ലിംഗമാറ്റ ശസ്ത്രക്രിയ: ഇന്ത്യയിൽ ആകെയുളളത് 100ൽ താഴെ വിദഗ്ധർ | ഡോ. സന്ദീപ് വിജയരാഘവൻ അഭിമുഖം- PART 2
എന്തൊക്കെ ശസ്ത്രക്രിയകളാണ് ട്രാൻസ് സമൂഹത്തിനായി കേരളത്തിലെ ആശുപത്രികളിൽ നിലവിലുളളത്? കേരളത്തിൽ ഇത്തരം ശസ്ത്രക്രിയകൾക്ക് എപ്പോഴാണ് തുടക്കം കുറിച്ചത്? സംസ്ഥാനത്ത് ഇത്തരം ശസ്ത്രക്രിയകൾക്ക് തുടക്കമിട്ട എറണാകുളത്തെ അമൃത ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്ലിനിക്കൽ പ്രൊഫസർ കൂടിയായ ഡോ. സന്ദീപ് വിജയരാഘവനുമായുളള അഭിമുഖം രണ്ടാം ഭാഗം വായിക്കാം.
ട്രാൻസ്ജെൻഡറായ അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയും തുടർന്നുളള ആത്മഹത്യയും ഏറെ വിവാദമായിരിക്കുകയാണ്. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ട്രാൻസ്ജെൻഡറുകൾ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകളും ചർച്ചയിൽ നിറയുകയാണ്. കേരളത്തിൽ ഇത്തരം ശസ്ത്രക്രിയകൾക്ക് എപ്പോഴാണ് തുടക്കം കുറിച്ചത്, എന്തൊക്കെ ശസ്ത്രക്രിയകളാണ് ട്രാൻസ് സമൂഹത്തിനായി കേരളത്തിലെ ആശുപത്രികളിൽ നിലവിലുളളത്? ഇങ്ങനെയുളള ചോദ്യങ്ങളും സംശയങ്ങളും ആളുകളിൽ ധാരാളമുണ്ട്. സംസ്ഥാനത്ത് ഇത്തരം ശസ്ത്രക്രിയകൾക്ക് തുടക്കമിട്ട ടീമിലുളള, ഇരുന്നൂറോളം ശസ്ത്രക്രിയകൾ നടത്തി പരിചയമുളള ഒരു ഡോക്ടറുണ്ട്. എറണാകുളത്തെ അമൃത ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്ലിനിക്കൽ പ്രൊഫസർ കൂടിയായ ഡോ. സന്ദീപ് വിജയരാഘവൻ. പ്ലാസ്റ്റിക് സർജറിയിലും റീ കൺസ്ട്രക്റ്റീവ് സർജറിയിലും ഏറെ അവഗാഹമുളള ഡോ. സന്ദീപുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.
1. ട്രാൻസ് സമൂഹത്തിൽ തന്നെയും ശസ്ത്രക്രിയകളുടെ, അത് ഉണ്ടാക്കുന്ന ശാരീരിക മാനസിക മാറ്റങ്ങളെക്കുറിച്ച് കൃത്യമായും വ്യക്തമായും ബോധവാൻമാരാണോ? ഡോക്ടർമാർ ഇതിനെക്കുറിച്ച് ശസ്ത്രക്രിയക്ക് എത്തുന്നവരോട് വിശദമായി സംസാരിക്കാറില്ലേ?
ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നമ്മള് കൂടുതലായി മനസിലാക്കേണ്ടതും അറിയേണ്ടതുമുണ്ട്. തന്റെ സ്വത്വം തിരിച്ചറിയുന്ന ആ ഘട്ടം മുതൽ ഇവരിൽ സ്ട്രെസ് വരും. വിവിധ ആശങ്കകൾ നിറയും. ഓരോരുത്തര്‍ക്കും ഓരോ പ്രായത്തിലായിരിക്കും ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടാകുക. സ്കൂള്‍ കാലഘട്ടത്തില്‍ ഇവര്‍ക്ക് കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നുണ്ട്. അന്നുമുതല്‍ക്കെ ഇവര്‍ക്ക് സൈക്കളോജിക്കല്‍ പ്രശ്നങ്ങള്‍ വന്ന് തുടങ്ങും. ഇതുവരെ നമ്മുടെ പാഠപുസ്തകങ്ങളില്‍ പോലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നുളളത് നമ്മള് പരിശോധിക്കേണ്ടതാണ്. എല്ലായിടത്തും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ബാത്ത് റൂമുകള്‍ ഉണ്ട്. എന്നാല്‍ ട്രാന്‍സ് ആളുകള്‍ എവിടെ പോകും? നമ്മുടെ നഗരങ്ങളില്‍ വലിയ ബില്‍ഡിങ്ങുകള്‍ നിരവധി ഉണ്ടെങ്കിലും ഇതൊന്നും ഇവരെ ഉള്‍ക്കൊളളുന്ന വിധത്തില്‍ അല്ല. എന്തിന് കെഎസ്ആർടിസി മൂത്രപ്പുരകൾ പോലും എടുത്ത് നോക്കു? ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത് ട്രാൻസ് മെന്നിനാണ്.

എന്റെ അടുത്ത് ശസ്ത്രക്രിയയ്ക്കായി വന്ന ആദ്യ ട്രാന്‍സ് മെയില്‍ പറഞ്ഞത് ഇത്തരം ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. നമ്മുടെ മാളുകൾ, തിയറ്ററുകൾ എല്ലായിടത്തും പ്രശ്നങ്ങളുണ്ട്. ഇതൊക്കെ മാറണം. സ്വത്വം തിരിച്ചറിയപ്പെടുന്നത് മുതൽ തുടങ്ങുന്ന സ്ട്രെസ് പിന്നീട് വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയോ, വീട് വിട്ടിറങ്ങേണ്ടിയോ വരുന്നു. ആ നേരത്തും ഇവര്‍ സ്ട്രെസിലൂടെയാണ് കടന്നുപോകുക. പിന്നീട് വേറൊരു കമ്മ്യൂണിറ്റിയിലേക്ക് ചെല്ലുന്നു. അവിടെ ആയിരിക്കും അവര്‍ക്ക് ചിലപ്പോള്‍ റിലീഫ് കിട്ടുക. ചിലപ്പോള്‍ അത് കിട്ടിയെന്ന് പറയാന്‍ പറ്റില്ല. അതില്‍ എല്ലാവിധ ആള്‍ക്കാരും ഉണ്ടാകും. കൈ കൊട്ടി പാട്ട് പാടുന്നവര്‍ മുതല്‍ സെക്സ് വര്‍ക്ക് ചെയ്ത് പൈസ വാങ്ങുന്നവരും വിദ്യാഭ്യാസം ഉളളവരും ഉണ്ടാകും. സാമൂഹികമായി തിരസ്കാരത്തിന്റെ സ്ട്രെസ് അനുഭവിക്കുന്ന ഇത്തരം കൂട്ടങ്ങൾക്കിടയിലും സ്ട്രെസ് ഉണ്ടാകും. ട്രാൻ വിഭാഗത്തിലെ സൂയിസൈഡ് റേറ്റ് തന്നെ നാൽപ്പത് തവണയാണ്, ശതമാനമല്ല. അപ്പോള്‍ എത്രമാത്രം സ്ട്രെസ് ആണ് അവര്‍ അനുഭവിക്കുന്നത്? ഇത്തരം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് ഇവർ ഇതിന്റെ എല്ലാവിധ റിസ്കുകളും മനസിലാക്കി സർജറിക്കായി എത്തുന്നത്.
2014ല്‍ ആണ് സര്‍ജറിക്കായി ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. അതിന് മുമ്പ് അവിടെയും ഇവിടെയുമായുളള ചെറിയ കുടുസ് ക്ലിനിക്കുകളില്‍ പോയിട്ടാണ് ഇവര്‍ സര്‍ജറികള്‍ ചെയ്തിരുന്നത്. അവിടെ ആകെ ചെയ്യുന്നത് ഇവരുടെ ലിംഗം മുറിച്ചുകളയും, വൃഷണം എടുത്ത് കളയും. അല്ലാതെ വേറൊന്നും ചെയ്യില്ല. പല ആള്‍ക്കാര്‍ക്കും മൂത്രം ഒഴിക്കാന്‍ സാധിക്കില്ല. ഉണങ്ങിപ്പോകുകയോ, ചുരുങ്ങി പോകുകയോ ഒക്കെ ചെയ്യാറുണ്ട്. ധാരാളം ആള്‍ക്കാര്‍ക്ക് സംഭവിക്കുന്ന കാര്യം ആണിത്. അന്നത്തെ കാലത്ത് 40000 രൂപയൊക്കെയാണ് ഇതിന് അവര്‍ നല്‍കിയിരുന്നത്. അതുവെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ കുറെക്കൂടി ഓര്‍ഗനൈസ്ഡും സയന്റിഫിക്കും ആയിട്ടാണ് ഇത് ചെയ്യുന്നത്. നമ്മുടെ കേരളത്തില്‍ 2017 മുതലെ നമ്മള് തുടങ്ങിയിട്ടുളളൂ. എല്ലാം കൂടി മൂന്ന് നാല് വര്‍ഷമേ ആയിട്ടുളളൂ എല്ലായിടത്തും ഇത്തരം രീതികള്‍ വന്നിട്ട്. നമ്മള് ഇപ്പോള്‍ ചെയ്യുന്നത് ലോകോത്തര നിലവാരത്തിലാണോ എന്ന് ചോദിച്ചാല്‍ അങ്ങനെ എത്തിയിട്ടും ഇല്ല. അത് ഇതിന്റെയാരു വളര്‍ച്ചയിലാണ് സംഭവിക്കുന്നത്.

ഓരോ ശസ്ത്രക്രിയയിലും ഇംപ്രൂവ് ചെയ്ത് വരികയാണ് ഡോക്ടര്‍മാര്‍. എല്ലാ വര്‍ഷവും കോണ്‍ഫറന്‍സുണ്ട്, കൂടാതെ ഗ്രൂപ്പില്‍ എപ്പോഴും ചര്‍ച്ചയാണ് ഇക്കാര്യങ്ങള്‍. ഈ ഗ്രൂപ്പില്‍ ഇന്ത്യക്കാര്‍ മാത്രമല്ല, തായ്ലന്ഡിലെ, യൂറോപ്പിലെ ഒക്കെ ആൾക്കാരുണ്ട്. കാര്യം എന്താണെന്ന് വെച്ചാല്‍ മൊത്തം ലോകത്തും ഇതിനെക്കുറിച്ചുളള അറിവ് ലിമിറ്റഡാണ്. ചെയ്യുന്ന രീതികളും ലിമിറ്റഡാണ്. നമ്മുടേതാണ് ഭംഗി എന്ന് നമുക്ക് തോന്നും. ഇന്ത്യയില്‍ തന്നെ മുഖത്ത് ഏറ്റവും അധികം ശസ്ത്രക്രിയ ചെയ്യുന്നത് കേരളത്തിൽ നമ്മുടെ കൊച്ചിയിലാണ്.
2. ട്രാൻസ് സ്ത്രീകൾക്ക് കൃത്രിമ ഗർഭധാരണം സാധ്യമാണോ? അങ്ങനെ ആഗ്രഹിച്ചാൽ അതിന് എന്തെങ്കിലും സൗകര്യങ്ങൾ കേരളത്തിൽ നിലവിലുണ്ടോ?
അത് ചെയ്യണം എന്നുവെച്ചാല്‍ യൂട്രസ് ട്രാൻസ്പ്ലാന്റേഷൻ എന്നുളള മെത്തഡോളജിയുണ്ട്. അവരുടെ അമ്മയുടെ ഗര്‍ഭപാത്രം എടുത്ത് വെച്ച് അതുവഴി അവരുടെ പാട്ണറുടെ ബീജവും അണ്ഡവും ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളാണിത് എല്ലാം. ചില ആളുകള്‍ അവരുടെ അണ്ഡം അല്ലേല്‍ സ്പേം സ്റ്റോര്‍ ചെയ്യണമെന്ന് പറയാറുണ്ട്. അതിന് സൗകര്യമുണ്ട്. ട്രാന്‍സ് ജെൻഡർ വിഭാഗത്തിൽ കേരളത്തിലും ഇന്ത്യയിലും ഇത്തരം ഗര്‍ഭധാരണം നടന്നിട്ടില്ല. നോര്‍മ്മല്‍ ആളുകളില്‍ ഇത് നടന്നിട്ടുണ്ട്.

3. എസ്ആർഎസ്, ഹോർമോൺ ട്രീറ്റ്മെന്റ്, ബോട്ടം സർജറി ഇതിനൊക്കെ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാൾ വലിയ തുകയാണോ?
കേരളത്തില്‍ ആയിരിക്കും ഇന്ത്യയില്‍ തന്നെ ഇതിന് ഏറ്റവും കുറഞ്ഞ തുക ഈടാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഡല്‍ഹിയില്‍ ഇപ്പോള്‍ ബോട്ടം സര്‍ജറിക്ക് മൂന്നരലക്ഷം വരെ ഈടാക്കും. നമ്മള് ഇവിടെ ചെയ്യുമ്പോള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ആകുന്നത്.
4. മെഡിക്കൽ കോളെജുകളിൽ ട്രാൻസ് ക്ലിനിക്കുകൾ തുടങ്ങുമെന്ന് ഇടത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് അത്തരം സംവിധാനം നിലവിൽ വരികയും ചെയ്തു. സർക്കാർ തലത്തിൽ തന്നെ, സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ ഇത്തരം ശസ്ത്രക്രിയകൾ ചെയ്ത് കൊടുക്കുന്ന കേന്ദ്രങ്ങൾ കൂടുതൽ വരേണ്ടതല്ലേ? അതിന് സ്വകാര്യ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ സാങ്കേതികത ആവശ്യമുളള കാര്യമാണോ?
നമ്മുടെ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ക്ക് അതിനുളള കഴിവുണ്ട്. അവര്‍ക്ക് അതിനുളള കുറച്ച് ട്രെയിനിങ് കിട്ടിയാല്‍ ഈസിസായി ചെയ്യാവുന്ന കാര്യങ്ങളെ ഉളളൂ. ഇതിലുളള പ്രശ്നം എന്താണെന്ന് വെച്ചാല്‍ നമ്മള് ഇപ്പോള്‍ ബോട്ടം സര്‍ജറി ചെയ്യാനായിട്ട് എട്ട് മുതല്‍ 12 മണിക്കൂര്‍ വരെ സമയം എടുക്കും. മെഡിക്കല്‍ കോളെജില്‍ തിയറ്റര്‍ വര്‍ക്ക് ചെയ്യുന്നത് രാവിലെ എട്ടുമുതല്‍ ഒരുമണി വരെയാണ്. അപ്പോൾ സര്‍ക്കാര്‍ ഇതിനായി തിയറ്ററും കൊടുക്കണം അതിനുളള അനസ്തെറ്റിസ്റ്റിനെയും കൊടുക്കണം. പ്ലാസ്റ്റിക് സര്ജന്മാര് സർജറിയൊക്കെ അങ്ങ് ചെയ്തോളും. പക്ഷേ അനസ്ത്യേഷാ കൊടുക്കേണ്ടേ?. സാധാരണ നമ്മള് എട്ടുമണിക്കൂറിലേറെ ആണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നാൽ മെഡിക്കല്‍ കോളെജില്‍ ഇത് നടക്കില്ല. കാരണം തിയറ്റർ ഒരു മണിക്ക് ക്ലോസ് ചെയ്യും. അത് കഴിഞ്ഞ് കൂടുതല്‍ നേരം നില്‍ക്കാനുളള ക്രമീകരണങ്ങൾ നിലവിൽ ഇല്ല. കൂടാതെ ധാരാളം മറ്റ് ഓപ്പറേഷൻസും ഉണ്ടാകും. ഒരു ദിവസമെടുത്ത് ഈ സർജറി മാത്രം മെഡിക്കൽ കോളെഡിൽ ചെയ്യുമോ, അതോ മറ്റ് നാലഞ്ച് സർജറികൾ അവർ ആ സമയത്ത് പൂർത്തിയാക്കുമോ? അതാണ് ഇതിലെ പ്രശ്നവും ബുദ്ധിമുട്ടും.

5. ട്രാൻസ് വിഭാഗത്തിന് മാത്രമായി, അല്ലേൽ അവരുടെ മാനസിക, ശാരീരിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്ന പഠനശാഖയുണ്ടോ? എംബിബിഎസ് സിലബസിൽ അല്ലേൽ തുടർ പഠനങ്ങളിൽ ട്രാൻസ് വിഭാഗത്തെ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ടോ?
എംബിബിഎസിലും എംഎസിലും ഒന്നും ട്രാന്സിനെക്കുറിച്ചൊന്നും ഇല്ല. അതിന്റെ മുകളില്‍ പ്ലാസ്റ്റിക് സര്‍ജറി ടെക്സ്റ്റ് ബുക്കുകളിലൊക്കെ ട്രാൻസ്ജെൻഡർ വിഭാഗങ്ങളെക്കുറിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കൂടാതെ എന്‍ഡോക്രൈനോളജി, സൈക്യാട്രി ഇത്തരം ബുക്കുകളിലും ട്രാൻസ് വിഷയങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളുടെ ബുക്കുകളില്‍ മാത്രമാണ് ഉളളത്.
6. കേരളത്തിൽ ട്രാൻസ് സമൂഹത്തിന്റെ പ്രശ്നങ്ങൾ, ജീവിത സങ്കീർണതകൾ, ശസ്ത്രക്രിയകൾ എന്നിവയെക്കുറിച്ച് അവബോധം കുറവാണെങ്കിൽ മറ്റിടങ്ങളിൽ നിന്ന് ഇതിനെക്കുറിച്ച് അവഗാഹമുളള വിദഗ്ധരെ ശസ്ത്രക്രിയയ്ക്ക് അടക്കം കേരളത്തിലേക്ക് കൊണ്ടുവരികയും ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കുകയും വേണ്ടേ? അങ്ങനെ അഡ്വാൻസ്ഡ് ആയ സംസ്ഥാനം ഇന്ത്യയിൽ ഏതാണ്?
എല്ലാം കൂടി വിദഗ്ധർ എന്ന് പറയാന്‍ ഇന്ത്യയില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നത്. കേരളത്തില്‍ ഞാൻ അടക്കം മൂന്നുപേരാണുളളത്. എന്‍ഡോക്രൈനോളജിയില്‍ ആണെങ്കിൽ അമൃതയിൽ രണ്ടുപേർ, റിനൈമെഡിസിറ്റിയിൽ ഒരാള്‍ സണ്‍റൈസില്‍ ഒരാള്‍ എന്നിങ്ങനെയാണ്. അതേസമയം സൈക്യാട്രിയില്‍ നിരവധി പേരുണ്ട്.
ഇന്ത്യയിൽ തന്നെ ട്രാൻസ്ജെൻഡർ വിഭാഗവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ശസ്ത്രക്രിയകൾ നടക്കുന്നത് ഡൽഹിയിലാണ്. 17 വർഷമായി, ഇന്ത്യയിൽ ഇത് ലീഗലൈസ് ചെയ്യുന്നതിന് മുൻപ് തന്നെ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്ന രണ്ട് ഡോക്ടർമാർ അവിടെയുണ്ട്. ധാരാളം കേസുകളാണ് അവർക്കുളളത്.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ലിംഗമാറ്റ ശസ്ത്രക്രിയയും കേരളവും | ഡോ. സന്ദീപ് വിജയരാഘവൻ അഭിമുഖം- PART 1
പൊലീസിന്റേത് അടക്കം നാല് അന്വേഷണങ്ങൾ, അനന്യയ്ക്ക് നീതി കിട്ടുമോ? ട്രാൻസ് സമൂഹം ചോദിക്കുന്നു
നമ്മുടെ സമൂഹം ട്രാൻസ് മനുഷ്യരിൽ ഉണ്ടാക്കിയത് ആഴമുളള ഉണങ്ങാത്ത മുറിവുകൾ | ഡോ. വീണ ജെ.എസ്
സർജറിക്ക് മുൻപുളള ട്രാൻസ് വുമണിന്റെ മുന്നൊരുക്കങ്ങൾ; താഹിറ അയീസ് | PART 1