എപ്പോഴും മാസ്ക് ധരിക്കുക എന്നത് പ്രായോഗികമല്ല, വിമർശനങ്ങളിൽ പന്തിനെ പിന്തുണച്ച് ഗാംഗുലി
രോഗബാധിതർ ഒഴികെയുളള ടീമിലെ മറ്റ് താരങ്ങൾ പരിശീലന മത്സരം നടക്കുന്ന ദർഹാമിൽ എത്തിയിട്ടുണ്ട്. 20ന് ഓൾ കൗണ്ടി ടീമിനെതിരെയാണ് ആദ്യ സന്നാഹ മത്സരം. ഇതിൽ പന്തിനും സാഹയ്ക്കും ഇടമുണ്ടാകില്ല. കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറാകും.
ഇംഗ്ലണ്ട് പര്യടനത്തിനിടെ യൂറോ കപ്പ് അടക്കമുളള മത്സരങ്ങളിൽ കറങ്ങിനടക്കുകയും ഒടുവിൽ കൊവിഡ് സ്ഥിരീകരിക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. എപ്പോഴും മാസ്ക് ധരിച്ച് നടക്കുക എന്നത് പ്രായോഗികമല്ല എന്നാണ് സൗരവ് ഗാംഗുലിയുടെ കമന്റ്. യൂറോ കപ്പിലെ മത്സരങ്ങൾ കാണാൻ പോയ പന്ത് ഗാലറിയിൽ സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം മാസ്ക് ധരിക്കാതെ നിന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ട്രോളും വിമർശനവും ഉയരുമ്പോഴാണ് ഗാംഗുലിയുടെ പിന്തുണ അറിയിച്ചുളള പ്രതികരണം വരുന്നത്.
ഋഷഭ് പന്തിന്റെ അശ്രദ്ധയാണോ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഇംഗ്ലണ്ടിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അവിടെ നടന്ന യൂറോ, വിംബിൾഡൺ മത്സരങ്ങൾ നാം കണ്ടിരുന്നു. വലിയ രീതിയിൽ കാണികളെ അവിടെ അനുവദിക്കുന്നുണ്ട്. യൂറോയും വിംബിൾഡണും നടക്കുന്ന സമയത്ത് ഇന്ത്യൻ ടീമിന് അവധിയുമായിരുന്നു. മാത്രമല്ല, എപ്പോഴും മാസ്ക് ധരിക്കുക എന്നത് പ്രായോഗികവുമല്ലെന്നും ഗാംഗുലി പറഞ്ഞു.

ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായുളള പരമ്പരയ്ക്കായി താരങ്ങൾ അവിടെ തന്നെ തുടരുകയായിരുന്നു. മൂന്നാഴ്ചയോളം താരങ്ങൾക്ക് വിശ്രമം കിട്ടിയിരുന്നു. ഈ സമയത്താണ് താരങ്ങൾ വിംബിൾഡൺ, യൂറോ എന്നിവ കാണാനായി ഇറങ്ങിയത്. ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുളള മത്സരം കാണാൻ ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവർ പോയതും വിംബിൾഡൺ ഫൈനൽ കാണാൻ കോച്ച് രവിശാസ്ത്രി, രവിചന്ദ്ര അശ്വിൻ എന്നിവർ പോയതും നേരത്തെ വാർത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലുളള ഇന്ത്യൻ ടീം അംഗങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, ത്രോഡൗൺ സ്പെഷലിസ്റ്റ് ദയാനന്ദ് ഗരാനി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സുഹൃത്തിന്റെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് താരം. ജൂലൈ 18ന് വീണ്ടും പന്തിനെ പരിശോധനയ്ക്ക് വിധേയനാക്കും. കൊവിഡിന്റെ ഡെൽറ്റ വകഭേദമാണ് പന്തിന് വന്നത്. ബോളിങ് കോച്ച് ഭരത് അരുൺ, റിസർവ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, പകരക്കാരൻ ഓപ്പണർ അഭിമന്യു ഈശ്വരൻ എന്നിവരെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്. പന്തിനും ഗരാനിക്കും എട്ട് ദിവസമാണ് ഐസലേഷൻ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പന്തും ഗാംഗുലിയും കുടുംബക്കാരാണോ? ഈ ഫോമിൽ രഞ്ജി ടീമിൽ പോലും പന്തിന് സ്ഥാനം കിട്ടില്ല!
ഇന്ത്യൻ ടീമിനെ വേറെ ലെവലിലെത്തിച്ച ദാദ; സച്ചിൻ മുതൽ ജയ് ഷാ വരെ നീളുന്ന ജൻമദിന ആശംസാ പ്രവാഹം
ഒരു യുഗം അവസാനിച്ചെന്ന് ഗാംഗുലി, ധോണിയെ പോലെ ഒരു കളിക്കാരനെ ലഭിക്കുക അസാധ്യമെന്ന് സേവാഗ്; ആശംസകളുമായി ക്രിക്കറ്റ് ലോകം
ഇന്ത്യൻ ടീമിലെ കൊവിഡ് ബാധിതൻ ഋഷഭ് പന്തെന്ന് റിപ്പോർട്ട്; യൂറോയിലെ കറക്കത്തിൽ വിമർശനം, ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ