സെബക്ക് ഇനിയും പുസ്തകങ്ങൾ വായിക്കണം: 'ഭിന്നശേഷി ഒരു അവസ്ഥയാണ്'
പുസ്തകം വായനയും എഴുത്തും ഭിന്നശേഷി ഇല്ലാത്ത മനുഷ്യർക്ക് ഒരു വെല്ലുവിളിയല്ല. പക്ഷെ പുസ്തകം പിടിച്ച് വായിക്കാനും പേന പിടിച്ച് പേപ്പറിലും എഴുതാൻ കഴിയാത്ത അവസ്ഥയിലും പുസ്തകങ്ങളെ എത്രത്തോളം താൻ സ്നേഹിക്കുന്നുവെന്ന് പി എ സെബ പങ്കുവെയ്ക്കുന്നു.
2018 ൽ കേരളം നേരിട്ട പ്രളയത്തെ കുറിച്ചുള്ള അനുഭവങ്ങൾ വിവരിക്കുന്ന കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച 'മഴ, മണ്ണ്, മനുഷ്യൻ ' എന്ന പുസ്തകത്തിൽ ഒരു റൈറ്റ്-അപ്പ് പങ്കുവെച്ചുകൊണ്ടാണ് പി എ സെബ ജനശ്രദ്ധ നേടിയത്. 2018 ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ചാണ് പുസ്തകം പുറത്തിറക്കിയത്. 2019 ലും 2020 ലും ഡ്രീം ഓഫ് അസ് (കാലിക്കട്ട്) നടത്തിയ സ്വപ്നചിത്ര ആർട്ട് എക്സിബിഷൻ എന്ന പരിപാടിയിൽ സെബയുടെ 4 പെയിന്റിംഗുകൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തിരുന്നു. ഈ വര്ഷം ആസ്റ്റർ മിംസ് കാലിക്കട്ടും ക്യൂവർ എസ്എംഎ ഇന്ത്യയും ചേർന്ന് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ സെബ ഒന്നാം സമ്മാനവും നേടിയിരുന്നു. തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളെ കുറിച്ചും, വായിക്കാനും എഴുതാനും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സെബ പങ്കുവെയ്ക്കുന്നു.

1. സെബയുടെ കുട്ടിക്കാലത്തെ കുറിച്ച് പറയാമോ ?
ഞാൻ താമസിക്കുന്നത് എറണാകുളം ജില്ലയിലെ പാനായിക്കുളം എന്ന പ്രദേശത്താണ്. ചെറുപ്പം മുതലേ ഞാൻ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ ബാലരമയിൽ ആണ് വായന തുടങ്ങിയത് എങ്കിൽ, സ്കൂൾ ലൈബ്രറിയിൽ പ്രവേശിക്കാൻ പെർമിഷൻ കിട്ടിയപ്പോൾ മുതൽ വലിയ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഞാൻ വലിയ എനിഡ് ബ്ലൈട്ടൻ ഫാൻ ആയിരുന്നു. ഫേമസ് ഫൈവ് സീക്രട്ട് സെവൻഎന്നിവയെല്ലാം വായിച്ചിട്ടുണ്ട്. കുറച്ചുകൂടെ വളർന്നപ്പോൾ ഡേവിഡ് കോപ്പർഫീൽഡ്, ബ്ലാക്ക് ബ്യൂട്ടി എന്നിവ വായിച്ചു. കുട്ടിക്കാലത്താണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്.
2. പുസ്തകങ്ങളും വായനയും എങ്ങനെയാണ് സെബയുടെ ജീവിതത്തെ സ്വാധീനിച്ചത് ?
പുസ്തകവായന എന്നെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ഭാഷയും വൊക്കാബുലറിയും നന്നാക്കാൻ സഹായിച്ചത് വായന തന്നെയാണ്. സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കാളും, പുറമേ നിന്നുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ കൂടുതൽ അറിവ് നേടാനും കൂടുതൽ ഭാഷ പഠിക്കാനും കമ്മ്യൂണിക്കേഷൻ ഇംപ്രൂവ് ചെയ്യാനും സാധിക്കുന്നുണ്ട്.
പുസ്തക വായനയിലൂടെ പുതിയ ലോകങ്ങളും പുതിയ സംസ്കാരങ്ങളും അറിയാൻ സാധിക്കും. മറ്റ് ആളുകളുടെ വീക്ഷണ കോണുകളിലൂടെ കാര്യങ്ങളെ കാണാനും ജീവിതത്തിൽ അത് അനുഭവിക്കാനും പുസ്തകവായന സഹായിക്കും. പുസ്തകം വായിക്കുമ്പോൾ അത് ക്രിയേറ്റിവിറ്റി കൂട്ടുകയും നമ്മുടെ ഭാവന വളർത്തുകയും ചെയ്യും. പുസ്തകവായനയോടൊപ്പം ഞാൻ ചിത്രരചനയും ചെയ്യാറുണ്ട്. പുസ്തകവായന എൻറെ ചിത്രരചനയെ വളർത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്
3. ഭിന്നശേഷിയുള്ളവരുടെ കഥകൾ സമൂഹത്തിന്റെ മുൻനിരയിൽ ഇടം പിടിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ?
ഭിന്നശേഷിയുള്ളവരുടെ കഥകൾ മുൻനിരയിൽ ഇടം പിടിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. സർക്കാർ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. അതോടൊപ്പം പൊതു സ്ഥലങ്ങൾ കൂടുതൽ ആക്സസിബിൾ ആയി വരുന്നുണ്ട്. ഭിന്നശേഷിയുള്ളവരുടെ കഥകൾ ശ്രദ്ധിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരം മാറ്റങ്ങൾ വരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഇത്തരം സൗകര്യങ്ങൾ കുറെക്കൂടെ മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. പൊതുഇടങ്ങളിൽ ഭിന്നശേഷിയുള്ളവർ കൂടുതൽ പരിഗണിക്കപ്പെടണം
4. എഴുത്തിലൂടെ സമൂഹം നിശ്ചയിക്കുന്ന അതിർവരമ്പുകളെ ഭിന്നശേഷിയുള്ളവർക്ക് എങ്ങനെ മറികടക്കാനാകും?
എഴുത്തിലൂടെ നമുക്ക് നമ്മുടെ പ്രശ്നങ്ങൾ അഡ്രസ്സ് ചെയ്യാൻ സാധിക്കും, സമൂഹത്തിനു മുന്നിൽ പല വിഷയങ്ങളും തുറന്നുകാട്ടാൻ സാധിക്കും. അത്തരം പ്രശ്നങ്ങൾ ആളുകളുടെ ഇടയിൽ എത്തിച്ചാൽ മാത്രമേ അതിനെ പരിഹാരങ്ങൾ കണ്ടെത്തുവാൻ സാധിക്കൂ. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ആണ് അതിന് പരിഹാരം ഉണ്ടാകുന്നത്. അതുകൊണ്ട് എഴുത്ത് തുടരുക തന്നെ ചെയ്യണം.
5. ഏറ്റവും സ്വാധീനിച്ചിട്ടുള്ള പുസ്തകവും എഴുത്തുകാരൻ/ എഴുത്തുകാരി ആരാണ് ? എന്തുകൊണ്ട് ?
എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള പുസ്തകം ഒരുപാട് ഉണ്ട്. അത് ചൂസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്, എനിക്ക് പ്രിയപ്പെട്ട ഒരുപാട് എഴുത്തുകാരുണ്ട്. പൗലോ കൗലോ, അഗതാ ക്രിസ്റ്റി, ജെ കെ റൗളിങ് എന്നിവരെല്ലാം പ്രിയപ്പെട്ടവർ ആണ്.
6. പ്രളയം ഉണ്ടായ സമയത്ത് സെബയുടെ എഴുത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. അതിലേക്ക് നയിച്ച സന്ദർഭങ്ങളെ കുറിച്ച് വിശദീകരിക്കാമോ ?
പ്രളയ സമയത്ത് ഞാൻ കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'മഴ മണ്ണ് മനുഷ്യൻ' എന്ന പുസ്തകത്തിന് വേണ്ടിയിട്ട് ഒരു അനുഭവക്കുറിപ്പ് എഴുതിയിരുന്നു. എന്റെ ഒരു ബന്ധു ആണ് എന്നോട് അത് എഴുതി അയക്കാൻ അറിയിച്ചത്. എൻറെ ആൻറി ഒരു എഴുത്തുകാരിയാണ്. സബീന എന്നാണ് പേര്. പ്രളയ സമയത്ത് ദുരിതങ്ങളെ വിവരിച്ചുകൊണ്ട് ഞാൻ ഫേസ്ബുക്കിൽ ഇട്ടിരുന്ന പോസ്റ്റുകൾ ഒക്കെ ആൻറി കണ്ടിരുന്നു. അതുകണ്ടപ്പോൾ കൈരളി ബുക്സ് ഒരു പുസ്തകത്തിന് വേണ്ടിയിട്ട് രചനകൾ ക്ഷണിക്കുന്നുണ്ട് എന്ന് എന്നെ അറിയിച്ചിരുന്നു. എന്റെ അനുഭവ കഥ പ്രിൻറ് ചെയ്തു വരുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ആ പുസ്തകത്തിൽ ഒത്തിരി എഴുത്തുകാരുടെ രചനകൾ ഉണ്ടായിരുന്നു. പക്ഷേ ആൻറി പിന്നീട് ആ പുസ്തകവുമായി എന്നെ കാണാൻ വന്നപ്പോൾ ഞാനെന്റെ രചന അതിൽ കണ്ടു. അത് എനിക്ക് ഒരു വലിയ സർപ്രൈസ് ആയിരുന്നു.
ആ പ്രളയത്തിൽ ഒത്തിരി നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ചുറ്റുമുള്ളവർക്കും നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എൻറെ വീട് പകുതിയോളം മുങ്ങിയിരുന്നു. പക്ഷേ നമ്മൾ എല്ലാവരും അതിനെ അതിജീവിച്ചു എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.. നമ്മൾ ഇപ്പോൾ നേരിടുന്ന മഹാമാരിയും നമ്മൾ ഒരുമിച്ച് അതിജീവിക്കുമെന്നും, ഈ കാലഘട്ടം കടന്നു പോകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു
7. ഭിന്നശേഷി ഒരു കടമ്പയാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തോട് സെബക്ക് എന്താണ് പറയാനുള്ളത്?
ഭിന്നശേഷി എന്നത് ഒരു കടമ്പ ആണെന്ന് എനിക്ക് തോന്നുന്നില്ല. അതൊരു അവസ്ഥയാണ്. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു അവസ്ഥ. എനിക്ക് തന്നെ എസ്എംഎ ഉണ്ടെന്ന് അറിയുന്നത് ഒരു വയസ്സ് ഉള്ളപ്പോഴാണ്. അന്ന് ഞാൻ നിൽക്കാതെ ആയപ്പോൾ എൻറെ മാതാപിതാക്കൾക്ക് സംശയം തോന്നി അതേപ്പറ്റി അന്വേഷിച്ച് ഡയഗ്നോസ് ചെയ്താണ്. എസ് എം എ ഏത് വയസ്സ് ഉള്ളപ്പോഴും വരാവുന്ന ഒരു അവസ്ഥയാണ്. ഭിന്നശേഷിയുള്ളവർക്ക് അതൊരു കടമ്പയായി മാറുന്നത് സമൂഹം അവരെ ഒറ്റപ്പെടുത്തുകയും അവരോട് എമ്പതി കാണിക്കാതെ ഇരിക്കുമ്പോഴും ഒക്കെയാണ്. അതല്ലാതെ ഭിന്നശേഷി ഒരു കടമ്പ അല്ല.
8. സെബ എഴുതാൻ തയ്യാറെടുത്ത കാലത്ത് നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
ഞാൻ എഴുതുന്നത് എൻറെ സുഹൃത്തുക്കളും ബന്ധുക്കളും വായിക്കുകയും അതേ കുറിച്ചുള്ള അഭിപ്രായം അറിയിക്കുകയും കൂടുതൽ എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ആ തലത്തിൽ എനിക്ക് വെല്ലുവിളികൾ ഇല്ല. പക്ഷെ എഴുത്തിന് പലപ്പോഴും നേരിടേണ്ടി വരുന്നത് ശാരീരികമായ വെല്ലുവിളികളാണ്. മുമ്പൊക്കെ എനിക്ക് പെൻസിലോ പേനയോ വെച്ച് പേപ്പറിൽ എഴുതാൻ കഴിയുമായിരുന്നു. ഒരു മൂന്നു കൊല്ലം മുമ്പ് വരെ. പക്ഷേ ഇപ്പോൾ അങ്ങനെ പറ്റില്ല. അങ്ങനെ എഴുതാൻ എന്റെ കൈകൾക്ക് ബലം ഇല്ല. പക്ഷേ ഇപ്പോൾ കൂടുതൽ എഴുതാൻ ഞാൻ ഫോണിനെ ആണ് ആശ്രയിക്കുന്നത്. അതിലാണ് കാര്യങ്ങൾ ടൈപ്പ് ചെയ്യുന്നത്
ശാരീരികമായ അത്തരം വെല്ലുവിളികൾ നമുക്ക് ടെക്നോളജിയിലൂടെ കുറച്ചൊക്കെ മറികടക്കാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വായിക്കാൻ ആണെങ്കിലും, മുൻപൊക്കെ എനിക്ക് പുസ്തകം പിടിച്ച് വായിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ കൂടുതലും ഫോണിലോ അല്ലെങ്കിൽ ഈ-ബുക്ക് റീഡർ ഒക്കെയാണ് ഉപയോഗിക്കുന്നത്. ഇടയ്ക്കൊക്കെ ഓഡിയോ ബുക്സും കേൾക്കാൻ ശ്രമിക്കാറുണ്ട്.
9. പുസ്തക ലോകത്ത് / എഴുത്തിന്റെ ലോകത്ത് ഭിന്നശേഷിയുള്ളവരെ കൂടി ഉൾപ്പെടുത്താൻ ഇനിയും വരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശ്വസിക്കുന്നു ?
പുസ്തകത്തിന്റെയും എഴുത്തിന്റെയും ലോകത്തിലേക്ക് ഭിന്നശേഷിയുള്ള വരെ കൂടി ഉൾപ്പെടുത്താൻ വേണ്ടി, അവർക്ക് കൂടുതൽ വിദ്യാഭ്യാസത്തിലേക്കും ടെക്നോളജിയിലേക്കും ആക്സിസ്ബിലിറ്റി നൽകേണ്ടത് ആവശ്യമാണ്. അവരെ കൂടി ഉൾപ്പെടുത്തി സംവിധാനങ്ങൾ വികസിപ്പിക്കുക അതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം. പുസ്തകങ്ങൾ പല ഫോര്മാറ്റുകളിൽ ഇറക്കുന്നത് സഹായകരമാണ്.
10. പുസ്തകങ്ങളെ സ്നേഹിക്കുന്ന ഭിന്നശേഷിയുള്ളവർക്ക്, എഴുതാൻ ആഗ്രഹിക്കുന്നവർക്ക്, സെബ എന്ത് ഉപദേശം നൽകും ?
പുസ്തകങ്ങളെയും എഴുത്തിനെയും എന്നെ പോലെ ഇഷ്ടപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്, കൂടുതൽ എഴുതാനും കൂടുതൽ വായിക്കാനും ആണ്. വായനയോടൊപ്പം നമ്മുടെ അറിവും വളരും. എഴുതും തോറും അതിനുള്ള കഴിവ് മെച്ചപ്പെട്ട് വരും. ഒരു നല്ല പുസ്തകം എന്നും നല്ലൊരു സുഹൃത്തായിരിക്കും. നമ്മൾ ഒറ്റപ്പെടുന്ന സമയങ്ങളിൽ ആണെങ്കിലും പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ നമ്മുടെ ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. സമയങ്ങൾക്കും സ്ഥലങ്ങൾക്കും അതീതമായി പുസ്തകങ്ങളിലൂടെ ലോകം കാണാനും, പോകാൻ പോലും കഴിയാത്ത സ്ഥലങ്ങളിൽ എത്തിച്ചേരാനും ഒക്കെ സാധിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!