നാലര വർഷം, ഇനിയും നഷ്ടപരിഹാരമില്ല; എൻഡോസൾഫാൻ ദുരന്തബാധിതർ വീണ്ടും നിയമവഴിയിൽ
എൻഡോസൾഫാൻ ഇരകൾക്ക് മൂന്നു മാസത്തിനകം അഞ്ചുലക്ഷം രൂപവീതം നൽകണമെന്ന 2017ലെ വിധി നടപ്പായില്ല, ഏഴായിരത്തോളം എൻഡോസൾഫാൻ രോഗികളിൽ നാലിലൊന്നുപേർക്ക് മാത്രമേ ഇതുവരെ മുഴുവൻ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂവെന്നും സെർവ് കളക്ടീവ് കോടതിയലക്ഷ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എൻഡോസൾഫാൻ ദുരന്തബാധിതർ വീണ്ടുമൊരു സമരമുനമ്പിലാണ്. സുപ്രീംകോടതി വിധിയ്ക്കുശേഷവും നഷ്ടപരിഹാരം നൽകാതെയും മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കാതെയും സർക്കാർ തുടരുന്ന അനാസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി രംഗത്ത് ഇറങ്ങുമെന്നാണ് ദുരന്ത ബാധിതരും വിവിധ സംഘടനകളും വ്യക്തമാക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ദുരിതബാധിതരുമായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സമരം നടത്തിയിരുന്നു. തുടർന്ന് 2019 ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത്തരത്തിൽ പ്രത്യക്ഷ സമരം വീണ്ടും ഉണ്ടായേക്കുമെന്ന് പീഡിത ജനകീയ മുന്നണി സൂചിക്കുമ്പോൾ സുപ്രീംകോടതി വഴിയുളള നിയമപോരാട്ടവുമായി സെർവ് കളക്ടീവും രംഗത്തുണ്ട്.
നാലരവർഷം മുമ്പ് വിധിച്ച നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്നുകാട്ടിയാണ് എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ സെർവ് കളക്ടീവ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എൻഡോസൾഫാൻ ഇരകൾക്ക് മൂന്നു മാസത്തിനകം അഞ്ചുലക്ഷം രൂപവീതം നൽകണമെന്ന 2017ലെ വിധി നടപ്പായില്ല, ഏഴായിരത്തോളം എൻഡോസൾഫാൻ രോഗികളിൽ നാലിലൊന്നുപേർക്ക് മാത്രമേ ഇതുവരെ മുഴുവൻ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂവെന്നും സെർവ് കളക്ടീവ് കോടതിയലക്ഷ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എൻഡോസൾഫാൻ ദുരന്തബാധിതർക്കായി പ്രവർത്തിക്കുന്ന 12 ഓളം സംഘടനകൾ ചേർന്നതാണ് സെർവ് കളക്ടീവ്. ആദ്യമായിട്ടാണ് ദുരിതബാധിതർക്കായി ഇത്രയേറെ സംഘടനകൾ ഒരുമിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് എൻവിസാജ് സ്ഥാപകനും സെർവ് കളക്ടീവിന്റെ ഉപദേശകരിൽ ഒരാളുമായ പ്രൊഫ. എം.എ റഹ്മാൻ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.

എൻവിസാജ്, എസ്പാക്, എൻഡോസൾഫാൻ ദുരിതബാധിത സംരക്ഷണ സമിതി, പുഞ്ചിരി ക്ലബ്ബ്, ലോഹ്യ വിചാരവേദി, ഏകതാ പരിഷത്, അധിനിവേശ പ്രതിരോധ സമിതി, പാഠദേദം, തണൽ, വ്യവസായ തൊഴിലാളി സൗഹൃദസംഘം, ഫെയർ ട്രേഡ് അലയൻസ് ഓഫ് കേരള, ജോയന്റ് ഫോറം ഓഫ് എൻഡോസൾഫാൻ വിക്ടിംസ് ട്രിബ്യൂണൽ റൈറ്റ്സ് എന്നിവയൊക്കെ ചേർത്ത് നമ്മളൊരു കോൺഫെഡറേഷൻ ഉണ്ടാക്കി. ഇതിന്റെ നേതൃത്വത്തിലാണ് നിയമപോരാട്ടം. സുപ്രീംകോടതി വിധിയിലെ എൻഡോസൾഫാൻ ഇരകൾക്ക് കാസർകോട്ട് സാന്ത്വനചികിത്സാ ആശുപത്രി വേണമെന്ന നിർദേശം പോലും ഇതുവരെ പാലിക്കപ്പെട്ടില്ല.
ഈ കൊവിഡ് കാലത്ത് വല്ലാത്ത ദുരിതമാണ് ദുരന്തബാധിതരും കുടുംബവും ഇതുമൂലം അനുഭവിക്കുന്നത്. ആജീവനാന്ത സൗജന്യ ചികിത്സ നൽകണമെന്ന് കോടതി പറഞ്ഞപ്പോൾ എംപാനൽ ചെയ്ത് തന്ന 17 ആശുപത്രികളിൽ ഒന്നുപോലും കാസർകോട്ട് ഇല്ല. കർണാടകയിലോ, എറണാകുളത്തോ, തിരുവനന്തപുരത്തോ ഈ കൊവിഡ് സമയത്ത് യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. യാത്രാനിയന്ത്രണങ്ങൾ ഉളളതിനാൽ ഇരട്ടി ദുരിതവുമാണ് അനുഭവിക്കുന്നത്. ഇത്തരം കാര്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി വിധി വന്നിട്ടും സർക്കാരുകൾ അത് പാലിക്കുവാൻ തയ്യാറാകാത്തതിലാണ് നിരാശ. ഡിവൈഎഫ്ഐയൊക്കെ അന്ന് കേസിന് പോയപ്പോൾ വലിയ സന്തോഷമായിരുന്നു. യുവജന സംഘടനകൾ വിഷയം ഏറ്റെടുത്തതിൽ. എന്നാൽ വിധി വന്നശേഷം നഷ്ടപരിഹാരം കൊടുക്കുന്ന കാര്യത്തിലോ, അത് കൃത്യമായി നടപ്പാക്കണമെന്നതിലോ അവർ മിണ്ടിയിട്ടില്ല.
ഇന്ത്യയിലെ ഇത്തരത്തിലുളള പല സമരങ്ങളും വിജയത്തിൽ എത്താറില്ല. പക്ഷേ ഇവിടെ സുപ്രീംകോടതി വിധിയോടെ സമരം വിജയത്തിൽ എത്തിയിരുന്നു. എന്നാൽ കോടതി വിധി നടപ്പിലാക്കാൻ നമ്മുടെ ഭരണകൂടം ഓരോ കാരണങ്ങൾ കണ്ടെത്തി വൈകിപ്പിക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി ഈ കോടതിവിധി ഇംപ്ലിമെന്റ് ചെയ്യാത്തതിന്റെ പ്രശ്നമാണ് നമ്മൾ അനുഭവിക്കുന്നത്. ഇത് എങ്ങനെ ദുരന്തബാധിതർക്കായി പോസിറ്റീവായി കൊണ്ടുവരാമെന്ന് കൂട്ടായി ആലോചിച്ചാണ് പത്തിലേറെ സംഘടനകളുമായി നമ്മൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഐസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് സർക്കാർ നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയതും മരട് ഫ്ളാറ്റ് പൊളിക്കാനായി വിധി വന്നപ്പോൾ സർക്കാർ തുക കെട്ടിവെച്ചതുമൊക്കെ നിങ്ങൾ ഓർക്കുന്നില്ലേ? സമൂഹത്തിൽ ഏറ്റവും ദുർബലരും അവശരുമായ വിഭാഗത്തെ ചേർത്തുനിർത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സർക്കാർ എന്തുകൊണ്ടാണ് പിന്നെ ഇക്കാര്യത്തിൽ മാത്രം ഉദാസീനത കാണിക്കുന്നതെന്നും റഹ്മാൻ ചോദിക്കുന്നു.

സുപ്രീംകോടതി വിധിയും പിന്നീട് സംഭവിച്ചതും
ഡിവൈഎഫ്ഐ നൽകിയ കേസിൽ 2017ലെ സുപ്രീംകോടതി വിധി അനുസരിച്ച് 6,727 പേർക്കാണ് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിക്കേണ്ടത്. ഇതിൽ1442 പേർക്കും കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കേസിന് പോയ നാലുപേർക്കും മാത്രമാണ് ഇതുവരെ അഞ്ച് ലക്ഷം രൂപയും പൂർണമായും ലഭിച്ചത്. 1568 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. കോടതി വിധി പ്രകാരം ഇനി 3,717 പേര്‍ക്ക് അഞ്ച് ലക്ഷവും 1,568 പേര്‍ക്ക് രണ്ട് ലക്ഷവും ധനസഹായം ലഭിക്കാനുണ്ട്.
2010 മുതലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്തുന്നതിനുളള മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. 2010 മുതല്‍ 17 വരെ നടന്ന മെഡിക്കല്‍ ക്യാംപുകളില്‍ നിന്നും 6,727 പേരെയാണ് ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സുപ്രീംകോടതി വിധി പ്രകാരം ഇവർക്കെല്ലാം ധനസഹായം ലഭിക്കേണ്ടതുമുണ്ട്. എന്നാൽ ഇനിയും വിദഗ്ധ പരിശോധന നടത്തി ദുരിതബാധിതരുടെ എണ്ണം കുറയ്ക്കണമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഇതിന് കാരണമായി പറയുന്നത് അനർഹർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. കോടതി വിധി വന്നശേഷം മാത്രമാണ് ഇതിലെ ദുരന്തബാധിതരുടെ എണ്ണം കുറയ്ക്കണമെന്ന റിപ്പോർട്ട് ജില്ലാ കളക്ടറായിരുന്ന സജിത് ബാബു നൽകുന്നത്. കോടതിവിധിയിൽ എൻഡോസൾഫാൻ ദുരന്തബാധിതരായി വന്ധ്യത സംഭവിച്ചവരെയും പരിഗണിച്ചിരുന്നു. ഇവരിൽ കുറച്ചുപേർക്ക് കുട്ടികൾ ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ അനർഹർ എന്ന വാദം. ഇതിനെ പിന്തുണച്ച് കൃഷി വകുപ്പിലെ ശാസ്ത്രജ്ഞരിൽ ചിലരുമുണ്ട്.

അനർഹർ എന്നത് ജില്ലാ ഭരണകൂടത്തിന്റെ കളളപ്രചരണം
22 വർഷം എൻഡോസൾഫാൻ എന്ന കൊടുംവിഷം തളിച്ചതിനെ തുടർന്ന് 56 പേർക്കാണ് വന്ധ്യതയുളളതായി നേരത്തെ കണ്ടെത്തിയിരുന്നതെന്ന് എം.എ റഹ്മാൻ പറയുന്നു. 2000ത്തിൽ എൻഡോസൾഫാൻ നിരോധിച്ചു. ഈ 22 വർഷം കുട്ടികൾ ഉണ്ടാകാതിരുന്ന ആളുകൾ ചികിത്സയും തേടിയിരുന്നു. വിഷപ്രയോഗം നിർത്തിയശേഷമുളള ദീർഘകാലത്തിനിടയ്ക്ക് ഇവരിൽ 28 പേർക്ക് ഒന്നോ, രണ്ടോ കുട്ടികൾ ഉണ്ടായി. മരുന്ന് തളി നിർത്തിയ ശേഷം അവർക്ക് ആശ്വാസം കിട്ടി. കൂടാതെ അവരുടെ ചികിത്സയുടെ ഫലം കൊണ്ട് കുഞ്ഞുങ്ങളും ഉണ്ടായി. അതിന് മുൻപുളള വർഷങ്ങളിൽ ഇത്രയും പേർക്ക് ഒരുമിച്ച് കുട്ടികൾ ഉണ്ടാകാതെ ഇരുന്നത് എൻഡോസൾഫാൻ മൂലമാണ്. ഇതിനെയാണ് ജില്ലാ ഭരണകൂടം അനർഹർ എന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 18 വയസിന് താഴെയുള്ള 1,031 പേര് ഇപ്പോഴും ലിസ്റ്റിന് പുറത്താണെന്നും 2017ൽ നടന്ന ക്യാംപിന്റെ ലിസ്റ്റ് ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും 2011ലെ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളടക്കമുള്ള 600 പേരുടെ ലിസ്റ്റ് ഇനിയും പുറത്ത് വന്നിട്ടില്ലെന്നും ദുരന്തബാധിതർ പറയുന്നു. മെഡിക്കൽ ക്യാംപ് വഴി ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മാത്രമാണ് നിലവിൽ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുളള ധനസഹായവും ലഭിക്കുക.
ആജീവനാന്ത സൗജന്യ ചികിത്സ എന്ന് പ്രഖ്യാപിച്ചെങ്കിലും കാസർകോട് ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റ് പോലും ഇല്ലെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തക മുനീസ അമ്പലത്തറ പറയുന്നു. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ലാത്ത ജില്ലയാണ്. അതുകൊണ്ട് തന്നെ സൗജന്യ ചികിത്സയ്ക്ക് ഞങ്ങളെ പറഞ്ഞ് അയക്കുന്നത് മംഗലാപുരത്താണ്. ഒരു നല്ല ന്യൂറോളജസ്റ്റിനെ കാണണമെങ്കില്‍ തിരുവനന്തപുരത്ത് പോകേണ്ട ഗതികേടിലാണ് ഞങ്ങള്‍ ഇപ്പോഴും. 2012 മുതലുളള ഞങ്ങളുടെ ആവശ്യമാണ് ഒരു ന്യൂറോളജിസ്റ്റിനെ എങ്കിലും നിയമിക്കണമെന്നുളളത്. ദുരന്തബാധിതരില്‍ വലിയൊരു വിഭാഗം ന്യൂറോ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്. ആദ്യം കര്‍ണാടകയിലെ നാല് ഹോസ്പിറ്റലുകളാണ് സൗജന്യ ചികിത്സ അനുവദിച്ചിരുന്നത്. അത് ഇപ്പോള്‍ മൂന്നായി കുറഞ്ഞിട്ടുണ്ട്.

നിരവധിയായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ലഭിച്ച അവകാശങ്ങള്‍ ഇല്ലാതാകുന്ന കാലം കൂടിയാണ് ഇതെന്നും മുനീസ വ്യക്തമാക്കുന്നു. മറ്റ് എല്ലാ ക്ഷേമ പെന്‍ഷനുകളും വീട്ട് മുറ്റത്ത് എത്തിച്ചപ്പോള്‍ സർക്കാർ ഞങ്ങളെ മറന്നു. 2200, 1200 എന്ന രണ്ട് കാറ്റഗറി തിരിച്ച് ദുരിതബാധിതര്‍ക്ക് കൊടുക്കുന്ന സഹായം നാല് മാസമായി കുടിശിക കിടക്കുകയാണ് . ഇതിനെക്കുറിച്ച് വിളിച്ച് തിരക്കിയപ്പോൾ ഏറ്റവും അവസാനം പറഞ്ഞത് ജൂലൈ രണ്ടിന് പെൻഷൻ ഇടുമെന്നാണ്. ഇപ്പോൾ ജൂലൈ മാസം കഴിയാറായി. ഇതുവരെ വന്നിട്ടില്ലെന്നും മുനീസ പറഞ്ഞു.
എല്ലാ ദുരിതബാധിതർക്കും ലഭിക്കാനുളള ധനസഹായം ഉടൻ നൽകുക, മുഴുവൻ ദുരിതബാധിതരുടെയും കടങ്ങൾ എഴുതി തളളുക, 2013ലെ റേഷൻ സംവിധാനം പുനഃസ്ഥാപിക്കുകയും സൗജന്യ റേഷനും ബിപിഎൽ ആനുകൂല്യങ്ങളും അനുവദിക്കുക, പെൻഷൻ തുക 5000 ആയി ഉയർത്തുക, മതിയായ ചികിത്സ ജില്ലയിൽ ഉറപ്പു വരുത്തുക, 2019 ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കുക, 2017 ക്യാംപിൽ നിന്ന് തിരഞ്ഞെടുത്ത 1905ൽ ബാക്കി വന്ന 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തുക, ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി മുന്നോട്ട് വെക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മരടിലെ ഫ്ളാറ്റുകള്‍; മൂടിവെക്കാനാകാത്ത വസ്തുതകള്‍
'യുഡിഎഫ് മീനില്ലാതെ മീൻകറി വെക്കുന്നവർ, ആരോപണം ഉന്നയിച്ചതിന് എന്നെ ഒന്നര മണിക്കൂറിൽ സസ്പെൻഡ് ചെയ്ത മുന്നണി'; പരിഹാസവുമായി ഗണേഷ് കുമാർ
Video | സമാന്തര വാതിലും അടഞ്ഞുപോകുമ്പോള്‍; പാരലല്‍ കോളെജ്, ട്യൂഷൻ അധ്യാപകർ ജീവിതം പറയുന്നു
ഓൺലൈൻ ക്ലാസിലൂടെ ഒരു അക്കാദമിക് വർഷം കടന്നുപോകുമ്പോൾ