എറിഞ്ഞിടും, ചേസ് ചെയ്ത് ജയിക്കും; പേടിക്കണം ഈ ബംഗ്ലാദേശിനെ
ഉയർന്ന സ്കോറുകൾ നേടുന്നതിൽ താരങ്ങൾ പരാജയപ്പെടുന്നു എന്നുളള പ്രശ്നമൊഴിച്ചാൽ തങ്ങളുടേതായ ദിവസത്തിൽ ഏത് വമ്പൻ ടീമിനെയും തകർക്കാൻ കെൽപ്പുളളവരാണ് ബംഗ്ലാദേശ് എന്നാണ് ഇപ്പോഴത്തെ മത്സരഫലം പറയുന്നതും. ധാക്കയിലെ ഈ പരമ്പരയ്ക്ക് മുൻപ് ഇതുവരെ കളിച്ച നാല് മത്സരങ്ങളും ഓസീസിനോട് ബംഗ്ലാദേശ് തോറ്റിരുന്നു.
ട്വന്റി 20 ലോകകപ്പിന്റെ പടിവാതിൽക്കലാണ് ക്രിക്കറ്റ് ലോകം. ആരാകും ഇത്തവണ കപ്പ് ഉയർത്തുക എന്ന തർക്കങ്ങൾ ആരാധകർ നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ വേൾഡ് കപ്പിൽ ഇത്തവണ കറുത്ത കുതിരകളാകാൻ പോകുന്ന ടീമിനെ സംബന്ധിച്ച് ഇനി ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. അതെ, ബംഗ്ലാദേശ് തന്നെ. ഓസ്ട്രേലിയയ്ക്ക് എതിരെയുളള അഞ്ച് മത്സരങ്ങൾ അടങ്ങിയ ടീ 20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാ കടുവകൾ ഉജ്ജ്വല ഫോമിലാണ്. ഓസീസിനെതിരെ പിന്തുടർന്ന് നേടിയതും കുറഞ്ഞ സ്കോറിൽ പുറത്തായിട്ടും നേടിയ വിജയങ്ങൾ പറയുന്നത് ഏത് മത്സരവും ജയിക്കാനുളള കഴിവ് അവർ ആർജിച്ചെന്നാണ്.
വരുന്ന ട്വന്റി 20 ലോകകപ്പിൽ റാങ്കിങ്ങിൽ ആദ്യ എട്ടിൽ ഇല്ലാതായതോടെ ശ്രീലങ്കയും ബംഗ്ലാദേശും യോഗ്യതാ മത്സരങ്ങൾ കളിച്ചുവേണം എത്തേണ്ടത്. ഇതിൽ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെയുളള ട്വന്റി-20 പരമ്പര 2-1ന് വിജയിച്ചിരുന്നു. ബംഗ്ലാദേശാകട്ടെ ഓസീസിനെതിരെയുളള ഹാട്രിക് വിജയത്തോടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഏതൊരു ഫോർമാറ്റിലുമായി ബംഗ്ലാദേശിന്റെ ആദ്യ പരമ്പര നേട്ടമാണിത്.

ആവേശകരമായ മൂന്നാം ട്വന്റി20യിൽ 10 റൺസിനാണ് ബംഗ്ലദേശ് ജയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലദേശിന് ആകെ നേടാനായത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടും ഓസീസിന് 20 ഓവറിൽ നേടാനായത് നാലു വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രം. 10 റൺസിന്റെ തോൽവി. ആദ്യ മത്സരത്തിൽ 23 റൺസിനും രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനുമാണ് ബംഗ്ലദേശ് വിജയിച്ചത്. ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല ബംഗ്ലാദേശിന്റെ ഈ വിജയങ്ങൾ എന്നതും ശ്രദ്ധേയമാണ്.
ആദ്യ മത്സരത്തിൽ 19 റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തിയ നസും അഹമ്മദായിരുന്നു മാൻ ഓഫ് ദി മാച്ച്. 131 എന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ഓസീസിനെ 108 റൺസിന് ഓൾഔട്ടാക്കുക ആയിരുന്നു ബംഗ്ലാദേശ് ബൗളർമാർ. രണ്ടാമത്തെ മത്സരത്തിൽ 121 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. പിന്തുടർന്ന ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 37 റൺസ് എടുത്ത് പുറത്താകാതെ നിന്ന അഫീഫ് ഹുസൈനായിരുന്നു രണ്ടാം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

മൂന്നാമത്തെ മത്സരത്തിൽ ബംഗ്ലദേശിനായി അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ മഹ്മൂദുല്ലയാണ് കളിയിലെ കേമൻ. 53 പന്തുകൾ നേരിട്ട മഹ്മൂദുല്ല നാലു ഫോറുകളോടെ 52 റൺസെടുത്തു. നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത മുസ്താഫിസുർ റഹ്മാന്റെ ബൗളിങ് മികവും ഇതിൽ നിർണായകമായി. മൂന്ന് മത്സരങ്ങളിലും സ്റ്റാർ ബാറ്റ്സ്മാനായ ഷാക്കിബ് അൽ ഹസന്റേത് ഭേദപ്പെട്ട പ്രകടനമാണ്. 26, 26, 36 എന്നിങ്ങനെയാണ് അദ്ദേഹം നേടിയ റൺസ്. അവസാന മത്സരത്തിൽ ഒരു വിക്കറ്റും സ്വന്തമാക്കി. ഇടംകയ്യൻ പേസറായ ഷരീഫുൾ ഇസ്ലാം മൂന്ന് മത്സരങ്ങളിലും രണ്ട് വിക്കറ്റുകൾ വീതം നേടി.
ഉയർന്ന സ്കോറുകൾ നേടുന്നതിൽ താരങ്ങൾ പരാജയപ്പെടുന്നു എന്നുളള പ്രശ്നമൊഴിച്ചാൽ തങ്ങളുടേതായ ദിവസത്തിൽ ഏത് വമ്പൻ ടീമിനെയും തകർക്കാൻ കെൽപ്പുളളവരാണ് ബംഗ്ലാദേശ് എന്നാണ് ഇപ്പോഴത്തെ മത്സരഫലം പറയുന്നതും. ധാക്കയിലെ ഈ പരമ്പരയ്ക്ക് മുൻപ് ഇതുവരെ കളിച്ച നാല് മത്സരങ്ങളും ഓസീസിനോട് ബംഗ്ലാദേശ് തോറ്റിരുന്നു. ട്വന്റി 20യിൽ ഇതുവരെ 105 മത്സരങ്ങളാണ് വിവിധ രാജ്യങ്ങൾക്കെതിരെ ബംഗ്ലാദേശ് ഇതുവരെ കളിച്ചത്. 37 വിജയങ്ങൾ നേടിയപ്പോൾ 66 മത്സരങ്ങൾ തോറ്റു. രണ്ട് മത്സരങ്ങൾ വിജയികളില്ലാതെ ഉപേക്ഷിക്കേണ്ടിയും വന്നു.

വരുന്ന ട്വന്റി 20 വേൾഡ് കപ്പിൽ ഐസിസി റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ സൂപ്പർ 12 ലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. അയർലൻഡ്, ഹോളണ്ട്, നമീബിയ, ഒമാൻ, പാപുവ ന്യൂഗിനി, സ്കോട്ലൻഡ് എന്നീ ആറു ടീമുകൾ 2019ലെ ട്വന്റി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ മത്സരിക്കാൻ പ്രത്യേക യോഗ്യതാ റൗണ്ട് കളിച്ചെത്തിയവരാണ്. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒന്നാം ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ഉണ്ടാകും. ശ്രീലങ്ക ഒന്നാം ഗ്രൂപ്പിലും ബംഗ്ലാദേശ് രണ്ടാം ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നി ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഉണ്ടാകും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ് പ്രകാരമാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചത്.

ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പ് കൊവിഡ് വ്യാപനം മൂലം യുഎഇ, ഒമാൻ എന്നി രാജ്യങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷെയ്ഖ് സയിദ് സ്റ്റേഡിയം അബുദാബി, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവയാണ് വേദികൾ. 2021 ഒക്ടോബർ 17ന് ആരംഭിക്കുന്ന മത്സരങ്ങൾ നവംബർ 14ന് ഫൈനലോടെ സമാപിക്കും. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റിയെങ്കിലും സാങ്കേതികമായി ഇന്ത്യ തന്നെയാണ് ആതിഥേയർ. കാണികളെ മത്സരത്തിന് പ്രവേശിപ്പിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!