ഒരുകയ്യില്‍ ക്യമാറയും മറുകൈയില്‍ ജപമാലയും; ക്യാമറ വുമണ്‍ എന്ന നിലയില്‍ ഒരു കന്യാസ്ത്രീയുടെ ജീവിതം
തൃശൂരിലെ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ നൂറാം വാര്‍ഷികാഘോഷത്തില്‍ പുറത്തിറക്കിയ ഡോക്യൂമെന്ററിയുടെ 30 ക്യാമറമാന്മാര് അടങ്ങുന്ന ക്രൂവിനെ നയിച്ചതും സംവിധാനം ചെയ്തതും ലിസ്മിയാണ്.
രുചിക്കൂട്ടുകളും യാത്രാവിശേഷങ്ങളും സിനിമവര്ത്തമാനങ്ങളും സൗന്ദര്യക്കൂട്ടുകളും അറിവുകളും പിന്നെയും വേറെന്തൊക്കെയായി എത്രയെത്ര വ്ലോഗര്‍മാരാണ് നമ്മുടെ നാട്ടിലുള്ളത്. വിഡിയോ ഷൂട്ടും എഡിറ്റിങ്ങും മിക്സിങ്ങും മ്യൂസിക്കും എല്ലാമെല്ലാം തനിച്ച് ചെയ്യുന്ന വ്ലോഗര്‍മാരും ഏറെയുണ്ട്. എന്നാല്‍ അക്കൂട്ടത്തിലൊരു കന്യാസ്ത്രീയുണ്ട്. പേര് സിസ്റ്റര്‍ ലിസ്മി...

ഒരു കൈയില്‍ ജപമാലയും മറുകൈയില്‍ ക്യാമറയുമായി നടക്കുന്ന സിസ്റ്റര്‍ ലിസ്മി, കേരളത്തിലെ കന്യാസ്ത്രീകള്‍ക്കിടയിലെ ആദ്യത്തെ ക്യാമറപേഴ്സണ്‍ ആണ്. കന്യാസ്ത്രീ സമൂഹത്തില്‍ നിന്ന് ക്യാമറയെ ഒപ്പം കൂട്ടിയവര്‍ അപൂര്‍വമാണ്. സി എം സി തൃശൂര്‍ നിര്‍മല പ്രൊവിന്‍സിലെ അംഗമായ സിസ്റ്റര്‍ ലിസ്മിയുടെ ക്യാമറയോടുള്ള സൗഹൃദത്തിന് വര്‍ഷങ്ങള്‍ നീണ്ട കഥകള്‍ പറയാനുണ്ട്. ആ കഥകളില്‍ സിസ്റ്ററുടെ ക്യാമറ വിശേഷങ്ങള്‍ മാത്രമല്ല പ്രതിസന്ധികളെ തരണം ചെയ്ത ജീവിതവും നിറയുന്നുണ്ട്.
തൃശൂര്‍ പുത്തൂര്‍ വെട്ടുകാട് പാറയില്‍ ചാണ്ടിയുടെയും അന്നമ്മയുടെയും ഇളയമകള്‍ ലിസ്മി പത്താം ക്ലാസിന് ശേഷമാണ് സന്യാസസഭയില്‍ ചേരുന്നത്. ആലുവ തായിക്കാട്ടുകരയിലെ സഭയുടെ മെയിന്‍ ഹൗസിലായിരുന്നു ശുശ്രൂഷയൊക്കെ. കന്യാസ്ത്രീയാകാന്‍ എത്തിയതിന് ശേഷം പ്ലസ് ടു പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. ഇപ്പോള്‍ ഇഗ്നോയുടെ എം എ ജേണലിസം വിദ്യാര്‍ഥി കൂടിയാണ് ലിസ്മി.
തിയോളജി പഠനവും നിത്യവ്രതവും കഴിഞ്ഞതിന് ശേഷം സഭയുടെ രേഖകള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ ആര്‍ക്കൈവിസ്റ്റിന്റെ ജോലിയായിരുന്നു ലിസ്മിയ്ക്ക്. അന്നാളിലാണ് യൂട്യൂബില്‍ വിഡിയോകള്‍ കണ്ട് തുടങ്ങുന്നതെന്നു സിസ്റ്റര്‍ പറയുന്നു. '2007-കളിലാണ് യൂട്യൂബില്‍ നോക്കി വിഡിയോകള്‍ കാണുന്നതും ചെയ്യാന്‍ ശ്രമിക്കുന്നതും. അന്നാളില്‍ സഭയില്‍ നിന്നു കന്യാസ്ത്രീമാര്‍ ആരും തന്നെ ക്യാമറയോ ഉപയോഗിക്കുകയോ വിഡിയോ എടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനെയാണ് ഞാന്‍ സഭയിലെ ആദ്യ ക്യാമറ പേഴ്സനാകുന്നത്.
'കന്യാസ്ത്രീകള്‍ക്കിടയില്‍ ആരും ഇതുവരെ പരീക്ഷിക്കാത്തൊരു കാര്യമല്ലേ... ആദ്യമൊക്കെ വേണോ വേണ്ടയോ എന്നൊക്കെ സംശയിച്ചു. ഇതൊക്കെ നമുക്ക് വേണോ എന്നൊക്കെ ചിലര്‍ ചോദിക്കുകയും ചെയ്തു. പക്ഷേ കാലം മാറി, പഴയ രീതിയില്‍ പുതുതലമുറയിലുള്ളവരോട് ഇടപെടാനാകില്ലല്ലോ ലോകത്തിലെ മാറ്റങ്ങളൊക്കെ തിരിച്ചറിയണമല്ലോ. ഒടുവിലൊരു ആല്‍ബം ചെയ്തു. ഓ സ്നേഹജ്വാലേ എന്ന പേരിലായിരുന്നു. ഒരു കുഞ്ഞു ക്യാമറയിലാണ് ഷൂട്ട് ചെയ്തത്. ജ്വാലയ്ക്ക് വേണ്ടി അടുപ്പിലെ തീയൊക്കെയാണ് ഷൂട്ട് ചെയ്തത്.
'ഷൂട്ടും എഡിറ്റിങ്ങുമൊക്കെ സ്വയം ചെയ്തു. മദേഴ്സിന്റെ ഒരു മീറ്റിങ്ങില്‍ ഈ വിഡിയോ പ്രദര്‍ശിപ്പിച്ചു. എല്ലാവര്ക്കും ആ വിഡിയോ ഇഷ്ടപ്പെട്ടു. ഇതു കൊള്ളാമല്ലോ എന്ന ചിന്ത അവര്‍ക്കും വന്നു. പിന്നീട് 2013ലാണ് തായിക്കാട്ടുകര ജനറലേറ്റില്‍ വന്നപ്പോള്‍ തീം അനുസരിച്ച് പാട്ടുകളും വിഡിയോയുമൊക്കെ ചെയ്യാനുള്ള അവസരം ഏറ്റെടുക്കുകയായിരുന്നു.നിക്കോണ്‍ ക്യാമറയാണ് ഉപയോഗിച്ചത്. അന്നത്തെ ഷൂട്ടും കഥയെഴുത്തും ഡബ് ചെയ്തതുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോ ചിരി വരികയാണെന്നും സിസ്റ്റര്‍ ലിസ്മി.
ക്യാമറയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് സിസ്റ്റര്‍ എഡിറ്റിങ്ങിലും സിനിമാറ്റോഗ്രഫിയും പഠിച്ചത്. എറണാകുളത്തെ ഗുഡ്നസ് ടിവിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് എഡിറ്റിങ്ങിലും സിനിമാറ്റോഗ്രഫിയിലും ഡിപ്ലോമ നേടിയത്. ആലുവയില്‍ നിന്ന് തൃശൂരിലേക്കെത്തിയതിന് ശേഷമാണ് സിസ്റ്റര്‍ കൂടുതല്‍ വര്‍ക്കുകള്‍ ചെയ്തു തുടങ്ങുന്നത്. സിസ്റ്ററിനൊപ്പം പഠിച്ചവരും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരടക്കമുള്ള ഒരു ക്രൂവും ഇവര്‍ക്കുണ്ട്.

ഷോര്‍ട്ട്ഫിലിം, ഡോക്യൂമെന്ററികള്‍, ഇന്റര്‍വ്യൂസ് തുടങ്ങിയവ ചെയ്തു നല്‍കുന്നുണ്ട്. ഗുഡ്നസ് ടിവി, ഷാലോം പോലുള്ള ഡിവോഷണല്‍ ചാനലുകള്‍ക്കു വേണ്ടിയും വിഡിയോ ചെയ്യുന്നുണ്ട്. നിര്‍മല മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ക്യാമറയും എഡിറ്റിങ്ങും സംവിധാനവുമൊക്കെ സിസ്റ്റര്‍ തന്നെയാണ്. ഇതിനെല്ലാം പുറമേ ആല്‍ബം, ക്രിസ്മസ് പാട്ടുകള്‍ എന്നിവയും സിസ്റ്റര്‍ ലിസ്മി ചെയ്തു കൊടുക്കും. വിഡിയോ സ്റ്റോറിയെഴുത്ത് മാത്രമല്ല പാട്ടെഴുത്തും കൂടെയുണ്ട്. വിഡിയോ ഷൂട്ടിന് ആവശ്യമായ ഉപകരണങ്ങളൊക്കെയും സഭ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ക്യാമറയ്ക്ക് പിന്നില്‍ മാത്രമല്ല മുന്നിലും സിസ്റ്റര്‍ തന്നെയാണ്. ക്യാമറ സെറ്റ് ചെയ്തതിന് ശേഷം അവതാരകയുടെ റോളിലേക്ക് മാറുകയാണ് പതിവ്. സിസ്റ്റര്‍ ലിസ്മിയെ കണ്ട് കൂട്ടത്തിലുള്ള കന്യാസ്ത്രീമാരും ക്യാമറയോട് താത്പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ എളുപ്പമല്ല വിഡിയോ ഷൂട്ടിങ്ങെന്നു ലിസ്മി പറയുന്നു. ദുര്ഘടമായതാകാം ലൊക്കേഷന്‍, വേഗത്തില്‍ ഓടിയും നടന്നുമൊക്കെ ചെയ്യണമല്ലോയെന്നാണ് സിസ്റ്റര്‍ പറയുന്നത്.
തൃശൂരിലെ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ നൂറാം വാര്‍ഷികാഘോഷത്തില്‍ പുറത്തിറക്കിയ ഡോക്യൂമെന്ററിയുടെ 30 ക്യാമറമാന്മാര് അടങ്ങുന്ന ക്രൂവിനെ നയിച്ചതും സംവിധാനം ചെയ്തതും ലിസ്മിയാണ്. കോവിഡ് 19-ന്റെ ഭീകരതയും അവബോധവും ഉള്‍പ്പെടുത്തി കേരള പൊലീസ് അക്കാഡമി ചെയ്ത വിഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും സിസ്റ്റര്‍ തന്നെയായിരുന്നു. സഭയ്ക്ക് വേണ്ടിയും അല്ലാതെയും നൂറിലേറെ ആത്മീയ ആല്‍ബങ്ങളും വിഡിയോകളും ഒരുക്കിയിട്ടുണ്ട്. വിവിധ ചടങ്ങുകള്‍ ലൈവ് ഷൂട്ടിങ്ങും ചെയ്യുന്നുണ്ട്.
പ്രകൃതിയും പക്ഷികളുമൊക്കെ സിസ്റ്ററിന്റെ ക്യാമറയില്‍ പതിയാറുണ്ട്. എന്നാല്‍ അത്തരം ഫോട്ടൊഗ്രഫിയ്ക്ക് ചെലവ് കൂടുതലാണെന്നു സിസ്റ്റര്‍. എന്നാല്‍ ചെലവുകള്‍ക്കുള്ള കാശ് കണ്ടെത്തുന്നതും ക്യാമറയിലൂടെയാണ്. തൃശൂരിലെ സ്കൂളുകളിലെ ക്ലാസ് ഫോട്ടോ എടുക്കാന്‍ പോകാറുണ്ട്. അതില്‍ നിന്നു ചെറിയ വരുമാനമാണ് ഫോട്ടെയടുപ്പിന് ഉപയോഗിക്കുന്നത്.
കന്യാസ്ത്രീയായ മകളെക്കുറിച്ചുള്ള വര്‍ത്തകള്‍ കേട്ട് അപ്പച്ചനും അമ്മച്ചിയ്ക്കും ചേച്ചിയ്ക്കും ചേട്ടനുമൊക്കെ സന്തോഷവും അഭിമാനവുമായിരുന്നുവെന്നു സിസ്റ്റര്‍ ലിസ്മി. 'കുഞ്ഞുപ്രായത്തില്‍ ഞാന്‍ ഒരു അസുഖക്കാരിയായിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, പൊതുവേ ക്ഷീണിച്ച രൂപമായിരുന്നു, പിന്നെ അധികമാരോടും സംസാരിക്കുന്ന സ്വാഭാവക്കാരിയും അല്ല. പിന്നെ ഇവിടെ വന്നപ്പോ ആര്‍ത്രൈറ്റിസ് വന്നു. അതോടെ വീണ്ടും ശരീരം വീക്കായി.
സിനിമയാണ് സിസ്റ്ററിന്റെ അടുത്ത സ്വപ്നം. പ്രൊജക്റ്റുകള്‍ വരുന്നുമുണ്ട്. ശ്രമിച്ചു നോക്കാം അതിലേക്കും. സിനിമ അവസരം വന്നുവെങ്കിലും തീരുമാനിച്ചിട്ടില്ല. പക്ഷേ നോക്കട്ടെ എന്നാണവരോട് പറഞ്ഞത്. നല്ലൊരു കഥയും മറ്റും ഒത്തുവരട്ടെ. പ്രതീക്ഷയോടെ സിസ്റ്റര്‍ ലിസ്മി പറഞ്ഞുനിറുത്തി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നല്ല ഗുണ്ടകള്‍ക്ക് എന്ത് നന്മ ചെയ്യാനാകും: സിസ്റ്റര്‍ ജെസ്മി
ബുക്കര്‍: ചരിത്രമെഴുതി ബെര്‍ണാര്‍ഡിനോ എവരിസ്തോ
ക്രിസ്ത്യന്‍ ടൈംസ് ബിഷപ്പ് ഫ്രാങ്കോയെ വീണ്ടും ജയിലിലാക്കുമോ?
പവര്‍ഫുള്‍ ആണ് ലിബാസ്: ഏഷ്യന്‍ കരുത്തരോട് ഏറ്റുമുട്ടാന്‍ ഈ കൊച്ചിക്കാരി റെഡി