'ക്രിക്കറ്റില്‍ വന്നില്ലേല്‍ മൊയിൻ അലി ഐഎസിൽ ചേർന്നേനെ'; തസ്ലീമയുടെ വിവാദ ട്വീറ്റും ആർച്ചറുടെ മറുപടിയും
തസ്ലീമയുടെ വാക്കുകൾ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തെന്നാണ് മൊയിൻ അലിയുടെ പിതാവ് മുനിർ അലി പറഞ്ഞത്. ഇസ്ലാമോഫോബിയ ആണ് തസ്ലീമ നസ്രിന്റെ ട്വീറ്റിൽ കാണുന്നത്.
ഇംഗ്ലീഷ് താരവും ഐപിഎല്ലിൽ ചെന്നൈയുടെ കളിക്കാരനുമായ മൊയിൻ അലിയ്ക്കെതിരെ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ നടത്തിയ വംശീയ അധിക്ഷേപം നിറഞ്ഞ ട്വീറ്റ് വിവാദമാകുന്നു, മൊയിൻ അലിയുടെ സഹതാരം ജോഫ്ര ആർച്ചർ, മൊയിൻ അലിയുടെ പിതാവ് മുനീർ അലി എന്നിവരാണ് തസ്ലീമ നസ്രിനെതിരെ രംഗത്ത് വന്നത്.
ക്രിക്കറ്റ് താരം ആയിരുന്നില്ലെങ്കിൽ മൊയിൻ അലി സിറിയയിൽ പോയി ഐഎസ്ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്ലീമ നസ്റിന്റെ ട്വീറ്റ്. ഇംഗ്ലണ്ട് താരങ്ങളിൽ നിന്ന് അടക്കം കടുത്ത വിമർശനം ഉയർന്നതോടെ തസ്ലീമ വിവാദ ട്വീറ്റിനെ വിശദീകരിച്ച് എത്തിയിരുന്നു. തമാശരൂപേണയാണ് ആ ട്വീറ്റെന്ന് തന്നെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് അറിയാം. ഇസ്ലാമിലെ മതമൗലിക വാദത്തെ എതിർക്കുന്നതിനാലും മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ നോക്കുന്നത് കൊണ്ടും തന്നെ അപമാനിക്കാൻ വേണ്ടിയാണ് ട്വീറ്റിനെ ഒരു വിഷയമായി ഉയർത്തുന്നത്. ഇടത് നിലപാടുളള വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നുമാണ് തസ്ലീമ വിശദീകരിച്ചത്.

തമാശ ആയിരുന്നോ ഇത്, ആരും ചിരിക്കുന്നില്ലല്ലോ, നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ആ ട്വീറ്റ് എങ്കിലും നിങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണ് ഇതിനോട് ജോഫ്ര ആർച്ചറുടെ മറുപടി. തസ്ലീമയുടെ വാക്കുകൾ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തെന്നാണ് മൊയിൻ അലിയുടെ പിതാവ് മുനിർ അലി പറഞ്ഞത്. ഇസ്ലാമോഫോബിയ ആണ് തസ്ലീമ നസ്രിന്റെ ട്വീറ്റിൽ കാണുന്നത്. ഒരു മുസ്ലീം വ്യക്തിയോട് സമൂഹം പുലര്‍ത്തിപ്പോരുന്ന കാഴ്ച്ചപ്പാട് ഇങ്ങനെയാണ്. മറ്റുള്ളവരെ ബഹുമാനിക്കാത്തവർക്കും സ്വയം ബഹുമാനിക്കാൻ കഴിയാത്തവര്‍ക്കും മാത്രമേ ഈ നിലവാരത്തിലേക്ക് താഴാന്‍ കഴിയുകയുളളൂ. എന്തിനാണ് എന്റെ മകനെ ഇതിനായി അവർ തിരഞ്ഞെടുത്തത് എന്നറിയില്ല. നമുക്ക് അറിയാത്ത ആളുകൾക്ക് മേൽ ഇങ്ങനെ വിഷം തുപ്പുകയല്ല വേണ്ടത്. മൊയിൻ അലി എന്താണെന്ന് ക്രിക്കറ്റിലെ എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021
കഴിഞ്ഞ ദിവസവും ദേശീയ മാധ്യമങ്ങളിൽ അടക്കം മൊയിൻ അലിക്കെതിരെ ഒരു തെറ്റായ വാർത്ത പ്രചരിച്ചിരുന്നു. ഐപിഎല്ലിൽ തനിക്ക് അണിയാന്‍ നല്കുന്ന ജഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന് മൊയിന്‍ അലി ആവശ്യപ്പെട്ടുവെന്നും അത് ചെന്നൈ സൂപ്പർ കിങ്സ് അംഗീകരിച്ചെന്നും ആയിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ മൊയിൻ അലി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ വിശദമാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!