ശിവകാർത്തികേയനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡോക്ടർ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ചോര പുരണ്ട കൈകളുമായിരിക്കുന്ന ശിവകാര്‍ത്തികേയന്റെ ചുറ്റും സർജിക്കൽ കത്തികളും പോസ്റ്ററിൽ കാണാം.
ഒരു ആക്ഷൻ കോമഡി മൂഡിലുള്ള ചിത്രമായാണ് അണിയറയിൽ 'ഡോക്ടർ' ഒരുങ്ങുന്നത്. ശിവകാർത്തികേയനും പ്രിയങ്ക അരുൾ കുമാറുമാണ് ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്.
'കോലമാവ് കോകില' എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡോക്ടർ'. യോഗി ബാബു, വിനയ് അർച്ചന തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ ജെ ആർ സ്റ്റുഡിയോസ് ശിവകാർത്തികേയൻ പ്രൊഡക്ഷനുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ നിർമലുമാണ് നിർവഹിക്കുന്നത്.
ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിലാണ് 'ഡോക്ടർ' സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടത്. 'ഹീറോ' ആണ് ശിവകാർത്തികേയന്റേതായി വരാനിരിക്കുന്ന സിനിമ.