'ചതി എന്ന് വിളിക്കില്ല, പക്ഷേ നല്ല ഉദ്ദേശത്തോടെയല്ല ക്വിന്റൺ അത് ചെയ്തത്'; വിവാദ റൺഔട്ടിൽ അക്തർ
പാകിസ്ഥാനായി ഒറ്റയാൾ പോരാട്ടം നടത്തിയ ഫഖർ സമാൻ 155 ബോളിൽ 193 റൺസ് നേടി അവസാന ഓവറിലെ ആദ്യപന്തിൽ റണ്ണൗട്ടാകുക ആയിരുന്നു. ഈ റൺ ഔട്ട് സംഭവിക്കുന്നതാകട്ടെ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ തെറ്റിദ്ധരിപ്പിക്കലിലൂടെയാണ്.
പാകിസ്ഥാൻ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിലെ ഫഖർ സമാന്റെ റൺഔട്ട് വിവാദം അടുത്തെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല. കാരണം താരങ്ങൾ അടക്കം നിരവധി പേരാണ് ദിനംതോറും വിവാദ റൺഔട്ടിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ച് എത്തുന്നത്. പാകിസ്ഥാന്റെ മുൻ പേസർ ഷൊയിബ് അക്തറിന്റേതാണ് പുതിയ പ്രതികരണം. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റൺ ഡി കോക്കിന്റെ ആംഗ്യ പ്രകടനത്തെ ചതി എന്ന് വിളിക്കില്ലെന്നും അതേസമയം ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്നും അക്തർ തന്റെ യു ട്യൂബ് ചാനലിലൂടെ പറയുന്നു.
ക്വിന്റൺ എന്താണോ ചെയ്തത് അതിനെ ചതി എന്ന് ഞാൻ വിളിക്കില്ല. എന്നാൽ ആ പ്രവൃത്തി നല്ല മത്സരത്തിന് ചേർന്നതല്ല. കളിയുടെ മൊത്തം സ്പിരിറ്റിനെയും അത് മുറിവേൽപ്പിക്കുന്നതിനാൽ ഞാൻ അതിനെ ഇഷ്ടപ്പെടുന്നില്ല. ക്വിന്റൺ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മനപൂർവം ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലായിരുന്നു. ക്വിന്റണിന്റെ ആംഗ്യം കണ്ട ഫഖർ ബോൾ നോൺ സ്ട്രൈക്കർ എൻഡിലേക്ക് വരുമെന്ന് കരുതിയാണ് ഓട്ടത്തിന്റെ വേഗത കുറച്ച് തിരിഞ്ഞുനോക്കിയത്. ഫഖർ ഔട്ടായപ്പോൾ എനിക്ക് വലിയ നിരാശ തോന്നി, കാരണം രണ്ട് ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ പാക് താരമെന്ന ബഹുമതി അദ്ദേഹം കരസ്ഥമാക്കണമെന്ന് ആയിരുന്നു ആഗ്രഹമെന്നും അക്തർ വിശദീകരിക്കുന്നു.
പാകിസ്ഥാനായി ഒറ്റയാൾ പോരാട്ടം നടത്തിയ ഫഖർ സമാൻ 155 ബോളിൽ 193 റൺസ് നേടി അവസാന ഓവറിലെ ആദ്യപന്തിൽ റണ്ണൗട്ടാകുക ആയിരുന്നു. ഈ റൺ ഔട്ട് സംഭവിക്കുന്നതാകട്ടെ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ തെറ്റിദ്ധരിപ്പിക്കലിലൂടെയാണ്. റൺഔട്ട് സംഭവിച്ചില്ലായിരുന്നു എങ്കിൽ കളിയുടെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് പാകിസ്ഥാൻ ആരാധകരുടെ വാദം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 341 റണ്‍സ് അടിച്ചപ്പോൾ പാകിസ്ഥാന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് കണ്ടെത്തിയത്. 17 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 120 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി വന്‍ തോല്‍വി മുന്നില്‍ കണ്ട പാകിസ്ഥാന്റെ അവിശ്വസനീയ തിരിച്ചുവരവായിരുന്നു ഫഖറിലൂടെ ഉണ്ടായത്. ഓപ്പണറായി ഇറങ്ങി അവസാന ഓവറിലെ വിവാദ റൺഔട്ടിൽ പുറത്താകുമ്പോൾ 18 ഫോറും പത്ത് സിക്സും അടക്കമാണ് ഫഖർ 193 റൺസ് നേടിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!