ഓൺലൈൻ ക്ലാസുകൾക്ക് ഇനി ഇടവേള, സ്കൂളുകളും കോളെജും തുറന്ന് അധ്യയനത്തിലേക്ക് എട്ട് സംസ്ഥാനങ്ങൾ
രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതാകും ഉചിതമെന്നും കഴിഞ്ഞ ദിവസം ഐസിഎംആർ ( ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളും കോളെജുകളും ഓൺലൈനിൽ നിന്ന് സാധാരണ രീതിയിലേക്കുളള അധ്യയനത്തിലേക്ക് മാറുന്നു. എട്ട് സംസ്ഥാനങ്ങളിൽ പലയിടത്തും ക്ലാസുകൾ തുടങ്ങി. ചിലയിടങ്ങളിൽ ഈ മാസം അവസാനത്തോടെയും ആഗസ്റ്റ് ആദ്യവും ക്ലാസുകൾ ആരംഭിക്കും. കൊവിഡ് കേസുകൾ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്തതോടെയാണ് ഒന്നര വർഷത്തോളമായി തുടർന്നിരുന്ന ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളും കോളെജുകളും സാധാരണ രീതിയിലേക്ക് പ്രവർത്തനം മാറ്റുന്നത്.
രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതാകും ഉചിതമെന്നും കഴിഞ്ഞ ദിവസം ഐസിഎംആർ ( ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) വ്യക്തമാക്കിയിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സംസ്ഥാനങ്ങളൊന്നും പ്രൈമറി സ്കൂളുകളിലെ അധ്യയനം ഉടൻ ആരംഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കൊവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും അതുകൊണ്ട് ഒന്ന് മുതൽ അഞ്ച് വരെയുളള ക്ലാസിലെ കുട്ടികളുടെ അധ്യയനമാണ് ആദ്യം തുടങ്ങേണ്ടതെന്നുമാണ് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ് നിർദേശിച്ചത്. ഇതിനായി അധ്യാപകരും ജീവനക്കാരും പൂർണമായി വാക്സീൻ എടുത്തിരിക്കണം. മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ആദ്യം സ്കൂളിൽ പോകട്ടെയെന്നായിരുന്നു മുൻ നിലപാട്. കൊവിഡ് ടിപിആർ അഞ്ച് ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്കൂളുകൾ തുറക്കാമെന്ന് നേരത്തെ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും നിർദേശിച്ചിരുന്നു.

അധ്യയനം ഉടൻ തുടങ്ങുന്നതിന് കാരണമായി പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളാണ്. ഇന്റർനെറ്റ് ലഭ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കാരണം 40% കുട്ടികൾക്ക് മാത്രമാണ് ഓൺലൈൻ ക്ലാസിൽ സജീവമാകാൻ കഴിയുന്നതെന്നാണ് ഒഡീഷ സർക്കാർ വ്യക്തമാക്കുന്നത്.
സ്കൂളുകൾ തുറന്ന, തുറക്കുന്ന സംസ്ഥാനങ്ങൾ
1. മഹാരാഷ്ട്ര: കഴിഞ്ഞ ഒരു മാസത്തിനിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളിൽ എട്ട് മുതൽ 12 വരെ ക്ലാസുകൾ 15ന് തുടങ്ങി. ഇതിനു മുൻപ് അധ്യാപകർക്കും ജീവനക്കാർക്കും വാക്സീൻ നൽകിയിരുന്നു.
2. കർണാടക: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 26ന് തുറക്കും. ഒരു ഡോസ് വാക്സിൻ എങ്കിലും ലഭിച്ച അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും കോളജുകളിലെത്താം. സ്കൂളുകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല.
3. ഗുജറാത്ത്: 12ാം ക്ലാസും കോളജുകളും സാങ്കേതിക സ്ഥാപനങ്ങളും 50% വിദ്യാർഥികളുമായി ജൂലൈ 15ന് പ്രവർത്തിച്ച് തുടങ്ങി.
4. ബിഹാർ: ഒൻപത് മുതൽ 12 വരെയുളള ക്ലാസുകൾ 50% വിദ്യാർഥികളുമായി ജൂലൈ ആറിന് തുറന്നു. കോളജുകൾ 12ന് തുറന്നു. ഓഫ്ലൈൻ ക്ലാസുകളും തുടരുന്നു.
5. പഞ്ചാബ്: പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനത്തിലെത്തിയ പഞ്ചാബിൽ 10,11,12 ക്ലാസുകൾ ജൂലൈ 26ന് ആരംഭിക്കാനാണ് നിർദേശം. വാക്സീൻ സ്വീകരിച്ച അധ്യാപകരും ജീവനക്കാരും നിർബന്ധമായും വരണം. എല്ലാ വിദ്യാർഥികൾക്കും വരാം. ഓൺലൈൻ ക്ലാസ് തുടരും.
6. ഛത്തീസ്ഗഡ്: 10,12 ക്ലാസുകൾ ഓഗസ്റ്റ് രണ്ടിന് തുറക്കും. 50% കുട്ടികൾക്ക് ക്ലാസിലെത്താം. കോളജുകളും ഘട്ടംഘട്ടമായി തുറക്കും.
7. ഹരിയാന: ഒൻപത് മുതൽ പ്ലസ് ടു വരെയുളള ക്ലാസുകൾ 16ന് ആരംഭിച്ചു. ആറ്- എട്ട് ക്ലാസുകൾ ജൂലൈ 23ന് ആരംഭിക്കും. ഓൺലൈൻ ക്ലാസുകൾ തുടരും.
8. ഒഡീഷ: 10, 12 ക്ലാസുകൾ ജൂലൈ 26 മുതൽ സാധാരണ നിലയിൽ ആരംഭിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!