Pride Month| 'മെഡിക്കൽ കോളേജ് അദ്ധ്യാപകന് ഇന്റർസെക്സ് എന്ന വാക്ക് പോലും അറിയില്ലായിരുന്നു' അനുരാധ കൃഷ്ണൻ
എൽജിബിടിഐക്യു സമൂഹത്തിലെ ഒരു പ്രധാന മുന്നണി പോരാളിയാണ് അനുരാധ കൃഷ്ണൻ. മെഡിക്കൽ വിദ്യാർത്ഥി കൂടിയായ അനുരാധ ലൈംഗിക ന്യൂനപക്ഷത്തെ കുറിച്ച് മെഡിക്കൽ രംഗത്തുള്ള അശാസ്ത്രീയ ധാരണകളെക്കുറിച്ച് സംസാരിക്കുന്നു
ആദ്യം തന്നെ അനുരാധയെക്കുറിച്ച് ഒന്ന് പറയാമോ?
ഞാൻ തിരുവനന്തപുരത്ത് പഠിക്കുന്ന അവസാന വർഷ ഡെന്റൽ വിദ്യാർത്ഥിനിയാണ്. എറണാകുളത്തെ മുവാറ്റുപുഴയാണ് സ്വദേശം. ട്രാൻസ്ജെൻഡർ ആയാണ് സ്വയം തിരിച്ചറിയുന്നത്.
കേരളത്തിൽ ഇപ്പോൾ ഒരു എൽജിബിടിഐക്യു മുന്നേറ്റം നടക്കുന്നുണ്ട്. മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും ലിംഗപരതയെ ഉൾക്കൊള്ളുന്നില്ല എന്ന വിമർശനമുയരുന്നുണ്ട്. ഒരു വശത്ത് ലിംഗമാറ്റ ശാശ്ത്രക്രിയ അടക്കമുള്ള വിപ്ലവകരമായ പ്രവർത്തനം നടക്കുമ്പോൾ മറുവശത്ത് ഇതിന് കടകവിരുദ്ധമായ പാഠ്യഭാഗങ്ങളുമുണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
എല്ലാ മേഖലകളിലും നോൺ ബൈനറിയായിട്ടുള്ള ആണും പെണ്ണുമല്ലാത്ത, ജെൻഡർ ക്വിയർ ആയിട്ടുള്ള, ജെൻഡർ ഫ്ലൂയിഡ് ആയിട്ടുള്ള, ഹോമോ സെക്ഷ്വൽ ആയിട്ടുള്ള, ബൈ സെക്ഷ്വൽ ആയിട്ടുള്ള മനുഷ്യരെ മാറ്റിനിർത്തുന്നുണ്ട്. മെഡിക്കൽ മേഖലയിലും അത് തന്നെയാണ് നടക്കുന്നത്. പക്ഷെ മനുഷ്യജീവിതവുമായിട്ട് ഏറ്റവും അടുത്തുനിൽക്കുന്ന ഒരു പ്രൊഫഷനിൽ ഇത് നടക്കുമ്പോൾ അതിൽ വേറെയും പ്രശ്നങ്ങളുണ്ട്.
ആരോഗ്യത്തിനുള്ള അവകാശം എന്നത് ഭരണഘടനയിലെ തന്നെ ഒരു അടിസ്ഥാന തത്വമാണ്. ചില പ്രിവിലേജുകൾ ഉള്ള ആളുകൾക്ക് മാത്രമാണ് അത് കിട്ടുന്നതെങ്കിൽ അതിൽ പ്രശ്നമുണ്ട്. മെഡിക്കൽ സർവീസിന്റേതായിട്ടുള്ള പ്രശ്നമുണ്ട്. മെഡിക്കൽ കരിക്കുലത്തിന്റെ പ്രശ്നമുണ്ട് അതുപോലെ തന്നെ മെഡിക്കൽ ക്യാമ്പസുകളിലും ഇതേ പ്രശ്നമുണ്ട്. മെഡിക്കൽ കരിക്കുലത്തിലെ പ്രശ്നങ്ങളാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
മെഡിക്കൽ കരിക്കുലം ഇപ്പോൾ ഉണ്ടാക്കുന്നത് ക്വിയർ അല്ലാത്ത സിസ് ജെൻഡർ, ഹെട്രോ സെക്ഷ്വൽ ആയിട്ടുള്ള ആളുകളായിരിക്കും. അവരുടെ കാഴ്ചപ്പാടുകളിലാണ് ഈ സിലബസുകൾ ഉണ്ടായി വന്നിട്ടുള്ളത്. സ്വവർഗാനുരാഗം ഒരു രോഗമായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഇന്ത്യയിൽ അതൊരു ക്രിമിനൽ കുറ്റവുമായിരുന്നു. അത് മാറിയിട്ടുണ്ട്. പക്ഷെ അക്കാലത്തെ സദാചാര സങ്കൽപ്പങ്ങൾ അടിസ്ഥാനപ്പെടുത്തിയാണോ ഇന്നും മെഡിക്കൽ ടെക്സ്റ്റുകൾ ഉണ്ടാകേണ്ടത് എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു മെഡിക്കൽ ടെക്സ്റ്റ്ബുക് നോക്കേണ്ടത് മെഡിക്കൽ എത്തിക്സ് അല്ലെങ്കിൽ മെഡിക്കലി എത്രമാത്രം സാധുതയുണ്ട്. ശാസ്ത്രീയമായി എത്രമാത്രം സാധുതയുണ്ട് എന്നാണ് പരിശോധിക്കേണ്ടത്.
ലൈംഗികതയെ കുറിച്ചും സ്വത്വങ്ങളെ കുറിച്ചുമൊക്കെ ശാസ്ത്രം ഏറെ മുന്നോട്ടുപോവുകയാണ്. അപ്പോഴും ഈ കറിക്കുലം മാറുന്ന കാര്യത്തിലൊക്കെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പുലർത്തുന്ന ഉപേക്ഷയെ എങ്ങനെ നോക്കി കാണുന്നു?
കാലത്തിനനുസരിച്ച് ശാസ്ത്രീയ പഠനത്തിലെ പുസ്തകങ്ങൾ മാറുക എന്നത് വലിയൊരു ആവശ്യകതയാണ്. പ്രത്യേകിച്ച് ഇത്തരം വസ്തുതാപരമായ തെറ്റുകൾ ഉണ്ടാവാൻ പാടില്ല. സുപ്രീം കോടതി വിധിക്ക് ശേഷവും ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഫോറൻസിക് ടെക്സ്റ്റ്ബുക്കുകളിൽ സ്വവർഗ ലൈംഗികതയെ ക്രിമിനലായാണ് ചിത്രീകരിക്കുന്നത്. പലരും സുപ്രീം കോടതിയുടെ ഈ ചരിത്രപരമായ വിധിയെ തന്നെ തെറ്റായി സമീപിച്ചുകൊണ്ടാണ് കറിക്കുലം തയാറാക്കുന്നത്. പലരും സ്വവർഗ്ഗാനുരാഗത്തെ ഇപ്പോഴും വിശേഷിപ്പിക്കുന്നത് പ്രകൃതിവിരുദ്ധം എന്നൊക്കെയാണ്. അങ്ങനെയൊരു വാക്കേ ഇല്ലെന്ന് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.
മറ്റൊരു കാര്യം, നമ്മുടെ മെഡിക്കൽ കരിക്കുലം ഇപ്പോൾ റിവൈസ് ചെയ്തത് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ്. ഇരുപത് വർഷം മുൻപ് കണ്ടെത്തിയ ഇടത്തല്ല ശാസ്ത്രം ഇപ്പോഴുള്ളത്. ആ രീതിയിലുള്ള പഠന രീതികളല്ല, പരിശീലനമല്ല. എല്ലാം മാറിയിട്ടുണ്ട്. അപ്പോഴും നമ്മുടെ ഭൂരിപക്ഷത്തിന്റെ വികാരം, മതവിശ്വാസങ്ങൾ പൊതുബോധം എന്നിവയൊക്കെ നോക്കിയാണ് കരിക്കുലം റിവൈസ് ചെയ്യുന്നതെന്ന് തോന്നുന്നു. ഇപ്പോഴും സ്വവർഗ്ഗ പ്രണയം ചികിത്സിച്ചു മാറ്റിത്തരാം എന്നൊക്കെ പറയുന്ന മനഃശാസ്ത്രജ്ഞർ ഉള്ള ഇടമാണ് ഇതെന്ന് ഓർക്കണം. പുതുതായി ഒന്നും ഉൾക്കൊള്ളാൻ തയാറാകുന്നില്ല എന്നതാണ് ഇതിനൊക്കെ കാരണമെന്നാണ് ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന രീതിയിൽ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിൽ പോലും ഇതിന് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. പൊതുമണ്ഡലത്തിൽ ഇതിനെക്കുറിച്ചുള്ള വേണ്ടത്ര വിജ്ഞാനം നമുക്ക് ഇല്ല. ആളുകൾ ഇത് സംബന്ധന്ധിച്ച് എത്രത്തോളം ബോധവാന്മാരാണ്?
ഈ പറയുന്ന എൽജിബിടി മനുഷ്യരെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ഒന്നും തന്നെ സാധാരണക്കാർക്ക് വലിയ ധാരണയില്ല എന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തിൽ ഇപ്പോഴും ഫോബിയയുണ്ട്. അതിന്റെ ഏറ്റവും അടിസ്ഥാനപരമായ യൂണിറ്റായ കുടുംബത്തിൽ തന്നെ രക്ഷിതാക്കൾക്ക് ക്വിയർ ആയിട്ടുള്ള കുട്ടികൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ധാരണയില്ല. നമ്മുടെ ഭരണകൂടമാണെങ്കിലും ബ്യൂറോക്രസി ആണെങ്കിലും അവർക്കൊന്നും നമ്മൾ മനുഷ്യരാണെന്നോ നമ്മളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്നോ പലപ്പോഴും തോന്നുന്നില്ല. ഇതുവരെ ചെയ്തതൊക്കെ എന്തോ ഔദാര്യമാണെന്ന് കരുതുന്നവരുണ്ട്. വളരെ കുറച്ചുപേർക്ക് മാത്രമേ ഇപ്പോഴും ഇത്തരം വിഷയങ്ങൾ എത്തുന്നുള്ളൂ.
അനുരാധ ട്രാൻസ് ജെൻഡർ വ്യക്തിയായി സ്വയം തിരിച്ചറിയുന്ന ആളാണെന്ന് പറഞ്ഞു. അങ്ങനെയുള്ളൊരു സ്വത്വത്തിൽ നിന്നുകൊണ്ട് ഇത്തരം ടെക്സ്റ്റ് ബുക്കുകൾ പഠിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ എന്താണ്?
നമ്മൾ എന്തോ കുറ്റക്കാരാണ് ജനിക്കാൻ പാടില്ലാത്ത വ്യക്തികളാണ് എന്നൊക്കെ എഴുവിച്ചത് പഠിക്കുകയാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണിത്. അത് വായിക്കുമ്പോൾ തന്നെ ഉള്ള ആത്മവിശ്വാസം കൂടി നശിക്കും. ഇങ്ങനെ പഠിക്കുമ്പോൾ ചിലപ്പോൾ സഹപാഠികൾക്ക് നമ്മളെ കുറിച്ച് ഉണ്ടാകുന്നത് മോശമായൊരു ചിത്രമാകും. മനുഷ്യൻ എന്ന് പറയുന്നത് കേവലം ജീവശാസ്ത്രം മാത്രമല്ല. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അവിടെ ഒരു മാനുഷികവും സാമൂഹിക ശാസ്ത്രപരവുമായ പരിഗണന ഉണ്ടാകണം.
ഇപ്പോൾ മെഡിക്കൽ ടെക്സ്റ്റ്ബുക്കിൽ ഇന്റർസെക്സ് ആയിട്ടുള്ള ആളുകളെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഒരു അദ്ധ്യാപകൻ പറഞ്ഞത് ഹിജഡകൾ ആയിട്ടുള്ളവരാണ് ഇങ്ങനെയാവുന്നത്. അതിൽ ഇരുപത് ശതമാനം മാത്രമേ യഥാർത്ഥരായുള്ളൂ. ഏതോ സിനിമയിൽ സലിം കുമാർ ക്രോസ് ഡ്രസ് ചെയ്തു വരുന്നത് കണ്ടിട്ടില്ലേ. അതേപോലെയാണ് ബാക്കിയുള്ളവർ. വെറുതെ പൈസ വാങ്ങാനും മറ്റും വരുന്നവരാണത് എന്നൊക്കെയായിരുന്നു. അപ്പോൾ കുട്ടികളൊക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു.
ഒരു മെഡിക്കൽ കോളേജ് അദ്ധ്യാപകന് ഇന്റർസെക്സ് എന്ന വാക്കേ അറിയില്ല എന്നോർക്കണം. അത് ആ അദ്ധ്യാപകന്റെ കുറ്റം ആണെന്നും പറയുന്നില്ല. പുള്ളി അങ്ങനെയാണ് പഠിച്ചത്. അങ്ങനെ തന്നെയാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. അതിന് അപ്പുറത്തേക്ക് യാതൊരു അപ്ഡേറ്റും ഉണ്ടാകുന്നില്ല എന്നിടത്താണ് പ്രശ്നം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!