കെഎസ് ചിത്രയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആ ആറ് ഗാനങ്ങള്‍
1986ല്‍ റിലീസായ 'സിന്ധുഭൈരവി'യിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍ ' എന്ന ഗാനത്തിലൂടെയായിരുന്നു ആദ്യ ദേശീയ പുരസ്കാരം ചിത്ര സ്വന്തമാക്കിയത്. 1987ലെ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദ'വും എന്ന ഗാനത്തിലൂടെയാണ് രണ്ടാമത്തെ ദേശീയ പുരസ്കാരവും ചിത്ര സ്വന്തമാക്കി. 2004ല്‍ 'ഓവൊരു പൂക്കളുമേ' എന്ന തമിഴ് ഗാനത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ 2005 ല്‍ പത്മശ്രീ നല്കി രാഷ്ട്രം ആദരിച്ചു
നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ മലയാളികള്‍ക്കും തെന്നിന്ത്യന്‍ ഗാനാസ്വാദകര്ക്കും ഒരുപോലെ പ്രിയങ്കരിയായി മാറിയ ഗായികയാണ് കെ എസ് ചിത്ര. 1979 ല്‍ സംഗീതസംവിധായകന് എം ജി രാധാകൃഷ്ണന് സംഗീതം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് ചിത്ര കടന്ന് വരുന്നത്. 'എന്റെ മാമാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തോടെയാണ് ചിത്ര ശ്രദ്ധേയായി തുടങ്ങിയത്.
1986ല്‍ റിലീസായ 'സിന്ധുഭൈരവി'യിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍ ' എന്ന ഗാനത്തിലൂടെയായിരുന്നു ആദ്യ ദേശീയ പുരസ്കാരം ചിത്ര സ്വന്തമാക്കിയത്. 1987ലെ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദ'വും എന്ന ഗാനത്തിലൂടെയാണ് രണ്ടാമത്തെ ദേശീയ പുരസ്കാരവും ചിത്ര സ്വന്തമാക്കി. 2004ല്‍ 'ഓവൊരു പൂക്കളുമേ' എന്ന തമിഴ് ഗാനത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ 2005 ല്‍ പത്മശ്രീ നല്കി രാഷ്ട്രം ആദരിച്ചു. മലയാളിയുടെ പ്രിയഗായികയ്ക്ക് 16 തവണയാണ് കേരള സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചത്.
ഭാരതരത്നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ചിത്രയെ 2005-ല്‍ പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
സാരമതി, മോഹനം, മിയാന്‍ കി മല്‍ഹാര്‍, സിന്ധുഭൈരവി തുടങ്ങിയ രാഗങ്ങളില്‍ പിറന്ന ഗാനങ്ങള്‍ ആലപിച്ചതിലൂടെയാണ് ചിത്രയെ തേടി ദേശീയ അവാര്‍ഡുകള്‍ എത്തിയത്.
പാടറിയേന്‍ പഠിപ്പറിയേന്‍... / ചിത്രം - സിന്ധുഭൈരവി/ 1986
തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ കെ ബാലചന്ദര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'സിന്ധുഭൈരവി'. ശിവകുമാര്‍, സുഹാസിനി, സുലക്ഷണ, ഡല്‍ഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സുഹാസിനിയുടെ കഥാപാത്രം സ്റ്റേജില്‍ ആലപിക്കുന്ന 'പാടറിയേന്‍ പഠിപ്പറിയേന്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയാണ്. ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് വൈരമുത്തുവാണ്. കര്‍ണാടക സംഗീതത്തില്‍ സാരമതി എന്ന ജന്യരാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി../ ചിത്രം - നഖക്ഷതങ്ങള്‍ / 1987
ഹരിഹരന്റെ സംവിധാനത്തില്‍ വിനീത്, തിലകന്, മോനിഷ, സലീമ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമാണ് നഖക്ഷതങ്ങള്‍. ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി' എന്ന ഗാനത്തിന്റെ ആലാപനത്തിലൂടെ ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബോംബേ രവിയാണ്. മോഹനം രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി.../ ചിത്രം - വൈശാലി / 1989
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതന് സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി. ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി' എന്ന ഗാനം ആലപിച്ചതിലൂടെയാണ് ചിത്രയെ തേടി തന്റെ ജീവിതത്തിലെ മൂന്നാം ദേശീയ അവാര്‍ഡ് എത്തുന്നത്. 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലേത് പോലെ തന്നെ ഒ.എന്‍.വി. കുറുപ്പാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ബോംബേ രവിയാണ് സംഗീതം. മിയാന്‍ കി മല്‍ഹാര്‍ എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ മണ്‍സൂണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപെട്ട രാഗമാണ് മല്‍ഹാര്‍. മഴയുടെ രാഗം എന്നാണ് ഇത് അറിയപ്പെടുന്നത്.
മാനാ മധുരൈ മാമനുക്ക് / ചിത്രം - മിന്‍സാര കനവ് / 1996
രാജീവ് മേനോന് സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ച തമിഴ് ചിത്രമാണ് മിന്‍സാര കനവ്. ചിത്രത്തില്‍ 'മാനാ മധുരൈ മാമനുക്ക്' എന്ന് തുടങ്ങിയ ചിത്ര ആലപിച്ച ഗാനത്തിനാണ് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചത്.
വൈരമുത്തു ഗാനരചന നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് ഏ.ആര്. റഹ്മാനാണ്.
പായലെയിന് ചുന്‍മുന്‍ ചുന്‍മുന്‍/ ചിത്രം - വിരാസത്ത് / 1997
വിരാസത്ത് എന്ന ചിത്രത്തിലെ 'പായലെയിന് ചുന്‍മുന്‍ ചുന്‍മുന്‍' എന്ന ഗാനം ആലപിക്കുന്നതിലൂടെയാണ് ചിത്രയെ തേടി അഞ്ചാം ദേശീയ അവാര്‍ഡ് എത്തുന്നത്. തേവര് മഗന് എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. അനു മാലിക്കാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ കമ്പോസ് ചെയ്തിരിക്കുന്നത്. 'ഇഞ്ചി ഇടുപ്പ് അഴഗി' എന്ന തേവര്മഗനിലെ ഗാനവുമായി വളരെയധികം സാമ്യത പായലെയിന് ചുന്‍മുന്‍ ചുന്‍മുന്‍ എന്ന ഈ ഗാനം പുലര്‍ത്തുന്നുണ്ട്. ജൗന്പുരി എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
'ഒവ്വൊരു പൂക്കളുമേ'../ ചിത്രം - ഓട്ടോഗ്രാഫ് / 2004
ചേരന് സംവിധാനം നിര്‍വഹിച്ച തമിഴ് ചിത്രമാണ് ഓട്ടോഗ്രാഫ്. 2004ല്‍ റിലീസായ ഈ ചിത്രത്തിലെ 'ഒവ്വൊരു പൂക്കളുമേ' എന്ന ചിത്ര ആലപിച്ച ഗാനത്തിലൂടെ ചിത്രയ്ക്ക് വീണ്ടും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സിന്ധുഭൈരവി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാ വിജയ് എഴുതിയ ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഭരദ്വാജാണ്.
ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച ഗായിക എന്ന റെക്കോര്‍ഡും ചിത്രയ്ക്ക് സ്വന്തമാണ്. ഇതിനോടകം തന്നെ ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ സിനിമകള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും ചിത്ര ആലപിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ചിത്ര നോര്‍ത്ത് ഇന്ത്യയില്‍ പിയാ ബസന്തി എന്നാണ് അറിയപ്പെടുന്നത്. സംഗീത സരസ്വതി എന്നാണ് അവരെ ആന്ധ്രയിലും തെലുങ്കാനയിലും വിശേഷിപ്പിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!