മഴയില്‍ മുങ്ങിയ പാടവും വിളകളും, ദുരിതമകലാത്ത കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതം
ക്രമം തെറ്റിയ മഴ കേരളമൊന്നാകെ ആശങ്കയാകുമ്പോള്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആ മഴ നെഞ്ചിലെ തീയാണ്.
'ലോട്ടറി എടുക്കുമ്പോലെയാണ് ഇപ്പോള്‍ കുട്ടനാട്ടിലെ കൃഷി. അടിച്ചാല്‍ അടിച്ചു. ഒത്താല്‍ ഒത്തു. ശമനമില്ലാത്ത മഴ, എപ്പോള്‍ എങ്ങനെ വേണമെങ്കിലും മാറാം. എത്രകാലം ഇങ്ങനെ തുടരാനാവുമെന്നറിയില്ല.'
മട വീഴ്ചയില്‍ നിന്ന് പാടശേഖരത്തെ രക്ഷപെടുത്താനുള്ള ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കായലില്‍ നിന്ന് വീട്ടിലേക്കെത്തിയതേ ഉണ്ടായിരുന്നുള്ളൂ അനില്‍കുമാര്‍. കുട്ടനാട്ടിലെ വലിയ കായല്‍ നിലമായ 24000 കായല്‍ പാടശേഖരത്തിന്റെ സെക്രട്ടറിയാണ് അനില്‍കുമാര്‍. ദിവസങ്ങള്‍ നീണ്ട മഴ, കുട്ടനാട്ടില്‍ തുടര്‍ച്ചയായുണ്ടായ മട വീഴ്ച, കൊയ്യാന്‍ തയ്യാറായി നില്ക്കുന്ന പാടങ്ങളിലെ വെള്ളക്കയറ്റം, ഇതില്‍ നിന്നെല്ലാം പാടശേഖരങ്ങളെ കാത്ത് വിളവ് സംരക്ഷിക്കാന്‍ അനില്‍ ഉള്‍പ്പെടെ നിവധി കര്‍ഷകര്‍ ചേര്‍ന്ന് രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. എന്നിട്ടും ആയിരക്കണക്കിന് ഏക്കര്‍ നിലങ്ങളിലെ നെല്ല് ഇല്ലാതായി. പലയിടങ്ങളിലും ചേറില്‍ പുതഞ്ഞ് നില്ക്കുന്ന വിളഞ്ഞ നെല്‍ക്കതിരുകള്‍. വിളവ് കാത്ത കുതിര്‍ന്ന പാടങ്ങളിലെ നെല്ല് എങ്ങനെ കൊയ്യമെന്നറിയാതെ വേറൊരു കൂട്ടം കര്‍ഷകര്‍. വിതയ്ക്ക് തയ്യാറായി നിന്ന പുഞ്ചപ്പാടങ്ങളില്‍ വെള്ളം നിറഞ്ഞതോടെ എങ്ങനെ കൃഷി തുടങ്ങണമെന്നറിയാതെ ഒന്നാം കൃഷിക്കായി തയ്യാറെടുത്തവര്‍. ക്രമം തെറ്റിയ മഴ കേരളമൊന്നാകെ ആശങ്കയാകുമ്പോള്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആ മഴ നെഞ്ചിലെ തീയാണ്.
'അതി ദാരുണം എന്നല്ലാതെ കുട്ടനാട്ടിലെ അവസ്ഥയെ എങ്ങനെ വിവരിക്കാനാണ്. ആറിലെ ചെള്ളയില്‍ മുങ്ങിക്കിടക്കുന്നത് എത്ര കര്‍ഷകരുടെ ജീവിതമാണ്. പിണ്ണാക്ക് പോലെയായി നെല്‍കതിരുകള്‍. അതിനി ഒന്നിനും കൊള്ളില്ല. മടവീണ് ഒലിച്ച് പോയത് വേറെ. ബാക്കി കൊയ്യാനുള്ളത് വള്ളവുമൊക്കെയായി പോയി കൊയ്യാന്‍ പോണം. അതൊക്കെ എത്രത്തോളം നടക്കും എന്നും അറിയില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വേണ്ടി പറയാനോ ഇടപെടാനോ ആരുമില്ല. ജനപ്രതിനിധികളടക്കം ഒരു പ്രശ്നവുമില്ല എന്നാണ് പറയുന്നത്. അതാണ് വേദനയാകുന്നത്. കേരളത്തിന്റെ ഭക്ഷ്യ സമ്പത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഉദ്പാദിപ്പിക്കുന്നത് കുട്ടനാട്ടില്‍ നിന്നാണ്. അത് ഉദ്പാദിപ്പിക്കുന്ന കര്ഷകന് വീട്ടില്‍ കഞ്ഞി വെക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമില്ലേ' കുട്ടനാട്ടിലെ മുതിര്‍ന്ന കര്‍ഷകനായ ചാച്ചപ്പന് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മാത്രം കുട്ടനാട്ടില്‍ 18 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാര്‍ പ്രാഥമിക കണക്ക്. രണ്ടാം കൃഷി ഏറിയ പങ്കും നശിച്ച നിലയിലാണ്. ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും കൃഷി നിലങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണ്. കായല്‍ നിലങ്ങളും കായലിനോട് ചേര്‍ന്ന നിലങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. എന്നാല്‍ വെള്ളക്കെട്ട് കുറഞ്ഞാലും കൊയ്ത്തു യന്ത്രം ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൈനകരി, ചമ്പക്കുളം, തകഴി, നെടുമുടി പഞ്ചായത്തുകളിലാണ് പ്രധാനമായും രണ്ടാം കൃഷി ഇറക്കിയിരുന്നത്. ഇതുവരെ 14 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. മഴയും കിഴക്കന്‍വെള്ളവും ഏറിയ കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഏഴ് പാടശേഖരങ്ങളില്‍ മടവീണു. അപ്പര്‍കുട്ടനാട്ടിലെ ഒരെണ്ണമൊഴിച്ചാല് മറ്റ് ആറെണ്ണവും ലോവര്കുട്ടനാടന് മേഖലയിലാണ്. ആകെ 8354.7 ഹെക്ടര്‍ നിലത്താണ് രണ്ടാംകൃഷി ഇറക്കിയത്. ഇതില്‍ 400 ഹെക്ടറോളം നിലത്താണ് കൊയ്ത്ത് കഴിഞ്ഞത്. 700 ഏക്കറോളം നിലത്ത് കൃഷി നാശമുണ്ടായതായാണ് കണക്ക്.
'ഒറ്റ രാത്രികൊണ്ട് മുക്കാല്‍ അടി വെള്ളം വരെ ഏറി. അങ്ങനെ സംഭവിക്കാറേയില്ല. പ്രത്യേകിച്ചും ഏകാദശിക്ക് ശേഷം കടല്‍ വലിഞ്ഞിരിക്കുമ്പോള്. പുറംതൂമ്പുകള്‍ തുറന്ന് വെള്ളം കയറ്റാത്ത പാടങ്ങളിലാണ് മടവീഴ്ച കാര്യമായുണ്ടായത്. വലിയ മടവീഴ്ചയുണ്ടായ ശ്രീമൂലമംഗലം കായല്‍ നിലത്ത് സംഭവിച്ചതതാണ്. ശ്രീമൂലമംഗലം കായലില്‍ പുഞ്ചകൃഷക്കായി നിലമൊരുക്കിയിരുന്നു. ഒരാഴ്ചയായി പാടശേഖരത്തില്‍ പുറംതൂമ്പുകള്‍ തുറന്ന് വെള്ളം കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കായലിന്റെ തെക്കേ ഭാഗത്തുള്ള വട്ടക്കായലിലെ അതിശക്തമായ വെള്ളത്തിന്റെ ഒഴുക്കിനെ തുടര്‍ന്ന് തെക്കേപുറമ്പണ്ടില് മട വീഴുകയും ഏകദേശം 20 മീറ്ററില്‍ അധികം വീതിയില്‍ മട വലുതാവുകയും ചെയ്തിട്ടുണ്ട്. കൃഷിയുണ്ടായിട്ടും ഞങ്ങള്‍ തൂമ്പ് തുറന്ന് വിട്ടില്ല. കാരണം അത് മറ്റ് പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടാക്കുമെന്ന് മനസ്സിലാക്കി ആളുകളെ ഇറക്കി ചെളി തന്നെ ഇറക്കി കുത്തി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മ്മിച്ച പൈല് ആന്‍ഡ് സ്ലാബ് ഇല്ലാത്ത പാടങ്ങളിലാണ് പ്രധാനമായും മട വീഴ്ച ഉണ്ടായത്. എന്നാല്‍ പാല് ആന്‍ഡ് സ്ലാബ് ഉള്ളയിടങ്ങളില്‍ പോലും അത് നിര്‍മ്മിക്കുന്നതിനായി നിര്‍മ്മിച്ച ആങ്കര്‍ ബീം വരെ പൊങ്ങി നില്‍ക്കുകയാണ്. ചിലയിടത്ത് സ്ലാബിന്റെ അടിയില്‍ വിടവുണ്ടായാണ് പാടശേഖരത്തില്‍ മടവീഴ്ച ഉണ്ടായത്. മറ്റൊരു കാര്യമുള്ളത്, പൈല് ആന്‍ഡ് സ്ലാബ് അന്ന് നിര്‍മ്മിക്കാന്‍ വേണ്ടി ഇപോപോഴുള്ള ബണ്ടുകളോട് ചേര്‍ത്തുള്ള ഭാഗത്ത് നിന്ന് ജെസിബി ഉപയോഗിച്ച് കട്ടയെടുത്ത്. അതുകൊണ്ട് തന്നെ ആ ഭാഗങ്ങളില്‍ ആഴം കൂടുതലും പാടത്തിന്റെ നടുക്ക് പൊക്കവുമായിട്ടുണ്ട്. കൈകൊണ്ട് വാരി കുത്തിക്കൊണ്ടിരുന്ന കട്ട ജെസിബി കൊണ്ട് എുത്തപ്പോള് പുറം ബണ്ടിന് ബലക്ഷയവുമുണ്ടായി. അതാണ് മടവീഴ്ചയ്ക്കുള്ള മറ്റൊരു കാരണം. ഞങ്ങള്‍ക്ക് ബണ്ട് വേണമെന്ന് എത്രയോ കാലങ്ങളായി ആവശ്യപ്പെടുന്നു. പുറം ബണ്ട് മാത്രം പോര അകം കൂടി കല്ലിട്ട് കിട്ടിയാലേ ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരുവിധം പരിഹാരമാവും. എന്നാല്‍ അത് മാത്രം ഞങ്ങള്‍ക്ക് കിട്ടുന്നില്ല. ഇപ്പോ തന്നെ ഓരോ വര്‍ഷവും 25 ലക്ഷം രൂപയില്‍ അധികം മുടക്കിയാണ് ഓരോ പാടശേഖര സമിതിയും ബണ്ട് കെട്ടുന്നതും ബലപ്പെടുത്തുന്നതും.' അനില്‍ കുമാര്‍ തുടര്‍ന്നു.
രണ്ടാംകൃഷി ഇറക്കിയിട്ടുള്ള പാടങ്ങള്‍ വിളഞ്ഞുകിടക്കുകയാണ്. ഇത് സംരക്ഷിക്കുന്നതിനായി ഇപ്പോഴും കര്‍ഷകര്‍ നിരന്തരമായ പ്രയത്നത്തിലാണ്. വിളവെടുപ്പ് തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കൊയ്ത്ത് യന്ത്രങ്ങള്‍ പാടശേഖരങ്ങളില്‍ എത്തിച്ചു. എന്നാല്‍ മഴയില്‍ നെല്ല് നിലംപൊത്തിയത് വിളവെടുപ്പിന് താമസമാവുന്നു. ജനുവരി മാസതോതോടെ നിലങ്ങളിലെ വിളവെടുപ്പ് പൂര്‍ത്തിയാക്കുമെന്നും നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത ബാലന് പറഞ്ഞു.
പാടം വീണ്ടും കൃഷിയോഗ്യമാക്കണമെങ്കില്‍ നിലമൊരുക്കല്‍ മുതല്‍ ആദ്യം മുതലുള്ള പ്രക്രിയകള്‍ ചെയ്യേണ്ടതുണ്ട്. മടകെട്ടി നിലം കൃഷിക്ക് സജ്ജമാക്കണമെങ്കില്‍ ഒരു മാസത്തോളം കാലതാമസമെടുക്കും. നെല്ല് ചാഞ്ഞാല്‍ അത് ഉണങ്ങാതെ കൊയ്യാനാകില്ല. നിലവിലെ സാഹചര്യത്തില്‍ മഴ തുടര്‍ന്നാല്‍ പാടത്തെ വെള്ളത്തില്‍ കിടന്ന് നെല്ല് നശിക്കും. 15 ദിവസമെങ്കിലും ഉണക്ക് കിട്ടാതെ കൊയ്യാനാകില്ല. താഴ്ന്ന് പോകുന്നതിനാല്‍ കൊയ്ത്ത് യന്ത്രം ഇപ്പോള്‍ ഇറക്കാനും കഴിയില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. പലരും കടംവാങ്ങിയും പലിശയ്ക്ക് പണമെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചുമാണ് കൃഷിയിറക്കിയത്. മടവീഴ്ചയും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം കൃഷിനാശം സംഭവിക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കുട്ടനാടന്‍ കര്‍ഷകരെ തള്ളിവിടുകയും ചെയ്യുന്നു. 'കുട്ടനാട്ടില്‍ കൃഷി ഇറക്കുന്നതുകൊണ്ട് ബാങ്കുകാര്‍ക്കും ബ്ലേഡ് പലിശക്കാര്ക്കുമാണ് ഗുണം. ഒരിക്കലും കര്ഷകന് രക്ഷപെടുന്നില്ലല്ലോ? ഇല്ലെങ്കില്‍ 2018ലെ പോലെ വിളവ് കിട്ടണം. 30 ക്വിന്റല്‍ എങ്കിലും ഒരു ഏക്കറില്‍ നിന്ന് കിട്ടിയെങ്കലേ കര്‍ഷകര്‍ക്ക് എന്തെങ്കിലും മിച്ചം കി്ട്ടുകയുള്ളൂ. എന്നാല്‍ 2018ന് ശേഷം അത് കിട്ടിയിട്ടേയില്ല. കൂലി തീരുമാനിക്കുന്നതല്ല വരമ്പില്‍ വാങ്ങിക്കുന്നത്. ചുമട്ടുകാര്‍ക്ക് ഒരു ക്വിന്റലിന് 118 രൂപ കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് നഷ്ടവും കഴിച്ച് നക്കാപ്പിച്ച കാശ് ബാങ്കില്‍ അടക്കണം. കടവും കൂടി വാങ്ങി ബാങ്കിലെ കചം തീര്‍ത്തിട്ട് വേണം അടുത്ത ലോണെടുക്കാന്‍.' കര്‍ഷകനായ തങ്കച്ചന് പറയുന്നു.
പ്രവചനങ്ങള്‍ക്കപ്പുറത്തേക്ക് കാലാവസ്ഥ മാറിയതോടെ കുട്ടനാട്ടിലെ കാര്‍ഷിക കലണ്ടറും അവതാളത്തിലായി. പുഞ്ചകൃഷിയാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. തുലാ മാസം അവസാനം വിതച്ച് മാര്‍ച്ച് മാസത്തില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കുന്നതാണ് പുഞ്ചകൃഷി. തുലാം മാസം 30 മുതല്‍ തുടങ്ങി വൃശ്ചികം 15നുള്ളിലാണ് പുഞ്ച കൃഷിയ്ക്ക് സാധാരണ വിതയിറക്കുക. ഇതിനായി പാടങ്ങള്‍ എല്ലാം തന്നെ കൃഷിയ്ക്ക് യോഗ്യമാക്കി നിലം ഒരുക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്താണ് ഒക്ടോബര്‍ മാസത്തില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴയില്‍ കുട്ടനാട് വെള്ളക്കെട്ടിലായത്. മട വീണും വെള്ളം കയറിയും പാടങ്ങള്‍ വിതയ്ക്ക് യോഗ്യമല്ലാതായി. വെള്ളം വലിഞ്ഞ് നിലം ഉണങ്ങിയതിന് ശേഷം നിലം ഒരുക്കിയാല്‍ മാത്രമേ പുഞ്ചകൃഷി തുടങ്ങാനാവൂ. 'എന്നാല്‍ അതിന് ഇനിയും എത്ര ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. വിതയ്ക്കാന്‍ താമസിക്കുന്തോറും കൊയ്ത്തും താമസിക്കും. എന്നാല്‍ കൊയ്ത്ത് ഏപ്രില്‍ മാസത്തിലേക്ക് നീണ്ടാല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കൊയ്ത്ത് തടസ്സപ്പെടുകയും നഷ്ടങ്ങള്‍ ഉണ്ടാവാനുമിടയാവും. പുഞ്ചകൃഷി മാത്രം ഇറക്കുന്ന കര്‍ഷകര്‍ അവരുടെ ഒരു വര്‍ഷത്തെ അധ്വാനം മുഴുവന്‍ അതിലാവും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടാവുക. അതില്‍ നിന്ന കിട്ടുന്ന വരുമാനമാവും ഒരു വര്‍ഷത്തെ അവരുടെ വരുമാനവും ജീവിതവും. അത് വിശ്വസിച്ചാണ് കുട്ടനാട്ടിലെ കര്‍ഷകന്റെ ജീവിതം. പാളിയാല്‍ മൊത്തം പാളി. നഷ്ടമായി മാറും.' കര്‍ഷകനായ സിബിച്ചന് തറയില്‍ പറഞ്ഞു. പമ്പിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ രണ്ടാമതെ ആരംഭിക്കേണ്ടതിന്റെ ബുദ്ധിമുട്ടിലാണ് കര്‍ഷകര്‍. ഇതിനെല്ലാം വലിയ തുക ചിലവാകുമെന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയും കര്‍ഷകര്‍ അനുഭവിക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പ്രളയശേഷം കൊയ്തുകൂട്ടുന്ന കുട്ടനാട്, റെക്കോഡ് വിളവെന്ന് കര്‍ഷകര്‍
ആര് കാണാൻ? വെള്ളക്കെട്ടിലായ കൊച്ചിക്കാരുടെ ദുരിതം
കുട്ടനാട്: ഓളപ്പരപ്പില്‍ ഉയരാത്ത ജീവിതം
ട്രംപ് പരാജയം; ജീവിതം ദുസ്സഹമാക്കിയ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് കമല ഹാരിസിന്റെ മറുപടി