വേദികളില്ല, സദസും; മഹാമാരി കാലത്തെ സ്റ്റേജ് കലാകാരൻമാരുടെ ജീവിതം പറയുന്നത്
കഥയിലൂടെയും കലാരൂപങ്ങളിലൂടെയുമാണ് കൊവിഡ് കാലത്തെ ദുരിതങ്ങളും തങ്ങളുടെ ആവശ്യങ്ങളും കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന കലാകാരന്മാർ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. വേദികൾ നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി, മാനസികമായ ബുദ്ധിമുട്ടുകൾ, മറ്റ് തൊഴിലുകൾ അറിയാത്തതിലുളള ജീവിതക്ലേശം എന്നിങ്ങനെ വളരെ ദുരിതപൂർണമായ ജീവിതത്തിലൂടെയാണ് കേരളത്തിലെ കലാകാരൻമാർ കടന്നുപോകുന്നത്. ആലപ്പുഴ ജില്ലയിൽ നിന്നും അത്തരത്തിലുളള കലാകാരന്മാരുടെ ജീവിതവും കഥയും വായിക്കാം.
ഏയ്, ഒന്ന് നിൽക്കണേ... വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മുറിയിൽ ആരെയും കാണുന്നില്ല. ഏയ്, ചിലപ്പോ തോന്നിയതായിരിയ്ക്കാം. ഇനി മക്കളോ ഭാര്യയോ മറ്റോ വിളിച്ചതായിരിക്കുമോ? അതിന് സാദ്ധ്യതയില്ല. രാവിലെയല്ലേ അവർ അറവുകാടുള്ള കുടുംബവീട്ടിൽ പോയത്. തിരിച്ചു വന്നിട്ടുമില്ല. പിന്നെ ഇതാരാ, ഇനി അവർ തിരിച്ചു വന്നിരിയ്ക്കുമോ? സംശയ നിവാരണത്തിനായി അടുത്ത മുറിയിലേയ്ക്ക് ചെന്നു നോക്കാൻ തിരിയവേ വീണ്ടും പുറകിൽ നിന്നും ഉച്ചത്തിൽ ഒരു നിലവിളി... "എനിയ്ക്ക് ശ്വാസം മുട്ടുന്നു... എന്നെ ഒന്ന് തുറന്ന് വിടൂ..." സംശയം തെല്ല് ഭയത്തിന് വഴിവെച്ചെങ്കിലും ധൈര്യം സംഭരിച്ച് ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ശ്രദ്ധ കൊടുത്തു ഞാൻ നടന്നു.
മുറിയിൽ ഒഴിഞ്ഞ കോണിൽ ഞാൻ പ്രോഗ്രാമിന് കൊണ്ടു പോയ്ക്കൊണ്ടിരുന്ന എൻ്റെ ബാഗ് അതാ ചലിയ്ക്കുന്നു.. ആദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും ഒടുവിൽ ഞാൻ ഉറപ്പിച്ചു, ആ ശബ്ദം എൻ്റെ ബാഗിനുള്ളിൽ നിന്നു തന്നെയെന്ന്. തെല്ല് ഭയവും എന്നാൽ ആകാംക്ഷയോടും കൂടി ഞാൻ ബാഗിനടുത്തെത്തി. എത്രയോ അപരിചിതമായ സ്ഥലങ്ങളിൽ എൻ്റെ സ്വപ്നങ്ങളെയും പേറി എന്നോടൊപ്പം നടന്നവൻ. ഒന്ന് ചലിക്കാതെയോ, തുറക്കാതെയോ രണ്ട് വർഷമായി മുറിയുടെ മൂലയിൽ നിശ്ചലനായി ഇരുന്നവൻ. എല്ലാ സിബ്ബുകളും തുരുമ്പിച്ച് നടക്കാനുള്ള അല്പശേഷിയുമായി അതാ എന്നിലേയ്ക്ക് മെല്ലെ നീങ്ങിവരുന്നു.

ഞാൻ ഉറപ്പിച്ചു, എൻ്റെ പ്രാണനെപ്പോലെ സ്നേഹിച്ച എൻ്റെ സന്തത സഹചാരിയുടെ ഉള്ളിൽ നിന്നു തന്നെയാണ് ഈ ശബ്ദം. പിന്നെ ഒട്ടും താമസിച്ചില്ല സെക്കൻഡ് പ്രോഗ്രാമിന് സ്റ്റേജിലെത്തി മേക്കപ്പിടാനുള്ള അതേ ആവേശത്തിൽ സർവ്വശക്തിയുമെടുത്ത് ഞാൻ ബാഗിൻ്റെ സിബ്ബ് വലിച്ചു തുറന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി എൻ്റെ മേക്കപ്പ് ബോക്സിനുള്ളിൽ എത്രയോ വേദികളിൽ എൻ്റെ മുഖം സുന്ദരമാക്കാൻ കഷ്ടപ്പെട്ട പാൻസ്റ്റിക്കും, പാൻ കേക്കും, നെഞ്ച് പൊട്ടിത്തകർന്നു അല്പപ്രാണരായി കിടക്കുന്നു. കലൂരുളള പട്ടണം റഷീദിക്കയുടെ മേക്കപ്പ്ഷോപ്പിൽ നിന്നും രണ്ട് വർഷം മുൻപ് സ്വന്തമാക്കിയ പ്രിയപ്പെട്ട എൻ്റെ ചമയക്കൂട്ടുകാർ. ഹൃദയം നുറുങ്ങുന്ന വേദനയോടെ മേക്കപ്പ് ബോക്സ് കയ്യിലെടുത്ത് ഞാൻ നെഞ്ചോട് ചേർത്തു.
രണ്ട് വർഷം തുറക്കാത്ത ബാഗിനുളളിൽ കിടന്ന് ശരീരമാകെ പൂപ്പൽ രോഗം ബാധിച്ച് മൃതപ്രായനായ പാൻകേക്ക് എൻ്റെ നെഞ്ചോട് ചേർന്ന് അവ്യക്തമായ ശബ്ദത്തിൽ വിങ്ങിപ്പൊട്ടി എന്നോട് ചോദിച്ചു. "ഇനി എന്നാ പഴയതുപോലെ ഗ്രീൻ റൂമിലെ തൂവെളിച്ചത്തിൽ ആ മുഖമാകെ ഒന്ന് പടരാനും, വേദിയിലെത്തി നാട്ടുകാരെയൊക്കെ ഒന്ന് കാണാനും സാധിക്കുക..." രോഗദുരിതത്തിലും നല്ല കാലത്തിനായുള്ള അവൻ്റെ തീവ്രമായ ആഗ്രഹം കേട്ട ഞാൻ തൊട്ടടുത്തിരുന്ന സ്പോഞ്ച് കൊണ്ട് ദേഹമാകെ അമർത്തിത്തിരുമ്മി അവനെ തുടച്ചു വൃത്തിയാക്കി. രണ്ട് ഡോസ്സ് വാക്സിൻ ഒന്നിച്ച് കിട്ടിയ സന്തോഷത്തോടെ അവൻ കരച്ചിൽ നിർത്തി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.''എല്ലാം ശരിയാകും അല്ലേ ചേട്ടാ..." രണ്ട് തുള്ളി കണ്ണീർ ബാഗിനുള്ളിലെ പൊടിപിടിച്ച കണ്ണാടിയിലേയ്ക്ക് പതിച്ചു. പൊടിപടലങ്ങൾ നീക്കി അത് പടർന്നൊഴുകുന്നു. പ്രതീക്ഷകൾ നൽകി എൻ്റെ മുഖം മെല്ലെ കണ്ണാടിയിൽ തെളിയുന്നു...
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കേരളത്തിലെ സ്റ്റേജ് കലാകാരന്മാർ അനുഭവിക്കുന്ന ദുരിതങ്ങളും മാനസിക വ്യാപാരങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്ന ഈ കഥ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ മധു പുന്നപ്ര എഴുതിയതാണ്. കൊവിഡ് മൂലം വേദികൾക്ക് കർട്ടനിട്ട ഇക്കഴിഞ്ഞ നാളുകളിൽ എങ്ങനെയാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നറിയാനായി വിളിച്ചപ്പോൾ, കൂടുതൽ സംസാരിക്കുന്നതിനെക്കാൾ ഇതൊന്ന് വായിച്ച് നോക്കു എന്നാണ് മധു പറഞ്ഞത്. ഇതിലുണ്ട് ഞങ്ങളുടെ ജീവിതവും ദുരിതങ്ങളുമെല്ലാം എന്നാണ് മധു ഏഷ്യാവില്ലിനോട് പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂലൈ 25ന് സമാനതകളില്ലാത്ത ഒരു സമരം ആയിരക്കണക്കിന് കലാകാരന്മാരുടെ വീടുകൾക്ക് മുന്നിൽ അരങ്ങേറി. വീട്ടുമുറ്റം അരങ്ങായും വീട്ടുകാരും ചുറ്റുവട്ടത്തുളളവരും കാണികളായും നിരന്നപ്പോൾ കൊവിഡിനെ തുടർന്ന് വേദികൾ നിലച്ച കലാകാരന്മാർ വർഷങ്ങൾക്ക് ശേഷം മുഖത്ത് ചായം തേച്ചും ഒരുങ്ങിയും വേഷങ്ങൾ അണിഞ്ഞും തങ്ങൾ അവതരിപ്പിച്ചിരുന്ന വിവിധ കലാരൂപങ്ങളുമായി രംഗത്ത് എത്തി. ചിരിയുണർത്തുന്ന രംഗങ്ങൾ അഭിനയിക്കുമ്പോഴും അരങ്ങുകളില്ലാതായ, ജീവിതം വഴിമുട്ടിയ വേദനയാണ് അവരുടെ ഉളളിൽ നിഴലിച്ചിരുന്നതെന്നാണ് ഇതിനെക്കുറിച്ച് സ്റ്റേറ്റ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ (സവാക്) സംസ്ഥാന പ്രസിഡന്റായ അലിയാർ പുന്നപ്ര ഏഷ്യാവിൽ മലയാളത്തോട് പ്രതികരിച്ചത്. സമരഭൂമിക 2021 എന്ന പേരിട്ടാണ് കലാകാരന്മാർ വ്യത്യസ്ത വഴിയിലൂടെ തങ്ങളുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. നിലവിൽ പതിനായിരത്തിലേറെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേരുന്നതാണ് സവാക് എന്ന സ്റ്റേറ്റ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട, കോഴിക്കോട്, എറണാകുളം, കോട്ടയം എന്നി ജില്ലകളിൽ കലാകാരന്മാരുടെ ഈ സംഘടന വളരെ സജീവമാണെന്നും നാല് ജില്ലകളിൽ നാമമാത്ര പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അലിയാർ പുന്നപ്ര വ്യക്തമാക്കുന്നു.

കലാപരിപാടികള്‍ പൂര്‍ണമായി തന്നെ നിലച്ചു. ഇത് ഉപജീവനമായി സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് തൊഴിലുകള്‍ ഒന്നും അറിയില്ല. നാടകവും മിമിക്സും ഗാനമേളയും ഒക്കെ നടത്തുമെങ്കിലും മറ്റ് ജോലികളിലേക്ക് ഇവരാരും പോയിട്ടില്ല. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന കിറ്റ് കൊണ്ടും കടം വാങ്ങിക്കൂട്ടിയും കഷ്ടിച്ചാണ് ഇവരുടെ ജീവിതം. വല്ലാത്ത പ്രതിസന്ധിയാണ് മുന്നിലുളളത്. ശരിക്കും ആത്മഹത്യാ മുനമ്പിലാണ്. ഒരാള്‍ ഒന്ന് തുടങ്ങിവെച്ചാല്‍ മതി, ബാക്കിയുളള ആള്ക്കാര് കൂടി ആ വഴിയെ പോകുന്ന മാനസിക അവസ്ഥയിലാണ് എല്ലാവരും. സംസ്ഥാനം എമ്പാടും എടുത്താല്‍ പതിനായിരക്കണക്കിന് കലാകാരന്മാരാണ് ഇത്തരം പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ തന്നെ അംഗീകരിച്ച നാടകം, കഥാപ്രസംഗം, നൃത്തം, തുടങ്ങിയ പുതിയ കലകളും ക്ഷേത്രങ്ങളും ആയി ബന്ധപ്പെട്ട അനുഷ്ടാന കലകളും അടക്കം 37 കലാരൂപങ്ങളിലായി പതിനായിരത്തിലേറെ കലാകാരന്മാരുടെ ഉപജീവന മാർഗമാണ് കഴിഞ്ഞ രണ്ട് വർഷമായി വഴിയടഞ്ഞത്. മാനസികമായി എങ്കിലും ആ പ്രതിസന്ധി തരണം ചെയ്യണം എന്ന ഉദ്ദേശത്തോടെയും പൊതുസമൂഹത്തിനും സർക്കാരിനും മുന്നിൽ ഞങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാനുമാണ് കലാകാര സമരഭൂമിക 2021 എന്ന പരിപാടി നടത്തിയത്. ആള്ക്കാര് കാണുമ്പോള്‍ ചിരിച്ച് പൊട്ടിപോകുമെങ്കിലും കലാകാരന്മാർ അവരുടെ ഒരു പ്രയാസത്തിന്റെ പാരമ്യത്തിലാണെന്നും അലിയാർ പറഞ്ഞു.

കലാകാര സമരഭൂമിക പരിപാടിക്കായി തന്റെ കീ ബോർഡ് എടുത്തപ്പോഴുളള കാഴ്ച കണ്ട് താൻ കരഞ്ഞുപോയെന്നാണ് മധു പുന്നപ്ര വിശദീകരിച്ചത്. ഞാന്‍ 80,000 രൂപ വിലകൊടുത്ത് വാങ്ങിയ കീ ബോര്‍ഡ്, കഴിഞ്ഞ ദിവസം ഈ സമരവുമായി ബന്ധപ്പെട്ട് മുറിയില്‍ ചെന്ന് കീ ബോര്‍ഡെല്ലാം എടുത്ത് കൊണ്ടുവന്നപ്പോള്‍ മുഴുവന്‍ ചിതല് കേറി ഇരിക്കുന്നു. പെട്ടി അടച്ച് ഭദ്രമായി വെച്ചിരുന്നാലും ഇതിന്റെ അകത്ത് ചിതൽ കേറുമെന്ന് നമ്മള് സ്വപ്നത്തില്‍ വിചാരിച്ചില്ല. കണ്ടപ്പോ കരഞ്ഞുപോയി, കാരണം ഇത്രയും വലിയ രൂപയ്ക്ക് മേടിച്ച സാധനമാണ്. അന്ന് ഞാന്‍ വിഡി രാജപ്പന് സാറിന്റെ കഥാപ്രസംഗം അവതരിപ്പിക്കും. അതിനായി കീ ബോര്‍ഡ് എപ്പോഴും വാടകയ്ക്കാണ് എടുക്കുന്നത്. അന്ന് തുടര്‍ച്ചയായി സ്റ്റേജുകള്‍ കിട്ടുന്നത് കൊണ്ട് സ്വന്തമായി വാങ്ങുമ്പോൾ നല്ലത് ഒരെണ്ണം എടുക്കാല്ലോ എന്ന് വിചാരിച്ച് വാങ്ങിയതാണ്. അന്ന് ഇച്ചിരി പൈസ കടവും ബാക്കി കൂട്ടിവെച്ചതുമൊക്കെ ചേര്‍ത്താണ് വാങ്ങിയത്. ഇനി ഇപ്പോൾ നന്നാക്കണമെങ്കിൽ പത്ത് ആറായിരം രൂപ വേണം. ഇതുപോലെ സൗണ്ടും ലൈറ്റും എല്ലാം ഉണ്ട്. അതെല്ലാം തുരുമ്പ് എടുത്ത് കിടക്കുകയാണ്. പിന്നെ നമ്മുടെ തന്നെയല്ല, ഒത്തിരിപേരുടെ വീടുകളില്‍ ഇതെല്ലാം നശിച്ച് പോകുകയാണ്. നാടക മുതലാളിമാര്‍ എല്ലാം ലോണ്‍ എടുത്താണ് ഈ ഉപകരണങ്ങള്‍ എല്ലാം വാങ്ങുന്നത്. അപ്പോള്‍ കുറെനാള്‍ ഇരുന്ന് കഴിയുമ്പോള്‍ തുണികൊണ്ടല്ലേ സെറ്റെല്ലാം. രണ്ടാമത് ഇനി നാടകം ഇറക്കണമെങ്കില്‍ ഇവര്‍ക്ക് വലിയ തുകയാണ് വേണ്ടിവരിക എന്നും മധു വ്യക്തമാക്കി.
സർക്കാരിന് മുന്നിൽ നിരവധി ആവശ്യങ്ങളാണ് കലാകാരൻമാർ അറിയിക്കുന്നത്. കലാകാര ക്ഷേമനിധിയില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് പെന്ഷന് കൊടുക്കുന്നുണ്ട്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ പറഞ്ഞത് ഇത് 5,000 രൂപയാക്കാമെന്നാണ്. അത് നാലായിരം രൂപ വരെ ആക്കിയിരുന്നു. ഇത് 5,000 ആക്കണം, അതാണ് ഒന്നാമത്തെ ഡിമാന്‍ഡ് എന്ന് അലിയാർ പുന്നപ്ര വിശദീകരിച്ചു. 60 വയസിന് മുന്‍പ് തന്നെ ക്ഷേമനിധിയില്‍ അംഗമായാല്‍ മാത്രമേ പെന്‍ഷനും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുകയുളളൂ. ക്ഷേമനിധിയില്‍ ചേരാത്ത 60 വയസ് കഴിഞ്ഞ നിരവധി പേരുണ്ട്. അതിനെക്കുറിച്ച് അറിവില്ലാത്തത് അടക്കം വിവിധ കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരത്തിലുളള കലാകാരന്മാർക്കായി ഒരു അവസരം കൂടി കൊടുക്കണമെന്നാണ് സർക്കാരിനോടുളള ഞങ്ങളുടെ മറ്റൊരു അപേക്ഷ. അതിന് അഞ്ചുകൊല്ലത്തെ തുക ഒരുമിച്ച് അടക്കണം എങ്കില്‍ അങ്ങനെ ചെയ്യാവുന്നതുമാണ്. ഒരു മാസം 50 രൂപ വീതം അഞ്ച് വര്‍ഷത്തേക്ക് 3000 രൂപ ഈടാക്കി ഈ യഥാര്‍ത്ഥ കലാകാരന്മാരെ ക്ഷേമനിധിയില്‍ ഉള്‍ക്കൊളളിക്കണം. മറ്റൊന്ന് സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി എന്നിവര്‍ കൊടുക്കുന്ന പെന്ഷന് 1600 രൂപയാണ്. ഇതില്‍ ഏതെങ്കിലും ഒരു പെന്‍ഷനെ എല്ലാവര്ക്കും കിട്ടുകയുളളൂ. മറ്റ് പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചപ്പോഴും ഈ പെന്ഷന് ഇതുവരെ കൂട്ടിയില്ല. അതിന് കാലോചിതമായ വര്‍ധനവ് വരുത്തണം.

കേന്ദ്ര സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും കലാകാരന്മാര് എന്ന വിഭാഗത്തിന് വേണ്ടി, ഒരു കാര്യവും നാളിത് വരെ പറഞ്ഞിട്ടില്ല. കേന്ദ്ര ഗവണ്മെന്റും സ്റ്റേറ്റ് ഗവണ്മെന്റും കലാകാരന്മാരെയും കലയെയും സംരക്ഷിക്കാനായി ഉദാരമായ ഒരു പാക്കേജ് പ്രഖ്യാപിക്കണം എന്നുളളതാണ് മറ്റൊരു പ്രധാന ആവശ്യം. കൂടാതെ കലാകാരന്മാർക്ക് സ്വയം തൊഴിൽ ചെയ്ത് ജീവിക്കാനുളള സഹായം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ചെറിയ ബിസിനസ് അടക്കം എന്ത് തരം തൊഴില്‍ ചെയ്യുന്നതിനും സാമ്പത്തികം വേണം, അതിൽ പരിശീലനവും ഇവർക്ക് നൽകേണ്ടതായിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങളിലൂടെ നാമമാത്രമായ പലിശയിലൂടെ അല്ലെങ്കില്‍ പലിശരഹിത വായ്പ ഇതിനായി ലഭ്യമാക്കണം. ബാങ്ക്, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരോടെല്ലാം സമഗ്രമായി ആലോചിച്ചാകണം ഇത് തയ്യാറാക്കേണ്ടത്.
സ്കൂളുകളിലും കോളെജുകളിലും സര്‍ക്കാര്‍ വിവിധ കലകളുടെ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും നൽകണം. ക്ലാസുകൾക്ക് പുറമെ അതാത് കലാരൂപങ്ങളുമായി ബന്ധപ്പെട്ടുളള അവതരണവും സ്കൂളുകളിൽ സംഘടിപ്പിക്കണം. ഇതിനായി കലാകാരന്മാരെ വിളിക്കുകയും വേണം. ഇതില്‍ നിന്നും രണ്ട് ഗുണമുണ്ട്. കുട്ടികള്‍ക്ക് കലയെക്കുറിച്ച് അറിവുണ്ടാകും, ഈ കലാകാരന്മാര്ക്ക് ചെറിയ രീതിയില്‍ വരുമാനവും ഉറപ്പിക്കാം.

സർക്കാരിന്റെ ബജറ്റില്‍ നാടക സമിതികള്‍ക്ക് വേണ്ടി മൂന്നുകോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ഇതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ നാടകം മാത്രമല്ലല്ലോ കല. കഥാപ്രസംഗവും ബാലെ, മിമിക്സ്, നാടന്‍പാട്ട്, ഗാനമേള, യക്ഷഗാനം അടക്കമുളളവ വേറെയും ഉണ്ടല്ലോ, നാടക സമിതിക്ക് ഈ തുകയിൽ നിന്ന് ഒന്നോ, രണ്ടോ ലക്ഷം നൽകി സഹായിക്കുന്നത് പോലെ ഇത്തരം ഗ്രൂപ്പുകളെയും സർക്കാർ സഹായിക്കണം. കലയും എഴുത്തും കൂടി നിശ്ചലം ആയിപ്പോയാല്‍ ഈ സമൂഹം ദരിദ്രമായി പോകില്ലേ, ഇത് എല്ലാം ഉണ്ടായിട്ട് തന്നെ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ അറിയാമല്ലോ എന്നും അലിയാർ ചോദിക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!