ഇഎംഎസ്സിന്റെ പ്രഭാതം, പ്രദീപം: നിര്‍ഭയനായ ഒറ്റയാന് തെരുവത്ത് രാമന്റെ യാത്രകള്‍ |Media Roots 27
പത്രപ്രവര്ത്തകന്, എഴുത്തുകാരന്, സാമൂഹിക പ്രവര്ത്തകന്. കോഴിക്കോടിന്റെ വൈജ്ഞാനിക ചരിത്രത്തിനൊപ്പം സഞ്ചരിച്ച തെരുവത്ത് രാമന്റെ ജീവിതത്തിലൂടെയാണ് ഇത്തവണ മീഡിയ റൂട്ട്സ്.
കേരളം രൂപീകൃതമായത് 1956 നവംബര്‍ ഒന്നിന്. കൃത്യം ഒരുവര്‍ഷവും ഒരാഴ്ച കഴിഞ്ഞപ്പോള്‍ മലബാറിലെ ആദ്യത്തെ സായാഹ്നപത്രം പുറത്തിറങ്ങി. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അതേ, അന്നായിരുന്നു റഷ്യന്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനം.

പ്രദീപം ആണ് മലയാളത്തിലെ ആദ്യസായാഹ്നപത്രം എന്നു വേണമെങ്കില്‍ പറയാം. തെരുവത്ത് രാമന് അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും. അതൊരു പരീക്ഷണമായിരുന്നു. തെരുവത്തുരാമന്‍ എന്ന കര്‍മ്മയോഗിയുടെ പരീക്ഷണം.
കോഴിക്കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും അതിന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് സ്വന്തം കര്‍മ്മക്ഷേത്രത്തില്‍ പ്രകാശമാനമായൊരു ചരിത്രം രചിക്കുകയുമായിരുന്നു തെരുവത്ത് രാമന്. പത്രപ്രവര്‍ത്തനമായിരുന്നു ആ മനുഷ്യന്റെ കര്‍മ്മക്ഷേത്രം. അവിടെ അദ്ദേഹം നിര്‍ഭയനായ പോരാളിയും ഒറ്റയാനുമായിരുന്നു. തലമുറകള്‍ക്ക് വഴികാണിച്ചുകൊടുത്ത, തലഉയര്‍ത്തി നിലകൊള്ളുന്ന വിളക്കുമരം!

സാമാന്യം കൊള്ളാവുന്ന വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയുമെല്ലാം ഉണ്ടായിരുന്ന തെരുവത്തു രാമന് സായാഹ്നപത്രം നടത്തുക എന്നത് ഒരു ദൗത്യമായിത്തന്നെ സ്വീകരിച്ച വ്യക്തിയാണ്. തൃശ്ശൂരില്‍ നിന്ന് ടെലഗ്രാഫ് എന്ന പത്രം 'ദി ഫസ്റ്റ് ഈവ്നിംഗ് ഡെയ്ലി ഇന്‍ മലയാളം' എന്നു ഇംഗ്ലീഷില്‍ മാസ്റ്റ്ഹെഡിന് താഴെ എഴുതിപ്പിടിപ്പിച്ച പത്രമാണ്. കെ.വി ഡാനിയല്‍ 1958-ലാണ് അത് ദിനപത്രമാകുന്നത്. ടെലഗ്രാഫ് ആഴ്ചപ്പതിപ്പായി 1955 മുതല്‍ നിലനില്‍ക്കുന്നുണ്ട് എന്നതാവാം അവരുടെ അവകാശവാദത്തിനുള്ള ന്യായീകരണം.
എന്നാല്‍ ഇതിനൊരു മറുവശമുണ്ടെന്നാണ് മുതിര്‍ന്ന പത്രപ്രവര്ത്തകന് എന്‍. പി രാജേന്ദ്രന് പറയുന്നത്. അവകാശവാദങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണ് ആ മറുവശം. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാനപത്രങ്ങളും അവയുടെ ആരംഭകാലത്തു സായാഹ്ന പത്രങ്ങളായിരുന്നു. മലയാള മനോരമയും മാതൃഭൂമിയും സായാഹ്നങ്ങളിലാണ് ആദ്യമെല്ലാം പുറത്തിറങ്ങിയത്. സര് സി.പി.യുടെ ഇടപെടലിനെത്തുടര്‍ന്നു പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്ന മനോരമ സി.പി.യുടെ തിരോധാനത്തോടെ പ്രസിദ്ധീകരണം പുനസ്ഥാപിക്കുന്നത് സായാഹ്നപത്രമായിട്ടായിരുന്നു. അമ്പതുകളുടെ മദ്ധ്യത്തില്‍ തിരുവനന്തപുരത്തു ആദ്യ ആകാശവാണി വാര്‍ത്താലേഖകനായി പ്രവര്‍ത്തിച്ച കോഴിക്കോട്ടുകാരനായ പി. ചന്ദ്രശേഖരന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് അന്നത്തെ പത്രങ്ങളെല്ലാം സായാഹ്നപത്രങ്ങളായിരുന്നു എന്നാണ്. സായാഹ്നപത്രം എന്നാരും വിളിക്കാറില്ലെന്നു മാത്രം. നഗരങ്ങളില്‍ വൈകീട്ടും ഗ്രാമങ്ങളില്‍ പിറ്റേന്നു രാവിലെയുമായിരുന്നു വിതരണം.
അമ്പതുകളുടെ അവസാനമാണ് പത്രങ്ങള്‍ ഒന്നൊന്നായി പ്രഭാതപത്രങ്ങളായി മാറിയത്. ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്, മെയില്‍ എന്നിവയാണ് കേരളത്തില്‍ വന്നിരുന്ന ഇംഗ്ലീഷ് പത്രങ്ങള്‍. അവ മദ്രാസില്‍നിന്നാണ് എത്തിയിരുന്നത്.
പത്രപ്രവര്‍ത്തനമാണ് തെരുവത്ത് രാമന്റെ ജീവിതത്തിന്റെ കാതല്‍. സ്വന്തം മൂല്യങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിന്നുകൊണ്ട് അദ്ദേഹം സാമൂഹ്യജീവിതത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ നിരന്തരം പോരാടി.
നീലഗീരിയിലെ ദേവന് എസ്റ്റേറ്റ് മാനേജരും ഓണററി മജിസ്ട്രേറ്റുമായ തെരുവത്ത് കുമാരന്റേയും കുഞ്ഞമ്മയുടേയും രണ്ടാമത്തെ മകനാണ് രാമന്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പിലാണ് ജനനം. നീലഗിരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മഞ്ചേരി ബോര്‍ഡ് സ്ക്കൂളിലായിരുന്നു പഠനം തുടര്‍ന്നത്. വിദ്യാഭ്യാസാനന്തരം കവിതയെഴുത്തിലും വായനയിലും ആനന്ദം കണ്ടെത്തിയ രാമന് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

അധ്യാപകവൃത്തിക്കിടെ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. 1938-ലാണ് ആദ്യമായി ഒരു പത്രം എഡിറ്റു ചെയ്യുന്നത്. 1940 കളില്‍ കോഴിക്കോട് നിന്നുതന്നെ 'കാഹളം'എന്നൊരു ദ്വൈവാരിക സ്വന്തമായി തുടങ്ങി. തെരുവത്ത് രാമന് പത്രാധിപരും സി.രവിവര്‍മ്മരാജ പബ്ലിഷറുമായിരുന്നു. കര്‍ഷകപ്രസ്ഥാനത്തെ സഹായിക്കുന്ന നിരവധി ലേഖനങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കാഹളത്തിലെഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരില്‍ (മലബാര്‍ കര്‍ഷക സമരത്തെ ശക്തമായി അനുകൂലിച്ചെഴുതിയ മുഖപ്രസംഗം) പത്രാധിപരായ തെരുവത്ത് രാമനെ ആറുമാസം തടവു ശിക്ഷക്കു വിധിച്ചു. അദ്ദേഹത്തിന്റെ പത്രവും പ്രസ്സും കണ്ടുകെട്ടി. പത്രം അച്ചടിച്ചിരുന്ന 'പ്രഭാതം' എന്ന പ്രസ്സ് ഇ.എം.എസ്സില്‍ നിന്നാണ് രാമന് വാങ്ങിയത്.
ഇ.എം.എസ് അന്ന് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാലം. ഇ. എം. എസ്സിനെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് അന്ന് വന്‍ തുക ഇനാമുണ്ട്. കര്‍ഷക സമര റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ പ്രസ്സില്‍ പോലീസ് റെയിഡ് നടന്നു. ഇ.എം.എസ്സിന്റെ പേരിലുള്ള ഒരു രസീത് അവിടെനിന്നും കണ്ടെടുത്തേേതാടെ രാമന് അറസ്റ്റിലായി. ആറുമാസത്തെ ശിക്ഷ. വീണ്ടും രാഷ്ട്രീയപരമായ വാര്‍ത്തകള്‍ അച്ചടിക്കുന്ന പത്രം തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല.
അതുകൊണ്ട് 'സിനിമ' എന്ന പേരില്‍ ചലച്ചിത്ര മാസിക ആരംഭിച്ചു. ആ ദൗത്യവും ഏറെ നീണ്ടുനിന്നില്ല. തുടര്‍ന്ന് 'ഭാരതി' എന്ന പേരില്‍ ഒരു രാഷ്ടീയ പ്രസിദ്ധീകരണം തുടങ്ങി. തിരുവിതാംകൂറില്‍ അത് നിരോധിച്ചിരുന്നു.

ജി. ശങ്കരക്കുറുപ്പ്, എസ്. കെ പൊറ്റക്കാട്, വയലാര്‍ രാമവര്‍മ്മ, എന്‍. വി കൃഷ്ണവാര്യര്‍, കെ. ദാമോദരന്‍ തുടങ്ങിയവരുടെ രചനകളാല്‍ സമ്പന്നമായിരുന്നു ഭാരതി. ഇത് എഡിറ്റുചെയ്യുന്ന കാലയളവില്‍ രസകരമായൊരു സംഭവമുണ്ടായി. ജി. ശങ്കരക്കുറുപ്പ് അതിലൊരു കവിത എഴുതി. ജിയുടെ ആശയത്തോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ അതിനു ബദലായി 'ദേവി' എന്ന തൂലികാനാമത്തില്‍ തെരുവത്ത് രാമന് തന്നെ മറ്റൊരു കവിത പ്രസിദ്ധീകരിച്ചു. ജി ക്ക് അത് അപനമാനമായിതോന്നി. കേസ്സുകൊടുത്തു. എന്നാല്‍ പ്രഥമ വിചാരണയില്‍ തന്നെ കേസ്സ് തള്ളിപ്പോയി.
അക്കാലത്തുതന്നെ സുഭാഷ് ചന്ദ്ര ബോസ്, അരുണ അസഫലി, ഹാന്‍ സഹോദരന്മര്‍ എന്നിവരുടെ ജീവിത ചരിത്രങ്ങളും എഴുതി. ക്യാപ്റ്റന്‍ ലക്ഷിമിയെക്കുറിച്ചെഴുതിയ പുസ്തകം ഒരു വിവാദത്തിലാണ് കലാശിച്ചത്. അവര്‍ക്ക് അപമാനകരമാണെന്നു കാണിച്ച് കേസ്സ് കോടുത്തു. അവരുടെ ആദ്യ ഭര്‍ത്താവ് ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്.
വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍ തന്നെ പുസ്തകത്തിന്റെ രണ്ടുകോപ്പി അവരുടെ ആദ്യ ഭര്‍ത്താവ് റാവുവിന് അയച്ചു കൊടുത്തിരുന്നു രാമന്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ ഇല്ലയോ എന്ന് വ്യക്തമാക്കണം എന്നെഴുതി. അദ്ദേഹം ലക്ഷ്മിക്കൊരു കത്തെഴുതി. നിങ്ങള്‍ കേസ്സ് പിന് വലിച്ചില്ലെങ്കില്‍ പ്രതിക്കു വേണ്ടി ഞാന്‍ ഹാജരായി തെളിവുകോടുക്കും എന്നായിരുന്നു ഭീഷണി. ക്യാപ്റ്റന്‍ ലക്ഷ്മി കേസ്സ് പിന്‍വലിച്ച് രക്ഷപെടുകയായിരുന്നു.

ഒരു ദിനപത്രം തുടങ്ങണമെന്ന ശക്തമായ ചിന്തയില്‍ നിന്നാണ് പ്രദീപം എന്ന സായാഹ്നപത്രത്തിന്റെ പിറവി. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്ന കെ. ആര് ഗൗരിയമ്മയായിരുന്നു പ്രദീപത്തിന്റെ പ്രഥമ ലക്കം പുറത്തിറക്കിയത്.
അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും എതിര്‍ത്ത പ്രദീപത്തിന് വായനക്കാരില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. യുക്തിവാദി സംഘം നേതാക്കളായ പവനന്, കലാനാഥന് തുടങ്ങിയവരുടെ മികച്ച ലേഖനങ്ങള്‍ ഇതിന് കൂടുതല്‍ കൂടുതല്‍ ശക്തിനല്കി.
സാമൂഹിക പരിഷ്ക്കരണത്തില്‍ പ്രദീപം ചെലുത്തിയ സ്വാധീനത്തിന്റെ ഉദാഹരണമായിരുന്നു സര്‍ക്കാരിന്റെ റാഗിങ്ങ് നിരോധനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന റാഗിങ്ങിനെക്കുറിച്ച് കെ. കേളപ്പന് പ്രദീപത്തിലെഴുതിയ ലേഖനം ഒട്ടേറെ വിവാധങ്ങള് സൃഷ്ടിച്ചു. പ്രദീപത്തിന്റെ കോപ്പികള്‍ പലയിടത്തും തീയിട്ടു. എന്നാല്‍ കേളപ്പന്റെ ഈ ലേഖനം കേരള കൗമുദിയിലും അച്ചടിച്ചുവന്നപ്പോല് നിയമസഭയില്‍ ചര്‍ച്ചാവിഷയമാകുകയും റാഗിങ്ങ് നിയമം മൂലം നിരോധിക്കുകയും ചെയ്തു.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രദീപം ശക്തമായ ഭാഷയില്‍ ധാരാളം എഴുതി. 1982-ല്‍ ചെറുകിട പത്രങ്ങള്‍ക്കുള്ള മികച്ച അച്ചടിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നാല് എഡിറ്റര്‍മാരും പന്ത്രണ്ടായിരം കോപ്പി സര്ക്കുലേഷനുമുണ്ടായിരുന്ന പ്രദീപം അക്കാലത്ത് കേരളത്തിലെ സായാഹ്നപത്രങ്ങളുടെ മുന്‍ നിരയിലായിരുന്നു. ചാലിയാര്‍ പുഴയിലെ മലിനീകരണവും മാനസീകാശുപത്രിയിലെ ബലാല്‍സംഗവും മറ്റും പ്രദീപത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്.
അക്കാലത്തുതന്നെയാണ് കോഴിക്കോട്ട് ഷഷ്ടിപൂര്‍ത്തി മാമാങ്കത്തിനെതിരെയുള്ള ആക്ഷേപഹാസ്യ പരിപാടി അരങ്ങേറിയത്. 60 കഴിഞ്ഞവരും 60 കഴിയാത്തവരും ഷഷ്ടിപൂര്‍ത്തിയാഘോഷത്തിന്റെ ഉത്സവത്തിമിര്‍പ്പിലാണ്. ഇതിനിടയിലാണ് തെരുവത്ത് രാമനും സംഘവും ചേര്‍ന്ന് മാനസീക രോഗം ബുദ്ധിമുട്ടിച്ച കല്യാണിയമ്മയുടെ ഷഷ്ടിപൂര്ത്തിയാഘോഷിക്കാന് തീരുമാനിച്ചത്. ആ സ്ത്രീയെ നന്നായി കുളിപ്പിച്ച് പുതുവസ്ത്രങ്ങളണിയിപ്പിച്ച് ചന്ദനക്കുറിയൊക്കെ തൊടുവിച്ചൊരുക്കിനിര്ത്തി. പിന്നെ അലങ്കരിച്ച റിക്ഷയില്‍ കല്യാണിയമ്മയെ നഗരപ്രദിക്ഷണം ചെയ്യിച്ചു. ഒട്ടെല്ലാ പത്രങ്ങളിലും ഇത് വലിയ വാര്‍ത്തയായതോടെ നഗരത്തിലെ ഷഷ്ടിപൂര്ത്തിപ്പനി താനെ കെട്ടടങ്ങി.
കൂടാതെ ലോകാവസാനം പ്രവചിച്ച ജ്യോത്സ്യന്മാര് നടത്തിയ അഷ്ടഗ്രഹ നിവാരണ പൂജയ്ക്കെതിരെ അഷ്ടഗ്രഹസഫലീകരണ പൂജ, മിസ് കേരള മത്സരത്തിനെതിരെ വിരൂപറാണി മത്സരം തുടങ്ങി ശ്രദ്ധേയങ്ങളായ ഇടപെടലുകളിലൂടെ വിദേശ പ്രസിദ്ധീകരണങ്ങളുടെ വരെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തെരുവത്ത് രാമന് കഴിഞ്ഞു. ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നു കൊണ്ട് ചൂട്ടൂപിടിച്ചിരുന്നത് കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായ രാമദാസ് വൈദ്യനായിരുന്നു.
ആരാണീ രാമദാസ് വൈദ്യന്..?

കോഴിക്കോട്ടുകാരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ അഭിനവ സഞ്ജയന് എന്നു വിശേഷിപ്പിക്കാം ഈ വൈദ്യനെ! രോഗമുള്ളവരെ ചികിത്സിക്കുന്നതിനൊപ്പം രോഗാതുരമായ സമൂഹത്തെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ചിരിമരുന്നിലൂടെ ഭേദപ്പെടുത്തിയവന് കെ.എം രാമദാസ് വൈദ്യര് ഇന്നില്ല. അദ്ദേഹം വിടപറഞ്ഞിട്ട് 23 സംവത്സരമാകുന്നു. പൊതുജീവിതത്തിന്റെ നാട്യങ്ങളും പൊങ്ങച്ചങ്ങളും അടര്‍ത്തിമാറ്റി രാമനും വൈദ്യരും ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. സാഹിത്യത്തില്‍ മഹാനായ സഞ്ജയന് നിര്‍വഹിച്ച ദൗത്യം സാമൂഹികജീവിതത്തില്‍ ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നു ഈ വിദ്വാന്മാര്.

അതേസമയം, സാഹിത്യത്തോടും സാഹിത്യകാരന്മാരോടും വൈദ്യര്‍ക്ക് ഉണ്ടായിരുന്ന ആദരവും സ്നേഹവും അനാദൃശ്യമായിരുന്നു. കോഴിക്കോട്ട് എത്തുന്ന എഴുത്തുകാരും കലാകാരന്മാരും രാമദാസ് വൈദ്യരുടെ ആതിഥ്യത്തിന്റെ മധുരം നുണയാതെ കടന്നുപോയിട്ടില്ല. വയലാര്‍, തകഴി, ബഷീര്‍, ഒ.വി വിജയന്, കാക്കനാടന്, വി.കെ.എന്‍. മലയാറ്റൂര്‍ രാമകൃഷ്ണന്, വി.ബി.സി നായര്‍, എം.വി ദേവന്, പുനത്തില്‍ കുഞ്ഞബ്ദുല്ല അങ്ങനെ ആ നിര നീളുകയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വൈദ്യരുടെ നീലഗിരി ലോഡ്ജ് സാഹിത്യകാരന്മാരുടെ വിഹാരകേന്ദ്രമായിരുന്നു. 'നീലഗിരിയുടെ സഖികളെ....ജ്വാലാമുഖികളേ....' എന്ന പാട്ട് വയലാര്‍ എഴുതിയത് നീലഗിരി ലോഡ്ജിനെ ഓര്‍ത്തുകൊണ്ടാണെന്ന് രാമദാസ് വൈദ്യര് പക്ഷം!.
തെരുവത്ത് രാമനും രാമദാസ് വൈദ്യനും സമൂഹം ആട്ടിത്തെളിയിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുകയല്ല ചെയ്തത്. പകരം ഇരുവരും ചേര്‍ന്ന് സമൂഹത്തിന്റെ ദുഷിച്ചവശങ്ങളെ കണ്ടെത്തുകയായിരുന്നു. പിന്നീടാണ് വൈദ്യരുടെ വക രസകരമായ ചികിത്സ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!