വോട്ട് ചെയ്യുന്നതില്‍ ഒതുങ്ങുന്ന ജനാധിപത്യം ഭരണഘടനയ്ക്ക് ഭീഷണി: പ്രശാന്ത് ഭൂഷണ്
വര്‍ത്തമാന ഇന്ത്യയില്‍ ഭരണഘടനയും നിയമവാഴ്ചയും നേരിടുന്ന വെല്ലുവിളിയുടെ ആഴം തുറന്നുകാണിച്ചതായിരുന്നു പത്താമത് ചിന്ത രവി അനുസ്മരണ വെബിനാര്‍.
ഇന്ത്യയിലെ ജനാധിപത്യം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യുക എന്നത് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. ഗുഡ് ഗവേണന്‍സ് സാധ്യമാകും വിധത്തില്‍ ജനാധിപത്യ സംവിധാനങ്ങളെയും പ്രക്രിയയെയും ശക്തിപ്പെടുത്തുന്നതിന് പകരം അതിന്റെ സ്വാഭാവിക ശക്തിയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ബോധ പൂര്‍വ നടപടികള്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. പരിമിതമായ ജനാധിപത്യം എന്നതിലേക്ക് എല്ലാം ചുരുക്കുമ്പോള്‍ ഭരണഘടന ഉറപ്പ് നല്കുന്ന സമ്പൂര്‍ണ ജനാധിപത്യം വെല്ലുവിളിക്കപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്താമത് ചിന്ത രവി അനുസ്മരണ വെബിനാറില്‍ 'ഭരണഘടനയും നിയമവാഴ്ചയും നേരിടുന്ന ഭീഷണികള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രശാന്ത് ഭൂഷണ്.
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമായ പങ്കാളിത്തം എന്ന ആശയം ഭീഷണിയിലാണ്. തിരഞ്ഞെടുപ്പ് എന്നത് എത്രത്തോളം ദൃശ്യത കൈവരിക്കുന്നു എന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്ന വിമർശനത്തോടെയാണ് പ്രശാന്ത് ഭൂഷൺ പ്രസംഗം ആരംഭിച്ചത്. കൂടുതൽ വോട്ട് ലഭിച്ചത് ആർക്ക് എന്നതിന്റെ അടിസ്ഥാനത്തിൽ ഒരാൾ തിരഞ്ഞെടുക്കപ്പെടുമ്പോൾ എത്ര ശതമാനം പേർ ആ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ല എന്ന ചോദ്യം പരിഗണിക്കപ്പെടുന്നില്ല. ഇതാണ് ആർക്കാണ് കൂടുതൽ ദൃശ്യത എന്ന ചോദ്യത്തിലേക്ക് തിരഞ്ഞെടുപ്പിനെ ചുരുക്കുന്നത്. അത്തമൊരു സാഹചര്യത്തിൽ പണമാണ് തീരുമാനമെടുക്കുന്നത്.
ഈയൊരു സാഹചര്യത്തെ മറികടക്കാനാണ് കോടതികളുടെ ഇടപെടലുകളെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പല ഭേദഗതികളും കൊണ്ടുവരുന്നത്. എന്നാൽ അവയൊന്നും ഫലപ്രാപ്തി കണ്ടില്ല. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ചെലവിടുന്ന പണത്തിന് പരിമിതികൾ നിശ്ചയിക്കപ്പെട്ടെങ്കിലും അത് മറികടക്കാൻ അവർ വഴികണ്ടെത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് നോക്കിയാൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ചെലവിട്ട പണത്തിന്റെ പത്തിരട്ടിയാണ് അധികാരമുള്ള ബിജെപി മാത്രം ചെലവിട്ടത്. സ്ഥാനാർത്ഥികളുടെ ദൃശ്യതയുടെ കാര്യത്തിൽ സംഭവിക്കുന്ന അസാമാനതയാണ് ഇതിൽ വ്യക്തമാകുന്നത്.
തിരഞ്ഞെടുപ്പിന് ഉപയോഗിക്കാവുന്ന പണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തരണം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ കണ്ടെത്തിയ മറ്റൊരു പോംവഴിയാണ് തിരഞ്ഞെടുപ്പ് ബോണ്ട്. ബോണ്ട് വഴി കണ്ടെത്തുന്ന പണത്തിന്റെ കാര്യത്തിൽ യാതൊരു സുതാര്യതയുമില്ല. വിദേശത്ത് നിന്ന് സ്വീകരിക്കാവുന്ന ഫണ്ടിൽ ഉണ്ടായിരുന്ന നിയന്ത്രണവും ഭേദഗതി ചെയ്യപ്പെട്ടു. പണമുപയോഗിച്ച് അധികാരത്തിലേക്ക്, അധികാരമുപയോഗിച്ച് പണം സ്വരൂപിക്കൽ എന്ന അധാര്‍മികമായ പ്രക്രിയയാണ് ഇതിലൂടെ നടന്നുപോരുന്നതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ജനാധിപത്യയത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. വിവരാവകാശ നിയമം വിപ്ലവകരമായൊരു മുന്നേറ്റമായിരുന്നു. എന്നാൽ അത് തത്വത്തിൽ നടപ്പിലാക്കുകയും സാങ്കേതികമായി ഇല്ലാതാക്കുകയുമാണ് സർക്കാരുകൾ ചെയ്തത്. നിയമപ്രകാരമുള്ള ഭരണമെന്നത് ഭരണത്തിനായി നിയമങ്ങളുപയോഗിക്കുക എന്ന രീതിയിലേക്ക് മാറ്റിയെടുത്തു. കഴിഞ്ഞ ഏഴ് വർഷമായി അധികാരത്തിലുള്ള സർക്കാർ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഭീമാ കൊറെഗാവ് സംഭവം ചൂണ്ടിക്കാട്ടി ചിന്തകരും എഴുതുകയും സാമൂഹിക പ്രവർത്തകരും അഭിഭാഷകരുമായി പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നോക്കിയാൽ ആൾക്കൂട്ട കൊലകൾ ഒരു സ്ഥിരസംഭവമാണ്, ഉത്തർ പ്രദേശിലെ മുസ്ലിംങ്ങളെ നോക്കൂ. അവരെ ആർക്കും കൊല്ലാം. ബീഫ് എന്നോ ജിഹാദ് എന്നോ കാരണങ്ങൾ നിരത്തി ആൾക്കൂട്ട കൊലകൾ നടക്കുമ്പോൾ അതിന് സമ്മതം നൽകുകയാണ് പൊലീസ് ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിക്കൊണ്ട് ഈ അനീതിയെ വ്യവസ്ഥയുടെ ഭാഗമാക്കുകയാണ് സർക്കാർ ചെയ്തത്. അടിയന്തരാവസ്ഥയെ കുറിച്ച് വാചാലരാകാറുള്ള ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരിനെ എതിർക്കുന്നവർ ഇന്ന് ജയിലുകളിലാണ് കഴിയുന്നതെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
കൊറോണ അതിവ്യാപനത്തിന്റെ ഘട്ടത്തിലും സർക്കാർ അമിതാധികാരത്തിന്റെ ഹുങ്ക് തുടര്‍ന്നു. അദാനിയേയും അംബാനിയെയും സഹായിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കൾ ഭരണഘടനയുടെ ആർട്ടിക്കൾ 21 അനുശാസിക്കുന്ന മൗലിക അവകാശങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ലോക് ഡൗൺ നടപ്പിലാക്കിയത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇതിനെ തുറന്നു തെരുവിലിറങ്ങിയതും മാസങ്ങളോളം നീണ്ട പലായനം സംഭവിച്ചതും. ഇപ്പോൾ നിർബന്ധിതമായി നടപ്പിലാക്കുന്ന വാക്സിൻ വേണ്ട പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടില്ലെന്നും അമിതാധികാര പ്രയോഗത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ ജുഡീഷ്യറിയുടെ ചരിത്രം പരിശോധിച്ചാൽ എല്ലാ പ്രധാന കേസുകളിലും കോടതിയുടെ ഇടപെടലുകൾ സ്വാതന്ത്രമല്ലെന്ന വിമർശനം ശക്തമാണ്.മുഖ്യധാരാ മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളിലെ വിമർശന ശബ്ദങ്ങളെയും ഭരണകൂടം രാഷ്ട്രീയ ലാക്കോടെ ശ്വാസംമുട്ടിക്കുന്നു. ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ, സിഎജി, സിബിഐ, എൻഐഎ തുടങ്ങിയ സ്വതന്ത്ര സംവിധാനങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞിരിക്കുകയാണ് ഈ സർക്കാരെനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിമർശിച്ചു.
ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സമയമായിരിക്കുന്നു. അങ്ങനെ മാത്രമേ നമുക്ക് നമ്മുടെ ജനാധിപത്യത്തെ തിരിച്ചുപിടിക്കാനാകൂ എന്ന് പറഞ്ഞാണ് ഭൂഷൺ പ്രസംഗം അവസാനിപ്പിച്ചത്.
സുപ്രീം കോടതി അഭിഭാഷകൻ കാളീശ്വരം രാജാണ് തുടർന്ന് സംസാരിച്ചത്. സുപ്രീം കോടതി അതിന്റെ പ്രാഥമികമായ കടമകളിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. അതിൽ നിരാശപ്പെടുന്നതോടൊപ്പം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിനും നമ്മൾ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് കാളീശ്വരം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഒരു രാഷ്ട്രീയ തരംഗമാണ് പോപ്പുലിസ്റ്റ് നയങ്ങളുള്ള തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ. ബ്രസീലിലും, യൂറോപ്പിലും റഷ്യയിലുമെല്ലാം സംഭവിക്കുന്നതും ഇതാണ്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് നിലവിൽ ഇന്ത്യയിൽ അധികാരത്തിലുള്ള സർക്കാർ. ഇന്ത്യയിലെന്ന പോലെ ഈ രാഷ്ട്രങ്ങളിലും സമാനമായ രീതിയിൽ ജുഡീഷ്യൽ സംവിധാനങ്ങൾ ഭീഷണി നേരിടുന്നുണ്ട്. ഈ രാജ്യങ്ങളിലൊക്കെ നടക്കുന്നത് എന്തെന്ന് പരിശോധിച്ചാൽ നിയമനിർമാണ സഭകൾ എപ്പോഴും ഭരണഘടനയെ അടക്കം ചെയ്യാനാണ് ശ്രമിക്കുന്നത് എന്ന് വേണം വിലയിരുത്താനിന്നും കാളീശ്വരം രാജ് പറഞ്ഞു.
പിന്നീട് സംസാരിച്ച മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയും ഫോറം ഓഫ് ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി കൺവീനറുമായ വൈഗ രാമമൂർത്തിയും പ്രശാന്ത് ഭൂഷനോട് യോജിച്ചു. 2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിൽ രാജ്യത്തെ വലിയ വ്യവസായികൾ ധനികരാവുകയും കൂടുതൽപ്പേർ ദരിദ്രരാവുകയും ചെയ്ത സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പ് ബോണ്ടുകൾ ആരംഭിച്ചതിന് ശേഷമുണ്ടായ മാറ്റമാണിത്. ജനങ്ങളെ സേവിക്കാനല്ല, വൻകിട കുത്തകകളെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു സർക്കാരാണ് നമുക്കുള്ളത് എന്ന് അഡ്വ വൈഗ കുറ്റപ്പെടുത്തി.
ജനസേവനമല്ല തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുക മാത്രമാണ് അവരുടെ ആവശ്യം. ഭരണഘടനയെ അവർ അംഗീകരിക്കുന്നേയില്ല. അതിന്റെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമനിർമാണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. ജമ്മു കശ്മീർ അടക്കം മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള ഏകപക്ഷീയമായ തീരുമാനം എടുക്കുമ്പോഴും സർക്കാർ നടത്തിയത് ഭരഘടനയുടെ അട്ടിമറിയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്രം അമിതാധികാരം ഉപയോഗിച്ചത്. കിരൺ ഭേദിയെ ലഫ്റ്റനന്റ് കേണലായി നിയമിച്ച കാലത്ത് പുതുച്ചേരിയിലും സമാനമായ ഇടപെലുകൾ നടന്നിട്ടുണ്ടെന്ന് മദ്രാസ് ഹൈ കോടതിയിലെ മുതിർന്ന അഭിഭാഷക പറഞ്ഞു.
ഏഴാം വർഷത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ പുതുതായി മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന മാറ്റവും ഇത്തരമൊരു ദുഷ്ടലാക്കോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമിത് ഷായ്ക്ക് കീഴിൽ പുതിയൊരു സഹകരണ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. ഭരണഘടനാ പ്രകാരം സഹകരണം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. പല സംസ്ഥാനങ്ങളിലും ശക്തമായ സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ഈ സഹകരണ പ്രസ്ഥാനങ്ങളിലൂടെ അധികാരം സ്ഥാപിച്ച് സംസ്ഥാന സർക്കാരുകൾക്കുമേൽ കൂടുതൽ അധികാരം സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അഡ്വ വൈഗ രാമമൂർത്തി ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകനും ചിന്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന ചിന്ത രവിയുടെ ഓര്‍മകള്‍ അനുസ്മരിച്ചായിരുന്നു വെബിനാറിന്റെ തുടക്കം. അധുനികതയും സ്വതന്ത്ര ചിന്തയും ഉയര്‍ത്തിപ്പിടിച്ച പ്രതിഭയായിരുന്നു രവിയെന്ന് വെബിനാറില്‍ സ്വാഗതം പറഞ്ഞ എഴുത്തുകാരന് സക്കറിയ ഓര്‍ത്തെടുത്തു. ചിന്താ രവിയുടെ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുണ്ടായ ഇന്ത്യയില്‍നിന്ന് ഭിന്നമായി ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സക്കറിയ അഭിപ്രായപ്പെട്ടു.
രവിയുടെ മാധ്യമം എന്നും ജനങ്ങളായിരുന്നു എന്ന് എഴുത്തുകാരന് എന്‍എസ് മാധവന് അനുസ്മരിച്ചു. മലയാളിയുടെ ചിന്തയെ പുതുക്കി നിര്‍ണയിക്കും വിധം അഗാധമായി സ്വാധീനിച്ച ഒരു കാലഘട്ടത്തില്‍ ഗ്രാംഷിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് രവിയായിരുന്നു എന്ന് എന്‍എസ് മാധവന് ഓര്‍ത്തെടുത്തു. ചിന്താ രവി ഫൗണ്ടേഷൻ ചെയർമാനും ഏഷ്യാവിൽ എഡിറ്റർ ഇൻ ചീഫുമായ ശശികുമാര്‍ വെബിനാര്‍ മോഡറേറ്റ് ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!