ഓസിൽ മുതൽ വാൻ ഡൈക്കിന്റെ പകരക്കാരൻ വരെ; പ്രീമിയർ ലീഗിലെ സുപ്രധാന ജാനുവരി ട്രാൻസ്ഫറുകൾ
ജെസ്സെ ലിംഗാർഡ് അടക്കം മികച്ച മൂന്ന് ട്രാൻസ്ഫറുകളാണ് വെസ്റ്റ് ഹാം നടത്തിയത്. ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ഹാലറേ അയാക്സിന് വിൽക്കാൻ സാധിച്ചതും വെസ്റ്റ്ഹാമിന് ഗുണംചെയ്തു.
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകളും ആരാധകരും ലാഭനഷ്ടങ്ങളുടേയും പ്രതീക്ഷയുടെയും കണക്കുപുസ്തകം നിരത്തുകയാണ്. പ്രീമിയർ ലീഗിൽ ജനുവരിയിലെ പ്രധാന ട്രാൻസ്ഫറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം:
ആഴ്സണൽ ആരാധകരെ പോലെ ഏറെക്കാലമായി പ്രതിസന്ധിയിലാക്കിയ ചോദ്യമാണ് മെസ്യുട്ട് ഓസിലിന്റേത്. പരിശീലകൻ മൈക്കൽ അർട്ടേറ്റയ്ക്ക് കീഴിൽ അധികം അവസരം കിട്ടാതിരുന്ന ജർമൻ ലോകകപ്പ് ജേതാവ് ടർക്കിഷ് ക്ലബ്ബായ ഫെനർബാച്ചേയ്ക്ക് സൈൻ ചെയ്തു. സോക്രടീസ് ആണ് ക്ലബ്ബ് വിട്ട മറ്റൊരു താരം. റയലിൽ നിന്ന് ഏറെ പേരുകേട്ട 22 കാരൻ മാർട്ടിൻ ഒഡേഗാഡിനെ ലോണാടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിക്കാനും ആർട്ടേറ്റയ്ക്കായി.
പരിശീലകൻ ഫ്രാങ്ക് ലംബാർഡിനൊപ്പം ആറ് താരങ്ങളോടും കൂടി ചെൽസി വഴിപിരിഞ്ഞു. പുതിയ സൈനിങ്ങുകൾക്ക് മുതിരേണ്ട എന്നാണ് പുതുതായി ചാർജെടുത്ത ജർമൻ പരിശീലകൻ ടുച്ചലിന്റെ തീരുമാനം. ഈ സീസണിൽ പ്രീമിയർ ലീഗ് പ്രൊമോഷൻ ലഭിക്കുകയും മികച്ച പ്രകടനം തുടരുകയും ചെയ്യുന്ന മാഴ്സലോ ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡും യാതൊരു സൈനിങ്ങുകൾക്കും മുതിർന്നില്ല. മികച്ച സീസണിലൂടെ കടന്നുപോകുന്ന ലെസ്റ്റർ സിറ്റിയും പുതിയ താരങ്ങളെ വേണ്ടെന്ന തീരുമാനത്തിലാണ്.
സീനിയർ പ്രതിരോധതാരങ്ങളായ വെർജിൽ വാൻ ഡൈക്, മാറ്റിപ്, ഗോമസ് എന്നിവരുടെ പരുക്ക് അലട്ടുന്ന ലിവർപൂൾ രണ്ട് സെന്റർ ബാക്കുകളെ സൈൻ ചെയ്തു. ബെൻ ഡേവിസും ഒസാൻ കബാകുമാണ് ലിവർപൂളിലെത്തുന്നത്. നിലയിൽ പ്രീമിയർ ലീഗിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി പുതിയ സൈനിംഗുകൾക്ക് മുതിർന്നില്ല. സിറ്റിയുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ജെസ്സെ ലിംഗാർഡിനെ വെസ്റ്റ് ഹാമിന് ലോണാടിസ്ഥാനത്തിൽ നൽകാൻ തീരുമാനിച്ചു. അറ്റ്ലാന്റയിൽ നിന്നുള്ള അമദ് ഡയാലോയാണ് മാഞ്ചസ്റ്ററിലെത്തിയ പുതിയ താരം.
ഹോസെ മൊറീഞ്ഞോയ്ക്ക് കീഴിൽ മികച്ചൊരു സീസണിലൂടെ കടന്നുപോകുന്ന ടോട്ടനം ഹോട്സ്പറിലും പുതിയ താരങ്ങളൊന്നും എത്തിയില്ല. മൊറീഞ്ഞോയ്ക്ക് കീഴിൽ അവസരങ്ങൾ ലഭിക്കാത്ത മധ്യനിരതാരം ഡെലെ അലിയുടെ ട്രാൻസ്ഫർ പ്രതീക്ഷകളും ആസ്ഥാനത്തായി. ജെസ്സെ ലിംഗാർഡ് അടക്കം മികച്ച മൂന്ന് ട്രാൻസ്ഫറുകളാണ് വെസ്റ്റ് ഹാം നടത്തിയത്. ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ഹാലറേ അയാക്സിന് വിൽക്കാൻ സാധിച്ചതും വെസ്റ്റ്ഹാമിന് ഗുണംചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!