അസമയത്തെ 'കറക്കം' നിര്‍ത്താന്‍ ഞങ്ങളുടെ ബിസിനസ് തകര്‍ക്കണോ? പൊലീസിനോട് ടര്‍ഫ് ഉടമകള്‍ ചോദിക്കുന്നു
കേരളത്തില്‍ നിലവില്‍ ഏകദേശം 500 ടര്‍ഫുകളുണ്ട്. ഒരു ദിവസം ഇരുപത്തിയ്യായിരം പേരെങ്കിലും ടര്‍ഫുകളില്‍ കളിക്കുന്നുണ്ട്.
ഫുട്ബോള്‍ ടര്‍ഫുകള്‍ രാത്രി പത്തുമണിക്കുശേഷം പ്രവര്‍ത്തിക്കരുതെന്ന പൊലീസ് ഉത്തരവിനെതിരേ ടര്‍ഫ് ഉടമകള്‍ പ്രതിഷേധത്തില്‍. ടര്‍ഫില്‍ കളിക്കാനെന്ന പേരില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നിറങ്ങി അസമയത്ത് ടൗണില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു നിയന്ത്രണമെന്നാണ് പൊലീസ് പറയുന്നത്. പത്ത് മണി കഴിഞ്ഞ് ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചാല്‍ നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു വയനാട് ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് തങ്ങളുടെ വ്യവസായത്തെ തകര്‍ക്കുമെന്നാണ് ഉടമകള്‍ പറയുന്നത്
'സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ചുപോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ അസമയത്തും ടൗണില്‍ കറങ്ങി നടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകള്‍ രാത്രി പത്തുമണിക്കുശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും'. പൊലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

ലോക് ഡൗണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട തങ്ങളെ കൂടുതല്‍ തകര്‍ക്കുന്നതാണ് വയനാട് ജില്ല പൊലീസിന്റെ ഉത്തരവ് എന്നാണ് വയനാട്ടിലും മറ്റ് ജില്ലകളിലുമുള്ള ടര്‍ഫ് ഉടമസ്ഥര്‍ പറയുന്നത്.
' ലോക് ഡൗണ്‍ ഇളവുകളില്‍ മറ്റ് ജില്ലകളില്‍ ടര്‍ഫുകള്‍ ഭാഗകമായി തുറക്കാന്‍ അനുമതി കൊടുത്തപ്പോഴും വയനാട്ടിലെ ടര്‍ഫുകള്‍ പൂര്‍ണമായി തന്നെ അടഞ്ഞു കിടക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് നഷ്ടം വന്നിരിക്കുന്നത്. സാധാരണ രാത്രി എഴു മുതല്‍ പന്ത്രണ്ട് വരെയുള്ള സമയാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. പത്ത് മണിക്ക് അടയ്ക്കേണ്ടി വന്നാല്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ആ സമയത്ത് ബുക്കിംഗും വളരെ കുറവായിരിക്കും. ബിസിനസ് മുന്നോട്ടു പോകാന്‍ കഴിയില്ല. കല്‍പ്പറ്റയിലെ മര്ക്ക അരീന ഫുട്ബള്‍ ടര്‍ഫ് ഉടമ റഫീക്ക് പറഞ്ഞു
ജോലിക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരാണ് ടര്‍ഫില്‍ കളിക്കാന്‍ രാത്രി സമയങ്ങള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച്ചകളിലോ ഞായറാഴ്ച്ചകളിലോ ആണ് കൂടുതലായും വരുന്നത്. അവര്‍ തെരഞ്ഞെടുക്കുന്നത് വൈകുന്നേരം സമയമാണെന്നും ഇദ്ദേഹം പറയുന്നു
കേരളത്തില്‍ നിലവില്‍ ഏകദേശം 500 ടര്‍ഫുകളുണ്ട്. പത്തുപേര്‍ അടങ്ങുന്ന സംഘങ്ങള്‍ മാറി മാറി അഞ്ച് സെഷനുകളെങ്കിലും ഒരു ടര്‍ഫില്‍ കളിക്കുന്നതായി കണക്കാക്കിയല്‍ ഒരു ദിവസം ഇരുപത്തിയ്യായിരം പേരെങ്കിലും കേരളത്തില്‍ ടര്‍ഫുകളില്‍ കളിക്കുന്നുണ്ട്. എല്ലാ നഗരങ്ങളിലും തന്നെ ഇപ്പോള്‍ ഫുട്ബോള്‍ ടര്‍ഫുകളുണ്ട്. കായിക പരിശീലനത്തിനും വിനോദത്തിനായും ആളുകള്‍ ടര്‍ഫുകള്‍ ഉപയോഗിക്കുന്നു. ഹോക്കി പരിശീലനത്തിന് സൗകര്യം വളരെ കുറവായ കേരളത്തില്‍ ഫുട്ബോള്‍ ടര്‍ഫുകള്‍ ഹോക്കി താരങ്ങള്‍ക്കും അനുഗ്രഹമായിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ടര്‍ഫുകള്‍ ബുക്ക് ചെയ്ത് വരുന്ന കാഴ്ച്ചകളും ഏറെയാണ്. പലതരത്തില്‍ കേരളത്തിന്റെ കായിക സംസ്കാരത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടര്‍ഫുകളുണ്ട്. ഐ ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാത്രി പന്ത്രണ്ട് മണിക്കുശേഷവും പുലര്‍ച്ചെയുള്ള സമയങ്ങളിലും ടര്‍ഫുകള്‍ ഉപയോഗിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും സൗകര്യപ്രദമായ ഒരു ഇടം എന്ന നിലയിലും ടര്‍ഫുകള്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്ന് ഉടമകള്‍ പറയുന്നു. കുട്ടികള്‍ വഴിതെറ്റുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം. അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയും വേണം. എന്നാല്‍ ടര്‍ഫും രാത്രികാല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തമ്മില്‍ യാതൊരു ബന്ധവും സ്ഥാപിക്കാന്‍ കഴിയാതെ നടത്തുന്ന നിയന്ത്രണങ്ങള്‍ ഒരു വ്യവസായത്തെ തന്നെ തകര്ക്കുന്നതാകുമെന്നാണ് ഉടമകളുടെ ആശങ്ക.
ടര്‍ഫ് ഉടമകള്‍ പരാതി ഉയര്‍ത്തുമ്പോഴും നിയന്ത്രണം ആവശ്യമാണെന്ന നിലപാടില്‍ നില്‍ക്കുകയാണ് വയനാട് ജില്ല പൊലീസ് മേധാവി. കുറ്റകൃത്യങ്ങള്‍ തടയാനാണ് ഇങ്ങനെയൊരു നടപടിയെടുത്തത് എന്നാണ് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് സുരക്ഷ ശക്തമാക്കിയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കിയുമാണ് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതെന്നും പൊലീസ് മേധാവി പറയുന്നു. എന്നാല്‍ ടര്‍ഫില്‍ കളിക്കുന്നവരുമായി ബന്ധപ്പെട്ടാണോ കുറ്റകൃത്യങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഇതുവരെ പൊലീസ് അധികൃതര്‍ മറുപടിയും പറഞ്ഞിട്ടില്ല. ടര്‍ഫ് കേന്ദ്രീകരിച്ച് കളിക്കുന്നവ കാരണക്കാരായ കുറ്റകൃത്യങ്ങളുടെ സ്ഥിതി വിവര കണക്ക് പോലും ലഭ്യമല്ല. മറ്റ് ജോലിത്തിരക്കില്‍ മതിയായ ശാരീരിക വ്യായായം ലഭിക്കാതെ പോകുന്നവര്‍ക്ക അതിനുതകും വിധത്തിലുള്ള മറ്റൊരു ബദല്‍ സംവിധാനം സജീവമാകുന്ന ഘട്ടത്തിലാണ് പൊലീസിന്റെ ഈ നിയന്ത്രണങ്ങള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!