Pride Month| 'ആ ശസ്ത്രക്രിയ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള സമയമാണ്' രഞ്ജു രഞ്ജിമാർ
സ്വപ്രയത്നം കൊണ്ട് ജീവിതത്തിൽ ഉയർന്നു വന്നൊരു വ്യക്തിയാണ് രെഞ്ചു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റും സാമൂഹ്യപ്രവര്ത്തകയുമായ ഇവർ ഇന്ന് ഒരുപാട് വ്യക്തികളുടെ അമ്മയും സഹോദരിയുമാണവർ. തന്റെ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും രഞ്ജു രഞ്ജിമാർ മനസുതുറക്കുന്നു.
ലോക്ക് ഡൗൺ ഒക്കെ ആയതോടെ എന്താണ് ഇപ്പൊ ചെയ്യുന്നത്?
കഴിഞ്ഞ വർഷം ഒരു ലോക് ഡൗൺ അനുഭവം ഉള്ളതുകൊണ്ട് ഒന്നാമത് അതുമായി പൊരുത്തപ്പെട്ടു. ആദ്യത്തെ ലോക് ഡൗണിൽ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. പക്ഷെ ഇപ്പോൾ ഇതിന് തയാറെടുത്തത് കൊണ്ട് തന്നെ വലിയൊരു പ്രശ്നമില്ല. സിനിമാ ഷൂട്ടിങ്ങുകളും പരസ്യ ഷൂട്ടിങ്ങുകളുമൊക്കെ നിർത്തിവച്ചു എന്നത് എന്നെ സംബന്ധിച്ചൊരു വിഷയമാണ്. പക്ഷെ വീടുകളിൽ വച്ച് നടക്കുന്ന കല്യാണ മേക്ക് അപ്പുകളൊക്കെ ഇപ്പോഴും കിട്ടുന്നുണ്ട്. അതുകൊണ്ട് അധികം തിരക്കൊഴിയാതെ തന്നെ ഇപ്പോഴും പോകാനും കഴിയുന്നു. അങ്ങനെ പറയുമ്പോഴും വലിയ തിരക്കുകളില്ല. മാസത്തിൽ ഒരു ഏഴോ എട്ടോ കല്യാണമൊക്കെ കിട്ടുന്നുണ്ട്.
ഈ കൊറോണ കാലം കഴിഞ്ഞാലും സിനിമാ വ്യവസായം പഴയപോലെ ആവാൻ കുറച്ചു സമയമെടുക്കുമെന്നാണ് എല്ലാവരും കരുതുന്നത്. ക്വിയർ ആയിട്ടുള്ളവരടക്കം ഒരുപാട് പേർ ഇന്ന് സിനിമയിലുണ്ട്. അവർക്കൊക്കെ അവസരങ്ങൾ കുറയുമെന്ന ഭയമുണ്ടോ?
പല പല ചർച്ചകളിലും ഇപ്പോൾ ഈ വിഷയം ഉയർന്നുവരാറുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയായിരിക്കും. പ്രത്യേകിച്ച് സിനിമാ മേഖലയിലുള്ള മേക് അപ്പ് ആർട്ടിസ്റ്റുകളിൽ ഭൂരിഭാഗവും അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചുപോകുന്നവരാണ്. പെട്ടെന്നൊരു സാഹചര്യത്തിൽ അത് ഇല്ലാതായത്ത് ഉൾകൊള്ളാൻ പറ്റാത്ത ഒട്ടനവധിപ്പേരുണ്ട്. പക്ഷെ ഇതൊക്കെ നമ്മൾ തരണം ചെയ്തേ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള കരുത്തുണ്ടാകണം.
കഴിഞ്ഞ വർഷം മുതൽ സിനിമകൾ മാറ്റിവയ്ക്കുന്ന അവസ്ഥയുണ്ടായി. പിന്നണി പ്രവർത്തകരായ പലരും കടുത്ത ദാരിദ്ര്യത്തിലായി. സാമ്പത്തികവും മാനസികവുമായി ഈ മേഖലയിലുള്ളവർ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോൾ എങ്ങനെയാണ് ഇതിലൊരു മാറ്റം കൊണ്ടുവരാനാവുക?
എല്ലാവർക്കും ആത്മധൈര്യം കൊടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് മറ്റൊരു പോംവഴിയുമില്ല എന്നതാണ് സത്യം. നമ്മൾ വീട്ടിലിരിക്കുമ്പോൾ കരുതുന്നത് പുറത്ത് ഇത് നടക്കുന്നു അത് നടക്കുന്നു എന്നൊക്കെയാണ്. പക്ഷെ പുറത്തിറങ്ങുമ്പോഴാണ് സാഹചര്യത്തിന്റെ ഭീകരത കാണുന്നത്. പ്രത്യേകിച്ച് കൊച്ചി പോലൊരു മെട്രോ നഗരമൊക്കെ ഉറങ്ങിക്കിടക്കുകയാണ്. നമ്മൾ ഓരോരുത്തരും മനസ്സ് വച്ചാൽ കൊറോണയുടെ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു കുറഞ്ഞു വരും. നമുക്കെല്ലാവർക്കും തന്നെ പഴയത് പോലെ ഇറങ്ങിത്തിരിക്കാം.
ആദ്യ ലോക് ഡൗണിന് ശേഷം ഇൻഡസ്ട്രി ഒന്ന് മടങ്ങിവന്ന് തുടങ്ങിയതായിരുന്നു. ആ സമയത്ത് മൂന്ന് സിനിമകളൊക്കെ കിട്ടിയതാണ്. ഏപ്രിൽ ആയപ്പോഴൊക്കെ പെട്ടെന്ന് കാര്യങ്ങളൊക്കെ പഴയപടിയായി. പുറത്തിറങ്ങാന് പണിയെടുക്കാനുമൊക്കെയുള്ള അവസരം ഇല്ലതായി. ഞാനടക്കം എല്ലാവരും ഇതിൽ മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ട്. പക്ഷെ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള ജാഗ്രത നമ്മൾ ഓരോരുത്തരും ബാധ്യതയായി എടുക്കണം.
കോവിഡ് കാലത്തെ മേക് അപ്പ് കുറച്ചു റിസ്ക് ഉള്ള കാര്യമാണ്. നേരിട്ട് കോണ്ടാക്റ്റ് വരുന്ന ജിമ്മും ബാർബർ ഷോപ്പുമൊക്കെ അടച്ചു തന്നെ ഇരിക്കുകയാണ്. അതിനിടയിൽ ഷൂട്ടിങ്ങൊക്കെ വന്നപ്പോൾ എങ്ങനെയാണ് മേക് അപ്പ് ചെയ്തത്?
രണ്ടു സിനിമകൾ കമ്മിറ്റ് ചെയ്ത സമയത്താണ് ലോക് ഡൗൺ വന്നത്. അതോടെ സിനിമാ ഷൂട്ടിങ്ങും നിർത്തിവച്ചു. അതുകൊണ്ട് തന്നെ കോവിഡ് വ്യാപനത്തിനിടയിൽ സിനിമയിലെ മേക്ക് അപ്പ് ചെയ്യേണ്ടി വന്നില്ല. പക്ഷെ കല്യാണ മേക്ക് അപ്പൊക്കെ ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിച്ചിരുന്നു. അറിയാതെ ഒന്ന് ചുമക്കുകയൊക്കെ ചെയ്താൽ പലരും പേടിക്കുന്നതൊക്കെ കാണാം. അതിൽ തെറ്റ് പറയാനില്ല. എന്റെ വീട്ടിൽ തന്നെ ആരേലും ഒന്ന് രണ്ടു തവണ ചുമച്ചാൽ എനിക്ക് ടെൻഷനായിരുന്നു. ദൂരെയൊക്കെ പോകുമ്പോൾ ടെസ്റ്റ് ചെയ്ത് റിസൾട്ടുമായാണ് പോകുന്നത്. അപ്പോഴും ക്ലൈന്റിൽ നിന്ന് കോവിഡ് കിട്ടുമോ എന്ന ഭയവുമുണ്ട്. അതുകൊണ്ട് പല കല്യാണ മേക്ക് അപ്പുകളും എടുക്കുന്നില്ല.
എൽജിബിടിഐക്യു ആയിട്ടുള്ള കുറേപ്പേർ രഞ്ജിമാറിനെ വിശേഷിപ്പിക്കുന്നത് അമ്മ എന്നാണ്. മറ്റു കുറേപ്പേർ പെങ്ങളെയും വിശേഷിപ്പിക്കുന്നു. അമ്മ എന്ന് വിളിക്കുമ്പോൾ നമ്മുടെ സമൂഹത്തിന് ഒരു സങ്കല്പമുണ്ട്. ഈ കാഴ്ചപ്പാടിനെ എങ്ങനെയാണ് ബാലൻസ് ചെയ്തു പോകുന്നത്?
എനിക്ക് ആരാണ് അമ്മ പരിവേഷം തന്നതെന്ന് അറിയില്ല. സിനിമാ ഇൻഡസ്ട്രിയിലെത്തിയപ്പോൾ പെൺകുട്ടികളുമായാണ് ആദ്യമേ കൂടുതൽ ഇടപെടുന്നത്. അവരെ നന്നായി കെയർ ചെയ്യും. അവർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ കണ്ടിട്ട് തന്നെയായിരിക്കണം പലർക്കും എന്നെ അമ്മയായൊക്കെ തോന്നുന്നത്.
ഞാൻ കമ്മ്യൂണിറ്റിയിലെത്തുന്നത് 1996ലൊക്കെയാണ്. അന്നത്തെ കൊച്ചി ഇന്നത്തെ ആഡംബരമുള്ള ഒരു സ്ഥലമായിരുന്നില്ല. ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്താണ് വന്നത്.കിടക്കാൻ ഇടമില്ല, കഴിക്കാൻ ഭക്ഷണമില്ല, വസ്ത്രങ്ങളില്ല. അങ്ങനെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു. ഇപ്പോഴത്തെ കുട്ടികൾ ആ അർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. അവരുടെ സ്വത്വം വെളിപ്പെടുത്തിയ ശേഷം വീട്ടിൽ അംഗീകാരം കിട്ടുന്നില്ലായെങ്കിൽ അവർ പുറത്തേക്ക് വരികയാണ്. അപ്പോൾ അവരെ സ്വീകരിക്കുന്ന ഒരു സമൂഹമുണ്ട്. അവരെ മകളായി സ്വീകരിക്കാനും. അവരുടെ കാര്യങ്ങൾ നോക്കുവാനുമൊക്കെയായി ഇവിടെ അമ്മമാരും ചേച്ചിമാരുമൊക്കെയുണ്ട്. എന്റെ കാലഘട്ടത്തിൽ നമ്മൾ ചെന്നുപെടുന്നതായിരുന്നു നമ്മുടെ ലോകം. അങ്ങനെയുള്ള ലോകത്ത് ജീവിതം വഴിമുട്ടുന്നു ഒരവസ്ഥയിലേക്ക് വന്നിരുന്നു. അതുകൊണ്ട് ഇനിയാരും അങ്ങനെയൊരു ചെളിക്കുഴിയിലേക്ക് വീഴരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുറത്തേക്ക് വരുന്ന പല കുട്ടികളെയും ഉപദേശിക്കാറുണ്ട്.
നമ്മുടെ ജീവിതമെന്താണ്. എന്തിന് വേണ്ടിയാണ് പൊരുതുന്നത് ? ഞാൻ പൊരുതിയത് എനിക്ക് അന്തസ്സായി ജീവിക്കണം. എന്റെ സ്വത്വത്തിൽ ഉറച്ചുനിൽക്കണം അതിനെനിക്ക് ജീവിച്ചുപോകണം. അതാണ് ഞാനെടുത്ത ഒരു ലക്ഷ്യം. ഓരോരുത്തർക്കും അങ്ങനെ അവരുടെ സ്വപ്നങ്ങളുണ്ടാകണം. അത് അവരെ മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട്. അക്കാര്യത്തിൽ കൊടുക്കുന്ന ഉപദേശങ്ങളാണ് എനിക്ക് അമ്മ പരിവേഷം നേടിത്തന്നത്.
ഒരു അമ്മ എന്ന് പറയുമ്പോൾ വളരെ സഹനശക്തിയുടേയും കരുതലിന്റേയുമൊക്കെ ഉദാഹരണമാണ്. ഞാനും എന്റെ അമ്മയെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ ഓരോ കുട്ടികളോടും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ലോക് ഡൗൺ വന്നപ്പോഴും ആദ്യം അന്വേഷിച്ചത് ഈ മക്കളുടെ കാര്യമാണ്. അവർക്ക് വീട്ടിൽ ബുദ്ധിമുട്ടുണ്ടോ. അരിയും സാധനങ്ങളുമൊക്കെ തീർന്നിട്ടുണ്ടോ എന്നൊക്കെ വിളിച്ചു ചോദിച്ചിരുന്നു. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അമ്മയോട് പറയണം എന്നാവശ്യപ്പെട്ടിരുന്നു. അതുകൊണ്ടൊക്കെ ആയിരിക്കാം ഈ അമ്മാ പരിവേഷം നിലനിന്ന് പോകുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഓരോ ട്രാൻസ് വ്യക്തിയും ശാരീരികവും മാനസികവുമായ വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്നുണ്ട്. അതിലൂടെ കടന്നുപോകുന്ന ഒരാൾക്ക് എന്ത് തരത്തിലുള്ള പിന്തുണയാണ് നമ്മൾ കൊടുക്കേണ്ടത്?
ഈ ശസ്ത്രക്രിയ എന്ന് പറയുന്നത് ഒരു ജീവന്മരണ പോരാട്ടമാണ്. ഏകദേശം ആറു മുതൽ പതിനഞ്ച് മണിക്കൂർ വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ശാസ്ത്രക്രിയയെയാണ് നമ്മൾ ചെയ്യുന്ന സെക്സ് റീ അസൈൻമെന്റ് സർജറി. നമ്മൾ അത്രയും സമയം മരണത്തിനും ജീവിതത്തിനും ഇടയിലാണ്. അത് എവിടെ എപ്പോൾ എങ്ങനെ ചെയ്യുന്നു എന്നൊക്കെയുള്ളത് വളരെ പ്രധാനമാണ്.
ആദ്യമായി കുറഞ്ഞത് ഒരു ആറു മാസമെങ്കിലും ഹോർമോൺ തെറാപ്പി ചെയ്തിട്ടു വേണം നമ്മൾ ശാസ്ത്രക്രിയയിലേക്ക് പോകാൻ. രണ്ടാമത്, ഒരു മനഃശാസ്ത്രജ്ഞന്റെ കൗൺസിലിങ് എടുത്തിരിക്കണം. മൂന്നാമതായി, നമ്മുടെ ശരീരത്തിൽ അതിനനുസരിച്ചുള്ള തയാറെടുപ്പുകൾ നടത്തണം. ഇതിന് ശേഷമാണ് ശസ്ത്രക്രിയ.
ശസ്ത്രക്രിയ കഴിഞ്ഞാലും ഏറെ കെയറിങ് ആവശ്യമാണ്. ഒരു സ്ത്രീ സിസേറിയൻ വഴി പ്രസവിച്ച് കഴിഞ്ഞാൽ എങ്ങനെയാണോ സൂക്ഷിക്കുന്നത്. അതുപോലെ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം സൂക്ഷിക്കേണ്ടത്. അന്ന് മുതൽ തന്നെ ടോയ്ലെറ്റിൽ പോകാൻ പോലും മറ്റൊരാളുടെ സഹായം വേണം. പിന്നീടുള്ള ആറു മാസത്തോളം എടുത്താലാണ് ഉള്ളിലത്തെ മുറിവുകൾ ഉണങ്ങുക. അപ്പോഴേ നമ്മുടെ ശരീരം ഈ മാറ്റങ്ങളെ ഉൾക്കൊണ്ടു എന്ന് പറയാൻ സാധിക്കൂ.
പല കുട്ടികളും എടുത്തുചാടി ശസ്ത്രക്രിയ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകഴിഞ്ഞു പഴുക്കുന്നു വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമമാണ്. അതുകൊണ്ട് ഓരോ കുട്ടികളോടും ഈ പ്രശ്നങ്ങൾ വിശദീകരിക്കാറുണ്ട്.
അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ ചെയ്യുന്നതെങ്കിലും കൈയും കാലും കെട്ടിയിടും. എപ്പോഴെങ്കിലും ബോധം വന്നെങ്കിൽ എന്ന് കരുതിയാണിത്. എന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം എഴുന്നേറ്റത് ഇപ്പോഴും ഓർമയുണ്ട്. ബോധം വന്നപ്പോൾ കൈക്ക് നല്ല വേദനയുണ്ടായിരുന്നു. ഡോക്ടർ കൈപൊക്കാനും കാലനക്കാനുമൊക്കെ ആവശ്യപ്പെട്ടു. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. ആ അബോധാവസ്ഥയിലും 'എനിക്ക് മേക്ക് അപ്പ് ചെയ്യണം എന്റെ കൈ ഇപ്പോൾ അനക്കാൻ പറ്റുന്നില്ല' എന്നൊക്കെയായിരുന്നു ഞാൻ പറഞ്ഞുകൊണ്ടിരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഓഡിറ്റോറിയങ്ങളിലല്ല, തെരുവുകളിലാണ് നൃത്തം ചെയ്യേണ്ടത്- മാറ്റത്തിന്റെ ചുവടുകളുമായി ചില പെണ്ണുങ്ങള്
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് ഉപയോഗം കൊണ്ട് സാധിക്കുമോ ?
പൊലീസിന്റേത് അടക്കം നാല് അന്വേഷണങ്ങൾ, അനന്യയ്ക്ക് നീതി കിട്ടുമോ? ട്രാൻസ് സമൂഹം ചോദിക്കുന്നു
ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അനന്യയുടെ അനുഭവമോ ? | Documentary on Sex Reassignment Surgery