ കണ്ട് തൊഴുത് അനുഗ്രഹം വാങ്ങണമെന്നുള്ള ബിഹാലെ വൃത്തികെട്ട പാരമ്പര്യത്തെയാണ് ടി. ജെ. എസ് ജോര്‍ജ് ചുരുട്ടിക്കൂട്ടി കൊട്ടയിലിട്ടത്. വിദ്യാര്‍ത്ഥിസമരം സംബന്ധിച്ച വാര്‍ത്തകളിലൂടെ അദ്ദേഹം അക്രമിയായ മുഖ്യമന്ത്രി സഹായിയെ അക്ഷരാര്‍ത്ഥത്തില്‍ കൂടയുകയായിരുന്നു. അതിന് ജോര്‍ജിന് കനത്ത വിലതന്നെ നല്‍കേണ്ടിയും വന്നു.

വാര്‍ത്ത വായിച്ച് കുപിതനായ മുഖ്യമന്ത്രി പിറ്റേന്നുതന്നെ ജോര്‍ജിനെ ഇരുമ്പഴികള്‍ക്കുള്ളിലാക്കി. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മേധാവിയെ തടങ്കലിലാക്കിയ ഈ വാര്‍ത്ത നാട്ടില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വി. കെ കൃഷ്ണമേനോന് ഡല്‍ഹിയിലിരുന്ന് ഗര്‍ജിച്ചു. അന്ന് പാര്‍ലമെന്റ് അംഗമായിരുന്ന എന്‍. ശ്രീകണ്ഠന് നായര്‍ വിവരമറിഞ്ഞ് പറ്റ്നയിലെത്തി. ജോര്‍ജും ശ്രീകണ്ഠന് നായരും ഉറ്റ ചങ്ങാതിമാരാണ്. ജോര്‍ജിന്റെ അറസ്റ്റില്‍ വേദനയില്കഴിഞ്ഞിരുന്ന ഭാര്യ അമ്മുവിനെ സ്വാന്ത്വനിപ്പിച്ചുകൊണ്ട് ശ്രീകണ്ഠന് നായര്‍ പറഞ്ഞു: 'ഭയപ്പെടാനൊന്നുമില്ല. രണ്ടുദിവസം ഞാനിവിടെ ഇങ്ങനെ കറങ്ങിനടക്കുന്നത് ഇവിടെയുള്ളവരൊന്നു കാണട്ടെ. പിന്നെയാരും ശല്യപ്പെടുത്താന്‍ വരില്ല...' ആറരയടി ഉയരമുള്ള കപ്പടാമീശക്കാരനായ ശ്രീകണ്ഠന് നായരെ കണ്ട് ബിഹാറിലെ പോലീസുകാര്‍ അമ്പരന്നുപോയതായി അമ്മു ജോര്‍ജ് അനുസ്മരിക്കുന്നു. വി.കെ കൃഷ്ണമേനോന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി കെ.ബി സഹായിക്കെതിരെ കേസ് ഫയല്‍ ചെയ്തു. 21 ദിവസത്തിനുശേഷം ജയില്‍ മോചിതനായി ജോര്‍ജ്.
അന്നത്തെ ആ ജയില്‍വാസത്തിന്റെ കാരണമെന്തായിരുന്നുവെന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം മകന് ജിത് തയ്യല്‍ ചോദിക്കുകയുണ്ടായി. (ജിത് ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരനാണ്. മാന്‍ ബുക്കര്‍ സമ്മാനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത നാര്‍ക്കോപോളിസ് എന്ന നോവല്‍ ഇദ്ദേഹത്തന്റെതാണ്. ബോംബെ ഓപിയം കേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ള സമ്പന്നവും ഭ്രമാത്മകവുമായ കഥയാണതില്‍ വിവരിച്ചിരിക്കുന്നത്.)

ടി.ജെ.എസ് ജോര്‍ജ് വിവരിച്ചതിങ്ങനെ.
പട്നയിലെ ജയിലിലായിരുന്നു ആദ്യരണ്ടാഴ്ച. പിന്നെ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍. എന്നും കത്തുകള്‍ എഴുതാന്‍ ഇഷ്ടപ്പെട്ടിരുന്ന ജോര്‍ജ് ഭാര്യ അമ്മുവിന് ജയിലിലെ ലെറ്റര്‍ പാഡില്‍ നിരന്തരം കത്തുകളെഴുതി. 1965 ഓഗസ്റ്റ് 14ന് അയച്ച ഒരു കത്ത് ജിത് തയ്യലിന് ഒരിക്കലം മറക്കാന്‍ കഴിയുകയല്ലെന്നാണ് പറയുന്നത്. അതെഴുതുമ്പോള്‍ ജോര്‍ജിന് കേവലം 37 വയസ്സുമാത്രം. ആ കത്ത് ഇങ്ങനെ തുടങ്ങുന്നു.
'ഈ കത്തെഴുതുന്ന പേജിന്റെ തലപ്പത്ത് ജയിലിന്റെ പേരുണ്ടല്ലോ. നമുക്ക് ഓര്മ്മിച്ചുവയ്ക്കാവുന്ന ഒരുഗ്രന്‍ രേഖയാകുമിത്. എന്നെ വീണ്ടും പറ്റ്നയിലെ ജയിലിലേക്ക് കൊണ്ടുപോകുകയാണെന്ന് പത്രങ്ങളില്‍ വായിച്ചു. കഷ്ടമായിപ്പോയി; പട്നയിലെ ആ നശിച്ച ചൂടിലേക്ക് പോകണമല്ലോ. മലമുകളിലുള്ള ഈ ജയില്‍ എനിക്കെന്തിഷ്ടമാണെന്നോ. ഇവിടെ വലിയൊരു പൂന്തോട്ടമുണ്ട്. ഞങ്ങള്‍ക്ക് പ്രത്യേകം മുറികളും അത്യാവശ്യം ഫര്‍ണിച്ചറുകളുമുണ്ട്. കുറച്ചുനാള്‍ കൂടി തടവ് നീട്ടിയാല്‍ എനിക്കൊരു പുസ്തകമെഴുതാന്‍ പോലും കഴിഞ്ഞേക്കും. പട്നയിലേക്ക് മാറിയാലുള്ള ഏക ഗുണം എനിക്കുനിന്നെ കാണാനാകുമെന്നുള്ളതാണ്. ജിത്തിനും ഷേബക്കും സുഖമല്ലേ? എനിക്കിവിടെ സുഖമാണെന്ന് അവരോട് പറയണം.'

അച്ഛന് പറഞ്ഞ വാക്ക് പാലിച്ചുവെന്നാണ് ജിത് പറയുന്നത്. പുസ്തകരൂപത്തില്‍ ഒരു ലേഖനം അദ്ദേഹം ജയിലിലിരുന്ന് എഴുതി. - ബിഹാര്‍ കലാപം: 1965ലെ മുന്നേറ്റത്തിന്റെ പഠനം- എന്ന പേരില്‍. ഒരു വിശകലനക്കുറിപ്പോടെയാണത് പ്രസിദ്ധീകരിച്ചത്. ജയില്‍ മോചിതനായ ഉടന്‍ അത് പ്രസിദ്ധീകരിക്കേണ്ടെന്നുവച്ചു. കാരണം ഒരു യുദ്ധത്തിന്റെ (പാകിസ്താനുമായി) വക്കിലായിരുന്നു രാജ്യം. ഒരു ഇന്ത്യാക്കാരനും സ്വന്തം രാജ്യത്തിനുനേരെ 'വിമര്‍ശനത്തിന്റെ വെളിച്ചം' തെളിക്കേണ്ട സമയമല്ലല്ലോ അത്. 'സേര്ച്ച്ലൈറ്റ് ഓഫ് ക്രിട്ടിസിസം' എന്ന വാക്കാണ് വിമര്‍ശനത്തിന്റെ വെളിച്ചം എന്ന അര്‍ഥത്തില്‍ ജോര്‍ജ് ഉപയോഗിച്ചത്.

ജയിലില്‍ അടച്ചാല്‍ ടി.ജെ.എസ് ജോര്‍ജിന്റെ ലക്ഷ്യബോധം നശിപ്പിക്കാമെന്ന് കരുതിയ മുഖ്യമന്ത്രി കെ.ബി സഹായിക്ക് തെറ്റി. ജയില്‍വാസം അദ്ദേഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ആ ലേഖനം അവസാനിപ്പിച്ചത് നല്ലൊരു പ്രയോഗത്തോടുകൂടിയായിരുന്നു: 'സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരില്‍ നിന്ന് ജനാധിപത്യത്തെക്കുറിച്ചോ, രാജ്യത്തിന്റെ നാളെയെക്കുറിച്ചോ കാര്യമായ താല്പര്യം പ്രതീക്ഷിച്ചിട്ട് കാര്യമില്ല: നദിയിലെ ജലത്തിന് അതിന്റെ ഉറവയ്ക്ക് മുകളിലേക്ക് വളരാനാകില്ലല്ലോ?
ജയിലില്നിന്നിറങ്ങിയപ്പോഴേക്കും ജോര്‍ജ് ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. എഡിറ്റോറിയല്‍ പ്രൊഡക്ഷന്‍ ടെക്നിക്സ് വിദഗ്ധന്‍ എന്ന നിലക്ക് ഇതിനിടെ ജോര്‍ജിന് ഇന്റര്‍നാഷ്നല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ഷണമനുസരിച്ച് ഏതാനും മാസങ്ങള്‍ അമേരിക്കയിലെ പെന്‍സില്‍വാനിയായിലും സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിലും ഐക്യരാഷ്ട്രസഭയുടെ പി-ഫൈവ് പ്രൊഫഷന്‍സ് പദ്ധതിയുടെ സ്പഷ്യലിസ്റ്റ് റൈറ്റര്‍ എന്ന നിലയ്ക്ക് ഒരു വര്‍ഷം ന്യൂയോര്‍ക്കിലും ചിലവഴിക്കാന്‍ അവസരം ലഭിച്ചു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ജോര്‍ജിന് ഏറെ ഒഴിവുസമയം കിട്ടി. നാടിന്റെ ബഹളങ്ങളില്‍ നിന്ന് മോചനം ലഭിച്ച നിമിഷങ്ങള്‍. തന്റെ മനസ്സിനെ ഏറെ ആകര്‍ഷിച്ച വിയറ്റ്നാമിലെ ജനതയെക്കുറിച്ച് അദ്ദേഹം ന്യൂയോര്‍ക്കിലിരുന്നുകൊണ്ട് മനോഹരമായൊരു പുസ്തകം മലയാളഭാഷയിലെഴുതി. -'ഹോചിമിന്റെ നാട്ടില്‍' എന്നായിരുന്നു ആ കൃതിയുടെ പേര്. ബ്ളിറ്റ്സ് വാരികയുടെ ലേഖകന്‍ എ.രാഘവനും ജോര്ജിനോെേടാപ്പം ന്യൂയോര്‍ക്കിലുണ്ടായിരുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ക്ക് ജോര്‍ജ് പിന്നീട് ഏറെ നാളുകള്‍ ദൃക്സാക്ഷിയായി. അതിന്റെ തുടക്കം എന്നനിലയ്ക്ക് നടത്തിയ വിയറ്റ്നാം സന്ദര്‍ശനത്തെക്കുറിച്ച് ഋജുവും സരളവുമായി എഴുതിയ സഞ്ചാരക്കുറിപ്പുകളാണ് 'ഹോചിമിന്റെ നാട്ടില്‍'

സാമ്രാജ്യത്വ ശക്തികളാല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ധീരതപുതഞ്ഞ സ്വപ്നഭൂമി. അദ്ദേഹത്തിന്റെ ബിംബകല്പന നോക്കുക.
'....അറബിക്കടലില്‍നിന്നു പറച്ചെടുത്ത് തെക്കന്‍ ചൈന സമുദ്രത്തില്‍ നട്ട ഒരു കൊച്ചുകേരളമാണ് വിയറ്റ്നാം. നാണം മാറാത്ത നാട്. പച്ചവിരിച്ച പാടങ്ങളും വെള്ളയുടുത്ത ജനങ്ങളും. എങ്ങും ഒരു കളങ്കമില്ലായ്മ, വശീകരണശക്തിയുള്ള ഒരു സാധാരണത്തം. സായാഹ്നസൂര്യന്റെ വെളിച്ചത്തില്‍ തടാകങ്ങള്‍ വെട്ടിത്തിളങ്ങുന്നു. കൃഷിയിറക്കിയ മലഞ്ചരിവുകളും വളഞ്ഞൊഴുകുന്ന പുഴകളും പ്രശാന്തി കുറിച്ചു.'
വിയറ്റ്നാമീസ് സഖാക്കളോട് സ്നേഹനിര്‍ഭരമായ വിടവാങ്ങല്‍.
'ഷെ ഗട് നൗ'
'ഷെ ഗട് നൗ' (വരട്ടെ വീണ്ടും കാണാം)
പത്രപ്രവര്‍ത്തനം ഒരു ലഹരിയായി നാഡീവ്യൂഹങ്ങളില്‍ പടര്‍ന്ന അക്കാലത്ത് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ അതിഥിയായി ജോര്‍ജ് കെയ്റോയിലുമെത്തി. ലോറന്‍സ് ഡ്യൂറല്‍ അനശ്വരമാക്കിയ അലക്സാണ്ട്രിയ. അറബിരാജ്യങ്ങളെക്കുറിച്ചും അറബ് ജനതയെക്കുറിച്ചും സ്പഷ്യലൈസ് ചെയ്യണമെന്ന അദമ്യമായ മോഹം ഉള്ളില്‍ സൂക്ഷിച്ച ജോര്‍ജിന് ഈജിപ്ഷ്യന്‍ പര്യടനം ആ പ്രോജക്റ്റിന്റെ ആദ്യ ചുവടുവയ്പായി.
എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ ആ ശ്രമം അപൂര്‍ണ്ണമായി. ആകസ്മിതകമായ ദശാസന്ധി എന്ന് ജോര്‍ജ് അതിനെ വിശേഷിപ്പിക്കുന്നു. തെക്കുകിഴക്കനേഷ്യയാണ് ജോര്‍ജ് പഠനവിഷയമാക്കിയത്. അതാകട്ടെ പില്ക്കാല വിദൂര പൂര്വ്വദേശവാസത്തിന് സഹായകവുമായി.
ജോര്‍ജിന്റെ പത്രപ്രവര്‍ത്തന ജീവിതം പുതിയ മേഖലകളിലേക്ക് തിരിയുകയായി. ബോംബെയിലെ താജ് ഹോട്ടലില്‍ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു സുഹൃത്ത് ജോര്‍ജിനെ ഹോങ്കോങ്ങിലേക്ക് ക്ഷണിച്ചു. ആറുമാസത്തെ ജോലി സ്വീകരിക്കാന്‍ സന്നദ്ധമാണോ എന്നായിരുന്നു ചോദ്യം. ഉടനത് സമ്മതിക്കുകയും ചെയ്തു. നീണ്ട 14 സംവത്സരക്കാലത്തെ പൂര്‍വേഷ്യന്‍ പ്രവാസ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!