72 ദിവസം പിന്നിടുന്ന തോട്ടപ്പളളി സമരം; കരിമണൽ ഖനനത്തിന്റെ കരാർ, നിയമ ലംഘനങ്ങൾ ഇങ്ങനെ
തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിലൂടെ 11,500 കിലോയിൽ അധികം ഭാരമുള്ള വാഹനങ്ങൾ സഞ്ചരിയ്ക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ 45 ടണ്ണിൽ അധികം കരിമണ്ണ് നിറച്ച വാഹനങ്ങളാണ് തലങ്ങും വിലങ്ങും പായുന്നത്.
എല്ലാ വ്യവസ്ഥകളും ലംഘിച്ചുളള കരിമണൽ ഖനനം ഒരു നാടിനെ സമരമുഖത്തേക്ക് ഇറക്കിയിട്ട് 72 ദിവസം പിന്നിടുകയാണ് തോട്ടപ്പളളിയിൽ. തിരുവോണ ദിവസം ഇലയിൽ കരിമണൽ നിറച്ച് പട്ടിണി സമരമാണ് തീരത്ത് അരങ്ങേറുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കരിമണൽ വിരുദ്ധ ഏകോപന സമിതി തോട്ടപ്പളളിയിൽ നടത്തുന്ന സമരത്തിൽ വ്യത്യസ്ത പ്രതിഷേധ രീതികളാണ് അരങ്ങേറിയത്. തീരത്ത് തൈ നടലും കടലമ്മയ്ക്ക് പൊങ്കാലയിടലും കളക്ട്രേറ്റ്, സെക്രട്ടറിയേറ്റ് മാർച്ചുമെല്ലാം അവയിൽ ചിലത് മാത്രം. ലാത്തിച്ചാർജ് അടക്കം പലതും അരങ്ങേറിയിട്ടും സമരം നാൾക്കുനാൾ ശക്തമാകുകയാണ്. കരിമണൽ കൊണ്ടുപോകുന്നതിന് കെഎംഎംഎല്ലും ജലസേചന വകുപ്പും ചേർന്ന് ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിലാണ് തോട്ടപ്പളളിയിൽ കാര്യങ്ങൾ നടക്കുന്നതെന്ന് ഏകോപന സമിതി നേതാക്കൻമാരും ജനങ്ങളും ഏഷ്യാവില്ലിനോട് പറഞ്ഞു.
കരാർ വ്യവസ്ഥ പ്രകാരം മണലെടുക്കുന്ന സ്ഥലത്ത് നിന്ന് തൂക്കി ഭാരം എഴുതിയ പാസുമായാണ് ലോറികൾ പോകേണ്ടത്. നാളിതുവരെ സ്ഥലത്ത് വേ ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല. തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലൂടെ 11,500 കിലോയിൽ അധികം ഭാരമുള്ള വാഹനങ്ങൾ സഞ്ചരിയ്ക്കാൻ പാടില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമം. എന്നാൽ 40,000 മുതൽ 45,000 കിലോയിൽ അധികം കരിമണ്ണ് നിറച്ച വാഹനങ്ങളാണ് തലങ്ങും വിലങ്ങും പായുന്നത്. ഇതിന് പുറമെ മണല്‍ കൊണ്ടുപോകുന്നത് രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണിവരെ മാത്രമായിരിക്കണമെന്നും വാഹനത്തില്‍ അമിത ഭാരം പാടില്ലെന്നും മണല്‍ തോട്ടപ്പള്ളിയില്‍ വെച്ച് തൂക്കി കൊണ്ടുപോകണമെന്നും കരാറിലുണ്ട്. ഇതൊന്നും തോട്ടപ്പളളിയിൽ പാലിക്കപ്പെടുന്നില്ല. പരിസ്ഥിതി ആഘാതമോ മലിനീകരണമോ ഉണ്ടാക്കിയാല്‍ കരാര്‍ റദ്ദുചെയ്തു നഷ്ടപരിഹാരം ഈടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ തീരത്ത് ഉണ്ടാക്കിയ വലിയ പരിസ്ഥിതി ആഘാതമോ, അതിന്റെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ചോ അധികൃതർ ചിന്തിക്കുന്നില്ലെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു. ദിവസേന നീക്കം ചെയ്യുന്ന മണലിന്റെ പകുതി കണക്ക് മാത്രമാണ് സർക്കാരിന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നതെന്നും ഇവർ ആരോപിക്കുന്നു.

കുട്ടനാട്ടിലെ വെളളപ്പൊക്കം പരിഹരിക്കാൻ തീരത്തെ കുറച്ച് മണൽ മാറ്റുന്നു എന്ന് പറഞ്ഞാണ് സർക്കാർ നടപടികൾ തുടങ്ങിയത്. ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. പടുകൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ചുളള ഖനനമാണ് ഇവിടെ നടത്തുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണിത് ചെയ്യുന്നതെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ജനറൽ കൺവീനർ ആർ. അർജുനൻ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു. കുട്ടനാട്ടിലെ വെളളപ്പൊക്കം ഒഴിവാക്കാനുളള മണൽനീക്കമല്ല ഇപ്പോൾ ഇവിടെ നടക്കുന്നത്, കരിമണൽ ഖനനമാണെന്നത് വളരെ വ്യക്തമാണ്. ഹൈക്കോടതി നിര്‍ദേശം തന്നെ ഇവിടെ നിന്ന് കൊണ്ടുപോകുന്ന മണല്‍ അവിടെ വേവിങ് മെഷീന് സ്ഥാപിച്ച് അളന്ന് തിട്ടപ്പെടുത്തണമെന്നാണ്. കൂടാതെ വേയ്ബ്രിഡ്ജ് സ്ഥാപിച്ച് അവിടെ അതിന്റെ അളവ് സൂക്ഷിക്കണമെന്നുമുണ്ട്. ഇത്തരം പരിപാടികളൊന്നും ഇവിടെ നടക്കുന്നില്ല. പിന്നെ അവധി ദിവസങ്ങളില്‍ ഖനനം പാടില്ലെന്നതടക്കമുളള ഒരു ചട്ടങ്ങളും നിയമങ്ങളും ഇവിടെ പാലിക്കുന്നില്ല. അഞ്ച് മണി വരെയെ ഖനനം പാടുളളൂ എന്നുമുണ്ട്. ഇതൊന്നും പാലിക്കാതെ പരമാവധി മണല്‍ ഇവിടെ നിന്നും കടത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്ക്. നിരവധി വ്യത്യസ്തവും ശക്തവുമായ സമരരീതികളിലൂടെ ജനകീയമായുളള ചെറുത്തുനിൽപ്പ് കൂടുതൽ കരുത്ത് ആർജിച്ചിരിക്കുകയാണ് ഇപ്പോഴെന്നും അർജുനൻ പറയുന്നു.
തീരപരിപാലന നിയമം ലംഘിച്ച് തോട്ടപ്പളളിയിൽ സർക്കാർ മുൻകയ്യിൽ നടക്കുന്ന കരിമണൽ ഖനനം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഏകോപന സമിതിയുടെയും നാട്ടുകാരുടെയും ആവശ്യം. കുട്ടനാട്ടിലെ വെളളപ്പൊക്കത്തിന്റെ പേര് പറഞ്ഞാണ് സർക്കാർ തോട്ടപ്പളളിയുടെ തീരം കവരുന്നത്. ദിവസം തോറും നൂറിലേറെ ടിപ്പർ ലോറികളിലായാണ് ലോക്ക്ഡൗൺ കാലത്ത് അടക്കം തീരത്തിന്റെ രണ്ട് കരകളിൽ നിന്നും മണൽ കടത്തിയത്. ആദ്യം വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ചെറുതോടുകളിൽ അടിഞ്ഞിട്ടുളള എക്കലും മണലും മാറ്റുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ കുട്ടനാട്ടിൽ നിന്ന് അടക്കമുളള സ്വാഭാവികമായുളള ജല ഒഴുക്ക് തോട്ടപ്പള്ളി വഴി കടലിലേക്ക് എത്തുകയുളളൂ. ഈ ചെറിയ തോടുകൾ ആഴം കൂട്ടാതെയും തോട്ടപ്പളളി സ്പിൽവേക്ക് കിഴക്ക് ഭാഗത്തുളള മണൽ നീക്കം ചെയ്യാതെയുമാണ് പൊഴി മുഖത്ത് നിന്നുമാത്രം വലിയ രീതിയിൽ മണൽ കടത്തുന്നത്. ഗുരുതരമായ കടലാക്രമണമായിരിക്കും ഭാവിയിൽ ഇത് മൂലം തോട്ടപ്പളളി, പുറക്കാട് തീരങ്ങളിൽ ഉണ്ടാകുകയെന്നാണ് വിദഗ്ധർ പറയുന്നത്.

ഓണക്കാലത്ത് പോലും ഈ മണല്ത്തീനികള് വിശ്രമിക്കുന്നില്ല. ഐആര്‍ഇയും കെഎംഎംഎല്ലും അവരുടെ കൊളള തുടരുകയാണ്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് കരിമണൽ ഖനനം നടത്തുന്നതെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതി വൈസ് ചെയർമാൻ ബി ഭദ്രൻ പറയുന്നു. വലിയ ഡ്രഡ്ജറുകൾ ഇപ്പോള്‍ കടല്‍ വഴിയാണ് കൊണ്ടുവന്നത്. ഡീപ് ഡ്രജ്ജിങ്ങിനുളള ഉപകരണങ്ങളാണ് കൊണ്ടുവന്നത്. നിലവിലുളളതിനെക്കാള്‍ ശേഷി കൂടിയതാണ് ഇത്. ഇവിടെ മാത്രമല്ല, വഴിയലീക്കലിലും ഇത് തന്നെയാണ് നടത്തുന്നത്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണ മാര്‍ഗങ്ങളാണ് കരിമണൽ ഖനനം മൂലം നഷ്ടമാകുന്നത്. തീരദേശത്തെ തീരവരമ്പ് എത്രയോ വര്‍ഷങ്ങള്‍ എടുത്ത് രൂപം കൊളളുന്നതാണ്. സാന്ദ്രമേറിയ വസ്തുക്കള്‍ കൊണ്ടാണ് തീരഘടന രൂപപ്പെടുന്നത്. ഇവിടെ ഇത്തരത്തിലുളള തീരത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത് കരിമണലാണ്. ആ കരിമണലാണ് ഇവിടെ നിന്നും കടത്തുന്നത്. ആലപ്പാടിന്റെ തീരം ഇല്ലാതായത് പോലെയുളള ഗുരുതര പ്രത്യാഘാതങ്ങളാകും ഖനനം തുടർന്നാൽ തോട്ടപ്പളളിയിലും ഉണ്ടാകുക. ആലപ്പാട് 80 സ്ക്വയര്‍ കി.മീ ആണ് ഖനനത്തിലൂടെ നഷ്ടമായതെന്നും ഭദ്രൻ വിശദമാക്കി.
എഴുപതിലേറെ ദിവസമായി സമരം തുടങ്ങിയിട്ട്. ഇതുവരെ എന്താണ് ഇവിടുത്തെ പ്രശ്നങ്ങളെന്ന് കേള്‍ക്കാനോ, ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിആര്‍ ഇസഡ് എ വണ്‍ സോണാണിത്. എ വൺ സോണില്‍ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ല, യാതൊരുവിധ ഖനന പ്രവര്‍ത്തനങ്ങളും പാടില്ല. ഇനി അഥവാ ഡിസാസ്റ്റര്‍ മാനെജ്മെന്റ് ആണെങ്കില്‍ പോലും പ്രാദേശിക കമ്മ്യൂണിറ്റിയെ കൊണ്ടുവേണം എന്തെങ്കിലും ചെയ്യിപ്പിക്കുവാന്‍. അത്രയും കരുതലോടെ വേണം ഈ എക്കോ സിസ്റ്റത്തിൽ ഇടപെടേണ്ടത്. - ബി. ഭദ്രൻ

പുറക്കാട് പഞ്ചായത്ത്, അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളെയാണ് തോട്ടപ്പളളിയിലെ കരിമണൽ ഖനനം സാരമായി ബാധിക്കുക. തോട്ടപ്പളളി എന്നുപറയുന്നത് അഴിമുഖമല്ല, പൊഴിമുഖമാണ്. കുട്ടനാട്ടിൽ വെളളം കയറുമ്പോൾ ഇവിടെയുളള ആളുകളോ, പഞ്ചായത്തിൽ നിന്നോ ആണ് സാധാരണയായി പൊഴിമുഖത്തെ മണ്ണ് നീക്കി കടലിലേക്ക് തുറന്നുവെച്ചിരുന്നത്. വെളളം ഇറങ്ങി രണ്ട് മൂന്ന് മാസം കഴിയുമ്പോൾ കടലിൽ നിന്നും മണൽ അടിഞ്ഞ് സാധാരണ രീതിയിൽ തന്നെ ഈ വിടവ് അടയും. അങ്ങനെ അടയാത്ത സാഹചര്യത്തിൽ മണൽചാക്ക് അടുക്കി മുൻപ് അടയ്ക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായി നടന്നിരുന്നൊരു പ്രവൃത്തിയാണ് ഇപ്പോൾ ഖനനത്തിന്റെ പേരിൽ ഇല്ലാതായത്. നിലവിൽ 370 മീറ്ററോളം വീതിയിലുമാണ് ജെസിബി ഉപയോഗിച്ച് പൊഴിമുഖം തുറന്നുവെച്ചിരിക്കുന്നത്. ഇതോടെ അഴിമുഖത്തിന് സമാനമായി. കടലിൽ നിന്നുളള വെളളം ഇപ്പുറത്തേക്കും ഒഴുകി തുടങ്ങി.
ജനങ്ങളെ കുറച്ചുനാളൊക്കെ നിശബ്ദരാക്കാൻ ഭരണകൂടത്തിന് കഴിയുമായിരിക്കും. എന്നാൽ എല്ലാവരും രംഗത്തേക്ക് വരുന്നൊരു സാഹചര്യവും സമയവും ഉണ്ടാകും. അതാണ് ഇപ്പോൾ തോട്ടപ്പളളിയിൽ സംഭവിക്കുന്നത്. അഭൂതപൂർവമായ പിന്തുണയും ജനശ്രദ്ധയും സമരത്തിന് ലഭിക്കുന്നുണ്ടെന്ന് ആർ അർജുനൻ പറഞ്ഞു. രാപ്പകൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി ഇടങ്ങളിൽ നിന്നാണ് ആളുകൾ വരുന്നത്. മനുഷ്യാവകാശ പ്രവർത്തകയും അധ്യാപികയുമായിരുന്ന ഡോ. പി ഗീത ആഗസ്റ്റ് 15ന് വരികയും തിരുവോണത്തിലെ പട്ടിണി സമരത്തിനും കൂടെ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ വടകര എംഎൽഎയായ കെ.കെ രമ നേരിട്ടെത്തി ഇവിടുത്തെ വിഷയങ്ങൾ മനസിലാക്കി. വരുന്ന സഭാ സമ്മേളനത്തിൽ തോട്ടപ്പളളി വിഷയം ഉന്നയിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതല്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് ശക്തമായ പ്രതിരോധം ഒരുക്കാന്‍ പോകുകയാണ്. ശക്തമായ സമരമാകും വരും ദിവസങ്ങളിൽ ഉണ്ടാകുക. 18 വർഷം മുൻപുണ്ടായത് പോലെയുളള സമരത്തിനാണ് തയ്യാറെടുക്കുന്നത്. കൊവിഡാണേലും തീരത്തെ ജനങ്ങളുടെ നിലനില്‍പ്പ് ഒരു വലിയ പ്രശ്നമാണല്ലോ ?

നിലവിൽ സർക്കാർ സമരത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെ രണ്ടുപ്രാവിശ്യം പോയി കണ്ട് സംസാരിച്ചിരുന്നു. സമരസമിതിയുടെ പേരിലും എസ് യു സിഐയുടെ പേരിലുമാണ് കണ്ടത്. ഒന്നും ചെയ്യാന്‍ പറ്റില്ല, സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് എന്നാണ് കളക്ടർ ഞങ്ങളോട് പറഞ്ഞ മറുപടിയെന്നും അർജുനൻ വ്യക്തമാക്കി.
കെഎംഎംഎൽ, ഐആർഇഎൽ കമ്പനികൾ നടത്തി വരുന്ന കരിമണൽ കൊളള അവസാനിപ്പിക്കുക, തോട്ടപ്പളളിയിൽ തുടങ്ങിവെച്ച സീവാഷിംഗ് അവസാനിപ്പിക്കുക, തോട്ടപ്പളളി ഹാർബറിൽ നിന്നും എടുക്കുന്ന മണലും പൊഴി മുറിക്കുമ്പോൾ ലഭിക്കുന്ന മണലും തീരം നഷ്ടപ്പെട്ട തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് , അമ്പലപ്പുഴ, പുന്നപ്ര പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ നിക്ഷേപിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെക്കുന്നത്. 2002ൽ ആലപ്പുഴയുടെ തീരദേശ പഞ്ചായത്തുകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് എന്നിവിടങ്ങളിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ സ്വകാര്യ കുത്തകകൾക്ക് കരിമണൽ വാരാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ആരംഭിച്ച് വിജയിച്ച ജനകീയ സമരം പോലെ തോട്ടപ്പളളി സമരവും ചരിത്രമായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ക്വാറികളുടെ ദൂരപരിധി; ദേശീയ ഹരിത ട്രിബ്യൂണല്‍ മാറ്റിവരച്ച കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ വരമ്പുകള്‍
കരിമണൽ കമ്പനികൾ തീരം വിടണം; തോട്ടപ്പളളിയിൽ അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹം, പിന്തുണച്ച് എഐടിയുസി നേതൃത്വം
ദ്രവിച്ചതും തകരുന്നതുമായ തോട്ടപ്പളളി ഷട്ടറുകൾ, കുട്ടനാട്ടിലേക്ക് ഉപ്പുവെളളം കയറുമ്പോൾ