അംബരചുംബിയായ കെട്ടിടങ്ങളും ആളൊഴിഞ്ഞ ഗ്രാമങ്ങളും, ആ ക്രെഡിറ്റ് എനിക്കല്ല; സഞ്ചാരത്തിലെ വാക്കുകൾ വന്ന വഴി പറഞ്ഞ് സന്തോഷ് ജോർജ് കുളങ്ങര
മലയാള ഭാഷയില്‍ ഒത്തിരി വാക്കുകള്‍ നമ്മള് ഇല്ലെങ്കില്‍ പണ്ടേ, മരിച്ചുപോയെനെ എന്ന് എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട്.
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട യാത്രാവിവരണ പരിപാടിയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം. പരിപാടിയുടെ അവതരണ രീതിയും അതിൽ ഉപയോഗിക്കുന്ന ഭാഷയും പ്രയോഗങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. സഞ്ചാരം ആരംഭിച്ചതിന് ശേഷം ജീവിതത്തിന്റെ ഫിലോസഫി പോലും മാറിപ്പോയെന്നാണ് സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും വ്യവസായിയും മാധ്യമ പ്രവർത്തകനുമൊക്കെയായ സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കുന്നത്. പരിപാടിയുടെ സ്ക്രിപ്റ്റിനും അതിലെ പ്രയോഗങ്ങളുടെയും ക്രെഡിറ്റ് തനിക്കല്ല, മറ്റൊരാൾക്കാണെന്നും അദ്ദേഹം പറയുന്നു. ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സഞ്ചാരം നടത്തിയില്ലായിരുന്നുവെങ്കില്‍ സാധാ മരങ്ങാട്ടുപ്പളളിക്കാരനായി പോയെനെ ഞാൻ. ബിസിനസൊക്കെ നടത്തി എന്തെങ്കിലും കുറച്ച് പൈസ ചിലപ്പോള്‍ ഉണ്ടാക്കിയേക്കാനും സാധ്യതയുണ്ട്. അതിലപ്പുറം ഒന്നും ആകാന്‍ സാധ്യതയില്ല. ഏതൊരു വ്യക്തിയെയും യാത്രകള്‍ അവന്റെ ലൈഫിന്റെ ഫിലോസഫി മാറ്റിക്കളയും. പറയുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകുന്നത്, ഇത്രയും യാത്രകള്‍ നടത്തി ലോകത്തെ അപഗ്രഥിച്ചതിലുളള ക്ലാരിറ്റി ഓഫ് തോട്ട്സ് കൊണ്ടാണ്.
ആളൊഴിഞ്ഞ ഗ്രാമങ്ങള്‍, ചെമ്മണ് പാത, സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ചത്വരം, അംബരചുംബിയായ കെട്ടിടങ്ങള്‍ ഇത്തരം പ്രയോഗങ്ങളുടെ ക്രെഡിറ്റൊന്നും എനിക്ക് അവകാശപ്പെട്ടതല്ല. ഇപ്പോഴും അംബരചുംബിയുടെ അര്‍ത്ഥം അറിയാത്ത ധാരാളം മലയാളികള്‍ ഉണ്ടെന്ന് എനിക്ക് മനസിലായി. കുറെപേര് പരിപാടിയുടെ അടിയില്‍ ഇത് എന്താണെന്ന് ചോദിച്ച് കമന്റുകള്‍ ഇടാറുണ്ട്, ആളുകള്‍ മറുപടിയും കൊടുക്കാറുണ്ട്.
മലയാള ഭാഷയില്‍ ഒത്തിരി വാക്കുകള്‍ നമ്മള് ഇല്ലെങ്കില്‍ പണ്ടേ, മരിച്ചുപോയെനെ എന്ന് എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട്. സഞ്ചാരത്തിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും ക്രെഡിറ്റ് സ്ക്രിപ്റ്റ് എഴുതുന്ന രതീഷിനാണ്. ആ വാക്കുകളൊന്നും ഞാന്‍ സംഭാവന ചെയ്തതല്ല. അത് രതീഷ് എഴുതിയപ്പോള്‍ ആ വാക്കുകള്‍ കയറി വന്നു, ഞാനിപ്പോൾ അടുത്തകാലത്തായി രതീഷിനോട് പറഞ്ഞു, എഴുതുന്നേരം ഇനി പുതിയ കുറച്ച് വാക്കുകള്‍ കൂടി നമ്മള്‍ക്ക് എപ്പിസോഡുകളില്‍ കേറ്റണം. പഴയത് ഇനി നമുക്ക് കുറച്ചൊക്കെ മാറ്റിവെക്കണമെന്ന്.
സഞ്ചാരത്തിന്റെ സ്ക്രിപ്റ്റ് രതീഷിന്റെ കോണ്‍ട്രിബ്യൂഷനാണ്. സഞ്ചാരത്തിന്റെ ഓരോ സീനിലും എന്താണ് വരേണ്ടത് എന്ന് ഞാന്‍ സ്പെസിഫിക്കായി പറഞ്ഞുകൊടുക്കുമെന്ന് അല്ലാതെ അതിന് ഏത് വാക്ക് ഉപയോഗിക്കണമെന്ന് ഞാന്‍ പറയാറില്ല. ആ ക്രിയേറ്റീവ് റൈറ്റിങ് മുഴുവന്‍ രതീഷിന്റേതാണ്. എനിക്ക് തോന്നുന്നത്, 1800 എപ്പിസോഡിന് സ്ക്രിപ്റ്റ് എഴുതിയ ഒരാളാണ് രതീഷ്.
സത്യത്തില്‍ അത്രയും ദീര്‍ഘമായിട്ട് ഒരു പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതിയ വേറൊരു ആള് ലോകത്ത് ഉണ്ടാകുമോ എന്ന് എനിക്ക് സംശയമാണ്. കാരണം ഓരോ എപ്പിസോഡിലും ഒരു 20 പേജ് എങ്കിലും ഉളെളാരു സ്ക്രിപ്റ്റാണ് എഴുതുന്നത്. ഇപ്പോൾ ഒരു മുറി നിറയെ അടുക്കി വെച്ചിരിക്കുകയാണ് ഈ 1800 എപ്പിസോഡിന്റെ സ്ക്രിപ്റ്റ് എന്ന് പറയുന്നത്, അതൊരു വലിയ ജോലി തന്നെയാണ്. പലപ്പോഴും സഞ്ചാരത്തിന്റെ ഈ ഗുണമൊക്കെ എനിക്ക് കിട്ടുമ്പോഴും രതീഷ് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. സത്യത്തില്‍ രതീഷിന്റെ ഒരു കോണ്ട്രിബ്യൂഷന് ചെറുതല്ല ഇതിനകത്ത്. ഇത്തരം വാക്കുകൾ ഒക്കെ വെച്ചുളള ട്രോളുകള്‍ വരുന്നത് ശ്രദ്ധിക്കാറുണ്ട്. മറ്റൊരു വിധത്തിലുളള അഭിനന്ദനങ്ങളാണ് അത്. ഒരാള്‍ ട്രോളബിള് ആയി മാറുക എന്നുപറയുന്നത് ജീവിതത്തിലെ ഒരു ഘട്ടമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!