ഹിറ്റ്ലര്‍ ആണ് ശരിയെന്ന് കരുതിയ പുരോഹിതന്മാരും നാസി കാലഘട്ടത്തില്‍ ഉണ്ടായിരുന്നു| ഫാ. പോള്‍ തേലേക്കാട്ട് അഭിമുഖം
കേരളത്തില്‍ അമുസ്ലിള്ക്കെതിരെ നാര്‍ക്കോട്ടിക്ക് ജിഹാദ് നടത്തുന്നുവെന്ന പാലാ ബിഷപ്പിന്റെ ആരോപണം ഉണ്ടാക്കിയ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഈ വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവും ചിന്തകനുമായ ഫാദര്‍ പോള്‍ തേലേക്കാട്ടുമായി നടത്തിയ സംഭാഷണം
കേരളത്തില്‍ കത്തോലിക്ക സഭയിലെ മത മേലധ്യക്ഷന്മാരുടെ ഭാഗത്തുനിന്ന് സമീപകാലത്തുണ്ടായ ചില പ്രസ്താവനകള്‍ ഇവിടെ മതങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷം ഉണ്ടെന്നും അല്ലെങ്കില്‍ അതിന് സാധ്യതയുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. സമൂഹത്തില്‍ സ്പര്ധയുടെതായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനുളള സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നുണ്ടോ?
താങ്കള്‍ ഉപയോഗിച്ച വാക്ക് സ്പര്‍ധ (Spite) എന്ന വാക്ക് വളരെ ഉചിതമാണ്. ഫ്രഞ്ച് എഴുത്തുകാരന് റെനെ ജിറാഡ്( Rene Girad) വിശദീകരിക്കുന്നുണ്ട്. അദ്ദേഹം മിമറ്റക്ക് റൈവല്‍റി(Mimitic Rivalry) എന്ന സിദ്ധാന്തം ഉപയോഗിച്ചാണ് ഇത് വിശദീകരിക്കുന്നത്. തുല്യന്മാര്‍ ശത്രുക്കളാകുന്നു. ഉദാഹരണത്തിന് ഞാനും എന്റെ കൂടെ പഠിച്ച മറ്റൊരാളും. അയാള്‍ക്ക് ജോലി കിട്ടുന്നു. പണം സമ്പാദിക്കുന്നു. കാറുണ്ട്. എനിക്ക് ജോലി കിട്ടിയെങ്കിലും കാര്യമായൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം അയാളുടെ കാര്‍ കത്തിപോകുന്നു. എനിക്കുണ്ടാകുന്ന വികാരം എന്താണ്? സന്തോഷമാണ്. കാരണം കാര്‍ എനിക്കില്ല. ഇതാണ് മിമറ്റക്ക് റൈവല്‍റി.

മറ്റൊരു ഉദാഹരണത്തിന് ബൈബിള്‍ നോക്കൂ. സോളമന്റെ അടുത്ത് രണ്ട് സ്ത്രീകള്‍ കുട്ടിയുമായി വരുന്നു. കുട്ടിയുടെ അവകാശം ഉന്നയിച്ചാണ് രണ്ട് പേരും വരുന്നത്. സോളമന് പറയുന്നു. കുട്ടിയെ വെട്ടി പങ്കുവെയ്ക്കാന്‍. ഒരാള്‍ സമ്മതിക്കുന്നില്ല. മറ്റൊരാള്‍ക്ക് അത് സ്വീകാര്യമായിരുന്നു. കാരണം മറ്റവളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് അങ്ങനെ പറയുന്നത്. മറ്റെ സ്ത്രീക്ക് അത് സ്വാഭാവികമായി സ്വീകര്യമായിരുന്നില്ല.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. കമ്പോള സംസ്ക്കാരമാണ് ഇതിന് കാരണം. കമ്പോള സംസ്ക്കാരം എന്നത് അവനവനെ കേന്ദ്രീകരിച്ചാണ്. അശ്വമേധം പോലെ തന്റെ കുതിരയെ ആരും പിടിച്ചുകെട്ടാന്‍ പാടില്ല. ആ മനോഭാവവും നമ്മുടെ ഇടയിലുണ്ട്. അതോടുകൂടി തന്നെ മതമൗലികവാദത്തിന്റെ അന്തരീക്ഷവും നമ്മുടെ നാട്ടിലുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള സാമുദായിക സ്പര്‍ധയുടെ അന്തരീക്ഷത്തിലാണ് നമ്മള് ജീവിക്കുന്നത്. അവിടെയാണ് ഇത് ഉണ്ട് എന്ന തിരിച്ചറിയുന്ന രാഷ്ട്രീയ മത നേതാക്കള്‍ വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സ്പര്‍ധയുടെ അന്തരീക്ഷത്തില്‍ മുങ്ങിപോകുന്ന നേതാക്കളുണ്ട്. ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന നേതാക്കളുമുണ്ട്. അതേസമയം ഞാന്‍ ക്രൈസ്തവ സഭയെ കുറിച്ചാണ് പറയുന്നത്. അവര്‍ ചെയ്യേണ്ടത് ഇതല്ല എന്റെ വഴി. എന്റെ അകത്തിന്റെ അശ്വമേധമല്ല എന്റെ ജീവിത യാത്ര, അപരനുമൊന്നിച്ചുള്ള യാത്രയാണ്. അയല്‍ക്കാരനും ഒന്നിച്ചുള്ള യാത്രയാണ്. അയല്‍ക്കാരനെക്കുറിച്ച് യേശു പറഞ്ഞ കാര്യം ഓര്‍ക്കുമ്പോള്‍ മറ്റുള്ളവന്റെ കാര്യത്തിലുള്ള ശ്രദ്ധയാണ് എന്റെ മഹത്വത്തിന്റെ മാനദണ്ഡം എന്നുവരും. അങ്ങനെയല്ലാത്ത നേതാക്കള്‍ ഉണ്ടാകുമ്പോള്‍ അവര്‍ നയിക്കുകയല്ല, നയിക്കപ്പെടുകയാണ്. ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്നത്. അങ്ങനെയുള്ളവര്‍ ഉണ്ടാകുമ്പോള്‍ എന്തൊക്കെ ദുരന്തങ്ങള്‍ നാട്ടില്‍ ഉണ്ടാക്കും എന്ന് പറയാന്‍ കഴിയില്ല.
ലോകം ഇന്നൊരു ഗ്രാമമാണ്. ലോകത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് പറയുന്ന നിസ്സാരമായ കാര്യങ്ങള്‍ എവിടെയൊക്കെ സഞ്ചരിക്കും എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് പറയാന്‍ കഴിയില്ല. നാസി ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ പറഞ്ഞത് നുണയാണ്. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെടാന്‍ കാരണം ജൂതന്മാര് യഹൂദ സ്ത്രീകളെ കല്യാണം കഴിച്ചതുകൊണ്ടാണെന്നാണ്. അത് കള്ളമാണ്. വംശശുദ്ധി നശിപ്പിച്ചതുകൊണ്ടാണ് യുദ്ധത്തില്‍ തോറ്റതെന്ന കള്ളമാണ് പറഞ്ഞത്. ഹിറ്റ്ലറുടെ നുണ എത്ര ദുരന്തം വിതച്ചുവെന്ന് നമുക്കറിയാം.
നേതാക്കന്മാര്, മെത്രാന്മാര്, വൈദികര്‍, മൗലവിമാര്‍ എന്നിവര്‍ അവര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. കേരളത്തിലുള്ളവര്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഇന്നിപ്പോള്‍ കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ചയ്ക്ക് കാരണമായ ചില സംഗതികള്‍ ഉണ്ടാകുന്നു. അയല്‍ക്കാരായ മുസ്ലിങ്ങളോ, ഈഴവനോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കുകയാണ് വേണ്ടത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. അതില്‍ നമ്മള് ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതാണ് എബ്രഹാം. നാടുവിട്ട് പോകാനാണ് ദൈവം അദ്ദേഹത്തോട് പറയുന്നത്. അദ്ദേഹത്തിന് എന്താണ് സുരക്ഷ? അദ്ദേഹം കൊടുത്ത വാക്ക് അദ്ദേഹം പാലിക്കുന്നു. അതാണ്. ഇത്തരം കാര്യങ്ങള്‍ ക്രൈസ്തവരെ ഇപ്പോള്‍ പഠിപ്പിക്കുന്ന ആളാണ് മാര്‍പാപ്പ. അദ്ദേഹം രണ്ടാം കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാതെ പോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തം.

?താങ്കള്‍ വിശദീകരിച്ചത് ചിലരുടെ വ്യക്തിപരമായ തെറ്റായ നിലപാടുകളുണ്ടാകുന്നതിനെക്കുറിച്ചാണ്. എന്നാല്‍ ഇപ്പോള്‍ സഭ ഒന്നിച്ചാണ് മുസ്ലിങ്ങളെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന കാര്യങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നത്. അതെങ്ങനെ സംഭവിക്കുന്നു. അപ്പോള്‍ സഭയുടെ തന്നെ പ്രശ്നമാണ് ഇത് എന്നല്ലേ വരിക?
ഞാന്‍ സൂചിപ്പിച്ചതില്‍ അതുണ്ട്. നേതൃത്വം ചിന്തിക്കുന്നവരാകണം. ഞാന്‍ ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകം ഉണ്ട്. ഹന്ന ആര്നെന്റിന്റെ ഐഷ്മാന്‍ ഇന്‍ ജെറുസലേം എന്ന പുസ്തകം. (Eichmann in Jerusalem- Hannah Arendt). ഐഷ്മാനാണ് 60 ലക്ഷം യഹൂദരെ കോണ്സെന്ട്രേഷന് ക്യാമ്പിലേക്ക് നയിച്ച ആളുകളില്‍ ഒരാളാണ്. ഇദ്ദേഹം പിന്നീട് അര്‍ജന്റിനയില്‍ പോയി ഒളിച്ച് താമസിക്കുകയും പിടിയിലാകുകയും ചെയ്യുന്നു. അയാളെ മൊസാദ് പിടിച്ച് ജെറുസലേമില്‍ കൊണ്ടുപോയി വിചാരണ ചെയ്യുകയായിരുന്നു. ആ വിസ്താരം മുഴുവന്‍ കേട്ട് അതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പുസ്തകമാണ് അത്. അയാളുടെ വിചാരണ കാണാന്‍ പോകുന്ന ആര്നെന്റ് പ്രതീക്ഷിച്ചത് ഒരു ഭീകര സ്വത്വത്തെയാണ്. എന്നാല്‍ വളരെ സാധാരണക്കാരനായ ഒരാള്‍ ആയിരുന്നു ഐഷ്മാന്‍.
ആര്‍നെറ്റ് പിന്നീട് നടത്തുന്ന ഒരു പ്രയോഗമാണ് ബനാലിറ്റി ഓഫ് ഈവിള്‍. (Banality of evil) അതിന്റെ അര്‍ത്ഥം ചിന്തയില്ലാത്ത ഏത് മനുഷ്യനും എന്ത് ക്രൂരതയും ചെയ്തുപോകുമെന്നാണ്. ആള്‍ക്കൂട്ടത്തിന്റെ ആരവം മാത്രം കേട്ട്, അന്തരാത്മവിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകാതിരുന്നാല്‍ ഉണ്ടാകുന്ന ദുരന്തമാണ് ഇത്. അത്തരം ദുരന്തങ്ങളാണ് പല രീതിയിലാണ് പുറത്തുവരുന്നത്. അതാണ് പ്രശ്നം. നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നാസി ഭരണകാലത്ത് ഹിറ്റ്ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര് കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടാകാം. ഇതിന് കാരണം സ്വാര്‍ത്ഥ പരമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി ചേരുന്നതുകൊണ്ടാണ്. അത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാകുക, നന്മയും തിന്മയും വേര്‍തിരിക്കുന്ന ഉത്തരവാദിത്തം ആര്‍ക്കും വിട്ടു കൊടുക്കാതിരിക്കുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടത്. ഞാന്‍ ഏത് വഴി നടക്കണമെന്നും പോകുന്ന വഴിയില്‍ അപകടം ഉണ്ടായാല്‍ മാറി നടക്കാനുമുള്ള ബോധമാണ് വേണ്ടത്. ഈ ക്രൈസ്തവ ബോധം ആണ് എനിക്കുളളത്. ഇത് സൂക്ഷിക്കാന്‍ എല്ലാ ദിവസവും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രം കഴിയില്ല. ആ വിവേകത്തിന്റെ ധര്‍മ ബോധത്തോടെ നടക്കാന്‍ ശ്രമിക്കണം. അങ്ങനെ പറ്റിയില്ലെങ്കില്‍ അവരും ഇവരും പറയുന്നത് കേട്ട് അതാണ് ശരിയെന്ന് കരുതിയാല്‍ ദുരന്തമാവും ഫലം.
? ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം സാഹോദര്യത്തെയും സ്നേഹത്തെയും കുറിച്ചു പറയുന്നു. വ്യത്യസ്ത മതങ്ങള്‍ സാഹോദര്യത്തോടെ കഴിയേണ്ടതിനെക്കുറിച്ച് പറയുന്നു. എന്നാല്‍ നേരെ വിരുദ്ധമായ ഒരു സമീപനം കേരളത്തിലെ സഭയ്ക്ക് നേതൃത്വം നല്‍കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. അതെങ്ങനെ സംഭവിക്കുന്നു. സുസജ്ജമായ സംവിധാനത്തിന് ഇത്തരം നിലപാടുകളെ തിരുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്.?
തിരുത്തല്‍ സംവിധാനമൊക്കെയുണ്ട്. അത്കൂറച്ചു കൂടി കാര്യക്ഷമാമായി ഉപയോഗിക്കുന്നില്ലെന്നതാണ് താങ്കളുടെ ചോദ്യത്തില്‍ ഉള്ളത്. ഇവിടെ ചില സംഭവങ്ങള്‍ ഉണ്ടായെങ്കിലും മൊത്തമായി നാം നോക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഈ കഴിഞ്ഞ സംഭവങ്ങളോട് വളരെ ശക്തമായ വിമര്‍ശനങ്ങള്‍ ആഭ്യന്തരമായി ഉണ്ടാകുന്നുണ്ട്. അതുണ്ട്.

2016 ല്‍ മാര്‍പാപ്പ പോളണ്ട് സന്ദര്‍ശിച്ച് തിരിച്ചുവരുമ്പോള്‍ വിമാനത്തില്‍വെച്ച് പത്ര സമ്മേളനം നടത്തി. അപ്പോള്‍ അതിനിടെ ഫ്രാന്‍സില്‍ ഉണ്ടായ ഒരു കൊലപാതകത്തെക്കുറിച്ച് ചോദിക്കുന്നു. കൊല്ലപ്പെട്ടത് 85 വയസ്സുകാരനായ ഒരു ക്രൈസ്തവ പുരോഹിതനും കൊലയാളി ഒരു മുസ്ലീമുമായിരുന്നു. ഇതിനുള്ള മാര്‍പാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു: താങ്കളുടെ ചോദ്യം മനസ്സിലായി. ഞാന്‍ റോമിലുള്ളപ്പോഴും പത്രങ്ങള്‍ വായിക്കുന്നു. ഇറ്റലിയിലും റോമിലും നിരവധി കൊലപാതകങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊക്കെ ചെയ്യുന്നത് കത്തോലിക്കരും. അതുകൊണ്ട് താങ്കള്‍ ചോദിച്ച ചോദ്യത്തിന് മുസ്ലിം കൊലപാതകമെന്ന് ഞാന്‍ പറയില്ല. അങ്ങനെ പറഞ്ഞാല്‍ കത്തോലിക്ക കൊലപാതകമെന്നും വിശേഷിപ്പിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരെയും അവഹേളിക്കുന്ന പദ പ്രയോഗങ്ങള്‍ നടത്തരുത്. വ്യക്തികള്‍ പല കുറ്റവും ചെയ്യും. അതിനെ മതവുമായി ബന്ധപ്പെടുത്തി കാണരുതെന്നാണ് മാര്‍പാപ്പ വ്യക്തമാക്കിയത്.
2020ല്‍ മിനസോട്ടയില്‍ ഒരു വൈദികന് ഇസ്ലാം ക്രൈസ്തവ സഭയ്ക്ക് ഭീഷണിയാണെന്ന് പള്ളിയില്‍ പ്രസംഗിച്ചു. ഇവിടെ ഉണ്ടായതുപോലെ വിവാദമുണ്ടായി. അപ്പോള്‍ അവിടുത്തെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു, പറഞ്ഞത് ശരിയായില്ല, ഇസ്ലാമുമായും മറ്റെല്ലാ മതങ്ങളുമായും നല്ല ബന്ധമുണ്ടാക്കുന്ന തരത്തിലുള്ള സമന്വയത്തിന്റെ ഭാഷ സ്വീകരിക്കണമെന്നായിരുന്നു പറഞ്ഞത്. ഇതേ തുടര്‍ന്ന് ആ പുരോഹിതന് തിരുത്തുകയാണ് ഉണ്ടായത്. യേശു പഠിപ്പിച്ചതിന്റെയും മതത്തിന്റെയും ആന്തരികമായ സത്തയെന്താണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അങ്ങനെയുള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഗുണം സമൂഹത്തിനുണ്ടാകും. സംസ്ക്കാരങ്ങളുടെ വിശുദ്ധിയിരിക്കുന്നത് അതിന്റെ സാംസ്ക്കാരികതയിലാണ്. അത് ആത്മശുദ്ധിയുടെ സാംസ്ക്കാരികതയാണ്. മനുഷ്യത്വത്തിന്റെതാണ്. നിങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയെന്നതാണ് പ്രധാനം. മതങ്ങള്‍ മനുഷ്യത്വത്തെ പോഷിപ്പിക്കാതെ അതിനെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ അപകടം ഉണ്ടാകുന്നു. ആ അപകടം എല്ലാ മതങ്ങളെയും ബാധിക്കുന്നതാണ് നമ്മള് കാണുന്നത്.
? സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ചയോടെ ചരിത്രത്തിന്റെ അവസാനമായെന്നുള്ള ചിന്തകളും, അതുപോലെ സംസ്ക്കാരങ്ങളുടെ സംഘര്‍ഷമാണ് ഇനി ഉണ്ടാവാന്‍ പോകുന്നതെന്നും സാമുവല്‍ പി ഹട്ടിംങ്ടണ് പറഞ്ഞത് വിഖ്യാതമാണ്. കേരളത്തില്‍ വ്യത്യസ്ത മതങ്ങള്‍ തമ്മിലുണ്ടെന്ന് തോന്നിക്കുന്ന അവിശ്വാസത്തെ, സംഘര്‍ഷത്തെ സംസ്ക്കാരങ്ങളുടെ സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന് പറയുന്നതിനെകുറിച്ച്?
രണ്ട് പേരെ കുറിച്ചാണ് താങ്കള്‍ പറയുന്നത്. ചരിത്രത്തിന്റെ അന്ത്യം പറഞ്ഞ ഫ്രാന്‍സിസ് ഫുക്കുയാമയെക്കുറിച്ചും അതുപോലെ ഹണ്ടിംങ്ടണെക്കുറിച്ചും. സംഘര്‍ഷങ്ങളിലൂടെയാണ് ചരിത്രത്തിന്റെ മുന്നേറ്റമെന്ന ഹെഗലീയന് രീതിയുടെ അവസാനമാണ് ഉണ്ടായത്. അതാണ് മാര്‍ക്സിസവും പിന്തുടര്ന്നത്. സംഘര്‍ഷത്തിലൂടെയാണ് മാറ്റമുണ്ടാകുകയെന്നതാണ് അത്. അതിന്റെ പരിണിതിയാണ് സോവിയററ് യൂണിയന്റെ തകര്‍ച്ചയില്‍ കണ്ടത്. സാമുവല്‍ ഹണ്ടിംങ്ടണ്‍ പറഞ്ഞത് സംസ്ക്കാരങ്ങളുടെ സംഘര്‍ഷത്തെക്കുറിച്ചാണ്. പാശ്ചാത്യ സംസ്ക്കാരവും അറബ് സംസ്ക്കാരവുമായുള്ള സംഘര്‍ഷത്തെക്കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞു. ഇതിനുള്ള മറുപടിയാണ് യഥാര്‍ത്ഥത്തില്‍ മാര്‍പാപ്പയുടെ ചാക്രിക ലേഖനം. അതില്‍ അദ്ദേഹം പറയുന്നു. അബന്ധങ്ങള്‍ ആവര്‍ത്തിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കുകയെന്ന് അദ്ദേഹം പറയുന്നു. ഇത് സംഭവിക്കാതിരിക്കാന്‍ ചരിത്രത്തില്‍നിന്ന് പഠിക്കണം. എന്തണ് പഠിക്കേണ്ടത്. ജെ എം കോറ്റ്സെയുടെ നോവലിന്റെ പേര് പോലെ എല്ലാവരും Waiting for Barbarians ആണ്. ഞങ്ങളാണ് നല്ലവര്‍, മറ്റുള്ളവര്‍ കിരാതന്മാര് ആണെന്ന തോന്നലാണ് ഇതിന്റെ അടിസ്ഥാനം. ഇത്തരം കാര്യങ്ങള്‍ തിരുത്തണം. ചിന്തകനായ ലെവിനാസ് പറയുന്ന കാര്യം അപരനാണ് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. അതല്ലേ ഇസ്ലാം പഠിപ്പിക്കുന്നത്. അപരന്റെ മുഖത്ത് ദൈവത്തിന്റെ പ്രതിബിംബം കാണുന്നവനാണ് വിശ്വാസി. അത് ഏത് മത വിശ്വാസിയായാലും. ദര്‍ശനം എന്നത് കാഴ്ചയാണ്. ധര്‍മ്മം കൊടുക്കുമ്പോഴാണ് ധാര്‍മികനാകുന്നത്. അത്തരത്തിലൊരു സംസ്ക്കാരം ഭാരതത്തിലുണ്ട്. ഹണ്ടിംങ്ടണിന് തെറ്റുന്നത് സംസ്ക്കാരം ഒന്ന് മാത്രമാണ്. അത് അടച്ചുകെട്ടിയിരിക്കുന്നതാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാം സംസ്ക്കാരങ്ങളിലും ഒരു കൗണ്ടര്‍ കള്‍ച്ചര്‍ ഉണ്ട്. അതിന് തന്നെ എതിരായ ഒന്ന് അതിലുണ്ട്. ധര്‍മത്തിന്റെ ശോഷണത്തിന്റെ മുഖ്യകാരണം മുതലാളിത്ത കമ്പോള കേന്ദ്രീകൃത ക്രമമാണ്. എല്ലാറ്റിനെയും വിലയുടെയും അടിസ്ഥാനത്തില്‍ കാണുന്നതാണ്. പ്ലാറ്റോ പറയുന്നത് god is my measure എന്നാണ്.

? കേരളത്തിലേക്ക് വന്നാല്‍ സഭ എല്ലാ കാലത്തും രാഷ്ട്രീയ താല്പര്യങ്ങള് പുലര്‍ത്തിയിരുന്നു. വിമോചന സമരത്തിലൊക്കെ പലിയ പങ്കും വഹിച്ചു. രാഷ്ട്രീയത്തില്‍ സ്വാധീന ശക്തിയായി തുടരുന്നു. രാഷ്ട്രീയ താല്പര്യങ്ങള് സഭയെ എല്ലാകാലത്തും സ്വാധീനിച്ചിട്ടില്ലേ?
താങ്കള്‍ ഉന്നയിച്ച ചോദ്യം ചോദിക്കേണ്ടതു തന്നെയാണെങ്കിലും ഞാന്‍ അത്തരത്തിലൊരു പരിശോധന നടത്തിയിട്ടില്ല. കേരളത്തിന്റെ ചരിത്രം നോക്കിയാല്‍ ഇവിടെ ആധിപത്യം ചെലുത്തിയത് സവര്‍ണ ഹിന്ദുക്കള്‍ ആയിരുന്നു. സര്‍ക്കാര്‍ ജോലിയും ഭൂമിയും എല്ലാം അവര്‍ക്കായിരുന്നു. മുസ്ലീങ്ങള്‍, ഈഴവര്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് യാതൊരു ആധിപത്യവും ഉണ്ടായിരുന്നില്ല. അവര്‍ ജോലിക്കാര്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം അത്തരത്തിലുളളതായിരുന്നു. വിദ്യാഭ്യാസ വിപ്ലവത്തിന് ക്രിസ്താനികളാണ് തുടക്കം ഇട്ടത്. അത് പിന്നെ എല്ലാവരിലേക്കും എത്തി. പള്ളിയുടെ കൂടെ പള്ളിക്കൂടം എന്നാണ് ചാവറയച്ചന് പറഞ്ഞത്. അതൊരു വിപ്ലവമായിരുന്നു. അതോടെ നേരത്തെ പറഞ്ഞ വിഭാഗത്തിന്റെ ഹെജിമണി മാറുന്നു. പുതിയ വിഭാഗങ്ങള്‍ ഉയരുന്നു. രാഷ്ട്രീയ ശക്തികളായി മാറുന്നു. ചരിത്രത്തിന്റെ ഭാഗമല്ലാത്തവര്‍ ചരിത്രം ഉണ്ടാക്കുന്നു. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രത്യേകിച്ചും. നഴ്സിംങ് ജോലിക്ക് മാന്യത നല്കിയതും മറ്റും ക്രൈസ്തവ സഭയുടെ ഇടപെടലാണ്. അത്തരത്തിലുളള വലിയ വലിയ മാറ്റങ്ങള്‍ക്ക് സഭ നേതൃത്വം കൊടുത്തിട്ടുണ്ട്. പിന്നീട് സഭയ്ക്ക് സമ്പത്തുണ്ടായി. സമ്പന്നതയുടെ ജീര്‍ണത ഈ സഭയിലുമുണ്ട്.
? ഇപ്പോഴത്തെ ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ്, വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചുളള ചര്‍ച്ചകളും നടക്കുന്നത്. വിമോചന ദൈവശാസ്ത്രത്തിന് സ്വാധീനമുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു ്അവസ്ഥയിലേക്ക് സഭ പോകില്ലെന്ന നിരീക്ഷണങ്ങളും ഉണ്ട്. താങ്കള്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്.?
ലാറ്റിനമേരിക്കയിലെ പ്രത്യേക സാഹചര്യത്തില്‍നിന്നാണ് വിമോചന ദൈവശാസ്ത്രം ഉണ്ടാകുന്നത്. കോളനിവല്‍ക്കരണത്തിന്റെ ദുരന്തം സ്ഥിരമായി അനുഭവിക്കുന്ന ഒരു ജനത. സുവിശേഷത്തിന്റെ തലത്തില്‍നിന്ന് പ്രബോധനം മാറ്റുന്നത് ഇവിടെയാണ്. എന്തുകൊണ്ട് ഈ മനുഷ്യര്‍ ദുരിതത്തില്പ്പെട്ടുവെന്ന ചോദ്യംകൂടി ചോദിക്കണമെന്നും ആ ചോദ്യമാണ് യേശു ചോദിച്ചതെന്നുമുള്ള നിലപാടുകള്‍ ഉണ്ടാകുന്നു. നവീനമായ വ്യാഖ്യാനമായിരുന്നു അത്. അതിനോട് സഭയ്ക്കും, വ്യക്തിപരമായി എനിക്കും യോജിപ്പില്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. ഹെഗലിന്റെ ഡയലറ്റിക്ക്സ് ഇവിടെ ഉപയോഗിച്ചാല്‍ വൈരത്തിന്റെ മാനദണ്ഡത്തിലാണ് എല്ലാം നിശ്ചയിക്കപ്പെടുന്നതെന്ന് വരും. കള പറിയ്ക്കുന്ന സംസ്ക്കാരമായി അത് മാറും. അതാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സംഭവിച്ചത്. കള പറിച്ച് പറിച്ച് ഞാനല്ലാത്താതെല്ലാം കളകളായി മാറുന്ന ഒരു അവസ്ഥയുണ്ടാകും. ഇതാണ് അവിടങ്ങളില്‍ സംഭവിച്ചത്. ഈ ഡയലറ്റിക്സ് നമ്മുക്ക് പറ്റില്ല. എന്നാലും വിമോചന ദൈവശാസ്ത്രം മരിച്ചുവെന്നൊന്നും ഞാന്‍ പറയില്ല. ഇപ്പോള്‍ വന്ന മാര്‍പാപ്പ ലിബറേഷന്‍ തിയോളജിയുടെ ഉളളില്‍ നിന്ന് വന്നതാണ്. ആ വ്യത്യാസം ഇപ്പോഴുണ്ട്. അതുകൊണ്ടാണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന് പറയാന്‍ കഴിയുന്നത്. അദ്ദേഹം പറയുന്നു. തീവ്രവാദികളെക്കുറിച്ച് എല്ലാവരും പറയുന്നു. എന്നാല്‍ എന്തുകൊണ്ട് തീവ്രവാദികള്‍ ഉണ്ടാകുന്നുവെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. നിങ്ങള്‍ തൊഴില്‍ കൊടുക്കുന്നില്ല. ആദര്‍ശം ഇല്ല. അതൊക്കെയാണ് കാരണം. ഇന്ത്യയില്‍ സമ്പത്ത് മുഴുവന്‍ കുറച്ചാളുടെ കൈയില്‍ കുമിഞ്ഞു കൂടുന്നു. ഇതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
? പാല ബിഷപ്പിന്റെ പ്രസ്താവനയോട് പല തരത്തിലുളള പ്രതികരണങ്ങള്‍ ഉണ്ടായി. ഇതില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതികരണത്തെ ഏത് രീതിയിലാണ് കാണുന്നത്?
ആരും ബിഷപ്പിന്റെ പ്രസ്തവനയെ അനുകൂലിച്ചില്ല. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എല്ലാവരും എതിര്‍ക്കുകയാണ് ചെയ്തത്. അത് നല്ലത്. എന്നാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുന്നതില്‍നിന്നും അവരെ വിലക്കുന്ന ചില രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉണ്ട്. അത് സത്യമാണ്. ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് നമ്മള് തിരിച്ചറിയണം. എന്നാല്‍ അവര്‍ പറഞ്ഞുവെന്നത് സത്യമാണ്. അതേസമയം ചിലര്‍ അവിടെ വരുകയും അദ്ദേഹത്തിന് എല്ലാ സംരക്ഷണം നല്‍കണമെന്ന് പറയുകയും ചെയ്തു. അതായത് ഏത് വിഷയത്തേയും വര്‍ഗീയമായി ഉപയോഗിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടെന്നതാണ്. ഇതൊരു പ്രതിസന്ധിയാണ്.

? സാധാരണ ഗതിയില്‍ മത സ്പര്‍ധ വളര്‍ത്തുന്ന ഒരു പ്രസ്താവന നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍ പാലാ ബിഷിപ്പിനെ പല രീതിയിലും ന്യായീകരിക്കുന്ന സമീപനമാണ് കണ്ടത്.?
എന്തുപറഞ്ഞാലും ഈ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കരില്‍ ഭൂരിപക്ഷവും അംഗീകരിച്ചിട്ടില്ല. ചിലര്‍ അവിടെയും ഇവിടെയും കൂടിയിട്ടുണ്ടാകും. പൊതുവില്‍ ബിഷപ്പിന് തെറ്റുപറ്റിയെന്നാണ് സമൂഹം കരുതുന്നത്. ആരും എടുത്തുചാടിയിട്ടില്ല. ബിഷപ്പിന്റെ നിലപാടിന് വലിയ പിന്തുണ പറ്റിയിട്ടില്ല. സഭയിലുള്ളവര്‍ക്കും അത് വലിയ എതിര്‍പ്പുണ്ട്. തെറ്റ് കണ്ടാല്‍ തിരുത്താനുള്ള കൗണ്ടര്‍ കള്‍ച്ചര്‍ ഉണ്ട്. ഇതുകൊണ്ടാണ് മൗലിക വാദത്തിന് വേരു പിടിക്കാന്‍ കഴിയാത്തത്. ഇത് ഈ സമൂഹത്തിന്റെയെല്ലാവരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും പ്രത്യേകതയാണ്. ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റ് കിട്ടിയിട്ടില്ല. അത് ഹിന്ദു സമൂഹത്തിന്റെ ഗുണമാണ്
? സഭയ്ക്ക് പക്ഷെ ബിജെപിയോട് ഒരു ആഭിമുഖ്യം ഈയടുത്ത കാലത്തായി ഉണ്ടെന്ന് തോന്നുന്നു?
അങ്ങനെയുണ്ടെന്ന് തോന്നിക്കുന്ന സാഹചര്യങ്ങളുണ്ട്. ഇവിടുത്തെ ക്രിസ്ത്യാനികള്‍ പണ്ട് ബ്രാഹ്മണര്‍ ആണെന്ന മിഥ്യ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത് വെറും മിഥ്യയാണ്. അത് സമ്മതിച്ചുകൊടുക്കാന്‍ ബിജെപിയും തയ്യാറാണ്. അങ്ങനെ ക്രൈസ്തവരെ കൂടെ നിര്‍ത്താമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അധികാരത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നത് ചിലരുടെ ഒരു രീതിയാണ്. ചില സ്ഥാപിത താല്പര്യങ്ങള് ഇത്തരത്തില്‍ ഉണ്ട്. അതൊരു വസ്തുതയാണ്. എന്നാല്‍ ഇതിനെതിരായ നിലപാടും ശക്തമാണ്. സത്യവും നീതിയും കാലികമായി പരാജയപ്പെട്ടാലും ആത്യന്തികമായി പരാജയപ്പെടില്ലെന്നാണ് വിശ്വാസം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ആനന്ദ് തെല്‍തുംബ്ദെ എങ്ങനെയാണ് ദേശവിരുദ്ധനാവുക? മേവാനിയും അരുന്ധതിയും ചോദിക്കുന്നു.
ഫിദ പറഞ്ഞ, ഷാഹുൽ കാണിച്ചുതന്ന പ്രവാസ ജീവിതം
ആരാണ് രാജീവ് മെഹർറിഷി?
ഇസ്രായേലിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് !