ദ്രവിച്ചതും തകരുന്നതുമായ തോട്ടപ്പളളി ഷട്ടറുകൾ, കുട്ടനാട്ടിലേക്ക് ഉപ്പുവെളളം കയറുമ്പോൾ
മണൽ നീക്കി ആഴം കൂട്ടുന്നത് അടക്കമുളള നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ആദ്യം ചെയ്യേണ്ടിയിരുന്നത് ഷട്ടറുകൾ പ്രവർത്തന യോഗ്യമാക്കുകയായിരുന്നു.
തോട്ടപ്പളളി സ്പിൽവേ എന്നൊരു വലിയ ആശങ്കയുടെ നടുവിലാണ് കുട്ടനാട്ടിലെ കർഷകർ. തോട്ടപ്പളളിയിലെ കരിമണൽ ഖനനം തീരദേശവാസികളെ വലക്കുന്നേരം സ്പിൽവേയിലെ ഷട്ടറുകളിൽ ഒരെണ്ണം തകർന്നതും പലതിന്റെയും കാലപ്പഴക്കവും ഏറെ തിരിച്ചടിയാകുന്നത് കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകർക്കാണ്. കഴിഞ്ഞ ദിവസം നാൽപ്പത് ഷട്ടറുകളിൽ ഒരെണ്ണം തകർന്ന് വീഴുന്നതിന് മുൻപ് തന്നെ കരിനിലങ്ങളിൽ ഉപ്പുവെളളത്തിന്റെ അളവ് കൂടിയിരുന്നു. ഏഴാം നമ്പർ ഷട്ടർ തകർന്നതോടെ വലിയ തോതിലാണ് ഓരുജലം കനാലിലേക്ക് ഇറങ്ങിയത്. താത്കാലികമായി ഷട്ടർ തട്ടിലേക്ക് കയറ്റിയെങ്കിലും നല്ലത് പോലെ താഴാത്തതും തിരിച്ചടിയായി. കുട്ടനാടിനെ വെളളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാനായി നിർമ്മിച്ച സ്പിൽവേയിലെ ഷട്ടറുകൾക്ക് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും തീരത്ത് വലിയ വീതിയിൽ ഇപ്പോൾ പൊഴി തുറന്ന് വെച്ചിരിക്കുന്നതും കുട്ടനാടിനെ ഗുരുതരമായ അവസ്ഥയിലേക്കാകും എത്തിക്കുക എന്നാണ് വിദഗ്ധരും കർഷകരും അടക്കമുളളവർ ഏഷ്യാവില്ലിനോട് വ്യക്തമാക്കുന്നത്.
നല്ല മഴ വരാനിരിക്കുന്നതേയുളളൂ. സ്പിൽവേയിലെ ഷട്ടറുകൾക്ക് ഇപ്പോൾ പകുതി ഉയരമേ ഉളളൂവെന്ന കാര്യം നമ്മൾക്ക് അറിയാം. നിലവിലെ അവസ്ഥയിൽ ഷട്ടറുകൾ അടച്ചിട്ടാലും തുറന്നുവെച്ചാലും കടലിൽ നിന്നുളള ഉപ്പുവെളളം കയറാനുളള സാധ്യത വളരെ കൂടുതലാണെന്ന് രാജ്യാന്തര കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ജി പദ്മകുമാർ പറഞ്ഞു. മണൽ നീക്കി ആഴം കൂട്ടുന്നത് അടക്കമുളള നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ആദ്യം ചെയ്യേണ്ടിയിരുന്നത് ഷട്ടറുകൾ പ്രവർത്തന യോഗ്യമാക്കുകയായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് ഉണ്ടായില്ല. ഇപ്പോൾ തന്നെ പാടശേഖരങ്ങളിൽ ഉപ്പുവെളളമെത്തി. നെൽക്കൃഷി നടക്കണമെങ്കിൽ വെളളത്തിന്റെ ഉപ്പിന്റെ അളവ് രണ്ട് പിപിടിയിൽ താഴെയാകണം. എന്നാൽ കഴിഞ്ഞ ദിവസം തോട്ടപ്പളളിയിലെ വെളളത്തിൽ ഉപ്പിന്റെ അളവ് 10 പിപിടി ആയിരുന്നു. പുറക്കാട് മേഖലയിലെ കരിനിലങ്ങളിലെ കൃഷിയെ ഇത് ബാധിക്കും. തോട്ടപ്പളളി സ്പിൽവേയിലെ ഷട്ടറുകൾ യഥാസമയം അടയ്ക്കാത്തതിനാലാണ് ഇത്രയധികം ഓരുജലം കയറിയത്. കൂടാതെ ഷട്ടർ അടച്ചാലും ഏറ്റം വരുന്നേരം മുകളിലൂടെ വെളളം കയറുന്ന അവസ്ഥയാണ് ഇപ്പോഴെന്നും പദ്മകുമാർ വിശദമാക്കുന്നു.

കുട്ടനാട് ഡെവലപ്പ്മെന്റ് സ്കീമിന്റെ ഭാഗമായിട്ട് 1956ലാണ് തോട്ടപ്പളളി സ്പിൽവേ ചാനലും തോട്ടപ്പളളിയെയും പുറക്കാടിനെയും ബന്ധിപ്പിക്കുന്ന പാലവും ഉദ്ഘാടനം ചെയ്യപ്പെട്ടത്. വർഷകാലത്ത് കുട്ടനാട്ടിൽ നിന്നുളള പെയ്ത്ത് വെളളം സ്പിൽവേയിലെ 40 ഷട്ടറുകളിലൂടെയാണ് കടലിലേക്ക് ഒഴുക്കി കളയുന്നത്. കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ ഇതിൽ പല ഷട്ടറുകളും പ്രവർത്തിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ പണിയായി മാറി. ഇത്തവണ മെയിൽ തുറന്ന സ്പിൽവേയിലെ ഷട്ടറുകളെല്ലാം അടക്കുന്നത് ഓരുജല ഭീഷണിയെന്ന ആശങ്ക കർഷകർ പങ്കുവെച്ചപ്പോഴാണ്. ആദ്യം 20 എണ്ണവും പിന്നീട് 20 എണ്ണവും എന്ന രീതിയിലാണ് ഷട്ടറുകൾ അടച്ചത്. ആദ്യം അടച്ച 20 ഷട്ടറുകളിൽ 12 ഷട്ടറുകളുടെ മോട്ടോറുകൾ തകരാറിലായതിനാൽ മറ്റ് ഷട്ടറുകളുടെ മോട്ടോറുകളിൽ നിന്ന് കണക്ഷൻ വയർ വലിച്ചാണ് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് ഷട്ടറുകൾ താഴ്ത്തിയത്. ഇതിനിടെ ജോലിക്കാരിൽ രണ്ട് പേർക്ക് ഷോക്കേറ്റെങ്കിലും തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. എല്ലാ ഷട്ടറുകളുടെയും കോർണർ ആംഗിളുകൾ തകരാറിലാണ്. 12 ഷട്ടറുകളുടെ റോപ്പുകൾ പ്രവർത്തിക്കുന്നില്ല. കേബിളുകൾ മോഷണം പോയിട്ട് പകരം സ്ഥാപിച്ചിട്ടുമില്ല.
മുഴുവൻ ഷട്ടറുകളും അടച്ചതിന് പിന്നാലെയാണ് ഏഴാം നമ്പർ ഷട്ടർ തകർന്ന് വീണത്. ഈ ഷട്ടർ താൽക്കാലികമായി തട്ടിലേക്ക് കയറ്റി. ക്രെയിനിന്റെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെയാണ് ഷട്ടർ തട്ടിൽ കയറ്റിയത്. ഇതിനിടെ റോപ്പ് പൊട്ടിയത് അടക്കമുളള പ്രതിസന്ധികളും ഉണ്ടായി. കൂടാതെ ദേശീയ ഹൈവേ കടന്നുപോകുന്ന രണ്ട് കരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം മുടങ്ങി. എന്നാൽ നല്ലതുപോലെ ഷട്ടർ താഴാത്തതിനാൽ ഈ സമയത്തൊക്കെ ഉപ്പുകലർന്ന കടൽവെളളം കനാലിലേക്ക് ഒഴുകുകയായിരുന്നു. ഇരുഭാഗത്തും മണൽചാക്ക് അടുക്കി ഓരുജലത്തെ തടഞ്ഞ് നിർത്താനാണ് മെക്കാനിക്കൽ വിഭാഗവും ശ്രമിക്കുന്നത്. ഷട്ടറിനൊപ്പം കോൺക്രീറ്റുകളും ഇളകി പോയിരുന്നു. ഇത് ബലപ്പെടുത്താനുളള ശ്രമവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

ജലസേചന വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സ്പിൽവേയിലെ ഷട്ടറുകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് മുൻ അധ്യാപകനും തോട്ടപ്പളളിയിലെ ഖനനവിരുദ്ധ സമരസമിതി ചെയർമാനുമായ എസ് സുരേഷ് കുമാർ പറയുന്നത്. സ്പില്‍വേ ബ്രിഡ്ജിലെ ഒരു ഷട്ടര്‍ പോലും നേരാവണ്ണം ഉയര്‍ത്താനോ, താഴ്ത്താനോ കഴിയില്ല. ഇപ്രാവിശ്യം പ്രതീക്ഷിക്കാതെ ന്യൂനമര്‍ദ്ദം വന്നപ്പോള്‍ ദുരന്ത നിവാരണ സേനയാണ് അഴിമുഖം മുറിച്ചത്. അഴിമുഖം മുറിച്ചശേഷവും ഈ ഷട്ടറുകൾ തുറക്കാൻ സാധിക്കുന്നില്ല. ഒടുവിൽ ജെസിബി കൊണ്ടുവന്നാണ് ഷട്ടറുകൾ തുറന്നത്. ഇപ്പോഴത്തെ ഈ അവസ്ഥ മൂലം ആദ്യം തകരുന്നത് കുട്ടനാട് ആയിരിക്കും. ഓരുവെളളം കൊണ്ട് കൃഷി നശിക്കും. കൂടാതെ താറാവ് കൃഷിക്കാർക്ക് അടക്കം ഇത് തിരിച്ചടിയാണ്.
തോട്ടപ്പളളി എന്നുപറയുന്നത് അഴിമുഖമല്ല, പൊഴിമുഖമാണ്. കുട്ടനാട്ടിൽ വെളളം കയറുമ്പോൾ ആളുകൾ തന്നെയാണ് സാധാരണയായി പൊഴിമുഖത്തെ മണ്ണ് നീക്കി കടലിലേക്ക് തുറന്നുവെക്കുന്നത്. അവിടുത്തെ വെളളം ഇറങ്ങി രണ്ട് മൂന്ന് മാസം കഴിയുമ്പോൾ കടൽ തന്നെ തീരത്തെ ഈ വിടവ് മണൽകൊണ്ട് അടയ്ക്കും. ഏതെങ്കിലും കാരണവശാല്‍ പൊഴി അടഞ്ഞില്ലെങ്കില്‍ കോണ്‍ട്രാക്ട് പിടിച്ചിരിക്കുന്ന ആള്‍ക്ക് അത് അടക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. ഇതാണ് ഇവിടെ നിലനിന്ന് പോന്നിരുന്ന സിസ്റ്റം. എന്നാൽ തീരത്ത് നിന്ന് അനിയന്ത്രിതമായി കരിമണൽ എടുക്കുക എന്ന ഉദ്ദേശത്തോടെ സർക്കാരും കമ്പനികളും നീങ്ങിയതോടെ പൊഴിമുഖം തുറന്നുവെച്ചത് 370 മീറ്ററോളം വീതിയിലാണ്. ഇതോടെ ഇനിയുണ്ടാകുന്ന ശക്തമായ കടൽ ക്ഷോഭത്തിലും വേലിയേറ്റത്തിലും ബാക്കിയുളള ഷട്ടറുകളും തകരും. പാലത്തിന്റെ ബലക്ഷയത്തിനും ഇത് കാരണമാകുമെന്ന് സുരേഷ് കുമാർ പറഞ്ഞു.

അടഞ്ഞുകിടക്കുന്ന ഷട്ടറുകളുടെ മുകളിലൂടെ വേലിയേറ്റ സമയത്ത് ഓരുജലം കനാലിലേക്ക് ഇറങ്ങുന്നത് രണ്ടാംകൃഷിക്ക് ഒരുങ്ങിയിരിക്കുന്ന കർഷകരുടെ നെഞ്ചിൽ തീ വാരിയിട്ട് കൂടിയാണ്. കടൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. കൂടാതെ പൊഴിമുഖത്തിന്റെ വീതിയും കൂടുതലാണ്. പുറക്കാട് കരിനില വികസന ഏജൻസിക്ക് കീഴിലെ 42 പാടശേഖരങ്ങളിലായി 9000 ഏക്കർ സ്ഥലത്ത് ഓരുജലം എത്തിയതായി കർഷകർ പറയുന്നു. കൃഷിവകുപ്പ് നടത്തിയ പരിശോധനയിലും ഓരുജല സാന്നിധ്യം കൂടുതലാണ്. പാടശേഖരങ്ങളിൽ ഓരുജലത്തിന്റെ അളവ് 36 മില്ലിസീമെൻസിന് മുകളിലാണ്. അളവ് രണ്ടിന് മേലെ ആയാൽ നെൽവിത്ത് മുളയ്ക്കില്ല. വളരെ ചുരുക്കം പാടശേഖരങ്ങളിൽ മാത്രമാണ് വിത നടന്നിട്ടുളളത്. മറ്റ് പാടശേഖരങ്ങളിൽ വിത നടത്താൻ കർഷകർ തയ്യാറായിട്ടില്ല. ലീഡിങ് ചാനലിലും ടിഎസ് കനാലിലും ഓരുജലം നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.
നിരവധി വെല്ലുവിളികൾ നേരിട്ടാണ് കർഷകർ ജീവിക്കാനായി രണ്ടാംകൃഷിക്ക് തയ്യാറാകുന്നത്. അതിനിടയിൽ ഓരുവെളളം കൂടി വരുമ്പോൾ പാവം കർഷകർ എന്തുചെയ്യുമെന്നാണ് പുറക്കാട്ടെ കർഷകനായ അനിയൻ ചോദിക്കുന്നത്. മഴയും കാറ്റും ഭീഷണി ഒരുവശത്ത്, ബാക്കി എല്ലാം അനുകൂലമായാലും ചിലപ്പോ വിളവ് മോശമാകുന്ന സാഹചര്യങ്ങളും മുൻപുണ്ടായിട്ടുണ്ട്. ഇതിന് പുറമെ ഉപ്പുവെളളം കൂടി വന്നാൽ നഷ്ടക്കണക്ക് മാത്രമായിരിക്കും കൃഷിക്കാർക്ക് ഉണ്ടാകുക. ഉപ്പുവെളളം വന്നാൽ നമ്മൾക്ക് അറിയാൻ കഴിയും. വെളളം തെളിഞ്ഞുവന്നാൽ ഉപ്പുവെളളം കേറി എന്നാണ്. ഇപ്പോൾ ചിലയിടത്ത് മാത്രമാണ് വിതച്ചിരിക്കുന്നത്. കൂടുതൽ കർഷകരും വിതയ്ക്കാൻ തയ്യാറായിട്ടില്ല.

ഉപ്പുവെളളം കേറിയ പാടശേഖരങ്ങളിലെ നെല്ല് കാണാൻ നല്ലതൊക്കെ ആയിരിക്കും. എന്നാൽ അതിന് തൂക്കം ഉണ്ടാകില്ല. മില്ലുകാർ കിഴിവ് കൂട്ടുകയും ചെയ്യും. പലപ്പോഴും രണ്ടാം കൃഷിയിലെ കൊയ്ത്ത് കാലങ്ങളിൽ ഇതെല്ലാം സംഭവിക്കാറുളളതാണ്. ഇൻഷുറസിന്റെ കാര്യങ്ങളും മാനദണ്ഡങ്ങളുമാണെങ്കിൽ കർഷകരെ സഹായിക്കാൻ വേണ്ടിയല്ല. എങ്ങനെ പൈസ കൊടുക്കാതിരിക്കാം എന്നാണ് അവരും നോക്കുന്നത്. കുട്ടനാട്ടിലെ കർഷകർക്കും തോട്ടപ്പളളിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഇവിടെ എല്ലാവരെയും പോലെ ജീവിക്കാനുളള അവകാശമുണ്ട്. സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് വേണ്ട നടപടികൾ ചെയ്യണമെന്നും അനിയൻ പറഞ്ഞു
തീരത്ത് നിന്ന് കൂടുതൽ മണൽ എടുത്തതോടെ കടൽ ഇങ്ങ് അടുത്തുവന്നു. തിരകൾ ഉൾപ്പെടെ കേറി വീശാൻ തുടങ്ങി. ഇത് ഷട്ടറുകളെ പ്രതികൂലമായി ബാധിക്കുമെന്ന് പദ്മകുമാർ പറഞ്ഞു. ജൂൺ 30 മുതൽ അഞ്ച് ദിവസത്തേക്ക് ഉപ്പുവെളളത്തിന്റെ പ്രയാസം ഉണ്ടാകില്ല. അത് കഴിയുമ്പോൾ വീണ്ടും കൂടി തുടങ്ങും. അടിയന്തരമായിട്ടാണ് നടപടികൾ കൈക്കൊളേളണ്ടത്. കൃഷിയെ ഇത് ബാധിക്കും. തോട്ടപ്പളളി സ്പിൽവേയിലെ ഷട്ടറുകൾ യഥാസമയം അടയ്ക്കാത്തതിനാലാണ് ഇത്രയധികം ഓരുജലം കയറിയതെന്നും പദ്മകുമാർ വിശദമാക്കി.

ഷട്ടറുകൾ കൃത്യമായി പ്രവർത്തന യോഗ്യമാക്കിയാൽ മാത്രമാണ് ഓരുവെളള ഭീഷണിയിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാൻ കഴിയുക എന്നാണ് മറ്റ് വിദഗ്ധരും പറയുന്നത്. മുകൾ ഭാഗത്ത് കൂടി ഓരുവെളളം കയറുന്ന നിലയിലാണ് ഷട്ടറുകൾ ഇപ്പോൾ നിർമ്മിച്ചിട്ടുളളത്. കടലിൽ നിന്നുളള വെളളം കുട്ടനാടിലേക്ക് കടക്കാൻ കഴിയാത്ത വിധത്തിൽ പൂർണമായും പ്രതിരോധിക്കുന്ന വിധത്തിൽ ഉയരം കൂടിയ ഷട്ടറുകൾ പുനർനിർമ്മിക്കണം. വീയപുരം മുതലുളള ലീഡിങ് ചാനലിന്റെ ആഴം കൂട്ടുകയും ജലവാഹക ശേഷി വർധിപ്പിക്കുകയും വേണം. എന്നാൽ വീയപുരം മുതൽ തോട്ടപ്പളളി വരെയുളള ലീഡിങ് ചാനലിൽ ആഴം കൂട്ടുന്ന പദ്ധതിയോ മറ്റ് പദ്ധതികളോ നടപ്പാക്കുന്നതിന് പകരം തോട്ടപ്പളളി പൊഴിമുഖത്തെ മണൽ നീക്കുന്ന ജോലി മാത്രമാണ് ജലസേചന വകുപ്പ് കാര്യമായി ചെയ്യുന്നതെന്നാണ് ഇവരുടെ വിമർശനവും. ബാക്കി ഷട്ടറുകളും ഓരുജലം ഒഴുകി എത്തുന്ന സമ്മർദ്ദത്താൽ തകരാൻ സാധ്യതയുണ്ടന്ന ആശങ്കയും തോട്ടപ്പളളിയിലുണ്ട്. അതേസമയം ഷട്ടറുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് 3.35 കോടി രൂപയുടെ കരാർ ജൂൺ 30ന് തുറക്കുമെന്നും എന്നാൽ കരാർ തുറന്നാലും ഈ സീസണിൽ ഷട്ടർ നവീകരണം ഉണ്ടാകില്ലെന്നുമാണ് അറിയാൻ കഴിയുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എലിവേറ്റഡ് ഹൈവേയല്ല, നീരൊഴുക്ക് കൂട്ടാനുളള നടപടിയാണ് കുട്ടനാടിന് ആദ്യം വേണ്ടത്; ഡോ. കെ.ജി പദ്മകുമാർ അഭിമുഖം- 2
രണ്ടാം കൃഷിക്ക് മുൻപെ വെളളപ്പൊക്കം; കർഷകരുടെ വെല്ലുവിളികൾ എന്തെല്ലാം
കുട്ടനാട്ടിൽ ഭൂമി താഴുന്നു, ഉപ്പുരസം കൂടുന്നു; രണ്ട് പ്രളയത്തിൽ നിന്നും നമ്മൾ പഠിച്ചില്ല | ഡോ. കെ.ജി പദ്മകുമാർ അഭിമുഖം -1
കരിമണൽ കമ്പനികൾ തീരം വിടണം; തോട്ടപ്പളളിയിൽ അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹം, പിന്തുണച്ച് എഐടിയുസി നേതൃത്വം