അറക്കാപ്പ് കോളനിവാസികളുടെ ദുരിത ജീവിതത്തോട് കണ്ണടച്ച് രാഷ്ട്രീയ നേതൃത്വം, 'ദുരിത ഭൂമിയിലേക്ക് ഇനി പോകില്ല'
ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താല്‍ക്കാലികമായി താമസിപ്പിച്ചിട്ടുള്ള 13 കുടുംബങ്ങള്‍. എപ്പോള്‍ വേണമെങ്കിലും പെരുവഴിയിലേക്ക് ഇവര്‍ ഇറക്കിവിടപ്പെട്ടേക്കാം
'രാപ്പകല്‍ പീഡകള്‍ അനുഭവിച്ച് മടുത്തിട്ടാണ് ഞങ്ങള്‍ ഇറങ്ങിപ്പോന്നത്. ഇനി അവിടെ നിന്നാല്‍ ജീവന് പോലും തിരികെ കിട്ടില്ല. ഞങ്ങളുടേത് പോട്ടെ, ഞങ്ങടെ മക്കളുടെ, കുഞ്ഞുങ്ങളുടെ ജീവനെങ്കിലും രക്ഷിക്കേണ്ടേ? ഇനിയും ഞങ്ങളോട് അങ്ങോട്ട് പോവാന്‍ പറയരുത്. ഞങ്ങളുടെ ജീവനും ജീവനാണ്.'
നിസ്സഹായതകള്‍ക്കിടയിലും അറാക്കപ്പ് ഊരുമൂപ്പന് തങ്കപ്പന് പഞ്ചന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.
തൃശൂര്‍ ജില്ലയിലെ അറാക്കാപ്പ് ആദിവാസി കോളനിയില്‍ നിന്ന് ജീവനും കയ്യില്‍ പിടിച്ച് കൈക്കുഞ്ഞങ്ങള് ഉള്‍പ്പെടെയുള്ളവരുമായി എത്തിയവര്‍. ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താല്‍ക്കാലികമായി താമസിപ്പിച്ചിട്ടുള്ള 13 കുടുംബങ്ങള്‍. എപ്പോള്‍ വേണമെങ്കിലും പെരുവഴിയിലേക്ക് ഇവര്‍ ഇറക്കിവിടപ്പെട്ടേക്കാം. ഹോസ്റ്റല്‍ ഒഴിയണമെന്ന നോട്ടീസും ഇവര്‍ക്ക് ലഭിച്ചു. എന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും വരെ ഹോസ്റ്റലില്‍ നിന്ന് ഒഴിയില്ല എന്നാണ് ആദിവാസി കുടുംബങ്ങളുടെ നിലപാട്. പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും കയ്യൊഴിഞ്ഞെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ ചെറുത്തുനില്‍പ്പ് തുടരുമെന്നും കുടുംബങ്ങള്‍ പറയുന്നു.

'ഇനി ആ ദുരിത ഭൂമിയിലേക്കില്ല'
തൃശൂര്‍ ജില്ലയിലെ അറാക്കാപ്പ് ആദിവാസിക്കോളനി, കേരളത്തിലെ ദുരിതമനുഭവിക്കുന്ന ആദിവാസിക്കോളനികളില്‍ പ്രഥമ സ്ഥാനത്തുള്ള കോളനി. പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തുള്ള കോളനിയില്‍ മനുഷ്യര്‍ വര്‍ഷങ്ങളായി അതിജീവനത്തിനായി പോരാടുകയാണ്. വനത്തിനുള്ളില്‍ അമ്പത് വര്‍ഷത്തിന് മുകളില്‍ സ്ഥിരതാമസമാക്കിയ അറുപതിലധികം കുടുംബങ്ങള്‍. മാന്നാന്, മുതുവാന്‍, ഉള്ളാട തുടങ്ങിയ ഗോത്രസമൂഹങ്ങളിലെ നാല്‍പ്പത്തിയഞ്ചിലധികം കുടുംബങ്ങളാണ് കൂടുതലും പ്രദേശത്ത് താമസിക്കുന്നത്.
മുമ്പ് ഇടുക്കി ജില്ലയുടേയും പിന്നീട് എറണാകുളം ജില്ലയുടെയും ഭാഗമായിരുന്ന അറാക്കാപ്പ് തൃശൂര്‍ ജില്ലയുടെ ഭാഗമായിട്ട് അധിക കാലമായിട്ടില്ല. അവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ വാടാട്ടുപാറയിലോ മലക്കപ്പാറയിലോ പോണം. ഈ രണ്ട് സ്ഥലത്തേക്കും വാഹനസൗകര്യങ്ങള്‍ ഇല്ല. മണിക്കൂറുകളോളം നടന്ന് മലയിറങ്ങി, കപ്പായത്ത് നിന്ന് 28 കിലോമീറ്ററോളം ഇല്ലികള്‍ കൂട്ടിക്കെട്ടിയ ചങ്ങാടം തുഴഞ്ഞും, വനത്തിലൂടെ നടന്നും ഏകദേശം അഞ്ച് മണിക്കൂര്‍ സമയമെടുത്ത് വേണം വടാട്ടുപാറയിലെത്താന്. വടാട്ടുപാറയില്‍ നിന്ന് അറാക്കാപ്പ് ഊര് വരെ മൂന്നര കിലോമീറ്റര്‍ കുത്തനെയുള്ള ഇറക്കമാണ്. ശരിയായ വഴിപോലും ഇല്ല. വന്യമൃഗങ്ങളുള്ള കൊടുംകാട്ടിലൂടെ നാല് മണിക്കൂറിലധികം നടന്നാലേ മലക്കപ്പാറയിലെത്തൂ. വന്യജീവികളുടെ ആക്രമണം ഭയന്നാണ് ഓരോ നിമിഷവും കഴിയുന്നത്. ആനകളും പുലിയും കരടികളും എല്ലാമുള്ള വഴികളിലൂടെ നടന്ന് വേണം ഇവര്‍ക്ക് അവശ്യ സാധനങ്ങളുമായി ഊരിലെത്താന്‍. 2019ല്‍ പുലിയുടെ ആക്രമണത്തില്‍ ഒരു സ്ത്രീയുടെ ജീവന് നഷ്ടമായി. കൃഷിയാണ് ഇവരുടെ പ്രധന ഉപജീവനമാര്‍ഗം. എന്നാല്‍ വന്യജീവി ആക്രമണം മൂലം പലപ്പോഴും കൃഷി നഷ്ടമായി അവസാനിക്കുന്നു.
അസുഖം വന്നാല്‍ ചികിത്സ പോലും നിഷേധിക്കപ്പെടുന്നു. 88 കിലോമീറ്റര്‍ സഞ്ചരിച്ച് ചാലക്കുടിയില്‍ എത്തിയാല്‍ മാത്രമേ ആശുപത്രി സൗകര്യങ്ങളുള്ളൂ. ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിക്കണമെങ്കില്‍ രോഗിയെ മണിക്കൂറുകളോളം ചുമന്ന് നടക്കണം. രോഗിയായവരെ ചാക്കില്‍ കിടത്തി കമ്പുകളില്‍ കൂട്ടിക്കെട്ടി ചുമന്ന് നാല് മണിക്കൂറുകളോളം നടന്നാല്‍ മാത്രമേ വാഹന സൗകര്യമുള്ള റോഡാവൂ. കൊടുംവനത്തിലൂടെയുള്ള യാത്രയില്‍ വന്യജീവികള്‍ ആക്രമിച്ച അനുഭവങ്ങളുമുണ്ട്. പിന്നെയും ഒന്നര മണിക്കൂര്‍ പോയാലേ ചാലക്കുടി ആശുപത്രിയിലെത്തൂ. സമയത്ത് ചികിത്സ ലഭിക്കാതെ പലരും മരിച്ചു. മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇങ്ങനെ മരിച്ചിട്ടുണ്ട്. പല സ്ത്രീകളും മലയിറക്കങ്ങളില്‍ വഴിയില്‍ പ്രസവിച്ചു.
'സ്കൂളില്ല, അങ്കന്വാടിയില്ല, വഴിയില്ല, സുരക്ഷിതമായ വീടില്ല, ആശുപത്രിയില്ല...വനജീവികളുടെ ആക്രമണം പേടിച്ച് ഉറങ്ങാത്ത ദിവസങ്ങളാണ് അധികവും. അങ്ങനെയൊരു സ്ഥലത്ത് ഇത്രയും കാലം ഞങ്ങള്‍ പിടിച്ചുനിന്നു. സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്പ്പിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഇതിനായി വര്‍ഷങ്ങളോളം ഓരോ ഓഫീസുകള്‍ കയറിയിറങ്ങി. എന്നിട്ടും രക്ഷയുണ്ടായില്ല.' തങ്കപ്പന് മൂപ്പന് പറയുന്നു.
ഈ സാഹചര്യങ്ങളോടെല്ലാം ഏറ്റുമുട്ടി കഴിയുന്നതിനിടയിലാണ് 2018 മുതല്‍ ഇവരുടെ ഉറക്കം കെടുത്തി ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാവുന്നത്. 2018 പ്രളയകാലം മുതല്‍ പ്രദേശത്ത് നിരന്തരം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും ഉണ്ടാവുന്നു. ഇതോടെ ഊരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. മലവെള്ളത്തിലും മണ്ണ് വീണും കൃഷിയും കൃഷിഭൂമിയും നശിക്കുക പതിവായി. നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. 2019ലും മണ്ണിടിച്ചിലില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ഇതിനുള്ള നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി വീണ്ടും അറാക്കാപ്പ് കോളനി നിവാസികള്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതിലും തീരുമാനമായില്ല. 'മണ്ണിടിച്ചിലോടിടിച്ചില് ആണ്. കുറേ കൃഷിസ്ഥലങ്ങള്‍ പോയി, വീട് പോയി. കഴിഞ്ഞ ദിവസവും ഉരുള്‍പൊട്ടലുണ്ടായി. ഒരു രാത്രി ഉറങ്ങി എണീക്കുമ്പോള്‍ വീടും ഞങ്ങളും കുഞ്ഞുങ്ങളും ഉണ്ടോ എന്ന് പോലും ഉറപ്പില്ല. അങ്ങനെയൊരു അവസ്ഥയില്‍ അവിടെ എങ്ങനെ നില്‍ക്കാനാണ്? എല്ലാം അനുഭവിച്ച് ഒരു നിവൃത്തിയുമില്ലാതെ മടുത്തിട്ട് ഇറങ്ങിപ്പോന്നവരാണ് ഞങ്ങള്‍. ഇനി അവിടെ താമസിക്കില്ല എന്നുറപ്പിച്ചാണ് മലയിറങ്ങിയതും. രായ്ക്ക്രാമാനം പിള്ളേരേം എടുത്ത് എടുക്കാന്‍ പറ്റുന്ന തുണികളും പേപ്പറുകളും എടുത്ത് ഇറങ്ങിപ്പോന്നു. ഇനി ആ ഊരിലേക്ക് തിരിച്ച് പോവാന്‍ ഞങ്ങളോട് പറയണ്ട. ഞങ്ങള്‍ പോവില്ല.'
ഇടമലയാറിലേക്ക്
ജീവന്റെ നിലനില്‍പ്പ് അപകടത്തിലായതിന് പുറമെ തൊഴിലും ഇല്ലാതായപ്പോഴാണ് 13 കുടുംബങ്ങള്‍ മലയിറങ്ങുന്നത്. നേരെ ഇടമലയാറിലേക്ക്. രണ്ട് വയസ്സുള്ള കൈക്കുഞ്ഞുള്‍പ്പെടെ 39 പേരടങ്ങുന്ന സംഘത്തിന് ഇടമലയാറിലേക്കുള്ള യാത്ര അത്ര സുഗമമായിരുന്നില്ല. അത്യാവശ്യം ജീവിക്കാന്‍ വേണ്ടതെല്ലാം കെട്ടിപ്പെറുക്കി രാത്രിയില്‍ വനപാതയിലൂടെ ജീവന് പണയം വച്ച് നടന്നു. പിന്നെ ഈറ്റ ചങ്ങാടത്തില്‍ 28 കിലോമീറ്റര്‍ സഞ്ചരിച്ച് ഇടമലയാറില്‍ എത്തി. അതിസാഹസികമായ യാത്ര മണിക്കൂറുകളും ദിവസങ്ങളും എടുത്താണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. വൈശാലി ഗുഹയ്ക്ക് സമീപം എത്തി യാത്ര നിര്‍ത്തി.
കഴിഞ്ഞ ജൂലൈ നാലിന് വൈശാലി ഗുഹയ്ക്ക് 100 മീറ്റര്‍ അകലെയുള്ള വനഭൂമിയില്‍ കുടില്‍കെട്ടി താമസമാരംഭിക്കാനൊരുങ്ങിയ അറാക്കപ്പുകാരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇവരോട് തിരികെപ്പോകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷിതമായ താമസ സ്ഥലം കിട്ടുന്നത് വരെ തിരികെ പോവില്ല എന്ന നിലപാടില്‍ കോളനിവാസികള്‍ ഉറച്ചുനിന്നു. സംഘര്‍ഷാവസ്ഥയിലേക്ക് സ്ഥിതകള്‍ മാറി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം വിഷയത്തില്‍ ഇടപെട്ടു. പിന്നീട് പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബങ്ങളെ ഇടമലയാര്‍ ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മാറ്റി. കോവിഡ് സാഹചര്യത്തില്‍ കുട്ടികളില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു ഹോസ്റ്റല്‍. ഇതിനിടെ അറാക്കപ്പ് നിവാസികള്‍ തങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തു. മന്ത്രിമാര്‍ക്കും, ജില്ലാ ഭരണാധികാരികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചു. മന്ത്രിമാരെ നേരില്‍ പോയി കണ്ടു. എന്നാല്‍ നടപടികളുണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് അറിയിച്ച് നടപടികള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ പറഞ്ഞു. എ്ന്നാല്‍ അതില്‍ പ്രതീക്ഷയില്ലാതെ കഴിയുകയാണ് അറാക്കപ്പുകാര്.
ഹോസ്റ്റല്‍ ഒഴിയണം
സ്കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് ഇവര്‍ക്ക് നോട്ടീസ് നല്കി. വനത്തില്‍ അനധികൃതമായി കുടില്‍കെട്ടി താമസിക്കാന്‍ ശ്രമിച്ചവരെ വനഭൂമി കയ്യേറാന്‍ ശ്രമിച്ചതിനുള്ള നിയമനടപിടകളില് നിന്ന് ഒഴിവാക്കുകയും ഈ ദിവസങ്ങളില്‍ ഹോസ്റ്റലില്‍ താമസിപ്പിക്കുകയും ഭക്ഷ്യധാന്യങ്ങളും ചികിത്സാസൗകര്യങ്ങളും എത്തിച്ചുനല്‍കുകയും ചെയ്തു, എന്നാല്‍ 46 അന്തേവാസികളും ഹോസ്റ്റലിലേക്ക് തിരികെ എത്തുന്ന സാഹചര്യത്തില്‍ ഇവിടെ നിന്നും ഒഴിയണമെന്നാണ് പട്ടികവര്‍ഗ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
' എന്നാല്‍ എവിടേക്ക് പോവും? അതവര് പറയുന്നില്ല.' കുടുംബാംഗങ്ങളില്‍ ഒരാളായ റാണി പറയുന്നു. ' കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പോലും വഴിയില്ലാതെ ഇവിടെ വന്ന് കിടക്കുകയാണ്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ഉപദ്രവം ഉണ്ടാക്കണമെന്ന് ഞങ്ങള്‍ക്ക് ഒരിക്കലുമില്ല. എന്നാല്‍ ഞങ്ങള്‍ ഇവിടെ നിന്ന് പോവണമെന്ന് പറയുന്നവര്‍ ഒരു സ്ഥലവുംകൂടി കാണിച്ച് തരുവാണെങ്കില്‍ മാത്രമേ ഞങ്ങള്‍ ഞങ്ങള്‍ ഇവിടെ നിന്ന് ഇറങ്ങുവൊള്ളൂ. അത് എല്ലാ ഉദ്യോഗസ്ഥരേയും അധികാരകളേയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രനാളായി ഇവിടെ താമസിച്ചിട്ടും ഇതുവരെ ഒരു ചര്‍ച്ചക്ക് പോലും വിളിച്ചിട്ടില്ല. അങ്ങനെ ഒഴിവാക്കപ്പെടണ്ടവരാണോ ഞങ്ങള്‍? വലിയ വീടൊന്നും വേണ്ട, ഒരു കുടില്‍ വക്കാനുള്ള സ്ഥലം കാണിച്ചു തന്നാല്‍ മതി.' റാണി പറഞ്ഞു.
നവംബര്‍ ഒന്നിന് മുമ്പ് ഹോസ്റ്റലില്‍ നിന്ന് ഒഴിയണമെന്നാണ് നിര്‍ദ്ദേശം. പിണവര്ക്കുടിക്ക് പോവുന്ന വഴിക്ക് കുട്ടമ്പുഴ തണ്ടത്തറ കോളനിയില്‍ ആദിവസികള്‍ക്ക് നല്‍കാനായി സ്ഥലം അളന്നുതിരിച്ചിട്ടുണ്ട്. ഇവിടെ തങ്ങള്‍ക്കും സ്ഥലം നല്കി പുനരധിവസിപ്പിക്കണമെന്നതാണ് അറാക്കപ്പുകാരുടെ ആവശ്യം. 'തൃശൂര്‍ ജില്ലയിലേക്ക് മാറിയാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തൃശൂരില്‍ ഇങ്ങനെയൊരു കോളനി ഉണ്ടെന്ന് തന്നെ പലരും അറിഞ്ഞത് ഞങ്ങള്‍ ഇടമലയാറിലെത്തിയപ്പോഴാണ്. വൈദ്യുതി കിട്ടിയതല്ലാതെ ഇന്നേവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടുമില്ല. അതിനാല്‍ അറാക്കപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിത്തരാം എന്നുപറഞ്ഞ് ഞങ്ങളെ ഇനിയും കബളിപ്പിക്കാനാവില്ല. ഭൂമി നല്‍കുന്നത് വരെ താല്‍ക്കാലികമായി താമസിക്കാനുള്ള സൗകര്യവും ഞങ്ങള്‍ക്ക് ചെയ്തുതരണം.'തങ്കപ്പന് മൂപ്പന് കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെപ്പോലെ ജീവിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് അറാക്കപ്പുകാര് ആവശ്യപ്പെടുന്നത്. അടച്ചുറപ്പുള്ള വീട്, കുട്ടികളുടെ വിദ്യഭ്യാസം, പ്രകൃതിക്ഷോഭത്തേയും വന്യജീവികളേയും പേടിക്കാതെ ഒരു ജീവിതം, സമയത്ത് ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇതെല്ലാം തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഇവര്‍ പറയുന്നു. വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ ചികിത്സലഭിക്കാതെ കുഞ്ഞുങ്ങളടക്കം മരണപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പ്രീതാഷാജിയുടെ 25 കൊല്ലത്തെ ജീവിതം അഥവാ രണ്ടുലക്ഷം രൂപയുടെ ജാമ്യം നിന്ന കഥ
മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം കേരളം തലകുനിച്ചിട്ട് ഒരാണ്ട്
പ്രളയത്തിന് ശേഷമുളള കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പോ? ഇടുക്കിയിലും വയനാട്ടിലുമായി ജീവനൊടുക്കിയത് 14പേര്
മലയാളി ആണുങ്ങളുടെ മുട്ടുവിറപ്പിച്ച പെണ്ണുങ്ങള്