കേരളത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏറ്റവും അധികം വീടുകള്‍ ഉളള സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ മാത്രം 822 കുടുംബങ്ങളാണ് 50 മീറ്റർ പരിധിയിൽ താമസിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ആകെ 4,536 വീടുകളാണ് ഇതിൽ ഉൾപ്പെട്ടത്.
കേരളത്തിൽ തീരദേശത്തിന് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനായി ഒന്നാം പിണറായി സർക്കാർ ആരംഭിച്ചതാണ് പുനർഗേഹം പദ്ധതി. 2022ൽ അവസാനിപ്പിക്കുമെന്ന് പറയുന്ന പദ്ധതിയിലൂടെ കേരളത്തിന്റെ തീരത്തുളള 18,685 വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി തുടങ്ങിയ നാൾ മുതൽ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നും അല്ലാതെയും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ കേരളത്തിൽ വലിയ നാശനഷ്ടമുണ്ടായത് ആലപ്പുഴയിലും തിരുവനന്തപുരത്തും എറണാകുളത്തും അടക്കമുളള തീരപ്രദേശങ്ങളിലാണ്. തീരപ്രദേശത്തിന് അടുത്ത് നിന്നും മത്സ്യത്തൊഴിലാളികൾ മാറിത്താമസിക്കാത്തത് കൊണ്ട് കൂടിയാണ് തുടർച്ചയായി ദുരന്തങ്ങൾ ഉണ്ടാകുന്നതെന്നാണ് ഇതിനെതിരെ ഉയർന്ന ചില വാദങ്ങൾ. ദുരന്തങ്ങളുടെ മുന്നിലും സർക്കാർ പദ്ധതിയായ പുനർഗേഹം വഴി മാറിത്താമസിക്കാൻ ജനങ്ങൾ മടിക്കുന്നത് എന്തുകൊണ്ടാണ്? പുനർഗേഹം പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങളും ആശങ്കകളും എന്തൊക്കെയാണെന്ന് നോക്കാം.
കേരളത്തിൽ ഏറ്റവും കൂടുതൽ കടലാക്രമണം നേരിടുന്നതും നിരന്തരം വാർത്തകളിൽ നിറയുന്നതുമായ പ്രദേശമാണ് എറണാകുളം ജില്ലയിലെ ചെല്ലാനം. ഇവിടെ തീരത്തിനോട് അടുത്ത് 50 മീറ്റർ പരിധിയിൽ 1,300 വീടുകളാണുളളത്. രൂക്ഷമായ കടലാക്രമണം ഉണ്ടായിട്ടും നിലവിൽ 150 കുടുംബങ്ങൾ പോലും മാറിത്താമസിക്കാനായി ഇതുവരെ സമ്മതപത്രം നൽകിയിട്ടില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ പത്തുസെന്റുകാരനും രണ്ട് സെന്റുകാരനും മാറിത്താമസിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത് പത്ത് ലക്ഷം രൂപയാണ്. ഈ പത്ത് ലക്ഷം രൂപ കൊണ്ട് ചെല്ലാനത്ത് വീട് വെക്കാനോ, സ്ഥലം ലഭിക്കാനോ എളുപ്പമല്ല. എറണാകുളം ജില്ലയിൽ പുനർഗേഹം വഴി മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ആകെ എണ്ണം 1,600 ആണ്. ഇവര്‍ക്കെല്ലാം താമസിക്കണമെങ്കില്‍ 20 ഏക്കറോളം സ്ഥലം വേണം. 1.9 ഏക്കര്‍ സ്ഥലം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഇനി വേണ്ടത് 18 ഏക്കറിലേറെ സ്ഥലം. ഇതാണ് പുനർഗേഹം പദ്ധതിക്ക് നേരിടുന്ന പ്രായോഗികമായ വെല്ലുവിളി.

അതേസമയം കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല, തീര സുരക്ഷയാണ് വേണ്ടതെന്ന് ചെല്ലാനത്തുകാർ പറയുന്നു. സ്വന്തം പട്ടയഭൂമിയിൽ വീടുവച്ച് പരമ്പരകളായി ഇവിടെ താമസിക്കുന്ന തീരദേശ ജനതയെ ഭരണഘടനാ വിരുദ്ധമായി ജീവനും സ്വത്തിനും സംരക്ഷണം തരാതെ നാടുകടത്തി കടക്കെണിയിൽ ആക്കുന്ന പദ്ധതിയാണ് പുനർഗേഹമെന്നും ഇവർ പറയുന്നു. ചെല്ലാനത്ത് നടക്കുന്ന നിരാഹാര സമരം 600ാം ദിനത്തിലേക്ക് കടന്ന 2021 ജൂൺ 19ന് പുനർഗേഹം പദ്ധതിയുടെ സർക്കാർ ഉത്തരവ് തെരുവിൽ കത്തിച്ച് പാലുകാച്ചി വിതരണം ചെയ്യുകയും ചാരം ഇവർ കടലിൽ ഒഴുക്കുകയും ചെയ്തിരുന്നു.
കേരളം മുഴുവന്‍ പുനര്‍ഗേഹം നടപ്പാക്കുമ്പോള്‍ ഒറ്റ അച്ചില്‍ വാര്‍ത്ത പോലെ ഒരു മെത്തേഡ് സ്വീകരിക്കുന്നത് അനുയോജ്യമല്ലെന്നാണ് സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നത്. ഓരോ പ്രദേശത്തിന്റെയും തീരദേശത്തിന്റെയും കാലാവസ്ഥയും സാഹചര്യവും കണക്കിലെടുത്ത് വേണം തുക നിശ്ചയിക്കേണ്ടത്. തദ്ദേശീയമായ ജനവിഭാഗങ്ങളോട് ചര്‍ച്ച ചെയ്താണ് ഈ പദ്ധതി നടപ്പാക്കേണ്ടത്. അതുകൊണ്ട് മത്സ്യത്തൊഴിലാളികളെയും ജനപ്രതിനിധികളെയും ഗവേഷകരെയും വിശ്വാസത്തില്‍ എടുത്ത് അവരുമായി ഒന്നിച്ചുനിന്ന് ചര്‍ച്ച ചെയ്ത് ക്ഷമാപൂർവമായ നടപടികള്‍ വേണം. ദീര്‍ഘകാല, ഹ്രസ്വകാല, മധ്യകാല പദ്ധതികള്‍ ഇതിനായി നടപ്പാക്കപ്പെടണം. കടലെടുക്കുന്നവരെ അടിയന്തരമായി അവിടെ നിന്ന് മാറ്റിപ്പാര്പ്പിക്കുകയാണെങ്കില് വാസ സൗകര്യങ്ങള്‍ ഒരുക്കുകയും ഒരു ആറ് മാസത്തിനകം കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി അവരുടെ ജീവിതം പുനഃസ്ഥാപിക്കുകയുമാണ് വേണ്ടതെന്നും ചാൾസ് ജോർജ് വ്യക്തമാക്കുന്നു.
കേരളത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏറ്റവും അധികം വീടുകള്‍ ഉളള സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ മാത്രം 822 കുടുംബങ്ങളാണ് 50 മീറ്റർ പരിധിയിൽ താമസിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ആകെ 4,536 വീടുകളാണ് ഇതിൽ ഉൾപ്പെട്ടത്. ഇത്തവണയും കാലവർഷം എത്തുന്നതിന് മുൻപെയുളള കടലാക്രമണത്തിൽ തന്നെ നീർക്കുന്നം, പുന്നപ്ര, പുറക്കാട് പ്രദേശങ്ങളിൽ നിരവധി വീടുകൾ തകർന്നു. പദ്ധതി പ്രകാരം തീരത്ത് നിന്ന് മാറിത്താമസിക്കാൻ തയ്യാറായ ശശിധരന്റെ കുടുംബത്തിന് ആകട്ടെ സർക്കാർ തരുമെന്ന് പറഞ്ഞ ആറ് ലക്ഷത്തിന് മൂന്ന് സെന്റ് സ്ഥലം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളായ തങ്ങൾ കിഴക്കൻ പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചാൽ (അവിടെ മാത്രമാണ് ഈ തുകയ്ക്ക് മൂന്ന് സെന്റ് സ്ഥലം കണ്ടെത്താൻ കഴിയുക) ജീവിതമാർഗമായ കടലിൽ പോക്കിന് വലിയ ബുദ്ധിമുട്ട് നേരിടുമെന്നാണ് ഇവർ പറയുന്നത്.
പുനർഗേഹം പദ്ധതി എന്ന ആശയം നല്ലതാണെന്നും ഇതിൽ ചില ഇളവുകൾ കൂടി നൽകേണ്ടതാണെന്നുമാണ് കായലിനെയും കടലിനെയും കുറിച്ച് പഠിക്കുന്ന ഡോ. കെ.ജി പദ്മകുമാർ പറയുന്നത്. സർക്കാർ ഏറ്റെടുക്കുന്ന 50 മീറ്റർ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾക്ക് ഷെഡുകൾ വെക്കാൻ അനുമതി നൽകണം. അവിടെ വിശ്രമിക്കാനും മത്സ്യ ബന്ധനത്തിനുളള തൊഴിൽ ഉപകരണങ്ങൾ സൂക്ഷിക്കുവാനും അനുവദിക്കണം. അതോടൊപ്പം കടൽത്തീരത്ത് കടൽഭിത്തിക്ക് പിന്നിലായി തൊഴിലുറപ്പുകാരെ അണിനിരത്തി കണ്ടൽവനങ്ങൾ വെച്ചുപിടിപ്പിച്ച് ജൈവവേലി തീർക്കുകയും വേണം. എങ്കിൽ മാത്രമേ തീരത്തെ സംരക്ഷിക്കാൻ കഴിയുകയുളളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം പദ്ധതി പ്രകാരം വിട്ടുകൊടുക്കുന്ന സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. അതോടൊപ്പം അഞ്ച് സെന്റ് സ്ഥലത്തിന് മുകളിലുളളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇവിടെ കൃഷി ചെയ്യാൻ സാധിക്കും.

സ്വന്തം സ്ഥലം വിട്ടുകൊടുക്കുന്ന തീരവാസികൾക്ക് പുനർഗേഹം പദ്ധതിയിലൂടെ ലഭിക്കുന്ന ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പരിമിതിയെന്ന് അഡ്വ. തുഷാർ നിർമ്മൽ സാരഥി വ്യക്തമാക്കുന്നു. ഇതിലൂടെ തീരദേശ ജനത കബളിക്കപ്പെടുകയാണ്. ഇതിന് പുറമെ 50 മീറ്റർ പരിധിയിൽ താമസിക്കുന്നവർ സ്വമേധയാ പദ്ധതി പ്രകാരം ഒഴിഞ്ഞുപോകാൻ തയ്യാറായില്ലെങ്കിൽ കടൽക്ഷോഭം മൂലം പിന്നീട് വീടിനും ഭൂമിയ്ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കില്ലെന്നാണ് ഉത്തരവ്. താത്പര്യം ഉളളവർ മാത്രം ഒഴിഞ്ഞുപോയാൽ മതിയെന്ന് പറയുമ്പോഴും ഇത്തരം നിബന്ധനകളിലൂടെ തീരത്ത് നിന്നും സമ്പൂർണമായ കുടിയൊഴിപ്പിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2,450 കോടി രൂപയുടെ പദ്ധതിയിൽ മൂന്നരക്കോടിയിലേറെ രൂപ ചെലവഴിക്കുന്നത് ഇതിന്റെ ലെയ്സൺ വർക്കിനും കോ-ഓഡിനേഷനും വേണ്ടിയാണ്. ഓരോ തീരത്തും ഇതിനായി പത്തോളം പേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ ജനങ്ങളിൽ ഭയം വിതച്ചാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും തുഷാർ പറഞ്ഞു.
തീരത്തെ കടലാക്രമണം ഇല്ലാതാക്കുക എന്നതല്ല തീരത്ത് നിന്ന് കുടിയൊഴിപ്പിക്കുക എന്ന തന്ത്രമാണ് പദ്ധതിക്ക് പിന്നിലെന്ന് ചെല്ലാനത്തെ സെബാസ്റ്റ്യൻ പറയുന്നു. എറണാകുളം ജില്ലയുടെ ഫോർട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുളള സ്ഥലത്ത് ഒരു റിസോര്‍ട്ടും ഇതുവരെ വന്നിട്ടില്ല. അതേസമയം അന്ധകാരനഴി, അര്‍ത്തുങ്കല്‍, മാരാരി, കാട്ടൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സ്വകാര്യ റിസോര്‍ട്ടുകളും സ്വകാര്യ ബീച്ചുകളും വന്നുകഴിഞ്ഞു. ചെല്ലാനത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ്. ഇവിടെ ആരും വൻകിട റിസോർട്ടുകൾക്കായി സ്ഥലം വിട്ടുകൊടുത്തിട്ടില്ല. പുനർഗേഹം വഴി ഒഴിപ്പിച്ചെടുക്കുന്ന തീരത്ത് വിനോദസഞ്ചാര പദ്ധതികളും വ്യാവസായിക പദ്ധതികളും നടപ്പിലാക്കാനാണ് സർക്കാർ നീക്കം. അതുകൊണ്ടാണ് ചെല്ലാനത്തെ കടലാക്രമണം പരിഹരിക്കുന്നതിന് തീരക്കടലിലെ ആഴം കുറയ്ക്കണമെന്ന നിർദേശം ജനങ്ങൾ വെച്ചിട്ടും സർക്കാർ അത് പരിഗണിക്കാതെ കല്ലിടൽ പരിപാടികളുമായി മാത്രം മുന്നോട്ട് പോകുന്നത്.
ഭവനനിർമ്മാണത്തിനായി ആദ്യഘട്ട തുക ലഭിച്ച് 12 മാസത്തിനുളളിൽ വീട് നിർമ്മിച്ചില്ലെങ്കിൽ അനുവദിച്ച ധനസഹായത്തിന് 18% പലിശയാണ് ഉപഭോക്താവിൽ നിന്നും സർക്കാർ ഈടാക്കുക. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഈ കാലയളവിൽ വീട് നിർമ്മാണം പൂർത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ പണി പൂർത്തിയാക്കിയില്ലേൽ ഭീമമായ ബാധ്യതയിലേക്കാകും ഉളള സ്ഥലം സർക്കാരിന് നൽകി പദ്ധതി വഴി വീട് സ്വന്തമാക്കാം എന്ന് കരുതിയവർ എത്തിച്ചേരുക. മേടിച്ച സ്ഥലത്തിന് പത്ത് കൊല്ലത്തിന് ശേഷം മാത്രമാണ് ആധാരം ലഭിക്കുക. കൂടാതെ ഇത് വിൽക്കാനും അനുവദിക്കില്ല. ഇതോടെ വിവാഹം അടക്കം വീട്ടിലെ മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന സാധാരണക്കാർക്ക് ആ വഴിയും അടയും. ചുരുക്കത്തിൽ സ്വന്തം ഭൂമി ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് പുനർഗേഹം വഴിതുറക്കുന്നത്.
ശ്രീലങ്കയിൽ അടക്കം സുനാമിക്ക് ശേഷം തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റുകയും പിന്നീട് അത് ടൂറിസ്റ്റ് ലാവണങ്ങളായി മാറ്റുകയുമായിരുന്നു. കേന്ദ്രസർക്കാർ ബ്ലു ഇക്കോണമിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾ മൂലം ഇപ്പോൾ ലക്ഷദ്വീപിലും മത്സ്യത്തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ആ നിലയിൽ ഞങ്ങളുടെ സ്ഥലത്ത് നിന്ന് ഞങ്ങളെ കുടിയിറക്കി ഭാവിയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനുളള അന്താരാഷ്ട്ര നീക്കമാണ് ഇതെന്ന വിമര്‍ശനം കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടെന്നും ചാൾസ് ജോർജ് വിലയിരുത്തുന്നു.

രാജ്യത്തെ ആഴക്കടലും സമ്പത്തുകളും പൂർണമായും കുത്തകകൾക്ക് കൊടുക്കുന്ന ബ്ലൂ ഇക്കോണമി, സാഗരമാല പദ്ധതി എന്നിവ വഴി വലിയ വ്യവസായങ്ങളാണ് തീരദേശത്തെ കേന്ദ്രീകരിച്ച് ഉയരുന്നത്. 8000 കി.മീ ഉളള വലിയ റോഡുകള്‍,14 തീരദേശ കോസ്റ്റൽ സോണ്‍ ഡെവലപ്പ്മെന്റ് ഏരിയകള്‍, 11 കോസ്റ്റല്‍ സോണ്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍, ആറ് വലിയ പുതിയ തുറമുഖങ്ങള്‍ എന്നിവയാണ് രാജ്യത്തെ തീരദേശത്ത് വരാൻ പോകുന്നത്. കേരളത്തിലാകട്ടെ തീരപ്രദേശത്തെ അമ്പത് മീറ്റർ ഏറ്റെടുത്ത് അനുയോജ്യമായ മരങ്ങൾ വെച്ചുപിടിച്ച് ഹരിത കവചമാക്കി നിലനിർത്തുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ എന്താണ് സംഭവിക്കുക എന്നത് വരും വർഷങ്ങളിൽ കാത്തിരുന്ന് കാണേണ്ടതാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മരടിലെ ഫ്ളാറ്റുകള്‍; മൂടിവെക്കാനാകാത്ത വസ്തുതകള്‍
തീരങ്ങള്‍ കവര്‍ന്ന അനധികൃത നിര്‍മ്മാണങ്ങള്‍
തീരദേശം കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍?
ചൂട്, മലിനീകരണം, നിരോധിത വലകൾ; മീനുകൾ ഇല്ലാതാകുന്ന കടൽ