തോട്ടപ്പളളി സ്പിൽവേ നവീകരണം നീളുന്നു, ഉപ്പുവെളളം ഒഴുകിയെത്തുന്നതിൽ ആശങ്കയോടെ കർഷകർ
60 മുതൽ 75 ദിവസം വരെ വിളവിന് വളർച്ച എത്തുമ്പോഴും സ്പിൽവേ വഴി ഉപ്പുവെളളം പാടശേഖരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാൽ വിളവിന് തൂക്കം കിട്ടില്ലെന്നും രണ്ടാം കൃഷി നഷ്ടത്തിൽ കലാശിക്കുമെന്നും കർഷകർ.
തോട്ടപ്പളളി സ്പിൽവേയുടെ നവീകരണം നീളുന്തോറും കർഷകർ വലിയ ആശങ്കയിൽ. സ്പിൽവേ ഷട്ടറുകൾ അടച്ചിട്ടിട്ടും ഉപ്പുവെളളം ഒഴുകി എത്തുന്നതിനാൽ അപ്പർ കുട്ടനാട്ടിലെയും കുട്ടനാട്ടിലെയും രണ്ടാം കൃഷി അവതാളത്തിലാകുമെന്നാണ് കർഷകരുടെ പേടി. കൃഷിയിറക്കുന്ന സമയത്ത് മുതലുളള തങ്ങളുടെ പേടി അധികൃതർ ഇതുവരെ പരിഗണിച്ചില്ല. 60 മുതൽ 75 ദിവസം വരെ വിളവിന് വളർച്ച എത്തുമ്പോഴും സ്പിൽവേ വഴി ഉപ്പുവെളളം പാടശേഖരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാൽ വിളവിന് തൂക്കം കിട്ടില്ലെന്നും രണ്ടാം കൃഷി നഷ്ടത്തിൽ കലാശിക്കുമെന്നുമാണ് കർഷകരും വിദഗ്ധരും ഏഷ്യാവില്ലിനോട് പറയുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മഴയും വെളളപ്പൊക്കവും ഉപ്പുവെളളവും മൂലം കുട്ടനാട്, അപ്പർ കുട്ടനാട്ടുകാർക്ക് രണ്ടാം കൃഷിയിൽ കണ്ണീരായിരുന്നു. ഇത്തവണയും ആ സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്.
തോട്ടപ്പളളിയിൽ നിന്നും മണലെടുത്തതിനാൽ സ്പിൽവേ പൊഴിമുഖം 250 മീറ്ററിന് മുകളിൽ തുറന്ന നിലയിലാണ്. ഇതുമൂലമാണ് വേലിയേറ്റ സമയത്ത് 40 ഷട്ടറുകൾ അടച്ചിട്ടിട്ടും ഓരുജലം കനാലിലേക്ക് എത്തുന്നത്. ലീഡിങ് ചാനൽ, ടി.എസ് കനാൽ എന്നിവിടങ്ങളിൽ വൻതോതിൽ ഓരുജല സാന്നിധ്യമായിക്കഴിഞ്ഞു. സ്പിൽവേ ഷട്ടറുകളുടെ നവീകരണത്തിന് കരാറായെങ്കിലും ധനവകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ നടപടികൾ നിലവിൽ അനിശ്ചിതമായി നീളുകയാണ്.

തോട്ടപ്പളളി സ്പില്‍വേയുടെ കാര്യത്തിൽ യാതൊരു ദീർഘവീക്ഷണവുമില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് കുമാർ തോട്ടപ്പളളി പറയുന്നു. 2016ൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി പുനർനിർമ്മിച്ച ഷട്ടറുകളാണിവ. അന്ന് പുനർനിർമ്മിക്കുമ്പോൾ അറിയേണ്ടതാണ്, ഷട്ടറുകൾക്ക് മുകളിലൂടെ തിരയും ഉപ്പുവെളളവും അടിച്ചുകയറാതിരിക്കാൻ എത്ര ഉയരം വേണമെന്ന്. ഇതൊന്നും ചിന്തിക്കാതെയാണ് അഞ്ച് കോടിയിലേറെ രൂപ മുടക്കി ഷട്ടറുകൾ പുനർനിർമ്മിച്ചത്. ഇപ്പോൾ അഞ്ച് വർഷമേ ആയിട്ടുളളൂ, വീണ്ടും ഷട്ടറുകൾ നവീകരിക്കാൻ പോകുകയാണ്. കൂടാതെ ഷട്ടറുകളുടെ നേരെ കിഴക്ക് വശത്ത് ഡ്രഡ്ജർ വെച്ച് കുഴിച്ച് മണൽ എടുക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. അവിടെ ഇങ്ങനെ വലിയ കുഴി വന്നാല്‍ ഉപ്പ് കടന്നുകയറിയാല്‍ ആ ഉപ്പ് അടിയില്‍ കിടക്കും, കുട്ടനാടിന്റെ സര്‍വനാശത്തിന്റെ പണിയാണ് അവിടെ നടക്കുന്നത്.
കുട്ടനാട് ഡെവലപ്പ്മെന്റ് സ്കീമിന്റെ ഭാഗമായിട്ട് 1956ലാണ് തോട്ടപ്പളളി സ്പിൽവേ ചാനലും തോട്ടപ്പളളിയെയും പുറക്കാടിനെയും ബന്ധിപ്പിക്കുന്ന പാലവും ഉദ്ഘാടനം ചെയ്യപ്പെട്ടത്. വർഷകാലത്ത് കുട്ടനാട്ടിൽ നിന്നുളള പെയ്ത്ത് വെളളം സ്പിൽവേയിലെ 40 ഷട്ടറുകളിലൂടെയാണ് കടലിലേക്ക് ഒഴുക്കി കളയുന്നത്. കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ ഇതിൽ പല ഷട്ടറുകളും പ്രവർത്തിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ പണിയായി മാറി. 2021 മെയിൽ തുറന്ന സ്പിൽവേയിലെ ഷട്ടറുകളെല്ലാം അടക്കുന്നത് ഓരുജല ഭീഷണിയെന്ന ആശങ്ക കർഷകർ പങ്കുവെച്ചപ്പോഴാണ്. ആദ്യം 20 എണ്ണവും പിന്നീട് 20 എണ്ണവും എന്ന രീതിയിലാണ് ഷട്ടറുകൾ അടച്ചത്. ആദ്യം അടച്ച 20 ഷട്ടറുകളിൽ 12 ഷട്ടറുകളുടെ മോട്ടോറുകൾ തകരാറിലായതിനാൽ മറ്റ് ഷട്ടറുകളുടെ മോട്ടോറുകളിൽ നിന്ന് കണക്ഷൻ വയർ വലിച്ചാണ് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് ഷട്ടറുകൾ താഴ്ത്തിയത്. ഇതിനിടെ ജോലിക്കാരിൽ രണ്ട് പേർക്ക് ഷോക്കേറ്റെങ്കിലും തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. എല്ലാ ഷട്ടറുകളുടെയും കോർണർ ആംഗിളുകൾ തകരാറിലാണ്. 12 ഷട്ടറുകളുടെ റോപ്പുകൾ പ്രവർത്തിക്കുന്നില്ല. കേബിളുകൾ മോഷണം പോയിട്ട് പകരം സ്ഥാപിച്ചിട്ടുമില്ല. കടലിൽ നിന്നുളള വെളളപ്പാച്ചിലിൽ സമീപകാലത്താണ് ഏഴാം നമ്പർ ഷട്ടർ തകർന്നത്.
തോട്ടപ്പളളിയിൽ മൊത്തത്തില്‍ അടച്ച് തുറക്കാവുന്ന ഷട്ടറുകള്‍ ആറെണ്ണം മാത്രമാണുളളതെന്നാണ് തോട്ടപ്പളളിയിലെ സമരത്തിന് നേതൃത്വം കൊടുക്കുന്നവരിൽ ഒരാളായ ബി. ഭദ്രൻ പറയുന്നത്. തകര്‍ന്ന് കിടക്കുന്ന ഒരു സ്പില്‍വേയാണ് ഇത്. നേരത്തെയുളള കണക്ക് അനുസരിച്ച് 3,000 ഏക്കര്‍ കൃഷിയാണ് നഷ്ടപ്പെട്ടത് എങ്കില്‍ ഈ സമീപദിവസങ്ങളില്‍ എടുത്തിരിക്കുന്ന കണക്ക് പ്രകാരം 6,000 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഈ പൊഴിമുഖം ഇത്രയും വീതിയിൽ ഇങ്ങനെ തുറന്നിട്ടിരിക്കുന്നത് കൊണ്ടാണ് കൃഷി നശിച്ചത്. പൊഴിയിൽ വലിയ ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് തുറക്കുമ്പോള്‍ ഇതൊരു അഴിയായി മാറും. കുട്ടനാട്ടിന് ഒരു അഴിയുടെ ആവശ്യം ഇല്ല. കാരണം പൊഴി സ്വാഭാവികമായി അടയുന്ന ഒന്നാണ്. നീരൊഴുക്ക് കുറയുമ്പോള്‍ തനിയെ അടയുന്ന ഒന്നാണ്. എന്നാൽ ഇപ്പോഴത്തെ മണലെടുപ്പ് സാഹചര്യത്തിൽ ഇനി തനിയെ അടയാനുളള സാധ്യത കുറവാണെന്നും വലിയ പ്രത്യാഘാതങ്ങളാണ് കുട്ടനാടിന് ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.
തോട്ടപ്പളളിയിലെ പൊഴിമുഖം തുറന്ന് വെച്ചിരിക്കുന്നതിന്റെ ഫലമാകാം ഇത്തവണ ഞങ്ങളുടെ കൃഷിയിടങ്ങളിൽ ഉപ്പുവെളളം കൂടുതലാണ്. നെല്ലിന് തൂക്കം കുറയുമെന്നും പുറക്കാട്ടെ കർഷകനായ സുഗുണൻ പറയുന്നു. കഴിഞ്ഞ തവണയും ഉപ്പുവെളളം കയറിയിരുന്നു. രണ്ടാം കൃഷിയുടെ പ്രധാന വെല്ലുവിളി ഉപ്പുവെളളം കയറൽ തന്നെയാണ്. എന്നാൽ ഇത്തവണ ഉപ്പിന്റെ അംശം വളരെ കൂടുതലാണെന്നാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പറയുന്നത്. മഴ കൂടുതൽ കിട്ടിയതിനാൽ പച്ചപ്പൊക്കെ ഉണ്ടാകും. എന്നാൽ വിളയാൻ സമയം കൂടുതലെടുക്കും. തൂക്കവും കിട്ടില്ല. ഇതാണ് ഇത്തവണ കർഷകർ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളിയെന്നും സുഗുണൻ വ്യക്തമാക്കി.
രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രത്തിന്റെ പഠനങ്ങൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തെ ഡാറ്റകൾ പരിശോധിക്കുമ്പോൾ വേമ്പനാട്ട് കായലിൽ ഉപ്പുരസം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. കടൽവെളളം കയറുന്നതിന്റെ ആദ്യപടിയായിട്ട് വേണം ഇതിനെ കാണാനെന്നുമാണ് ഗവേഷകർ വിലയിരുത്തുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പരീക്ഷ മാറ്റത്തിന് പിഎസ്സി ഒരുങ്ങുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ്, നല്‍കുന്നത് സര്‍ക്കാര്‍ കമ്പനി!
ബൂസ്റ്റര്‍4: ഇത്തവണ കേന്ദ്രത്തിന്റെ ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക്
പക്ഷികള്‍ പാടാത്ത നാടുകള്‍