ശമ്പള കമ്മിഷന് ശുപാര്‍ശ: ആശ്വാസം ജീവനക്കാര്‍ക്കോ തൊഴില്‍ രഹിതര്ക്കോ?
വിരമിക്കല്‍ പ്രായം നീട്ടുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കുകയെന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയവെല്ലുവിളി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും 10 ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത 11 ാം ശമ്പള പരിഷ്കരണ കമ്മിഷന് സര്‍ക്കാരിന് സമര്‍പ്പിച്ചത് കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്ന ഘട്ടത്തിലാണ്. കൊവിഡ് കാലത്ത് സാമ്പത്തിക ഞെരുക്കം സര്‍ക്കാര്‍ നേരിട്ട ഘട്ടത്തില്‍ സാലറി ചലഞ്ച് ഉള്‍പ്പടെ ശമ്പളം പിടിച്ചുവാങ്ങി ചെലവിനുള്ള വക കണ്ടെത്താന്‍ ശ്രമിച്ച സര്‍ക്കാരിന്റെ മുന്നിലേക്കാണ് ശമ്പള കമ്മിഷന് ശുപാര്‍ശയും എത്തുന്നത്. പിടിച്ചുവെച്ച ശമ്പളം പുനസ്ഥാപിച്ചുകൊണ്ട് ജീവനക്കാരെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് ഒരു ചുവട് കൂടി വെക്കാന്‍ കഴിയുന്നതാണ് ശമ്പള കമ്മിഷന് ശുപാര്‍ശ.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ കൂട്ടുന്നതിനൊപ്പം ഉയര്‍ന്നുവന്ന ചോദ്യമായിരുന്നു വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കും എന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും ശമ്പള കമ്മിഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനത്തിന് പ്രസക്തിയേറെയുണ്ട്. വിരമിക്കല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിവെക്കണം എന്നതാണ് ശമ്പള കമ്മിഷന്റെ ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യത്തിനായി ബജറ്റില്‍ അടുത്ത വര്‍ഷത്തേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത് 5,700 കോടി രൂപയാണ്. അത് നീട്ടിവെക്കുകയാണെങ്കില്‍ അടുത്ത വര്‍ഷത്തെ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയില്‍ അത്രയും തുകയുടെ ആശ്വാസം കണ്ടെത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകേണ്ടത് സര്‍ക്കാരില്‍നിന്നാണ്. രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ ഏറെയുണ്ടാക്കുന്ന ഒന്നായതിനാല്‍ കരുതലോടെ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയും ആക്കാനാണ് കമ്മീഷന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. 2019 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് നടപ്പാക്കണം എന്നും കമ്മിഷന് നിര്‍ദേശിച്ചു. മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ ഏപ്രില്‍ ഒന്നുമതുല്‍ ഇത് പ്രാബല്യത്തില്‍ വരും. 4810 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഇതുവഴിയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ശമ്പള കമ്മിഷന് അധ്യക്ഷന്‍ മുന്‍ കേന്ദ്ര കാബിനെറ്റ് സെക്രട്ടറി കെ മോഹന്‍ദാസ് വ്യക്തമാക്കിയത്.
പ്രധാന ശുപാര്‍ശകള്‍ ഇങ്ങനെ:
- കുറഞ്ഞ അടിസ്ഥാന ശമ്പളം 16500ല്‍നിന്ന് 23,000 ആയി ഉയര്‍ത്തണം
- കൂടിയ അടിസ്ഥാന ശമ്പളം 1.20 ലക്ഷത്തില്‍നിന്ന് 1,66,000 ആയി ഉയര്‍ത്തണം
- അടിസ്ഥാന ശമ്പളത്തിനൊപ്പം 2020 വരെയുള്ള 28 ശതമാനം ക്ഷാമബത്തയും ലയിപ്പിച്ച് 10 ശതമാനം വര്‍ധിപ്പിച്ച ശമ്പളം നിശ്ചയിക്കണം.
- വാര്‍ഷിക ഇന്‍ക്രിമെന്റ് വര്‍ധന കുറഞ്ഞത് 700 രൂപയും കൂടിയത് 3400 രൂപയും ആയിരിക്കണം.
- കുറഞ്ഞ പെന്ഷന് 11500 രൂപയും കൂടിയത് 83,400 രൂപയുമാക്കണം.
- കുറഞ്ഞ കുടുംബ പെന്ഷന് 11,500 രൂപയും കൂടിയത് 50,040 ആയിരിക്കണം
- മറ്റ് അലവന്‍സുകളില്‍ 10 ശതമാനം വര്‍ധന
- ഗ്രാറ്റിയുവിറ്റി തുക 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കി ഉയര്‍ത്തണം.
- കുറഞ്ഞ എച്ചആര്‍എ 1200 രൂപയും കൂടിയത് 10,000 രൂപയുമായിരിക്കണം.
ശമ്പള കമ്മീഷന്റെ ശുപര്‍ശയില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജീവനക്കാരെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമായി തീരും. സാമ്പത്തിക ബാധ്യത, രാഷ്ട്രീയ നേട്ടങ്ങള്‍ എന്നിവയെല്ലാം ഉള്ക്കൊള്ളിച്ചുതായിരിക്കും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം.
വിരമിക്കല്‍ പ്രായം നീട്ടുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കുകയെന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയവെല്ലുവിളി. തൊഴിലില്ലാത്തവര്‍ പുതിയ സാധ്യതകള്‍ക്കായി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്ക്കുമ്പോള് പ്രത്യേകിച്ചും. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ടായിരിക്കും സര്‍ക്കാര്‍ തീരുമാനം.
വിരമിക്കല്‍ പ്രായം ഉയരുമോ?
നിലവില്‍ സംസ്ഥാനത്തെ വിരമിക്കല്‍ പ്രായം 56 ആണ്. 55ല്‍നിന്ന് ഒരുവര്‍ഷം ഉയര്‍ത്തിയപ്പോള്‍ തന്നെ വിവിധ യുവജന സംഘടനകള്‍ അതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. പിന്നീടും വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെക്കുകയുണ്ടായി. സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയൊരുപങ്ക് ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവെക്കേണ്ടിവരുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. കേന്ദ്ര സര്‍വീസില്‍ ഉയര്‍ന്ന വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്നതിനാല്‍ അതിലേക്ക് എത്തുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം അവര്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സര്‍ക്കാരിന്റെ ചലവ് അവലോകനം ചെയ്യുന്നതിന് നിയോഗിച്ചരുന്ന കമ്മിഷന് നേരത്തെ തന്നെ പെന്ഷന് പ്രായം 58 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ ചെയ്യുകയുണ്ടായി. അതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ഡയറക്ടര്‍ ഡോ സി നാരായണ അധ്യക്ഷനായ സമിതിയായിരുന്നു ഈ നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഇവരെ കൂടാതെ മറ്റ് സമിതികളും വിരമിക്കല്‍ പ്രായം കൂട്ടണം എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയുണ്ടായി.
നിയമനങ്ങള്‍ നടത്താതെ പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതില്‍ അമര്‍ഷമുള്ളവരാണ് ഉദ്യോഗാര്‍ഥികള്‍. പിഎസ് സി നിയമനങ്ങള്‍ക്ക് പകരം കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കലാണെന്ന ആക്ഷേപം അവര്‍ ഉയര്‍ത്തുന്നു.
'മൂന്ന് റാങ്ക് ലിസ്റ്റുകളില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നിന്റെ കാലാവധി പൂര്‍ത്തിയായി. മറ്റ് രണ്ടെണ്ണത്തില്‍ നിയമനം എപ്പോള്‍ നടക്കുമെന്നതില്‍ വ്യക്തതയുമില്ല. റാങ്ക് ലിസ്റ്റില്‍ കാലാവധി വന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങള്‍ക്ക് എത്രകാലം ഇത് തുടരേണ്ടിവരും എന്നാണ് വ്യക്തമാകാത്തത്.'- എറണാകുളം കാക്കനാട് സ്വദേശിയായ ഒരു റാങ്ക് ഹോള്‍ഡറുടെ പ്രതികരണം ഇതായിരുന്നു. നിയമനങ്ങള്‍ വൈകുന്നതില്‍ പരസ്യവിമര്‍ശനം നടത്തുന്നത് ഭാവി സാധ്യതകളെ പോലും ബാധിക്കുമോ എന്ന ഭയമാണ് ഉദ്യോഗാര്‍ഥികള്‍ക്ക്.
കൊവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതിന് ശേഷമുണ്ടായ തൊഴില്‍ നഷ്ടം അഭ്യസ്ത വിദ്യരായ യുവാക്കളെ കൂടി ആശങ്കയിലാക്കിയ ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ആകാംക്ഷയോടെ നോക്കുയാണ് ഉദ്യോഗാര്‍ഥികള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!