1000 ദിവസം പിന്നിട്ട പൊന്തന്‍പുഴ സമരം കേരളത്തോട് പറയുന്നത്
പട്ടയം അനുവദിച്ചുകിട്ടാനുള്ള കുടിയേറ്റ കര്‍ഷകരുടെ ആവശ്യത്തിന് അപ്പുറം വനഭൂമി സംരക്ഷണത്തിലെ മറ്റ് വിഷയങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിക്കുന്നതാണ്് പൊന്തന്‍പുഴ.
പത്തനംതിട്ട പൊന്തന്പുഴയില് 2018 മെയ് 12ന് തുടങ്ങിയ ഒരു സമരം 1000 ദിവസം പിന്നിട്ട ശേഷവും തുടരുകയാണ്. രണ്ട് ആവശ്യങ്ങളാണ് ആ ജനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഒന്ന്, വനഭൂമിയുടെ സംരക്ഷണം. രണ്ട്, 1200 ഓളം വരുന്ന കര്‍ഷകരുടെ പട്ടയാവകാശം. വനഭൂമിയും പട്ടയാവകാശവും സംബന്ധിച്ച കേരളത്തിലെ സങ്കീര്‍ണമായ തര്‍ക്കങ്ങളുടെ ഭാഗമായി പൊന്തന്‍പുഴയും മാറിയിട്ട് കുറേയേറെയായി. പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യം തോന്നും വിധം വനം സംരക്ഷിക്കണമെന്നും പട്ടയം വേണമെന്നുമുള്ള വ്യത്യസ്ത ആവശ്യങ്ങളാണ് സമര സമിതി ഉന്നയിക്കുന്നത്.
എന്തുകൊണ്ട് ഇങ്ങനെ?
പത്തനംതിട്ട ജില്ലയിലെ വലിയകാവ്, കോട്ടയം ജില്ലയിലെ ആലപ്ര, കറിക്കാട്ടൂര്‍ എന്നീ വനമേഖലകള്‍ ചേര്‍ന്നതാണ് പൊന്തന്‍പുഴ വനം. ആ വനാതിര്‍ത്തിയിലെ ഗ്രാമമാണ് പെരുമ്പെട്ടി. റാന്നിയില്‍ നിന്ന് അരമണിക്കൂര്‍ യാത്രയുണ്ട് അവിടേക്ക്. ഈ വനത്തിന്റെ സംരക്ഷണവും വനത്തിന് പുറത്ത് താമസിക്കുന്ന കര്‍ഷക കുടുംബങ്ങളുടെ പട്ടയാവകാശവുമാണ് സമരസമിതി ഉന്നയിക്കുന്നത്. വനത്തിന്റെ അതിര്‍ത്തിക്കിപ്പുറം വീടുവച്ച് കൃഷിചെയ്ത് താമസിക്കുന്നവരാണ് അവര്‍. വീട്ടുനമ്പരുണ്ട്, റേഷന്‍കാര്‍ഡുണ്ട്, വൈദ്യുതി കണക്ഷനുമുണ്ട്. കൈവശഭൂമിയുടെ വിലാസത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഏറ്റവുമൊടുവിലെത്തിയ ആധാര്‍ കാര്‍ഡും എടുത്തിട്ടുണ്ട്. കൈവശഭൂമിയില്‍ പി.ഡബ്ല്യു.ഡി, പഞ്ചായത്ത് റോഡുകളുണ്ട്. സര്‍ക്കാര്‍ സ്കൂളുകളും അംഗന്വാടികളുമുണ്ട്. പള്ളികളും അമ്പലങ്ങളുമുണ്ട്. പക്ഷെ പട്ടയമില്ല. പഞ്ചായത്തില്‍ നിന്ന് വനം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കണമെന്ന് രേഖപ്പെടുത്തി സര്‍ട്ടിഫിക്കേറ്റ് കിട്ടും. അതാണ് ആധികാരികമായ രേഖ.
വനത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ 35 വര്‍ഷമായി നടന്നുവന്ന കേസില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും വനഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും സ്വകാര്യവ്യക്തികള്‍ക്കാണ് കോടതി അംഗീകരിക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ഭൂമിയുടെ അവകാശത്തെ ചൊല്ലി സര്‍ക്കാരും ഏതാനും സ്വകാര്യവ്യക്തികളും തമ്മിലുണ്ടായ കേസില്‍ കക്ഷി ചേരാന്‍ പോലും വര്‍ഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സാധിച്ചിരുന്നു. തകര്ക്കമുള്ള ഭൂമിയില്‍ താമസക്കാര്‍ ഇല്ലെന്നതായിരുന്നു വനം വകുപ്പ് സ്വീകരിച്ച നിലപാട്. പക്ഷെ യാഥാര്‍ഥ്യം അതല്ല. നിയമ പോരാട്ടത്തില്‍ തോറ്റ സര്‍ക്കാര്‍ നഷ്ടപ്പെട്ട വനഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികളും കാര്യക്ഷമമാക്കിയില്ല. പ്രത്യേക നിയമ നിര്‍മാണത്തിലൂടെ വനഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഉറപ്പിക്കണമെന്ന നിര്‍ദേശം പലരും മുന്നോട്ടുവെച്ചു.

എന്തുകൊണ്ട് സമരം?
ഈ ഭൂമിയുടെ അവകാശം ആര്‍ക്കുള്ളതാണ് എന്നതാണ് കാതലായ ചോദ്യം. സംരക്ഷിത വനത്തിന്റെ അവകാശം സര്‍ക്കാരിന് നഷ്ടപ്പെടുകയും ഏതാനും സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് എത്തുകയും ചെയ്തതോടെ സ്ഥിതി സങ്കീര്‍ണമായി. സംരക്ഷിത വനത്തെ റവന്യൂ ഭൂമിയെന്ന് തിരുത്തുകയും വര്‍ഷങ്ങളായി കര്‍ഷകര്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടം നല്‍കാതെ വനഭൂമിയായി തന്നെ നിലനിര്‍ത്തുകയും ചെയ്തു എന്ന എളുപ്പം പരിഹാരം സാധ്യമാകാത്ത രീതിയില്‍ വിഷയത്തെ വഷളാക്കുന്നതിനുള്ള കാരണങ്ങളായി.
നിയമപോരാട്ടത്തില്‍ എങ്ങനെ സര്‍ക്കാര്‍ തോറ്റു? വനഭൂമിയില്‍ കണ്ണുവെക്കുന്നവരുടെ ലക്ഷ്യമെന്താണ്? വനഭൂമിയോട് ചേര്‍ന്നു താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശത്തിന് അര്‍ഹതയുണ്ടോ?. കോടതിയില്‍ സര്‍ക്കാര്‍ കേസ് തോറ്റതിന് ഉത്തരവാദികള്‍ വനഭൂമിയില്‍ കണ്ണുവെച്ച് നില്‍ക്കുന്നവര്‍ക്ക് വനംവകുപ്പിലെ ഉന്നതരുമായി ഏത്തിച്ചേര്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സമരസമിതി ആരോപിക്കുന്നു.
'ശബരിമല കാടുകളുടെ തുടര്‍ച്ചയെങ്കിലും ജനവാസ മേഖലകളാല്‍ വേര്‍തിരിക്കപ്പെട്ട നിബിഡവനമാണ് പൊന്തന്‍പുഴ. ഈട്ടി, തേക്ക് തുടങ്ങിയ വിലപ്പെട്ടമരങ്ങളാല് സമ്പന്നമായ പൊന്തന്പുഴക്കുമേല് വനമാഫിയയുടെ കണ്ണ് പതിഞ്ഞിട്ട് 100 വര്‍ഷത്തോളമാകുന്നു. ഏഴുമറ്റൂര്‍ നാടുവാഴിക്കു തിരുവിതാംകൂര്‍ രാജാക്കന്മാര് നീട്ടിലൂടെ (രാജാശസനം) കരമൊഴിവായി പതിച്ചുതന്ന ഭൂമിയാണ് പൊന്തന്‍പുഴ എന്നാണ് സ്വകാര്യവ്യക്തികള്‍ വാദിച്ചത്. ധാരാളം വ്യാജരേഖകളും അവര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കാലങ്ങളോളം വനത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെങ്കിലും സംസ്ഥാന മുഖ്യവനപാലക പദവിയില്‍ വനമാഫിയക്കു നേതൃത്വം നല്കുന്ന കുടുംബത്തില്‍ പെട്ട ഒരാള്‍ എത്തിയതോടെ പൊടുന്നനെ സര്‍ക്കാര്‍ ഭാഗം പരാജയപ്പെട്ടുതുടങ്ങി. ഈ വനം സംബന്ധിച്ച പ്രധാന രേഖകള്‍ പലതും കാണാതായി. കോടതിയുടെ സ്റ്റോര്‍ റൂമില്‍ നിന്നുപോലും രേഖകള്‍ അപ്രത്യക്ഷമായി. വനമാഫിയാക്കാനുകൂലമായി റിസര്‍വ്വേ രേഖകള്‍ നേരത്തെ തന്നെ തിരുത്തപ്പെട്ടിരുന്നു. ഉദാഹരണമായി വലിയകാവ് വനത്തില്‍ പെരുമ്പെട്ടി വില്ലേജ് നിന്ന് 544.60 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെട്ടിട്ടുണ്ട്, റിസര്‍വ്വേ നമ്പര്‍ 193ല്‍ ഉള്‍പ്പെട്ട ആ സ്ഥലത്തെ അടിസ്ഥാന നികുതി രജിസ്റ്ററില്‍ വനം എന്ന് അടയാളപ്പെടുത്തിയിട്ടില്ല. ഇതിനു പകരമായി രണ്ടു നൂറ്റാണ്ടോളമായി കര്‍ഷകര്‍ തലമുറകളായി താമസിച്ചു വരുന്ന ഭൂമിയെ വനം എന്ന് രേഖപ്പെടുത്തി. വനം പ്രത്യക്ഷമായി കയ്യേറാന്‍ വമ്പന്മാര് പലതവണ ശ്രമിച്ചു. നാട്ടുകാരുടെ ജാഗ്രതാസമിതി അവരെ കയ്യോടെ പിടിച്ചു വനപാലകര്‍ക്കു കൈമാറിയിട്ടും യാതൊരു നിയമനടപടിയും ഉണ്ടായില്ല. വനത്തിനു പട്ടയം ഉണ്ടെന്ന വ്യാജരേഖ ഉണ്ടാക്കി വനഭൂമി ബാങ്കില്‍ പണയപ്പെടുത്തി വായ്പടുത്തിട്ടും വനംവകുപ്പ് അനങ്ങിയില്ല. പൊന്തന്‍പുഴ വനം കാട്ടുകള്ളന്മാര്ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് വനം വകുപ്പ്. ഈ സാഹചര്യത്തിലാണ് ഫോറെസ്റ്റ് സ്റ്റേഷന് ചുവപ്പുനാട കേട്ടുന്നതുപ്പെടെയുള്ള സമരമുറകളുമായി പൊന്തന്‍പുഴ സമരസമിതി രംഗത്തുവന്നത്.'-
സമര സമിതി ജോയിന്റെ കണ്‍വീനര്‍ ജെയിംസ് കണിമല ഏഷ്യാവില്ലിനോട് പറഞ്ഞു.
454 ഏക്കര്‍ ഭൂമിയില്‍ ദീര്‍ഘകാലമായി താമസിക്കുന്നവരാണ് പട്ടയാവകാശം ചോദിക്കുന്നത്. അവരില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ കൂടിയുണ്ട്. പന്നക്കപ്പതാല്, നെടുമ്പ്രം സാംബവ കോളനികള്‍, വളകോടിച്ചതുപ്പ് ചേരമര്‍ കോളനി അവയ്ക്കിടയില്‍ ഒറ്റപ്പെട്ട ഇതര വഭാഗം എന്നിവയും ഉള്‍പ്പെടും. സാംബവസമുദായാചര്യനും ചരിത്രപുരുഷനുമായ കാവാരികുളം കണ്ഠന്കുമാരന് 1825 ല്‍ പെരുമ്പെട്ടി ഗ്രാമത്തിലാണ് പിറന്നത്. അദ്ദേഹത്തിന്റെ ജന്മഭൂമിക്ക് ഇന്നും പട്ടയം ലഭിച്ചിട്ടില്ലെന്ന് സമര സമിതി ചൂണ്ടിക്കാട്ടുന്നു. 1977 ന് മുന്‍പുള്ള കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്കാന് മേളകള്‍ നടത്തുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇവരെ അവഗണിക്കുന്ന എന്നാണ് ഇവരുടെ ചോദ്യം. വനമാഫിയയുടെ ഇടപെടലും അവരെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന തിരിമറികളുമാണ് ഈ പട്ടയ നിഷേധത്തിന് കാരണമെന്ന് അവര്‍ ആരോപിക്കുന്നു.
യഥാര്‍ത്ഥ വനഭൂമിസംരക്ഷിച്ചുകൊണ്ട് വനത്തിനു പുറത്തു വസിച്ചുപോരുന്ന കര്‍ഷകര്‍ക്കു പട്ടയം എന്ന ആവശ്യമാണ് സമരസമിതി മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറയുന്നു. എരുമേലി ചെറുവള്ളി വിമാനത്താവളം പരിഗണിച്ചുതുടങ്ങിയതോടെ റിയല്‍ എസ്റ്റേറ്റ് ലോബിക്ക് ഈ പ്രദേശത്തില്‍ താല്പര്യമേറി. 7000 ഏക്കര്‍ വനഭൂമിയും റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളും പാറമടലോബിയും പിടിമുറുക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സംരക്ഷിതവനം സ്വകാര്യവ്യക്തികളിലേക്ക്
പൊന്തന്‍പുഴയിലെ സംരക്ഷിതവനഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി വിധി വന്നത്. (MSA.1/1981). വര്‍ഷങ്ങളായുള്ള അവകാശത്തര്ക്കള്ക്ക് തീര്‍പ്പ് കല്പിച്ചതായിരുന്നു ആ വിധി. കാഞ്ഞിരപ്പള്ളി, റാന്നി നിയോജകമണ്ഡലങ്ങളില്‍പ്പെട്ട ആലപ്ര, വലിയകാവ് റിസര്‍വുകളാണ് ഈ വിധിയുടെ പരിധിയില്‍ വരിക. ഹൈക്കോടതി ഉത്തരവ് പ്രകാരം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള, ജൈവസമ്പത്തുകളാല്‍ സമ്പുഷ്ടമായ ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്.
വനഭൂമിയുടെയും വനാതിര്‍ത്തിയില്‍ കഴിയുന്ന കൈവശക്കാരുടെയും ഭൂമിയുടെ സര്‍വേ നമ്പര്‍ ഒന്നു തന്നെയാണെന്നതാണ് പ്രധാന പ്രശനം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള റീസര്‍വെ നടപടികള്‍ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. അതുകൊണ്ടുതന്നെ താമസക്കാരുടെ അവകാശങ്ങള്‍ സാധൂകരിച്ചെടുക്കുന്നതിന് സാധിച്ചില്ല.
വനത്തിനിടയിലെ വളകോടി, നെടുമ്പ്രം ഭാഗത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ കുടുംബത്തിനു 50 സെന്റുണ്ടായിരുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു. പിന്നീട് അത് വീതംവച്ചുവന്നപ്പോള് ഏഴും മൂന്നു സെന്റിനുമായി പരിമിതപ്പെട്ടു. പഞ്ചായത്തില്‍ നിന്ന് കൈവശവകാശ രേഖ വനം പുറമ്പോക്കെന്ന് രേഖപ്പെടുത്തി നല്‍കും. 1977ന് മുമ്പ് കൈവശം വെക്കുന്നവര്‍ക്ക് കൂടി പട്ടയം അനുവദിച്ചില്ലെന്നതാണ് അവരുടെ പ്രധാന ആക്ഷേപം.
1753ല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രത്യുപകാരമായി എഴുമറ്റൂര്‍ നൈതല്ലൂര്‍ കൈപ്പുഴ കോവിലകത്തിന് നല്‍കിയതാണ് പൊന്തന്‍പുഴ എന്നാണ് രേഖകള്‍. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് ചെമ്പ് പട്ടയത്തില്‍ നീട്ട് ഹൈക്കോടതിയും ആധാരമാക്കി. 1906ല്‍ ദിവാന് മാധവറാവു പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിച്ചു. 1891-ലെ വനനിയമ പ്രകാരം തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട ആറേമുക്കാല്‍ ചതുരശ്ര മൈല്‍ സ്ഥലം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാന്‍ വിജ്ഞാപനമുണ്ടായി. 1904-ല്‍ കറിക്കാട്ടൂരും 1905-ല്‍ വലിയകാവും 1906-ല്‍ ആലപ്രയും റിസര്‍വായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന കാലം മുതല്‍ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളും തുടങ്ങി. പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം 1959ല്‍ സര്‍ക്കാര്‍ പുനര്‍വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. 1904-ല്‍ എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോവിലകം മാത്രമാണ് അവകാശവാദം ഉന്നയിച്ചതെങ്കില്‍ 1959ന് ശേഷം കൂടുതല്‍ പേര് അവകാശവാദവുമായി വന്നു. വിവിധ ഘട്ടങ്ങളില്‍ ഈ തര്‍ക്കം കോടതിയ കയറി. കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി വനഭൂമി കിട്ടുന്ന സാഹചര്യം സൃഷ്ടിച്ചു. 1979ല്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായെങ്കിലും പിന്നീടുണ്ടായ നടപടികളില്‍ സര്‍ക്കാരിന് ഉടമസ്ഥാവാകം ഉറപ്പിക്കാനായില്ല. വനഭൂമിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന കോടതി വിധിയാണ് സര്‍ക്കാര്‍ ഒടുവില്‍ നേരിട്ട തിരിച്ചടി. ഇതോടെ ഭൂമിയുടെ അവകാശം സ്വകാര്യ വ്യക്തികളുടേതായി മാറി. എന്നാല്‍, ആ സ്ഥലത്ത് വര്‍ഷങ്ങായി താമസിക്കുന്ന കുടുംബങ്ങള്‍ ഈ അവകാശത്തിന്റെ പുറത്തുമായി.
ഭൂമി സംബന്ധിച്ച അവകാശ തര്‍ക്കം നിലനിര്‍ക്കെ തന്നെ അതുവരെ ഭൂമിയുടെ അവകാശം ഉന്നയിച്ചിരുന്ന ട്രസ്റ്റുകള്‍ അത് പലര്‍ക്കായി വീതം വെച്ചു നല്‍കുകയും മറിച്ചു വില്‍ക്കുകയും ചെയ്തു. തര്‍ക്കമുള്ള ഭൂമി എങ്ങനെ വില്‍ക്കുമെന്ന സമര സമിതിയുടെ ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു. രഹസ്യഇടപാടുകള്ക്ക് റവന്യൂവകുപ്പും രജിസ്ട്രേഷന് വകുപ്പും വഴിവിട്ട സഹായം ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ വിമര്‍ശനം. വനം വകുപ്പിന്റെ കൂടി അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നുകൂടി അവര്‍ ആരോപിക്കുന്നു.
ക്വാറി ഉടമകളുടെ ലക്ഷ്യം
അവകാശം ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിയാതായതോടെ ക്വാറി നടത്തിപ്പുകാര്‍ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി. കൂട്ടുപാറ, നാഗപ്പാറ, ആവോലിമല എന്നിങ്ങനെ ക്വാറി ഉടമകള്‍ നോട്ടമിടുന്ന സ്ഥലങ്ങള്‍ ഏറെയുണ്ട് ഇതിനുള്ളില്‍. സര്‍ക്കാരിന്റെ നിയന്ത്രണം പാടെ ഇല്ലാതാകുന്ന ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇഷ്ടാനുസരണം മാറ്റവരുത്താനുള്ള അനുമതി കൂടി ലഭിച്ചാല്‍ വലിയ പാരിസ്ഥിതിക ആഘാതത്തിന് അത് വഴിയൊരുക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!