ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഭാഗമാകാൻ സാധിക്കാത്ത അനേകം വിദ്യാർത്ഥികളാണ് ഇന്നും സംസ്ഥാനത്തുള്ളത്. അവരെ സംബന്ധിച്ച് ഈ ഓഫ്ലൈൻ പരീക്ഷ ക്രൂരമാണ്. രണ്ടാം തരംഗം കെട്ടടങ്ങിയതോടെ കൊറോണയുടെ വ്യാപനം കഴിഞ്ഞെന്ന തരത്തിൽ കാര്യങ്ങളെ സമീപിക്കുന്നതിന് ശാസ്ത്രീയ പിന്തുണയില്ല.
കൊറോണ വൈറസിന്റെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിലെ പല സർവ്വകലാശാലകളും പതിവ് പോലെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കേരള സർവ്വകലാശാലയുടെ ഈ തീരുമാനത്തിനെതിരെ വിമർശനമുയർന്നിരുന്നു. വിദ്യാർത്ഥികലും വിദഗ്ദ്ധരും സാധാരണക്കാരുമായ ധാരാളംപേർ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തങ്ങളുടെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പരീക്ഷ മാറ്റേണ്ടതില്ല പക്ഷെ ഓഫ്ലൈനിന് പകരം ഓൺലൈനായി നടത്തണം എന്നാണ് പരക്കെയുള്ള ആവശ്യം.
കൊറോണ വൈറസ് അതിവ്യാപനത്തെ തുടർന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്നുവരെയില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഒന്നിലേറെ വർഷമായി പതിവ് പ്രവർത്തന രീതികൾ നിലച്ചതോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നുണ്ട്. സ്കൂൾ മുത്തം ഉന്നതവിദ്യാഭ്യാസം വരെയുള്ള എല്ലാ മേഖലയെയും ഈ പ്രതിസന്ധി ഒരുപോലെ ബാധിച്ചിട്ടുണ്ട്.
"പ്രവർത്തി പരിചയത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത അദ്ധ്യാപന രീതിയാണ് ഞാൻ അടക്കമുള്ള മിക്ക അദ്ധ്യാപകരും കാലങ്ങളായി പരിശീലിച്ചിട്ടുള്ളത്. പഠനം എന്നത് വിജ്ഞാനം ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയയായി കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു രീതി തന്നെ ആസൂത്രണം ചെയ്യുന്നത്. കൊറോണ വന്ന് സ്കൂളുകൾ അടച്ചതോടെ പരസ്പരപ്രവർത്തനത്തിലൂടെയുള്ള ഈ പഠന ശൈലി പാടെ ഇല്ലാതായി. പരീക്ഷ വിജയിക്കാൻ വേണ്ടിയുള്ള പൊടിക്കൈകൾ മാത്രം പകർന്നു നൽകുന്ന, ഒരു തരത്തിലും അറിവ് ഉത്പാദിപ്പിക്കാൻ സാധിക്കാത്തവരായി അദ്ധ്യാപകർ മാറിയെന്ന് തോന്നുന്നു. വളരെ ഇഷ്ടപ്പെട്ട് അദ്ധ്യാപന മേഖലയിലെത്തിയ ഒരാളെ സംബന്ധിച്ച് ഏറെ നിരാശാജനകമായൊരു സമയമാണിത്," കണ്ണൂർ പാപ്പിനിശ്ശേരിയിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ സുധീർ ബാബു ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
അദ്ധ്യാപനം എത്രത്തോളം ഡിജിറ്റലൈസ്ഡ് ആയി?
വൈറസ് വ്യാപനത്തെ തുടർന്ന് സ്കൂളുകളും കോളേജുകളും അടക്കാൻ തീരുമാനിച്ചപ്പോൾ വളരെ പെട്ടെന്നാണ് ഓൺലൈനായി വിദ്യാഭ്യാസം നടത്താമെന്ന ആശയത്തിലേക്ക് സർക്കാരും വിദ്യാഭ്യാസ സംവിധാനങ്ങളും മാറിച്ചിന്തിച്ചത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിതത്തെ പാകപ്പെടുത്താൻ ഈ തീരുമാനം ഒരു പരിധിവരെ സാധിച്ചു എന്ന് പറയുമ്പോഴും ഇത് സൃഷ്ടിക്കുന്ന പല പ്രശ്നങ്ങളും പൊതുസമൂഹം കാണാതെ പോകുന്നതാണെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെയൊരു തീരുമാനം ഉണ്ടായതിന് ശേഷമാണ് വലിയൊരു വിഭാഗം അദ്ധ്യാപകർ ആദ്യമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ക്ലാസുകളെടുക്കുന്നത്. ക്ലാസ് മുറികളിൽ നിന്ന് അകന്നുള്ള ഈ അദ്ധ്യാപന രീതി എങ്ങനെ ഫലപ്രദമാക്കാമെന്ന കാര്യത്തിൽ പലരും പതറിപ്പോയി. തങ്ങളെ പുതിയ സാഹചര്യത്തിന് അനുസരിച്ച് സജ്ജമാക്കാനുള്ള യാതൊരു പരിശീലനമോ സഹായമോ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പലരും വിമർശിക്കുന്നു. പല സ്കൂളുകളിലും ചുരുക്കം ചില അദ്ധ്യാപകർ മാത്രമാണ് ഇന്നും ഓൺലൈൻ അദ്ധ്യാപനമെന്ന ചുമതല ഏറ്റെടുക്കുന്നത്.
എറണാകുളത്തെ കിഴക്കമ്പലം സ്വദേശിയായ ദീപ്ന എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഒരു കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം തന്നെ അടച്ചുപൂട്ടിയ ഒന്നാം തരംഗത്തിന് മുൻപാണ് ദീപ്ന കോളേജിൽ ചേരുന്നത്. കോളേജിലെത്തുന്ന ബഹുഭൂരിപക്ഷം പേരെപ്പോലെ പുതിയ സുഹൃദങ്ങളും തുറന്ന ലോകവുമൊക്കെയാണ് സ്വപ്നം കണ്ടതെങ്കിലും കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു. ബിരുദത്തിന്റെ രണ്ടാം വർഷത്തിലെത്തുമ്പോൾ ഓൺലൈൻ ക്ലാസുകളിൽ കണ്ടിട്ടുള്ള ചുരുക്കം ചില മുഖങ്ങൾ മാത്രമാണ് സഹപാഠികളുടേത്ത് എന്ന് മനസ്സിൽ പതിഞ്ഞത്. ഇതിൽ ഒരാളോട് പോലും വ്യക്തിപരമായി അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ദീപ്ന പറയുന്നു.
"ഇപ്പോഴും സ്കൂളിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ മാത്രമാണ് ഉള്ളത്. ഫോണിൽ സംസാരിക്കുമ്പോൾ അവരൊക്കെ പറയുന്നത് ഇതേ കാര്യമാണ്. കോളേജിൽ ചേരുമ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ചെറുപ്പം മുതൽ പറഞ്ഞു കേട്ടും സിനിമകളിലൊക്കെ കണ്ടും അറിഞ്ഞത് കോളേജ് ജീവിതം വലിയ സംഭവമാണ് എന്നൊക്കെയാണ്. പക്ഷെ ഇങ്ങനെ പോയാൽ കോളേജ് കാണാതെ ഡിഗ്രി തീരുമെന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ തന്നെ പരസ്പരം പറയുന്നത്," ദീപ്ന ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
പ്ലസ് വണ്ണിൽ പ്രവേശിക്കുന്ന കുറെ കുട്ടികൾ പുതിയ സാഹചര്യത്തിലേക്ക് പറിച്ചുനടുന്നവരാണ്. കാലങ്ങളായി പരിചയമുള്ള സ്കൂളും അധ്യാപകരും ഉറ്റ സുഹൃത്തുക്കളെയും വിട്ടുവരുന്ന ഇവർ വിധിക്കപ്പെട്ടത് ഓൺലൈൻ ക്ലാസുകളിലേക്ക് ചുരുങ്ങാനാണ്. വർഷം ഒന്ന് പിന്നിട്ടിട്ടും പറയത്തക്ക അടുപ്പങ്ങളില്ലാത്ത അവർ കടുത്ത വിഷാദത്തിലൂടെയും മറ്റും കടന്നുപോകുന്ന സാഹചര്യമുണ്ട്. ഇത്തരമൊരു അവസരത്തിൽ അദ്ധ്യാപകർ നിരന്തരം ഇടപെടുകയും കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൗൺസിലർമാരുടെ സഹായം തേടണം എന്നും നിർദ്ദേശിക്കുന്നതായി സുധീർ ബാബു പറഞ്ഞു. എന്നാൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത അദ്ധ്യാപകരെ വിദ്യാർത്ഥികൾക്ക് തീർത്തും അപരിചിതരായ അനുഭവപ്പെട്ടു കൂടാതില്ലെന്ന സന്ദേഹമാണ് സുധീർ ബാബു നിരാശയോടെ പങ്കുവച്ചത്.
ഓൺലൈൻ ക്ലാസുകൾ എത്രത്തോളം സാഹചര്യങ്ങളെ ഉൾക്കൊള്ളുന്നു?
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നു എന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് മുതൽ ഉയർന്ന ചോദ്യമാണിത്. വിദ്യാർത്ഥികളുടെ സാമ്പത്തികവും സാമൂഹികവുമായ പരിസരം അതിന് യോജിച്ചതാകില്ല എന്ന സന്ദേഹത്തെ കേരളം ഒരുപരിധിവരെ ഉൾക്കൊണ്ടു എന്നുവേണം പറയാൻ.
ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും ടെലിവിഷനും അടക്കമുള്ള സാഹചര്യങ്ങൾ ഒരുക്കാൻ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്വകാര്യ വ്യക്തികളും കച്ചകെട്ടി ഇറങ്ങി. സംസ്ഥാനത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഇത്രയെങ്കിലും ഫലപ്രദമാക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നതല്ല ഓൺലൈൻ ക്ലാസിന്റെ പ്രതിസന്ധി എന്നും ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
"സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഞങ്ങളുടേത്. പലരുടെയും വീട്ടിൽ ഒന്നോ രണ്ടോ ഫോണാണ് ഉള്ളത്. രക്ഷിതാക്കൾ കൈവശം വച്ചിരിക്കുന്ന ഈ ഫോണുകൾ മുഴുവൻ സമയവും മക്കളുടെ വിദ്യാഭ്യാസത്തിന് വിട്ടുകൊടുക്കാൻ പലർക്കും ആവില്ല. അതിനാൽ വൈകീട്ട് മാത്രം മൂന്ന് മണിക്കൂർ സമയമാണ് ക്ലാസുകൾ നടക്കുന്നത്. ഇനി ഫോൺ ഉള്ളവർ ആണെങ്കിൽ ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമുള്ളത്ര നെറ്റ്വർക്ക് അവരുടെ വീട്ടുപരിസരത്ത് ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇങ്ങനെ ക്ലാസ് നഷ്ടപ്പെടുന്ന കുട്ടികൾ ഒരുപാടാണ്," സുധീർ ബാബു പറഞ്ഞു
കഴിഞ്ഞ ഒന്നര വർഷമായി കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതം അനിശ്ചിതത്വങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്ഥിരമായൊരു ജോലിയും വരുമാനവുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് പോലും പണം കടം വാങ്ങേണ്ട സാഹചര്യമുണ്ട്. കുറഞ്ഞത് ഒരു 3ജി കണക്ഷൻ ഉണ്ടായാലേ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകൂ. മിക്ക 3ജി പ്ലാനുകൾക്ക് ദിവസേന ഇത്ര ഡാറ്റ എന്ന പരിമിതിയുണ്ട്. ആ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗതയിൽ വലിയ കുറവുണ്ടാകും. ഈ സാഹചര്യത്തിൽ ദിവസ പരിധി കൂടിയ വലിയ പ്ലാനുകൾ മാത്രമേ ഉപഭോക്താക്കൾ ആശയായിക്കൂ.
പതിനഞ്ച് മാസം ഇല്ലാത്ത എന്താണ് പരീക്ഷയിൽ തെളിയിക്കേണ്ടത്?
പതിനഞ്ച് മാസത്തോളമായി ഏറെ ദുഷ്കരമായ സാഹചര്യത്തിലൂടെ കടന്നു പോയ വിദ്യാർത്ഥികളെ ഓഫ്ലൈനായി പരീക്ഷിക്കാനാണ് സർക്കാർ തീരുമാനം, ഹയർ സെക്കൻഡറി, യുജി, പിജി, ഡിപ്ലോമ, പ്രൊഫഷണൽ കോഴ്സുകൾ എന്നിവയുടെ പരീക്ഷകളാണ് ഓഫ്ലൈനായി നടത്തുന്നത്.
"പരീക്ഷ എഴുതുന്നതിൽ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. കോവിഡ് വരുമോ എന്ന പേടിയുണ്ട്. രണ്ടാം കോവിഡ് തരംഗത്തിന്റെ അനുഭവവും വൈറസിന് സംഭവിച്ച ജനിതക മാറ്റത്തിന്റെ സങ്കീർണതകളും ജാഗ്രത കൂട്ടുകയല്ലേ വേണ്ടത്? പൊതുഗതാഗതം പോലും പൂർണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. മറ്റു ജില്ലകളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തേണ്ട വിദ്യാർത്ഥികൾക്ക് എന്ത് സുരക്ഷയാണ് ഉള്ളത്. ജീവന്റെ വിലയുള്ള ജാഗ്രത എന്ന് പറഞ്ഞ സർക്കാർ എന്തിനാണ് ഇതിൽ ഇത്ര നിർബന്ധബുദ്ധി കാണിക്കുന്നത്?" കേരളാ സാങ്കേതിക സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥി ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു
കേരള സർവ്വകലാശാല പ്രഖ്യാപിച്ച പരീക്ഷകൾ ഓഫ്ലൈൻ ആക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് പ്രചരണം നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാമൂഹിക മാധ്യമങ്ങളിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധിപ്പേർ ക്യാമ്പയിൻ ചെയ്യുന്നുണ്ട്. മന്ത്രിമാരെ നേരിട്ട് ബന്ധപ്പെട്ട് ഈ ആവശ്യം ഉന്നയിച്ചതായും വിദ്യാർഥികൾ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു. ചില രക്ഷിതാക്കളും ഇകാര്യത്തിൽ ഇതേ ആവശ്യവ്യമായി മുന്നോട്ടുവന്നിട്ടുണ്ട്.
കൊറോണ വൈറസിന്റെ സാഹചര്യത്തിൽ അറുപത് ശതമാനത്തിലേറെ വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കത്തിന്റെയും വിഷാദത്തിന്റെയും പിടിയിലാണെന്നാണ് മനഃശാസ്ത്രജ്ഞർ നടത്തിയിട്ടുള്ള പല പഠനങ്ങളിലും വ്യക്തമാകുന്നത്. ഇത് ചൂണ്ടിക്കാട്ടിയ തിരുവനന്തപുരത്തുനിന്നുള്ള പാർലമെന്റ് അംഗം ശശി തരൂരും സമാനമായ ആവശ്യം അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഭാഗമാകാൻ സാധിക്കാത്ത അനേകം വിദ്യാർത്ഥികളാണ് ഇന്നും സംസ്ഥാനത്തുള്ളത്. അവരെ സംബന്ധിച്ച് ഈ ഓഫ്ലൈൻ പരീക്ഷ ക്രൂരമാണ്. രണ്ടാം തരംഗം കെട്ടടങ്ങിയതോടെ കൊറോണയുടെ വ്യാപനം കഴിഞ്ഞെന്ന തരത്തിൽ കാര്യങ്ങളെ സമീപിക്കുന്നതിന് ശാസ്ത്രീയ പിന്തുണയില്ല. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുകളിലായി പരീക്ഷകളെ സമീപിക്കണോ എന്നതും ഭരണകൂടം ചിന്തിക്കേണ്ട കാര്യമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ
മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി
'ശബരിമലയിൽ പൂജകൾ നടക്കട്ടെ, ദർശനം ഒഴിവാക്കണം' മുഖ്യമന്ത്രി
സംസ്ഥാനത്താകെ സ്കൂളുകള്ക്ക് അവധി; എല്ലാ പൊതുപരിപാടികളും റദ്ദാക്കി