പീരീഡ്സ് സമയത്ത് ഇതൊക്കെ ചെയ്യാൻ പാടുണ്ടോ? ചോദ്യങ്ങളെ അപ്രസക്തമാക്കുന്ന പുതിയകാല ചിന്തകള്
ആർത്തവ സംബന്ധമായ അസ്വസ്ഥതകളെക്കുറിച്ചുളളതോ, സാനിറ്ററി പാഡിന്റെ പരസ്യങ്ങളിലോ ഇതുവരെ ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടാൻ ആരും തയ്യാറായിരുന്നില്ല. കൂടാതെ അമ്മയും മകളുമോ, കാമുകി കാമുകൻമാരോ, ഭാര്യ ഭർത്താക്കൻമാരോ ആയിട്ടുളളവരെ ഉൾപ്പെടുത്തി പൊതുബോധത്തിന്റെ ധാരണകളെ പൊളിക്കാതെ തന്നെയായിരുന്നു ഭൂരിഭാഗം പരസ്യങ്ങളും കാണികളിലേക്ക് എത്തിയിരുന്നത്.
പരസ്യങ്ങളിലെ തലമുറ മാറ്റം സജീവമാകുകയാണ്. മുൻപ് കാഴ്ചക്കാരോട് പറയാൻ മടിച്ചിരുന്ന, ഉൾക്കൊളളാൻ ഭയന്നിരുന്ന കാര്യങ്ങൾ വരെ ശാസ്ത്രീയത മുൻനിർത്തി പരസ്യങ്ങളിലൂടെ സജീവമാകുന്ന കാഴ്ചയാണ് മലയാളത്തിൽ ഇപ്പോൾ. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ കൂടി ഉൾക്കൊളളുന്നതാണ് നമ്മുടെ സമൂഹമെന്നും അവരും നമ്മളിൽ ഒരാളാണെന്നും പറയുന്ന ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യം ഓർമ്മയുണ്ടോ നിങ്ങൾക്ക്? മുഖ്യധാരയിൽ നിന്നും സമൂഹം അവരെ അകറ്റി നിർത്തുമ്പോൾ, അതല്ലാ വേണ്ടതെന്ന് പറയുന്ന ഒഗിൽവി ഇന്ത്യ തയ്യാറാക്കിയ ആ പരസ്യം ഏറെ ചർച്ചയായിരുന്നു. അതുപോലെ പുതിയൊരു പരസ്യം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. സ്ത്രീകളുടെ മെൻസ്ട്രുവൽ സൈക്കിളിനെ (ആർത്തവം) സംബന്ധിച്ചുളള അനാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സമൂഹത്തിൽ, വളരെ ലളിതമായി ശാസ്ത്രീയമായി കാര്യങ്ങൾ പറയുന്ന ഔട്ട് ക്ലാസ് ആപ്പിന്റെ പരസ്യമാണ് ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും നിരവധി പേർ സ്റ്റാറ്റസ് ആക്കുന്നത്.

അന്ധവിശ്വാസത്തെ നേരിടാൻ നല്ല വിദ്യാഭ്യാസം നേടാം എന്ന ടാഗ് ലൈനിലെ പരസ്യം വാർപ്പുമാതൃകകളെ പൊളിക്കുന്നത് കൂടിയാണ്. ആർത്തവ സംബന്ധമായ അസ്വസ്ഥതകളെക്കുറിച്ചുളളതോ, സാനിറ്ററി പാഡിന്റെ പരസ്യങ്ങളിലോ ഇതുവരെ ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടാൻ ആരും തയ്യാറായിരുന്നില്ല. കൂടാതെ അമ്മയും മകളുമോ, കാമുകി കാമുകൻമാരോ, ഭാര്യ ഭർത്താക്കൻമാരോ ആയിട്ടുളളവരെ ഉൾപ്പെടുത്തി പൊതുബോധത്തിന്റെ ധാരണകളെ പൊളിക്കാതെ തന്നെയായിരുന്നു ഭൂരിഭാഗം പരസ്യങ്ങളും കാണികളിലേക്ക് എത്തിയിരുന്നത്. അമ്മയും മകനും ബന്ധു കൂടിയായ ചേച്ചിയും ഉൾപ്പെടുന്ന ഹിന്ദു കുടുംബം എന്ന കോംപിനേഷനിൽ ശാസ്ത്രീയത മുൻനിർത്തി ഇതിനെയാണ് പുതിയ പരസ്യം ചോദ്യം ചെയ്യുന്നത്.
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച്, ഏറെ പുരസ്കാരങ്ങളും ജനപ്രീതിയും നേടിയ ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ആർത്തവ സമയത്ത് ചായ്പ് എന്നൊക്കെ വിളിക്കാവുന്ന പ്രത്യേകമൊരു മുറിയിലാണ് നിമിഷ സജയന്റെ കഥാപാത്രം കഴിയുന്നത്. അടുക്കളയിൽ കയറാനോ, വീട്ടിലെ മറ്റുളളവരോട് ഇടപഴകാനോ അനുവദിക്കാത്ത സാഹചര്യമാണ് ആ വീട്ടിലുളളതും. ഭക്ഷണം അടക്കം മുറിയിൽ പ്രത്യേക പാത്രത്തിൽ എത്തിച്ച് കൊടുക്കുന്നുമുണ്ട്. ഈ പരസ്യത്തിലാകട്ടെ ആർത്തവ സമയത്ത് അടുക്കളയിൽ കയറാനോ, അച്ചാർ ഇടാനോ പാടില്ല എന്ന, പ്രത്യേകിച്ച് ഹിന്ദു കുടുംബങ്ങളിൽ നിലനിൽക്കുന്ന അലിഖിത നിയമത്തെയാണ് ചോദ്യം ചെയ്യുന്നത്.
അടുക്കളയാണ് പരസ്യത്തിലെ രംഗം. പാഡ് വാങ്ങിയിട്ടുണ്ട്, അമ്മ വേണേൽ പോയി ചെയ്ഞ്ച് ചെയ്തു വന്നോ എന്ന് മകൻ പറയുമ്പോൾ, ഇവരുടെ സമീപത്ത് നിന്ന ചേച്ചി ഞെട്ടുകയാണ്. തുടർന്ന് പീരീഡ്സ് സമയത്ത് ഇതൊക്കെ ചെയ്യാൻ പാടുണ്ടോ? അച്ചാർ കുപ്പിയിലാക്കാൻ എന്നോടോ, അവനോടോ പറഞ്ഞാ പോരായിരുന്നോ? എന്നാണ് ആ ചേച്ചിയുടെ ചോദ്യവും. കൂടാതെ ഇതിനി കേടായി പോകത്തേ ഉളളൂ മീരാ, എന്ന് കടുപ്പിച്ചൊരു മറുപടിയും. ഇതുകേട്ട് ഫ്രിഡ്ജിൽ നിന്ന് തല ഉയർത്തിയുളള മകൻ ആർത്തവത്തെക്കുറിച്ച് വിശദീകരിക്കുകയാണ്.

അമ്മയുടെ യൂട്രസിന്റെ ലൈനിങ് മാസം തീരുമ്പോൾ ശരീരത്തിൽ നിന്നും പൊഴിഞ്ഞ് പുറത്ത് വരുന്നതിനാണ് പീരിഡ്സ് എന്നുപറയുന്നത്, അല്ലാതെ ഇവിടെ ആരും അണുബോംബ് ഒന്നും പൊട്ടിച്ചിട്ടില്ല ആന്റി എന്നാണ് മകൻ വിശദീകരിച്ച് കൊടുക്കുന്നത്. ശാസ്ത്രീയത മുൻനിർത്തിയുളള വിദ്യാഭ്യാസത്തെ അല്ലേൽ അറിവിനെ വളരെ ലളിതമായി മനസിലാകുന്ന തരത്തിൽ ആളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതാണ് പരസ്യത്തിന്റെ വിജയവും. വിദ്യാഭ്യാസം എന്നത് മനുഷ്യനിൽ വരുത്തുന്ന മാറ്റം വളരെ വലുതാണ്. ശരിയും തെറ്റും വേർതിരിച്ചറിയാനും, യാഥാർഥ്യങ്ങളെ ശരിയായ ദിശയിൽ മനസിലാക്കാനും നല്ല വിദ്യാഭ്യാസം ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം ആണെന്ന് കൂടിയാണ് ഔട്ട് ക്ലാസ് പരസ്യത്തിലൂടെ പകർന്ന് നൽകുന്നത്.

Related Stories
ഇന്ത്യക്കാരുടെ ഡേറ്റ ചൈനീസ് സർക്കാരുമായി പങ്കുവെച്ചിട്ടില്ല; സർക്കാർ ഉത്തരവ് പാലിക്കുമെന്ന് ടിക് ടോക്