ബഡ്സ് സ്കൂൾ, ചികിത്സയ്ക്കായി പോകുന്നതിന് ആംബുലൻസ്, വീടുകളിലെത്തി ചികിത്സയ്ക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ്, എംപാനൽ ചെയ്തിരിക്കുന്ന 17 ആശുപത്രികൾ എന്നിവ സംബന്ധിച്ചുളള സർക്കാരിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്നാണ് എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി.
കാസർകോടൻ ഗ്രാമങ്ങൾക്ക് മേൽ കാൽനൂറ്റാണ്ടോളം പെയ്തിറങ്ങിയ എൻഡോസൾഫാൻ വിഷമഴ അവസാനിച്ചിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീംകോടതിയുടെയും ഒക്കെ ഇടപെടൽ ഉണ്ടായിട്ടും വിവിധ സർക്കാരുകൾ മാറിമാറി വന്നിട്ടും വിഷമഴ കണ്ണീരിലാഴ്ത്തിയ ആയിരക്കണക്കിന് മനുഷ്യരുടെ ദുരിതങ്ങൾക്ക് മാത്രമാണ് ഇനിയുമൊരു അറുതിയില്ലാത്തത്. ക്ഷേമ പെൻഷനുകളും ഓണം ബോണസുമൊക്കെ സർക്കാർ പ്രഖ്യാപിക്കുമ്പോഴും കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ ലഭിക്കാതെ, അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ പലതും ലഭിക്കാതെ വലയുകയാണ് എൻഡോസൾഫാൻ ദുരിതബാധിതർ.
നിരവധി ആനുകൂല്യങ്ങളും ചികിത്സാ സൗകര്യങ്ങളും ദുരിതബാധിതർക്കായി ഇപ്പോഴുമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു നിയമസഭയിൽ അക്കമിട്ട് വിവരിച്ചത്. എന്നാൽ മുൻപ് ഇതൊക്കെ ഉണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ മന്ത്രി പറഞ്ഞതൊക്കെയും അവാസ്തവും പച്ചക്കളളവുമാണെന്നാണ് ദുരിതബാധിതർ വ്യക്തമാക്കുന്നത്.
മന്ത്രിയുടെ അവകാശ വാദങ്ങൾ ഇങ്ങനെ
1. ദുരിതബാധിതർക്കായി സുപ്രീംകോടതി വിധി പ്രകാരവും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ പ്രകാരം, 300 കോടി ചെലവഴിച്ചു. ദേശീയ ആരോഗ്യ ദൗത്യം കാസർകോട് കാര്യാലയം മുഖേന 17 ആശുപത്രികൾ എംപാനൽ ചെയ്ത് സൗജന്യ ചികിത്സ നൽകിവരുന്നു.
2. എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിൽ ബഡ്സ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.
3. സാമൂഹിക സുരക്ഷാ മിഷൻ വഴി ദുരിതബാധിതർക്കായി സ്നേഹ സാന്ത്വനം പദ്ധതി, കുട്ടികൾക്കുളള വിദ്യാഭ്യാസ സഹായ പദ്ധതി, സ്പെഷ്യൽ ആശ്വാ കിരണം പദ്ധതി എന്നിവയിലൂടെ ധനസഹായം നൽകി വരുന്നു
4. ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നതിന് 11 ആംബുലൻസുകൾ വിവിധ പഞ്ചായത്തുകളിലായി നൽകിയിട്ടുണ്ട്.
5. വീടുകളിൽ എത്തി ചികിത്സ ലഭ്യമാക്കുന്നതിന് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തിച്ച് വരുന്നു
6. ശാരീരികവും മാനസികവുമായ പുനരധിവാസം ലക്ഷ്യമാക്കി എല്ലാ ഭിന്നശേഷിക്കാർക്കുമായി എൻഡോസൾഫാൻ പുനരധിവാസ വില്ലേജ് നിർമ്മിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമായി അഞ്ചു കോടി അനുവദിച്ചു. 2020 മാർച്ച് 14ന് ഈ പദ്ധതിക്ക് തറക്കല്ലിട്ടു. നിർവഹണ ഏജൻസിയായ ഊരൗളുങ്കൽ ലേബർ സൊസൈറ്റിയുമായി കരാറിൽ ഏർപ്പെടുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു.
7. ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്നോ, കീടനാശിനി കമ്പനികളിൽ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് നിവേദനം നൽകിയെങ്കിലും സഹായം ലഭിച്ചില്ല.
8. എൻഡോസൾഫാൻ നിർമ്മാണ കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി സംസ്ഥാന സർക്കാരിനായി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി സബ് കോടതി മൂന്നിൽ 15 കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്തു.

നിയമസഭയിൽ ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് സാമൂഹിക നീതി വകുപ്പ് മന്ത്രി ഇങ്ങനെ മറുപടി നൽകിയത്. ദുരിതബാധിതർക്ക് സാമ്പത്തിക സഹായം അടക്കം പലതും സംസ്ഥാന സർക്കാർ ചെയ്ത് കഴിഞ്ഞു. 2010 മുതൽ ദുരിതബാധിതർക്ക് പെൻഷൻ, സൗജന്യ റേഷൻ, സൗജന്യ ചികിത്സ, പരിചാരകർക്കുളള പ്രത്യേക സഹായം, കുട്ടികൾക്കുളള വിദ്യാഭ്യാസ സഹായം, ദുരിതബാധിതരുടെ കടങ്ങൾ എഴുതി തളളൽ എന്നി കാര്യങ്ങൾ സർക്കാരുകൾ ചെയ്യുന്നുണ്ടെന്നും പെൻഷനും മുടങ്ങി കിടക്കുന്ന മറ്റ് ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണം, എൻഡോസൾഫാൻ പുനരധിവാസ സെൽ നിലച്ചു, അത് പുനസംഘടിപ്പിക്കണം എന്നുമായിരുന്നു ഉദുമ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടത്.
മന്ത്രി പറഞ്ഞതിലെ വസ്തുതകൾ ഇങ്ങനെ
ബഡ്സ് സ്കൂളുകൾ എന്നത് പഞ്ചായത്തുകളിൽ നിലവിലുണ്ടെങ്കിലും നിരവധി അസൗകര്യങ്ങൾക്ക് നടുവിലാണ് വർഷങ്ങളായി ഇവ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടങ്ങൾ പലതിനും ഇപ്പോഴും ആയിട്ടില്ല. അതിനുളള ഒരു ഉദാഹരണം എന്മകജെ എന്ന പഞ്ചായത്തില്‍ ആറ് വര്‍ഷം മുന്‍പ് സ്കൂൾ നിർമ്മിക്കാനായി നബാര്‍ഡിന്റെ ഫണ്ട്, കിട്ടിയതാണ്. എന്നാൽ ഇപ്പോഴും ആ സ്കൂൾ ആസ്ബസ്റ്റോസ് ഷീറ്റിന്റെ താഴെയാണ് പ്രവർത്തിക്കുന്നത്. വീൽചെയർ കൊണ്ടുപോകാനുളള സൗകര്യം പോലും അവിടെ ഇല്ല. വളരെയേറെ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി നിർമ്മിച്ച സ്കൂളുകളുടെ അവസ്ഥയാണ് ഇത്.
സർക്കാർ പറയുന്ന സൗജന്യ റേഷന്‍ പലര്‍ക്കും ലഭിക്കുന്നില്ലെന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡന്റായ മുനീസ അമ്പലത്തറ ഏഷ്യാവിൽ മലയാളത്തോട് വ്യക്തമാക്കിയത്. കൊവിഡ് കാലത്ത് മറ്റുളളവരെക്കാൾ ഇരട്ടി ദുരിതത്തിലാണ് എൻഡോസൾഫാൻ ബാധിതരും അവരുടെ കുടുംബങ്ങളും. കഴിഞ്ഞ അഞ്ച് മാസമായി ഇവർക്ക് പെൻഷൻ വിതരണം ചെയ്തിട്ടില്ല. സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക കൊടുക്കാനും ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും കൊടുക്കാനുമൊക്കെ വേണ്ടി വരുന്ന കാശിന്റെ ആയിരത്തിലൊന്ന് മതി ഞങ്ങളുടെ കുടിശിക തീർത്ത് ലഭിക്കാൻ. ആജീവനാന്ത സൗജന്യ ചികിത്സ നൽകണമെന്ന് കോടതി പറഞ്ഞപ്പോൾ എംപാനൽ ചെയ്ത് തന്ന 17 ആശുപത്രികളിൽ ഒന്നുപോലും കാസർകോട്ട് ഇല്ല. കർണാടകയിലോ, എറണാകുളത്തോ, തിരുവനന്തപുരത്തോ ഈ കൊവിഡ് സമയത്ത് യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. യാത്രാനിയന്ത്രണങ്ങൾ ഉളളതിനാൽ ഇരട്ടി ദുരിതവുമാണ് പലരും അനുഭവിക്കുന്നതെന്നും മുനീസ പറഞ്ഞു.

17 ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകിവരുന്നു എന്നാണ് മന്ത്രി പറയുന്നത്. എന്നാൽ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ പലപ്പോഴും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ രക്ഷിതാക്കൾ നേരിടേണ്ടി വരുന്നു. ഏറ്റവും അടുത്ത് 2021 ജൂലൈ 21ാം തിയതി കെഎംസി ഹോസ്പിറ്റലില്‍ ഒരു കുട്ടിക്ക് ചികിത്സ നിഷേധിച്ചു. അതിനുളള കാരണമായി രക്ഷിതാക്കളോട് അവർ പറഞ്ഞത് നിങ്ങളുടെ സര്‍ക്കാര്‍ ഇവിടെ പൈസ തരാനുണ്ടെന്നാണ്. പിന്നീട് ആ കുട്ടിയുടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ രക്ഷിതാക്കൾക്ക് സമീപിക്കേണ്ടി വന്നു. പലപ്പോഴും ആശുപത്രി അധികൃതര്‍ രോഗികളോടും അവരുടെ രക്ഷിതാക്കളോടും നിങ്ങളുടെ സർക്കാർ ഞങ്ങൾക്ക് തരാനുളള പണം തന്നിട്ടില്ലെന്ന് പറഞ്ഞാണ് സൗജന്യ ചികിത്സ നിഷേധിക്കുന്നത്. ഇത് വലിയ രീതിയിലുളള മാനസിക ബുദ്ധിമുട്ട് കൂടിയാണ് ഉണ്ടാക്കുന്നതെന്നും മുനീസ വ്യക്തമാക്കി. കൂടാതെ ഈ 17 ആശുപത്രികള്‍ക്ക് പുറത്ത് അവിടെ കിട്ടാത്ത ചികിത്സ ആവശ്യമായി വരുന്ന രോഗികളും ദുരിതബാധിതരിലുണ്ട്. അങ്ങനെയുളള ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ.
വീടുകളിലെത്തി പരിശോധനയ്ക്കായി മുൻപ് മൊബൈൽ മെഡിക്കൽ ടീം പഞ്ചായത്തുകളിൽ ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ തുടക്കത്തിന് മുൻപ് തന്നെ അത് നിലച്ചു. ഇപ്പോൾ എല്ലാ മാസവും രക്ഷിതാക്കൾ കുട്ടികളുടെ മരുന്നുചീട്ടുമായി പെരിയയിൽ പോയി മരുന്ന് വാങ്ങുകയാണ് ചെയ്യാറുളളത്. കുട്ടികളുടെ ക്ഷേമം അന്വേഷിക്കുകയോ, നിലവിലെ ആരോഗ്യ അവസ്ഥ എന്താണെന്നോ ഇവർക്ക് അറിയേണ്ടേ. ഡോക്ടര്‍ കാണണമെന്ന് പോലും ഇല്ല, പലപ്പോഴും സ്റ്റാഫ് നഴ്സാണ് അവിടെ മരുന്ന് പോലും എഴുതി തരുന്നത്. മംഗലാപുരത്തൊക്കെ പോയി പരിശോധന നടത്തിയ ആ ഫയല്‍ നോക്കി, അതെ മരുന്ന് എഴുതി കൊടുക്കുകയാണ് ഇപ്പോൾ നടക്കുന്നത്. അല്ലാതെ മൊബൈൽ മെഡിക്കൽ യൂണിറ്റ് വീട്ടിൽ വരുന്നില്ലെന്നാണ് രക്ഷിതാക്കൾ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.

11 ആംബുലന്സുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ 10 ആംബുലൻസ് മാത്രമാണുളളത്. ഒരു പഞ്ചായത്ത് ഇതുവരെ ആംബുലന്‍സ് ഏറ്റെടുത്തിട്ടേ ഇല്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കായി മാറ്റിവെച്ചിരിക്കുന്ന ആംബുലൻസ് പലപ്പോഴും ലഭിക്കാത്ത സാഹചര്യമാണ് കൊവിഡ് വന്നതിൽ പിന്നെ. എപ്പോൾ വിളിച്ചാലും കൊവിഡ് ഡ്യൂട്ടിക്ക് പോയിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. കൃത്യസമയത്ത് ആംബുലൻസ് കിട്ടാതെ ഒരു കുട്ടി ശ്വാസം ലഭിക്കാതെ മൂന്നരമണിക്കൂറോളം ബുദ്ധിമുട്ടി മരണപ്പെടുന്ന അവസ്ഥ ഉണ്ടായെന്നും ആംബുലൻസിനായി കളക്ടറെ വരെ വിളിക്കേണ്ടി വന്നെന്നുമാണ് ഇതിനെക്കുറിച്ച് മുനീസ വിശദീകരിച്ചത്.
കാസർകോട് 2013ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളെജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. ഒരുപാട് കുഞ്ഞുങ്ങള്‍ ഇപ്പോഴും ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചുപോയിട്ടുണ്ട്, സാധാരണ ചികിത്സ പോരാ, അത്യാധുനിക ചികിത്സയാണ് ഇവർക്ക് വേണ്ടതെന്ന് വർഷങ്ങളായി എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങളിൽ ഇടപെടുന്ന എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട് പറയുന്നത്.
സൗജന്യ ചികിത്സ, പെൻഷൻ,പുനരധിവാസം, വീടുകളിൽ പോയി ചികിത്സിക്കുന്ന പരിപാടി, മെഡിക്കൽ ക്യാംപുകൾ എന്നിങ്ങനെ ദുരിതബാധിതരുമായി ബന്ധപ്പെട്ട എല്ലാക്കാര്യത്തിലും ഒരു അനാസ്ഥ നിലനിൽക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരൊക്കെ എങ്ങനെയെങ്കിലും ചത്ത് തീരട്ടെ എന്നൊരു മനോഭാവം നമ്മുടെ ഭരണകൂടത്തിന് ഉണ്ടെന്ന ഒരു സംശയം കുറെക്കാലമായി ഞങ്ങൾക്കുണ്ട്.
അംബികാസുതൻ മാങ്ങാട്

മന്ത്രി നിയമസഭയിൽ പറഞ്ഞ മറ്റൊന്ന് പുനരധിവാസ ഗ്രാമമാണ്. പുനരധിവാസ ഗ്രാമം തറക്കല്ലിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു.. ഇപ്പോ വരും എന്ന് പറഞ്ഞ് തുടങ്ങിയിട്ട് എട്ടുവര്‍ഷമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് ഇത് പ്രഖ്യാപിച്ചത്. 2020ല്‍ തറക്കല്ല് ഇട്ടിട്ടുണ്ട്. ഇനി അടുത്ത ഘട്ടം എന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടുമില്ല. ജില്ലാതലത്തിൽ കളക്ടർ അധ്യക്ഷനായുളള എൻഡോസൾഫാൻ പുനരധിവാസ സെൽ നിലച്ചിട്ട് ഒരു വർഷമാകുന്നു. പുനരധിവാസ സെല്‍ രണ്ടുമാസത്തില്‍ ഒരു തവണ ചേരണമെന്നാണ് അതിന്റെ നിയമം. പത്ത് മാസമായി ഇത് ചേര്‍ന്നിട്ടില്ല. അഞ്ച് സെല്‍ ചേരേണ്ട സമയമാണ് ഇപ്പോൾ കഴിഞ്ഞത്. എന്ന് ഇത് പുനഃസംഘടിപ്പിക്കുമെന്നും ആർക്കും അറിയില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷം എൻഡോസൾഫാൻ പുനരധിവാസ സെല്ലിന്റെ കണ്‍വീനറായി ഇരുന്നത് സജിത് ബാബു എന്ന കളക്ടറാണ്. എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും ലിസ്റ്റിലുളളവര്‍ അനര്ഹരാണെന്നുമുളള പ്രതീതി സൃഷ്ടിക്കലായിരുന്നു അദ്ദേഹം ആ സ്ഥാനത്ത് ഇരുന്ന് ചെയ്തത്. ദുരിതബാധിതരെ അംഗീകരിക്കാത്ത ആളെ തന്നെ ഇതിന്റെ തലപ്പത്ത് ഇത്രയും വർഷം നിലനിർത്തിയതിൽ എന്തെങ്കിലും താത്പര്യം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ടതാണ്. പരമാവധി ദുരിതബാധിതർക്ക് എങ്ങനെ എതിരാകാമെന്ന് മാത്രമാണ് സജിത് ബാബു നോക്കിയിരുന്നത്. ഇപ്പോൾ പുതിയ കളക്ടർ ചുമതലയേറ്റെടുത്തിരുന്നു. കാര്യങ്ങൾ പഠിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഒരു മാസം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് അനുകൂലമായ രീതിയിലുളള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചാൽ മതിയായിരുന്നു.
അംബികാസുതൻ മാങ്ങാട്, മുനീസ അമ്പലത്തറ

ദുരിതബാധിതർക്കായി സായി ട്രസ്റ്റിന്റെ നേതൃത്വത്തിലുണ്ടാക്കിയ സായിഗ്രാമത്തിലെ വീടുകളിൽ 33 എണ്ണം നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കൈമാറിയിട്ടില്ല. നാലുവർഷത്തിലേറെയായി വീടിന് അപേക്ഷ നൽകി ആളുകൾ കാത്തിരിക്കുകയാണ്. 2016-17 കാലത്ത് നിർമ്മാണം പൂർത്തിയായിട്ടാണ് ഇപ്പോഴും വീട് കൈമാറാത്തത്. ഒരുപാട് അപേക്ഷകരുണ്ടെന്നും നറുക്കിട്ട് കൊടുക്കാമെന്നുമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മുൻ ജില്ലാ കളക്ടറായിരുന്ന സജിത് ബാബുവിന്റെ മറുപടിയെന്ന് ദുരിതബാധിതർ ഓർമ്മിക്കുന്നു. ഇതുവരെ 22 വീടുകളാണ് സായി ട്രസ്റ്റിന്റേതായി നൽകിയത്.
സർക്കാരിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമാണ് വിഷമഴയിലൂടെ ഇവിടുത്തെ ജനങ്ങളെ രോഗബാധിതരാക്കിയത്. അതുകൊണ്ട് തന്നെ ആനുകൂല്യങ്ങളും ചികിത്സാ സൗജന്യവുമൊക്കെ ഭരണകൂടങ്ങളുടെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. സർക്കാരിലെ മന്ത്രിമാർ പുതിയതാണെങ്കിലും ഉദ്യോഗസ്ഥർക്ക് വ്യക്തമായി അറിയാവുന്ന കാര്യങ്ങളിൽ തെറ്റുകൾ വരുന്നത് എങ്ങനെയാണെന്നാണ് ദുരിതബാധിതർ ചോദിക്കുന്നത്. സർക്കാർ മന്ത്രിമാരോ, അതോ സർക്കാരിന് കീഴിലുളള ഉദ്യോഗസ്ഥരോ ആരാണ് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!