വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ദിവസത്തിനകം രണ്ടരക്കോടി ഉപയോക്താക്കൾ ടെലഗ്രാമിൽ എത്തിയെന്നാണ് കമ്പനി സിഇഒ അറിയിച്ചത്. സിഗ്നലാകട്ടെ ഇന്ത്യയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ഫ്രീ ആപ്പ് ലിസ്റ്റിൽ വാട്സാപ്പിനെ പിന്തളളി ആദ്യമായി ഒന്നാമത് എത്തി. ലോകത്ത് 200 കോടിയോളം പേർ വാട്സാപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കണക്കുകൾ.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ തുടർന്ന് സോഷ്യൽമീഡിയയിലും വാർത്തകളിലും നിറയുന്നത് സിഗ്നലാണ്. 2014ൽ പ്രവർത്തനം ആരംഭിച്ച എൻക്രിപ്റ്റഡ് മെസേജിങ് സേവനമായ സിഗ്നൽ വാട്സാപ്പിന്റെ സ്വകാര്യത നയം അപ്ഡേറ്റ് ചെയ്തതിന് പിന്നാലെ ആപ്പ് സ്റ്റോറിലെ ടോപ് ഫ്രീ ആപ്പ് ലിസ്റ്റിൽ 968ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. ഇന്ത്യയിൽ മാത്രമല്ല, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലാൻഡ്, ജർമ്മനി, ഹോങ്കോങ്, സ്വിറ്റ്സർലാൻഡ് എന്നി രാജ്യങ്ങളിലും നിലവിൽ സിഗ്നലാണ് മുന്നിൽ. വാട്സാപ്പിന് പകരം എന്തുകൊണ്ട് സിഗ്നൽ എന്നത് പരിശോധിച്ച് നോക്കാം.
- എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായ സിഗ്നല്‍, കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നി സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ്. വാട്സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്സി മര്‍ലിന്‍സ്പൈക്ക് എന്നിവരാണ് ലാഭേച്ഛയില്ലാതെ സിഗ്നല്‍ ഫൗണ്ടേഷന് സ്ഥാപിക്കുന്നത്.
- സൗജന്യമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നലിന്റെ പ്രവര്‍ത്തനം എന്നതിനാൽ ആർക്കും സോഴ്സ് കോഡ് പരിശോധിക്കാം, രഹസ്യ ഇടപെടലിനുളള സാധ്യതകൾ ഇല്ലെന്ന് തന്നെ പറയാം. ഇതാണ് വിശ്വാസ്യതയുടെ പ്രധാന കാരണം. എൻക്രിപ്റ്റഡായി എസ്എംഎസ് അയക്കാനും സിഗ്നലിലൂടെ കഴിയും.
- കമ്പനിക്ക് പുറത്ത് നിന്നുളളവർക്ക് ആപ്പ് പരിശോധിക്കാം എന്നതുകൊണ്ട് തന്നെ, ഉപയോക്താക്കൾ അറിയാതെ കമ്പനിക്ക് രഹസ്യ ഇടപെടലുകൾ നടത്താൻ സാധിക്കില്ല. സ്വകാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം കമ്പനി, പ്രവർത്തനങ്ങൾ എന്നിവയിലെ സുതാര്യത ആകർഷണീയം.കൂടാതെ സുരക്ഷാ വിദഗ്ദര്‍, സ്വകാര്യത ഗവേഷകര്‍ എന്നിങ്ങനെ പലരും സിഗ്നൽ ഉപയോഗിക്കുന്നവരാണ്.
- ലോകത്തെ അതിസമ്പന്നരിൽ മുന്നിലുളള ടെസ്ല ഉടമ ഇലോൺ മസ്ക് താൻ സിഗ്നലിലേക്ക് മാറുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ വലിയ പ്രചാരവും ലക്ഷക്കണക്കിന് ഉപഭോക്താക്കളെയുമാണ് സിഗ്നലിന് ലഭിച്ചത്. അമേരിക്കയുടെ വെല്ലുവിളികളെ അതിജീവിക്കുന്ന എഡ്വേർഡ് സ്നോഡനും താൻ സിഗ്നൽ ഉപയോഗിക്കുന്നുവെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് സിഗ്നല്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്ന ചോദ്യത്തിന്' ഏറെകാലമായി സിഗ്നല്‍ ഉപയോഗിക്കുന്നുണ്ടെന്നും താൻ ഇതുവരെ മരണപ്പെട്ടിട്ടില്ല' എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.
- വാട്സാപ്പ്, ടെലഗ്രാം ആപ്പുകൾ പോലെ ഇന്റര്‍നെറ്റ് വഴി രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്.
-
- ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യങ്ങൾ വാട്സാപ്പിൽ എന്നപോലെ സിഗ്നലിലും ഉണ്ട്.
- പുതിയതായി ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട് ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ എന്നിവയും ഉൾപ്പെടുത്തി. കൂടാതെ സിഗ്നല്‍ വഴിയുള്ള വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചില്‍നിന്നും എട്ട് ആയി ഉയർത്തി.
- ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. ഇതിനായി മെസേജ് ലഭിക്കുന്നവരും എസ്എംഎസുകള്‍ക്ക് വേണ്ടി സിഗ്നല്‍ ഉപയോഗിക്കണം.
- മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും. ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ മാത്രമാണ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. അതേസമയം നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഐഡന്റിറ്റിയായി ആപ്പ് പരിഗണിക്കുന്നില്ല.
- ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ഉക്രേനിയന്‍, ഉറുദു, വിയറ്റ്നാമീസ് എന്നിങ്ങനെ നിരവധി ഭാഷകൾ ഇപ്പോൾ സിഗ്നലില്‍ ലഭ്യമാണ്.
Also Read: FAQ: വാട്സ്ആപ്പ് സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടോ? | 10 ഉത്തരങ്ങള്‍
വാട്സാപ്പ് പ്രഖ്യാപിച്ച പുതിയ പ്രൈവസി പോളിസിയിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്വർക്ക്, അംഗമായ ഗ്രൂപ്പുകൾ, ആശയവിനിമയം നടത്തുന്ന ബിസിനസ് അക്കൗണ്ടുകൾ, വാട്സ്ആപ് വഴി തുറക്കുന്ന വെബ്സൈറ്റുകൾ, വാട്സാപ്പ് വഴിയുളള പണം ഇടപാടുകൾ എന്നി വിവരങ്ങൾ ഫേസ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലുള്ള സഹകമ്പനികളുമായും മറ്റ് ഇൻറർനെറ്റ് കമ്പനികളുമായും പങ്കുവെക്കുമെന്നാണ് പറയുന്നത്. ഇതിനെ തുടർന്ന് സിഗ്നലിലും ടെലഗ്രാമിലേക്കും ഉപയോക്താക്കളുടെ കുത്തൊഴുക്കാണെന്നാണ് റിപ്പോർട്ടുകൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!