ഒരു വ്യക്തിയുടെ മറ്റ് വ്യത്യസ്ത സവിശേഷതകളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം, അല്ലാതെ പരിമിതിയാകരുത് ഏതൊരു ഇടപഴകലിന്റെയും അളവുകോൽ.
ശാരീരിക മാനസിക പരിമിതികളെ കുറിച്ച് വ്യാപകമായി ചർച്ച ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ അത്തരം സംവാദങ്ങളിൽ സ്വയം എന്തെന്ന് കണ്ടെത്താനുള്ള പ്രക്രിയകളെ കുറിച്ച് ചർച്ച ചെയ്യേണ്ടതും അത്യാവശ്യമാണ്. ശാരീരിക മാനസിക പരിമിതികൾ ഉള്ള ആളുകളുമായി ഇടപഴകുമ്പോൾ ആ പരിമിതിയാണ് മിക്കപ്പോഴും ആ ഇടപഴകലിന്റെ മാനദണ്ഡമായി മാറുന്നത്. ആളുകളെ അവരുടെ പരിമിതികൾക്കപ്പുറം നമ്മൾ കാണാൻ ശ്രമിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മറ്റ് വ്യത്യസ്ത സവിശേഷതകളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം, അല്ലാതെ പരിമിതിയാകരുത് ഏതൊരു ഇടപഴകലിന്റെയും അളവുകോൽ.
“സ്വയം” എന്ന വാക്ക് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത സമയങ്ങളിൽ നമ്മൾ എന്തെന്ന് നമുക്ക് തന്നെ വ്യത്യസ്തമായ അഭിപ്രായമുള്ളത്. സിൽവിയ പ്ലാത്തിന്റെ ഒരു ഉദ്ധരണിയാണ് ഓർമ്മവരുന്നത്. “I took a deep breath and listened to the old brag of my heart, I am, I am, I am.” ( “ഞാൻ ഒരു ദീർഘനിശ്വാസം എടുത്ത്, എന്റെ ഹൃദയം ദശാബ്ദങ്ങളായി മന്ത്രിക്കുന്ന ശബ്ദം കേട്ടു, ഞാൻ, ഞാൻ, ഞാൻ”).
ഒരു വ്യക്തിക്ക് ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഐഡന്റിറ്റി ക്രൈസിസും "ഞാൻ ആരാണ്?" എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരു സാർവത്രിക ആശയമാണ്. അത് എല്ലാ മനുഷ്യരും അനുഭവിക്കാറുണ്ട്. മാനസിക ശാരീരിക പരിമിതികളുടെ പശ്ചാത്തലത്തിൽ അതുകൊണ്ട് സ്വയം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്, ഉദാഹരണത്തിന്, ഒരു വ്യക്തി വീൽചെയർ ഉപയോഗിക്കുന്നത്, ആ വ്യക്തിയുടെ മറ്റ് സവിശേഷതകളെയും ഐഡന്റിറ്റിയെയും മറികടക്കും. ഇത് ഗുരുതരമായ സാമൂഹിക പ്രശ്നവും, ആ വ്യക്തിക്ക് വിനാശകരവുമാണ്.
സെല്ഫ് എന്ന ആശയത്തിന് മൂന്ന് ഘടകങ്ങൾ ഉണ്ട്: സ്വന്തം പ്രതിച്ഛായ (self-image), ആത്മാഭിമാനം (self-esteem), സമ്പൂർണത (ideal self). സ്വന്തം പ്രതിച്ഛായ എന്നതിൽ നല്ലത് ചീത്ത എന്നൊന്നും ഇല്ല. കാരണം നമുക്ക് നമ്മളെ പറ്റി നല്ല മതിപ്പാണ്. പക്ഷെ ആത്മാഭിമാനത്തിന് എപ്പോൾ വേണമെങ്കിലും ക്ഷതം ഏൽക്കാം. എപ്പോൾ വേണമെങ്കിലും സ്വന്തം കഴിവുകൾ ചോദ്യം ചെയ്യപ്പെടാം.എന്തിന്? ആരെങ്കിലും ഞങ്ങളെ അഭിനന്ദിക്കുമ്പോൾ പോലും സ്വയം സംശയിക്കാറില്ലേ? പാരിസ്ഥിതിക ഘടകങ്ങൾ പോലും ആത്മാഭിമാനത്തെ ബാധിക്കാറില്ലേ? അതുകൊണ്ട് നമ്മൾ സ്വയം എങ്ങനെ കാണുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
മൂന്നാമത്തേത് ഭാവിയിൽ നമ്മൾ എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ് (ideal self). നമ്മൾ ഭാവിയിൽ ആകാൻ ആഗ്രഹിക്കുന്ന സ്വപ്നത്തിലെ നമ്മൾ . അങ്ങനെ ഒരു ഐഡിയൽ സെൽഫിനെ സൃഷ്ടിക്കാൻ നമ്മൾ റോൾ മോഡലുകലെ തിരഞ്ഞെടുക്കാറുണ്ട്. ഉദാഹരണത്തിന് നമുക്ക് ചുറ്റുമുള്ള ചില ആളുകളുടെ സ്വാധീനം കാരണം സ്ത്രീകൾക്ക് "അനുയോജ്യമായ" ശരീരപ്രകൃതം പോലും സമൂഹം സൃഷ്ടിച്ചു. അതുപോലെയാകാൻ സമ്മർദം ചിലത്തി.
ഒരു ആക്ടിവിറ്റി തരട്ടെ? അവനവനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന 5 വാക്കുകൾ എഴുതിയിടാമോ? എഴുതിയത് സത്യസന്ധമായിട്ടാണെങ്കിൽ അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, കാരണം സ്വയം ബോധവാനായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഓരോ വ്യക്തിയും അവരുടെ ജീവിത നൈപുണ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. എങ്കിലേ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കൂ.
“സ്വയം" എന്ന ആശയം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഞാൻ പറഞ്ഞല്ലോ. ചുരുക്കി പറഞ്ഞാൽ കോഗ്നിറ്റീവ് ഡിസോണൻസ്. പാൻഡെമിക്കിൽ കുടുങ്ങിപ്പോയപ്പോൾ പുതിയ ശീലങ്ങൾ പഠിക്കുന്നത് ഒക്കെ അതിനൊരു ഉദാഹരണം ആണ്. പുതിയ മാറ്റങ്ങളോട് നമ്മൾ പൊരുത്തപ്പെട്ടു, പകർച്ചവ്യാധിയെ അതിജീവിക്കാൻ പഠിച്ചു. വൈരുദ്ധ്യ മനോഭാവങ്ങളോ വിശ്വാസങ്ങളോ പെരുമാറ്റങ്ങളോ ഉൾപ്പെടുന്ന ഒരു സാഹചര്യത്തിൽ പെട്ടാലും ചുറ്റുപാടും നിരീക്ഷിക്കുന്നതിലൂടെ തന്നെ നമുക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാം. നിരീക്ഷണത്തിലൂടെയാണ് മാതാപിതാക്കളിൽ നിന്ന് കുട്ടികൾ പഠിക്കുന്നത്. നിരീക്ഷണത്തിലൂടെ വന്ന ഒരു പെരുമാറ്റം പിന്നീട് ശീലമായി മാറാം.
സമപ്രായക്കാർ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസേർസ്, കളിപ്പാട്ടങ്ങൾ എന്നിവ ശരീരത്തെ കുറിച്ചുള്ള ചിന്തകളെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. ഭംഗി ഉള്ള വസ്തുകൾ ഏതാണെന്നും അഭംഗിയുള്ളവ ഏതാണെന്നും കുട്ടികൾ പഠിക്കുന്നതും അത്തരം സ്വാധീനങ്ങളിലൂടെയാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ നമ്മുടെ തലച്ചോറിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. അതിനായി ചിലരുടെ ഭക്ഷണശീലങ്ങൾ വരെ മാറി. പെൺകുട്ടികൾക്കുള്ള പാവകൾ വെളുത്ത് മെലിഞ്ഞിരിക്കുന്നത് അതുകൊണ്ട് തന്നെ എത്രമാത്രം അപകടകരം ആണ്. ഭിന്നശേഷിയുള്ളവരുടെ ശരീരങ്ങൾ എന്തുകൊണ്ടാണ് മുഖ്യധാരയിൽ കാണപ്പെടാത്തത്? പൊതുസ്ഥലത്ത് ഒരു റാമ്പില്ലാത്തത് പോലും അവരോടുള്ള വല്യ അവഗണന അല്ലെ? അവർ സമൂഹത്തിന്റെ ഭാഗമാണെന്ന് പോലും ചിന്തിക്കാതെയുള്ള ഇത്തരം അവഗണനകളും തിരസ്കരണങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അല്ലെങ്കിൽ പരിമിതിയുള്ളവർ സ്വയം കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്കായിരിക്കും അത് കൊണ്ടുചെന്ന് എത്തിക്കുക.
ഭിന്നശേഷിയുള്ളവർ സമൂഹത്തിൽ വല്യ സ്റ്റിഗ്മ നേരിടുന്നവരാണ്. സാമൂഹിക ഇടങ്ങളിൽ നിന്നുള്ള ഒഴിവാക്കലിനൊപ്പം, കളിയാക്കലുകളും അവർ നേരിടേണ്ടി വരുന്നു. നിരന്തരം സ്റ്റിഗ്മ അഭിമുഖീകരിക്കുന്നവരിൽ അതെ സ്റ്റിഗ്മ പിന്നീട് ഒരു ആന്തരിക ശബ്ദമായി മാറുന്നു. ഇവിടെയാണ് ജീവിതപ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഒരു നോട്ടത്തിന് പോലും വേദനിപ്പിക്കാൻ കഴിവുണ്ട്. പരിമിതികൾ ഉള്ളവർക്ക് ജോലി ചെയ്യാനാകില്ല പോലുള്ള അബദ്ധധാരണകൾ വലിയ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിനോടൊപ്പം ലിംഗ അസമത്വം കൂടി ചേരുന്നതോടെ അതൊരു വല്യ അനീതിയായി മാറുന്നു. സമൂഹം പരിമിതിക്കപ്പുറം വ്യക്തികളുടെ കഴിവിനെ തിരിച്ചറിയാൻ പലപ്പോഴും ശ്രമിക്കാറില്ല. ഏതൊരു സ്ഥലത്തും പരിമിതിയുള്ളവർ "പുറമെയുള്ള" ഒരു വ്യക്തിയായി മാറുന്നു. ഭിന്നശേഷിയുള്ള സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങൾ അപ്പോൾ എത്രമാത്രം ആയിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.
ഭിന്നശേഷിയുമായി ബന്ധപ്പെട്ട ഒട്ടെറെ തെറ്റിദ്ധാരണകൾ ഇന്ന് സമൂഹത്തിലുണ്ട്. വൈകല്യത്തെക്കുറിച്ചുള്ള മെഡിക്കൽ മോഡൽ വീക്ഷണം ശരിയായ ഒന്നല്ല. അത് വ്യക്തി അധിഷ്ഠിതമാണ്, അതുകൊണ്ട് വൈകല്യത്തിന് കാരണം ആ വ്യക്തി തന്നെയാണ് എന്ന വീക്ഷണങ്ങളും ശരിയല്ല. സാമൂഹിക മാതൃക നിരീക്ഷിച്ചാൽ ഇത് എളുപ്പത്തിൽ മനസിലാകും. ഒരു വെബ്ബിനാർ നടക്കുമ്പോൾ എത്രയിടങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ ഉണ്ടാകാറുണ്ട്? അതുകൊണ്ട് സമൂഹത്തിനാണ് "വൈകല്യം" അല്ലാതെ വ്യക്തികൾക്കല്ല. ഇതേ രീതിയിലാണ് പരിമിതികൾ നേരിടുന്നവരെ അധികാര സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്താറും. പരിമിതികൾ ഇല്ലാത്തവരെ മാത്രം പരിപോഷിപ്പിക്കുന്നത് വാസ്തവത്തിൽ ലോകത്തിന്റെ ഭംഗി കുറയ്ക്കുകയാണ് ചെയ്യുന്നത്.
എബിലിസം എന്ന വാക്ക് എന്താണെന്നും അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും നമ്മൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. പരിമിതികൾ ഇല്ലായിമ ശ്രേഷ്ഠമാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള, പരിമിതികൾ ഉള്ള ആളുകളോടുള്ള വിവേചനവും സാമൂഹിക മുൻവിധിയുമാണ് എബിലിസം. പരിമിതിയുള്ളവരെ 'നന്നാക്കിയെടുക്കേണ്ടത്' ആവശ്യമാണെന്നും അവരുടെ പരിമിതിയാണ് അവരെ നിർവചിക്കുന്നതെന്നും അനുമാനിക്കുന്നതാണ് അതിന്റെ കാതൽ. ഇത് നമ്മൾ പൊളിച്ചെഴുതേണ്ട സമയമായി.
സ്വയം ഈ ചോദ്യങ്ങൾ ചോദിച്ച് നോക്കു: “നിങ്ങളെ പരിമിതപ്പെടുത്തുന്നതെന്താണ്?”, “നിങ്ങളുടെ പരിമിതികൾ നിങ്ങളെ എങ്ങനെയാണ് പരിമിതപ്പെടുത്തുന്നത്?”. ഈ ഉത്തരങ്ങൾ സമൂഹം നിങ്ങളിൽ അടിച്ചേൽപ്പിച്ചതല്ലേ? കുബ്ലർ-റോസ് ഗ്രീഫ് സൈക്കിളിനെ (Kubler-Ross Grief Cycle) കുറിച്ച് കേട്ടിട്ടുണ്ടോ? നിരസിക്കൽ, കോപം, വിലപേശൽ, വിഷാദം, തുടർന്ന് സ്വീകാര്യത (denial, anger, bargaining, depression and acceptance). എന്ന ദിശയിലാണ് ആ ചക്രം തിരിയുന്നത് . അപകടത്തിൽപ്പെട്ടതിന് ശേഷം ലോക്കോമോട്ടോർ പരിമിതികൾ നേരിട്ട വ്യക്തികൾ ഉണ്ട്. പക്ഷെ അതുപോലെ തന്നെ യുദ്ധത്തിൽ കാലറ്റുപോയ പട്ടാളക്കാർ ജീവിതം തിരിച്ചുപിടിച്ച കഥകളും നമുക്ക് ചുറ്റുമുണ്ട്.
ശരീരത്തിന്റെയും അവയവങ്ങളുടെയും പ്രവർത്തനപരമായ പങ്ക് എന്താണെന്ന് ചിന്തിച്ച് നോക്കുക. ശരീരത്തിനും അവയവങ്ങൾക്കും സൗന്ദര്യാത്മക പങ്ക് വഹിക്കേണ്ടതില്ല, അതുകൊണ്ട് സൗന്ദര്യത്തിന്റെ നിർവചനങ്ങൾ ഒന്നിലധികം ആകാം. ശരീരത്തിന്റെ പ്രവർത്തനപരമായ പങ്ക് നിർവഹിക്കുന്നതിന് ഭിന്നശേഷിയുള്ളവർക്ക് ഉപയോഗിക്കാൻ ഇന്ന് ഉപകരണങ്ങളും സേവനങ്ങളും ഉണ്ട്. അതുകൊണ്ട് ആ സൗന്ദര്യത്തിൽ വൈവിധ്യമുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ഒരു കൂട്ടമാണ് പ്രിയാസ് മിറർ എന്ന സംഘടന. “സൗന്ദര്യം എല്ലാ രൂപത്തിലും വലുപ്പത്തിലും ആഘോഷിക്കേണ്ടതുണ്ട്” എന്നാണ് അവർ വിശ്വസിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞ ഒരു ഉദ്ധരണിയാണ് ഓർമ്മവരുന്നത് ““Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid.” ....”( “എല്ലാവരും ഒരു പ്രതിഭയാണ്, പക്ഷേ ഒരു മത്സ്യത്തെ അതിന്റെ മരം കേറാനുള്ള കഴിവ് വെച്ച് അളന്നാൽ അതൊരു വിഡ്ഢിയാണെന്ന് അതൊരു ജീവിതകാലം മുഴുവൻ വിശ്വസിക്കും..." . അതുകൊണ്ട് ജീവിത സമസ്യകൾ ധൈര്യപൂർവം ആത്മാഭിമാനത്തോടെ കീഴടക്കുക.
റിച്ചയെ കുറിച്ച്:

റിച്ച ശർമ ഒരു മാനസികാരോഗ്യ വിദഗ്ധയാണ് . ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഡോ. റാം മനോഹർ ലോഹിയ സെന്റർ ഓഫ് എക്സലൻസ് ഇൻ മെന്റൽ ഹെൽത്തിൽ നിന്ന് സൈക്കിയാട്രിക് സോഷ്യൽ വർക്കിന് എംഫിൽ നേടി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഡയലക്ടിക്കൽ ബിഹേവിയറൽ തെറാപ്പി, മൈൻഡ്ഫുൾനെസ് പ്രാക്ടീസ് എന്നിവയിൽ താല്പര്യമുണ്ട്. തെറാപ്പി ആവശ്യമുള്ള എല്ലാവർക്കും അത് ലഭ്യമാക്കണമെന്ന കാഴ്ചപ്പാടിലും വിശ്വസിക്കുന്നു. പോസിറ്റീവ് മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക രോഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽ നൽകുന്നു. സോഷ്യൽ എന്റർപ്രൈസായ ദി ഡയലക്ടിക്കൽ മൈൻഡിന്റെ സ്ഥാപകകൂടിയാണ് റിച്ച.
Courtesy:
Priya Prasad, Sooraj S
Prajaahita Foundation
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മസ്കുലാർ ഡിസ്ട്രോഫി / അട്രോഫി മറികടക്കാൻ പ്രയാൺ